പെട്രോള്‍, ഡീസല്‍ വില എത്ര കൂടിയാലും പ്രശ്‌നമില്ല! 2 മാസം കൊണ്ട് വരും, രാജ്യം കാത്തിരിക്കുന്നത് ഈ കാറിനായി

പെട്രോള്‍ പമ്പുകളിലെ നീണ്ട ക്യൂവും പോക്കറ്റ് ചോര്‍ത്തുന്ന ഇന്ധന വിലയും കൊണ്ട് മടുത്തവര്‍ക്കായി, ഇന്ത്യന്‍ റോഡുകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരു പുത്തന്‍ ആഡംബര ഇലക്ട്രിക് എസ്‌യുവി ദേ ഇങ്ങെത്താറായി. രണ്ടാം വരവിലും വാഹനപ്രേമികളുടെ ഹൃദയം കീഴടക്കിയ ഐക്കണിക് എസ്‌യുവി മോഡലായ ടാറ്റ സിയറയുടെ (Tata Sierra) പുതിയ ഇലക്ട്രിക് പതിപ്പാണ് വിപണി കീഴടക്കാന്‍ ഒരുങ്ങുന്നത്. മുമ്പ് 1991 മുതല്‍ 2003 വരെ വിപണിയിലുണ്ടായിരുന്ന സിയറയുടെ പരിഷ്‌കരിച്ച ഐസിഇ (ICE) പതിപ്പ് കഴിഞ്ഞ 2025 നവംബറില്‍ കമ്പനി പുനരവതരിപ്പിച്ചിരുന്നു.

ഏകദേശം 22 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ തിരിച്ചുവരവിന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പായ സിയറ ഇവിയുടെ ലോഞ്ച് വിവരങ്ങള്‍ പുറത്തുവരുന്നത്. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ കാര്‍വാലെ (Carwale) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ടാറ്റ സിയറ ഇവി വിപണിയില്‍ എത്തും.

tata sierra ev

അതായത്, വരാനിരിക്കുന്ന ജൂലൈ-സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ ഈ പുത്തന്‍ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെടും. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് കാരണം ബദല്‍ മാര്‍ഗങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് ഈ പുതിയ മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി (Electric SUV) മികച്ച ഒരു ഓപ്ഷനായിരിക്കും.

നിലവില്‍ വിപണിയിലുള്ള ടാറ്റ കര്‍വ് ഇവിയുമായി (Tata Curvv EV) ബാറ്ററി ഓപ്ഷനുകളിലും സാങ്കേതിക, മെക്കാനിക്കല്‍ വശങ്ങളില്‍ നിരവധി സമാനതകള്‍ ഉണ്ടായിരിക്കും. ടാറ്റയുടെ പുത്തന്‍ Acti.ev പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ എസ്‌യുവി നിര്‍മിക്കുക. കര്‍വ് ഇവിയില്‍ കാണുന്ന അതേ 55 kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്ക് ഓപ്ഷന്‍ സിയറ ഇവിയുടെ ഉയര്‍ന്ന വേരിയന്റുകളിലും കമ്പനി നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.

നിലവില്‍ ടാറ്റ കര്‍വ് ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 502 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതേ ബാറ്ററി ഘടന ഉപയോഗിക്കുന്നതിനാല്‍ സിയറ ഇവിയിലും സമാനമായ റേഞ്ച് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. 55 kWh ബാറ്ററിക്ക് പുറമെ, ബജറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കുറഞ്ഞ ശേഷിയുള്ള മറ്റൊരു ബാറ്ററി പായ്ക്ക് ഓപ്ഷന്‍ കൂടി ഈ വാഹനത്തില്‍ ലഭ്യമാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

അത്യാധുനിക ക്യാബിനും കണക്റ്റഡ് ഫീച്ചറുകളും

സിയറ ഇവിയുടെ ഉള്‍വശത്ത് ഐസിഇ പതിപ്പിലുള്ള പ്രീമിയം ഫീച്ചറുകള്‍ ഭൂരിഭാഗവും നിലനിര്‍ത്തും. പ്രധാന ആകര്‍ഷണമായി ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട് (Triple-screen layout) സിയറ ഇവിയിലും പ്രതീക്ഷിക്കാം. ഇതില്‍ ഒന്ന് പ്രധാന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, രണ്ടാമത്തേത് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ആയിരിക്കും. മൂന്നാമത്തെ പ്രത്യേക സ്‌ക്രീന്‍ ഫ്രണ്ട് പാസഞ്ചര്‍ സീറ്റിന് മുന്നിലായാണ് നല്‍കുക.

ഇതോടൊപ്പം 76+ മോഡേണ്‍ ഫീച്ചറുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന ടാറ്റയുടെ സ്വന്തം iRA കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും സിയറ ഇവിയില്‍ ലഭ്യമാക്കും. വോയ്സ് കമാന്‍ഡ് വഴി നിയന്ത്രിക്കാവുന്ന പനോരമിക് സണ്‍റൂഫ്, കൂള്‍ഡ് ഗ്ലൗ ബോക്സ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും ഇതിലുണ്ടാകും. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവ യാത്രകള്‍ കൂടുതല്‍ സുഖകരമാക്കും.

സുരക്ഷാ ക്രമീകരണങ്ങളും വിലയും

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് അത്യാധുനികമായ ലെവല്‍ 2 ADAS സാങ്കേതികവിദ്യ ഈ ഇലക്ട്രിക് വാഹനത്തില്‍ ടാറ്റ ഉള്‍പ്പെടുത്തും. അപകട സാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കുന്ന ഈ സേഫ്റ്റി സ്യൂട്ടിന് പുറമെ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ സിയറ ഇവിയിലുണ്ടാകും.

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ സിയറ ഇവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകളുടെ വില ഏകദേശം 15 ലക്ഷം രൂപ മുതല്‍ ആരംഭിക്കാനാണ് സാധ്യത (എക്‌സ്-ഷോറൂം). വിപണിയില്‍ നിലവില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന മാരുതി സുസുക്കിയുടെ ഇ വിറ്റാര (Maruti Suzuki e Vitara) പോലുള്ള പ്രമുഖ ഇലക്ട്രിക് എസ്‌യുവികളോടായിരിക്കും സിയറ ഇവി നേരിട്ട് മത്സരിക്കുക. വരും ദിവസങ്ങളില്‍ കമ്പനി ഈ പുത്തന്‍ മോഡലിന്റെ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ പുറത്തുവിടും.

Article Published On: Saturday, May 16, 2026, 15:32 [IST]
English summary
Tata sierra ev india launch timeline revealed expected price range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X