സിയറയുടെ മാസ് തിരിച്ചുവരവില്‍ 3X വളര്‍ച്ച; മിഡ്‌സൈസ് എസ്‌യുവി വിഭാഗം 'തൂക്കി' ടാറ്റ
ഇന്ത്യന്‍ വാഹന വിപണിയില്‍ ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയ ടാറ്റ സിയറ (Tata Sierra) കമ്പനിക്ക് നല്‍കുന്നത് വന്‍ കുതിപ്പ്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (Q4) ടാറ്റ മോട്ടോര്‍സിന്റെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ വളര്‍ച്ച മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ സിയറയുടെ വരവ് സഹായിച്ചു. പുതിയ പ്ലാറ്റ്ഫോമില്‍ എത്തിയ ഈ ടാറ്റ എസ്‌യുവി വിപണിയില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സിയറയും കര്‍വും ചേര്‍ന്ന് 28,129 യൂണിറ്റുകളുടെ സംയുക്ത വില്‍പനയാണ് നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വെറും 10,355 യൂണിറ്റുകള്‍ മാത്രമായിരുന്നു ഈ വിഭാഗത്തില്‍ ടാറ്റയുടെ വില്‍പ്പന. എന്നാല്‍ സിയറയുടെ വരവോടെ 172 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ പാദത്തില്‍ ടാറ്റയുടെ ആകെ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 14 ശതമാനവും മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ നിന്നാണെന്നത് ഈ മാറ്റത്തിന്റെ ആഴം വ്യക്തമാക്കുന്നു.

പുതിയ ആര്‍ഗോസ് (ARGOS) പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച സിയറയ്ക്ക് വിപണിയില്‍ നിന്ന് അവിശ്വസനീയമായ പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ഒരൊറ്റ ദിവസം കൊണ്ട് 70,000 യൂണിറ്റും കടന്നത് ഓര്‍ഡര്‍ കുതിച്ചത് എസ്‌യുവിക്ക് ലഭിച്ച ജനപ്രീതിക്ക് തെളിവാണ്. നിലവില്‍ സിയറയുടെ മൊത്തം പ്രീ-ബുക്കിംഗ് 1 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടിട്ടുണ്ടെന്ന് കമ്പനി പുറത്തുവിട്ട വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നു.
2026 മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം 9,000 യൂണിറ്റിലധികം സിയറ ഷോറൂമില്‍ നിന്നിറങ്ങിയിട്ടുണ്ട്. 2026 മാര്‍ച്ചില്‍ ജനപ്രിയ കോംപാക്ട് എസ്‌യുവികളായ നെക്‌സോണ്‍, പഞ്ച് എന്നിവയ്ക്ക് ശേഷം ടാറ്റയുടെ വാഹന നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡലായി സിയറ മാറി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി സിയറയുടെ മാസ് ഡെലിവറി ഇവന്റുകള്‍ നടക്കുകയാണ്.

ഡെലിവറി ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ മൊത്തം 20000 യൂണിറ്റിലധികം സിയറകള്‍ ഇന്ത്യന്‍ നിരത്തില്‍ എത്തിക്കഴിഞ്ഞു. ഇത് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ടാറ്റയുടെ നില ഭദ്രമാക്കി.അതേസമയം, കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ നെക്‌സോണും പഞ്ചും തങ്ങളുടെ ആധിപത്യം തുടരുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ജോഡികള്‍ ആകെ 4,00,034 യൂണിറ്റുകള്‍ വിറ്റഴിച്ചു.
കോംപാക്ട് എസ്‌യുവി വിപണിയുടെ 31 ശതമാനവും ടാറ്റയുടെ ഈ രണ്ട് മോഡലുകള്‍ ചേര്‍ന്നാണ് കൈവശം വെച്ചിരിക്കുന്നത്. വിപണിയിലെ കടുത്ത മത്സരങ്ങള്‍ക്കിടയിലും നെക്‌സോണും പഞ്ചും കരുത്ത് തെളിയിച്ചു. നെക്‌സോണിന്റെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32.5 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 2,16,054 യൂണിറ്റ് വില്‍പ്പന നേടി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി മാറി.

2025 സാമ്പത്തിക വര്‍ഷം ടോപ് 10 കാറുകളുടെ പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന നെക്‌സോണ്‍ 16.7 ശതമാനം വിപണി വിഹിതവുമായാണ് 2026 സാമ്പത്തിക വര്‍ഷം എസ്‌യുവി സിംഹാസനം കൈയ്യടക്കിയത്. 1,83,980 യൂണിറ്റുകളുടെ വില്‍പനയും 14.3 ശതമാനം വിഹിതവുമായി മൈക്രോ എസ്‌യുവിയായ പഞ്ച് ചേട്ടന് പിന്നില്‍ കരുത്തായി കൂടെയുണ്ട്.
ഹാരിയര്‍, സഫാരി മോഡലുകളും വില്‍പ്പനയില്‍ പിന്നിലല്ല. 2026 അവസാന പാദത്തില്‍ എസ്‌യുവി ഇരട്ടകള്‍ ചേര്‍ന്ന് 15,188 പുതിയ ഉപഭോക്താക്കളെ നേടി. കൂടാതെ ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ് എന്നിവയുള്‍പ്പെടുന്ന ചെറുകാര്‍ നിര 33,839 യൂണിറ്റുകളുടെ വില്‍പ്പനയും രേഖപ്പെടുത്തി. വിവിധ വില നിലവാരത്തില്‍ മികച്ച ബില്‍ഡ് ക്വാളിറ്റിയും സുരക്ഷയും ആധുനിക സവിശേഷതകളുമുള്ള വാഹനങ്ങള്‍ ലഭ്യമാക്കിയാണ് ടാറ്റ വിപണിയില്‍ മുന്നേറുന്നത്.
2026 സാമ്പത്തിക വര്‍ഷത്തിറെ അവസാന പാദത്തില്‍ ടാറ്റ മൊത്തം 2,01,368 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം വില്‍പ്പനയില്‍ 37 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. സിയറയുടെ വിജയം വരും വര്‍ഷങ്ങളിലും ടാറ്റയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളില്‍ വരുത്തുന്ന കാലികമായ മാറ്റങ്ങള്‍ ടാറ്റക്ക് ഗുണകരമാകുന്നു.


Click it and Unblock the Notifications








