ടാറ്റയുടെ ഏറ്റവും 'ചീപ്പ്' കാര്‍ ഒരേസമയം 3 അവതാരത്തില്‍! വില അറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം
ഇന്ത്യന്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ വലിയ വിപണി വിഹിതമുള്ള ടാറ്റാ ടിയാഗോ നിര പുത്തന്‍ അപ്ഡേറ്റുകളോടെ നാളെ വിപണിയിലെത്തും. വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടിയാഗോ, ടിയാഗോ ഐസിഎന്‍ജി, ടിയാഗോ ഇവി എന്നിവയുടെ പുത്തന്‍ ഫെയ്‌ലിഫ്റ്റ് പതിപ്പുകള്‍ മെയ് 28-ന് ഇന്ത്യന്‍ വിപണിയില്‍ ഒരേസമയം വിപണനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി പുറത്തിറങ്ങുന്ന പെട്രോള്‍ പതിപ്പിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ കമ്പനി വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടുതല്‍ ഷാര്‍പ്പായ മുന്‍ഭാഗം, പുരികത്തിന്റെ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ പിക്‌സല്‍ ഡിസൈന്‍ ഫോഗ് ലാമ്പുകള്‍, പരിഷ്‌കരിച്ച ബമ്പറുകള്‍ എന്നിവ ഇതിന്റെ സവിശേഷതയാണ്.
വശങ്ങളില്‍ പുതിയ അലോയ് വീലുകളും ബ്ലാക്ക് വീല്‍ ആര്‍ച്ചുകളും ഇതിന് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്.കാറിന്റെ ഉള്‍വശത്തേക്ക് കടന്നാല്‍ പുതിയ ലെയേര്‍ഡ് ഡാഷ്ബോര്‍ഡ് ഘടനയും അത്യാധുനിക കളര്‍ സ്‌കീമും കാണാന്‍ സാധിക്കും. ടാറ്റയുടെ പുതിയ പ്രീമിയം കാറുകളിലേതുപോലെ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള ടൂ-സ്‌പോക്ക് സ്റ്റീയറിംഗ് വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. കൂടാതെ വലിയ സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുത്തി ക്യാബിന്‍ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി രണ്ട് ഡിവൈസുകള്‍ ഒരേസമയം ചാര്‍ജ് ചെയ്യാവുന്ന വയര്‍ലെസ് ചാര്‍ജിംഗ് ബേ, ഡ്യുവല്‍ ടൈപ്പ്-സി പോര്‍ട്ടുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കാന്‍ സാധ്യതയുണ്ട്. മികച്ച ശബ്ദാനുഭവത്തിനായി മുമ്പ് ഒഴിവാക്കിയ 6-സ്പീക്കര്‍ ഓഡിയോ സംവിധാനവും ഇതില്‍ തിരികെ എത്തിച്ചിട്ടുണ്ട്.
സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, വിശ്വസനീയമായ 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ പെട്രോള്‍ ഫെയ്‌സ്ലിഫ്റ്റ് പതിപ്പിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 86 hp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സുഗമമായ ഡ്രൈവിംഗിനായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സംവിധാനവും തിരക്കേറിയ നഗര യാത്രകള്‍ക്ക് അനുയോജ്യമായ 5-സ്പീഡ് എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഇതില്‍ തുടര്‍ന്നും ലഭ്യമാകും.
എഎംടി (AMT) ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഇതാദ്യമായി പാഡില്‍ ഷിഫ്റ്ററുകള്‍ (Paddle Shifters) ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ ടീസറുകള്‍ നല്‍കുന്ന സൂചന. പെട്രോള്‍ പതിപ്പിനൊപ്പം ടിയാഗോ ഐസിഎന്‍ജിയും നാളെ മുഖംമിനുക്കിയെത്തും. നിലവില്‍ 5.54 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയുള്ള ഈ മോഡലിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനിലും ഫീച്ചറുകളിലും റെഗുലര്‍ പെട്രോള്‍ പതിപ്പിന് സമാനമായ മാറ്റങ്ങള്‍ തന്നെയാണ് ടാറ്റ വരുത്തിയിട്ടുള്ളത്.
മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റമില്ലാതെ തുടരുന്ന ഈ സിഎന്‍ജി കാറില്‍ ടാറ്റയുടെ പ്രശസ്തമായ ഡ്യുവല്‍ സിലിണ്ടര്‍ (Dual-Cylinder) സാങ്കേതികവിദ്യ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ബൂട്ട് സ്‌പെയ്‌സ് ലഭ്യമാക്കാന്‍ സഹായിക്കും. സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതിലെ 1.2 ലിറ്റര്‍ എഞ്ചിന്‍ പരമാവധി 75.5 hp പവര്‍ പുറത്തെടുക്കും. മാനുവല്‍, എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ലഭ്യമാകുന്ന ഈ മോഡലിന്റെ ഓട്ടോമാറ്റിക് പതിപ്പിലും പാഡില്‍ ഷിഫ്റ്ററുകള്‍ ഉണ്ടാകും.

ഈ ലോഞ്ചിലെ മൂന്നാമത്തെ പ്രധാന മോഡല്‍ ഇലക്ട്രിക് കരുത്തില്‍ ഓടുന്ന പുതിയ ടിയാഗോ ഇവി (Tiago.EV) ഫെയ്‌സ്ലിഫ്റ്റാണ്. പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, റീഡിസൈന്‍ ചെയ്ത മുന്നിലെയും പിന്നിലെയും ബമ്പറുകള്‍, പുനഃക്രമീകരിച്ച എയര്‍ കര്‍ട്ടനുകള്‍, പുതിയ വിന്‍ഡ് എയറോ-ഓപ്റ്റിമൈസ്ഡ് അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍ എന്നിവയാണ് ഇതിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ മാറ്റങ്ങള്‍.
ഇന്റീരിയറില്‍ പെട്രോള്‍ മോഡലിന് സമാനമായി വലിയ ഫ്രീസ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍, റോട്ടറി ഡ്രൈവ് സെലക്ടര്‍ നോബ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മുമ്പ് വിപണിയിലുണ്ടായിരുന്ന ഇവി മോഡലില്‍ 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഫെയ്‌സ്ലിഫ്റ്റ് പതിപ്പില്‍ വലിയ ബാറ്ററി പായ്ക്കും ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ചും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ടിയാഗോയെ കൂടായെ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന ഹാച്ച്ബാക്ക് വിഭാഗത്തില്‍ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്. ഒരേസമയം മൂന്ന് വ്യത്യസ്ത ഫ്യുവല്‍ ഓപ്ഷനുകളില്‍ ഫെയ്‌സ്ലിഫ്റ്റ് പതിപ്പുകള്‍ എത്തിക്കുന്നത് വഴി വിപണി മേധാവിത്വം ഉറപ്പാക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. മികച്ച സുരക്ഷയും പുതിയ സാങ്കേതികവിദ്യകളും ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് ടാറ്റയുടെ ഈ മോഡലുകള്‍ പരിഗണിക്കാവുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications