ടാറ്റക്ക് ഇങ്ങനെയൊരു കാർ ഉണ്ടെന്ന് തന്നെ മറന്നു! 12 മാസം കൊണ്ട് വിറ്റത് 12147 എണ്ണം, വില്‍പ്പന 26% ഇടിഞ്ഞു
ടാറ്റ മോട്ടോര്‍സിന്റെ കരുത്തുറ്റ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുമ്പോഴും, കമ്പനിയുടെ ഏക സെഡാന്‍ മോഡലായ ടിഗോറിന് (Tata Tigor) വിപണിയില്‍ അടിപതറുന്നു. ടാറ്റ പഞ്ച്, നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍, ടിഗോറിന്റെ വില്‍പ്പന ഗണ്യമായി താഴേക്ക് പോകുന്നതായാണ് 2026 മാര്‍ച്ചിലെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 26.40 ശതമാനത്തിന്റെ വമ്പന്‍ ഇടിവാണ് ഈ മോഡല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാഡിവാഡി (Gaadiwaadi) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 2025-26 സാമ്പത്തിക വര്‍ഷത്തെ ടാറ്റ കാറുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ആകെ 12,147 യൂണിറ്റ് ടിഗോറുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്.
അതായത് പ്രതിമാസം ശരാശരി 1,012 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വില്‍പ്പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടാറ്റ ടിഗോറിന്റെ ഐസി എഞ്ചിന്‍ പതിപ്പുകള്‍ക്ക് പുറമെ ഇലക്ട്രിക് വേരിയന്റുകളും വില്‍പ്പനക്കെത്തുന്നുണ്ട്. ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ചേര്‍ത്തുള്ള വില്‍പ്പന കണക്കുകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

എസ്‌യുവി നിരയ്ക്ക് ലഭിക്കുന്ന അമിതമായ സ്വീകാര്യത ടിഗോറിനെ ഉപഭോക്താക്കള്‍ ശ്രദ്ധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇന്ത്യന്‍ വാഹന വിപണിയില്‍ സെഡാന്‍ വിഭാഗത്തിന് പൊതുവേ കഷ്ടകാലമാണ്. മാരുതി സുസുക്കി ഡിസയര്‍ ഒഴികെയുള്ള ഒട്ടുമിക്ക കോംപാക്ട് സെഡാനുകളും നിലവില്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയാണ്. ഉപഭോക്താക്കള്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും കാണാന്‍ നല്ല ലുക്കും അത്യാധുനിക സവിശേഷതകളും ലഭിക്കുന്ന മൈക്രോ എസ്‌യുവികളിലേക്ക് മാറുന്നത് ടിഗോറിന്റെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കുടുംബത്തില്‍ നിന്ന് തന്നെയുള്ള പഞ്ച് പോലുള്ള മോഡലുകള്‍ കുറഞ്ഞ വിലയില്‍ എസ്‌യുവി ഫീല്‍ നല്‍കുന്നതിനാല്‍ ഇടത്തരം കുടുംബങ്ങളില്‍ വലിയൊരു പങ്ക് ഇപ്പോള്‍ മൈക്രോ എസ്‌യുവികള്‍ക്ക് പിറകെയാണ്. സാങ്കേതിക മികവിന്റെ കാര്യത്തില്‍ ടിഗോര്‍ ഒട്ടും പിറകിലല്ല. ടിഗോര്‍ ഐസിഇ മോഡലില്‍
1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.
86 PS പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. പവര്‍ അല്‍പ്പം കുറഞ്ഞാലും കൂടുതല്‍ മൈലേജ് ലഭിക്കുന്ന സിഎന്‍ജി വേരിയന്റിലും ടിഗോര്‍ ലഭ്യമാണ്. എന്നിട്ടും ഇന്ധനക്ഷമതയേക്കാള്‍ കൂടുതല്‍ പ്രായോഗികതയും സ്‌പേസും ആഗ്രഹിക്കുന്നവര്‍ എസ്‌യുവികളിലേക്ക് ചേക്കേറുന്നതാണ് ടിഗോര്‍ അടക്കമുള്ള കോംപാക്ട് സെഡാനുകളുടെ വില്‍പ്പന മന്ദഗതിയിലാകാന്‍ കാരണം.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4-സ്റ്റാര്‍ റേറ്റിംഗ് നേടിയ ഈ വാഹനം യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയൊരുക്കുന്നു. ഡ്യൂവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവയാണ് ഇതിലെ പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. സുരക്ഷിതമായ ഒരു ഫാമിലി കാര്‍ എന്ന നിലയില്‍ ടിഗോറിന് മികച്ച മൂല്യം കല്‍പ്പിക്കാമെങ്കിലും നിലവിലെ ട്രെന്‍ഡ് സെഡാനുകള്‍ക്ക് അനുകൂലമല്ലെന്നതാണ് വാസ്തവം.

ടിഗോറിന്റെ ഇലക്ട്രിക് പതിപ്പായ ടിഗോര്‍ ഇവി (Tigor EV) പരിസ്ഥിതി സൗഹൃദ യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ഓപ്ഷനാണ്. 26 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കുന്ന ടിഗോര്‍ ഇവിയുടെ ക്ലെയിംഡ് റേഞ്ച് ഫുള്‍ ചാര്‍ജില്‍ 315 കിലോമീറ്ററാണ്. യഥാർത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇത് കുറച്ച് കുറയും.
ടിഗോറിന്റെ പെട്രോള്‍ മോഡലിന് 5.55 ലക്ഷം രൂപയും ഇലക്ട്രിക് മോഡലിന് 12.49 ലക്ഷം രൂപയുമാണ് പ്രാരംഭ എക്‌സ്-ഷോറൂം വില വരുന്നത്. എന്നിരുന്നാലും, കൂടുതല്‍ റേഞ്ചും സൗകര്യങ്ങളുമുള്ള നെക്സോണ്‍ ഇവിയിലേക്കോ പഞ്ച് ഇവിയിലേക്കോ ഉപഭോക്താക്കള്‍ മാറുന്നത് ടിഗോറിന് തിരിച്ചടിയാകുന്നു. മാരുതി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഹോണ്ട അമേസ് എന്നിവയുമായാണ് ടിഗോര്‍ മത്സരിക്കുന്നതെങ്കിലും ടാറ്റയുടെ തന്നെ എസ്‌യുവി മോഡലുകളായ പഞ്ചും നെക്സോണുമാണ് ഇപ്പോള്‍ ടിഗോറിന്റെ ഏറ്റവും വലിയ തലവേദന.

വില്‍പ്പന മാന്ദ്യം പരിഹരിക്കാന്‍ ടാറ്റ മോട്ടോര്‍സ് ടിഗോര്‍ പരിഷ്‌കരിച്ച് പുറത്തിറക്കുമോ എന്നറിയാനാണ് വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്. ടാറ്റയെ സംബന്ധിച്ചിടത്തോളം സെഡാന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള ഒരേയൊരു ആയുധമാണ് ടിഗോര്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കമ്പനി ആവിഷ്‌കരിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications








