ഇന്ത്യയില്‍ ക്ലിക്കായില്ല, ഇവികള്‍ കെട്ടിക്കിടക്കുന്നു! മോഡല്‍ Y വിറ്റഴിക്കാന്‍ പുതിയ തന്ത്രവുമായി ടെസ്‌ല
ലോകപ്രശസ്ത ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല (Tesla) കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. എന്നാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയില്‍ ടെസ്‌ലക്ക് പ്രതീക്ഷിച്ച ലെവലിലുള്ള സ്വീകരണമായിരുന്നില്ല ലഭിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ 'മോഡല്‍ Y' (Tesla Model Y) എസ്‌യുവി വിറ്റഴിക്കാന്‍ പാടുപെടുകയാണ്. നിലവില്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് കാലിയാക്കുന്നതിനായി ടെസ്‌ല തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് 2 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഏകദേശം 300 മോഡല്‍ Y എസ്‌യുവികളാണ് ടെസ്ല ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. എന്നാല്‍ നാല് മാസത്തിന് ശേഷവും ഇതില്‍ നൂറോളം കാറുകള്‍ക്ക് ഇനിയും ഉടമകളെ കണ്ടെത്താനായിട്ടില്ല. ആദ്യഘട്ടത്തില്‍ വാഹനം ബുക്ക് ചെയ്ത പലരും പിന്നീട് ഡെലിവറി എടുക്കാന്‍ തയാറാകാത്തതും മറ്റ് മോഡലുകളിലേക്ക് മാറിയതും ടെസ്ലയ്ക്ക് തിരിച്ചടിയായി.

വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് ക്ലിയര്‍ ചെയ്യാനാണ് കമ്പനി ഇപ്പോള്‍ ചില മോഡല്‍ Y സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് വേരിയന്റുകള്‍ക്ക് 2,00,000 രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നത്. ഈ ഓഫര്‍ ഔദ്യോഗികമല്ലെന്നും ടെസ്റ്റ് ഡ്രൈവ് എടുക്കുന്നവരിലും മുന്‍കൂട്ടി താല്‍പര്യം പ്രകടിപ്പിച്ചവരിലും തിരഞ്ഞെടുത്ത കസ്റ്റമേഴ്‌സിന് മാത്രമാണ് ഈ ഇളവ് നല്‍കുന്നതെന്നുമാണ് സൂചന. നിലവില്‍ ഇതേക്കുറിച്ച് ടെസ്ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയില്‍ ഏകദേശം 58 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെയാണ് (70,000 ഡോളര്‍) ടെസ്ല മോഡല്‍ Y എസ്‌യുവിയുടെ വില. ഫോറിന്‍ കാറുകള്‍ക്ക് ഇന്ത്യയില്‍ സര്‍ക്കാര്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് കാരണം അമേരിക്കയില്‍ വില്‍ക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഈ മോഡലിന് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്നത്. 110 ശതമാനം വരെ ഉയര്‍ന്ന നികുതിയാണ് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ചുമത്തുന്നത്.
കാറുകള്‍ പ്രാദേശികമായി നിര്‍മിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ടെസ്‌ല ചൈനയിലെ പ്ലാന്റുകളില്‍ നിര്‍മിച്ച കാറുകളാണ് ഇന്ത്യയിലെത്തിക്കുന്നത്. ഇതോടൊപ്പം കുറഞ്ഞ മോഡല്‍ ഓപ്ഷനുകള്‍ മാത്രമേ ഉള്ളൂ എന്നതും ഇന്ത്യന്‍ ഉപഭോക്താക്കളെ ടെസ്ലയില്‍ നിന്ന അകറ്റുന്ന ഘടകങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. ടെസ്റ്റ് ഡ്രൈവിന് ശേഷം പല ഉപഭോക്താക്കളും ടെസ്ലയേക്കാള്‍ കുറഞ്ഞ വിലയുള്ളതോ അല്ലെങ്കില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്ളതോ ആയ മറ്റ് ഇവികളിലേക്ക് മാറുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 600-ഓളം ബുക്കിംഗുകള്‍ ടെസ്ലയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വില്‍പനയായി മാറിയില്ല. 2025-ലെ കണക്കുകള്‍ പ്രകാരം വെറും 227 ടെസ്ല കാറുകള്‍ മാത്രമാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തിലും ടെസ്ല ഇപ്പോള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. 2025-ല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കമ്പനിയുടെ ആഗോള വില്‍പനയില്‍ വലിയ ഇടിവുണ്ടായി.

ഇലക്ട്രിക് വാഹന വില്‍പനയില്‍ ചൈനീസ് കമ്പനിയായ ബിവൈഡി (BYD) ഇപ്പോള്‍ ടെസ്ലയെ പിന്നിലാക്കി മുന്നിലെത്തിയിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും സബ്സിഡികള്‍ കുറഞ്ഞതും മത്സരം കടുത്തതും ടെസ്ലയുടെ വിപണി വിഹിതം കുറയുന്നതിന് കാരണമായി. ടെസ്ല ബുദ്ധിമുട്ടുമ്പോള്‍ മറ്റ് പ്രീമിയം ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ മികച്ച വളര്‍ച്ചയാണ് കൈവരിക്കുന്നത്. 2025-ല്‍ ബിഎംഡബ്ല്യു (BMW) ഇന്ത്യയുടെ വില്‍പന 200 ശതമാനം വര്‍ധിച്ച് 3,700 യൂണിറ്റിലെത്തി.
ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്ന ബിഎംഡബ്ല്യു iX1 മോഡലിന് ലഭിച്ച സ്വീകാര്യതയാണ് ഇതിന് സഹായിച്ചത്. പ്രാദേശികമായ നിര്‍മ്മാണം വഴി നികുതി കുറയ്ക്കാനും ആകര്‍ഷകമായ വില നിശ്ചയിക്കാനും ബിഎംഡബ്ല്യുവിന് സാധിച്ചു. മറ്റൊരു പ്രമുഖ കമ്പനിയായ ബിവൈഡിയുടെ വില്‍പ്പനയിലും 88 ശതമാനം വര്‍ധനവുണ്ടായി. 2025-ല്‍ 5,400-ലധികം യൂണിറ്റുകളാണ് ചൈനീസ് ബ്രാന്‍ഡ് വിറ്റഴിച്ചത്.

വ്യത്യസ്ത ബജറ്റുകളില്‍ ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കിയതും പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ശക്തമായ ശൃംഖല കെട്ടിപ്പടുത്തതും ബിവൈഡിക്ക് ഗുണകരമായി. ഇതോടെ ടെസ്ലയുടെ ഇന്ത്യന്‍ എന്‍ട്രി പ്രതീക്ഷിച്ച ലെവലില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ടെസ്‌ലയുടെ അതേ സമയം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച വിന്‍ഫാസ്റ്റ് മികച്ച കുതിപ്പാണ് നടത്തുന്നത്.
വെറും നാല് മാസം കൊണ്ട് 1000 യൂണിറ്റിലധികം യൂണിറ്റ് വില്‍പ്പനയുമായി വിയറ്റ്‌നാമീസ് ബ്രാന്‍ഡ് ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇവി ബ്രാന്‍ഡ് ആയി. ടാറ്റ, എംജി, മഹീന്ദ്ര എന്നിവര്‍ മാത്രമാണ് കമ്പനിയുടെ മുന്നിലുള്ളത്. ഹ്യുണ്ടായി, കിയ എന്നീ പ്രമുഖര്‍ അടക്കം വിന്‍ഫാസ്റ്റിന്റെ കുതിപ്പില്‍ പിന്നിലായി. വിന്‍ഫാസ്റ്റിന് സമാനമായി രാജ്യത്ത് പ്രാദേശിക ഉത്പാദനം ആരംഭിക്കുകയും കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുകയും ചെയ്താല്‍ ടെസ്‌ലക്ക് പിടിച്ചു കയറാം.


Click it and Unblock the Notifications








