ടെസ്ല റോഡ്സ്റ്റർ ഇന്ത്യയിൽ ബുക്കിംഗ് തുടങ്ങി: 2.5 കോടി രൂപ വരെ ബുക്കിംഗ് തുക, അറിയേണ്ടതെല്ലാം
ടെസ്ലയുടെ പുതിയ റോഡ്സ്റ്ററിനായുള്ള ഇന്ത്യയിലെ ബുക്കിംഗ് ഇന്ന് (2026 ഒക്ടോബർ 18) കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ആരംഭിച്ചു. എന്നാൽ ഇത് കാറിന്റെ ഔദ്യോഗിക ലോഞ്ചല്ല, മറിച്ച് ഉൽപ്പാദന ഘട്ടത്തിലെ ആദ്യ സ്ലോട്ടുകൾ മുൻകൂട്ടി സ്വന്തമാക്കാനുള്ള അവസരം മാത്രമാണ്. റോഡ്സ്റ്ററിന്റെ ആഗോള ഉൽപ്പാദനം 2028-ൽ മാത്രമേ ആരംഭിക്കൂ. ഇന്ത്യൻ കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായി പ്രാഥമിക തുക അടച്ചും, തുടർന്ന് 10 ദിവസത്തിനകം ബാക്കി തുക ബാങ്ക് ട്രാൻസ്ഫർ വഴിയും നൽകി വാഹനം ബുക്ക് ചെയ്യാം.
പെർഫോമൻസ് വേരിയന്റിനായി ഉപഭോക്താക്കൾ ഇപ്പോൾ 5.01 ലക്ഷം രൂപയും 10 ദിവസത്തിനുള്ളിൽ 45.05 ലക്ഷം രൂപയും ഓൺലൈനായി അടയ്ക്കണം. എന്നാൽ 'ത്രസ്റ്റ്' വേരിയന്റാണ് ബുക്ക് ചെയ്യുന്നതെങ്കിൽ, ആദ്യഗഡുവായ 5.01 ലക്ഷം രൂപയ്ക്ക് പുറമേ 10 ദിവസത്തിനകം 2,45,24,000 രൂപ കൂടി നൽകേണ്ടി വരും. അതായത് ആകെ ബുക്കിംഗ് തുക ഏകദേശം 2.50 കോടി രൂപയാണ്! മോട്ടോർ വെഹിക്കിൾ പർച്ചേസ് അഗ്രിമെന്റ് ഒപ്പുവെക്കുന്നതിന് മുൻപ് ബുക്കിംഗ് റദ്ദാക്കുകയാണെങ്കിൽ പണം പൂർണ്ണമായും തിരികെ ലഭിക്കുമെന്ന് ടെസ്ല വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന വിവരങ്ങൾ: ടെസ്ല റോഡ്സ്റ്റർ ഇന്ത്യ ബുക്കിംഗ്
വാഹനം ബുക്ക് ചെയ്യുന്നതിനായി ആദ്യം ഒരു ടെസ്ല അക്കൗണ്ട് ഉണ്ടാക്കുക. ശേഷം കാർഡ് വഴി 5.01 ലക്ഷം രൂപ അടച്ച്, ബാക്കി തുക 10 ദിവസത്തിനുള്ളിൽ ബാങ്ക് വഴി അയക്കുക. പർച്ചേസ് അഗ്രിമെന്റിൽ ഒപ്പുവെക്കുന്നതുവരെ ഏത് സമയത്തും ബുക്കിംഗ് റദ്ദാക്കി പണം തിരികെ വാങ്ങാം. നിലവിലെ ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും വാഹന ലഭ്യത. ആദ്യഘട്ടത്തിൽ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് മോഡലുകൾ മാത്രമായിരിക്കും എത്തുക്ക. കൂടാതെ, 'ത്രസ്റ്റ്' വേരിയന്റിന്റെ പരിമിതമായ യൂണിറ്റുകൾ മാത്രമേ ഇന്ത്യയിൽ ലഭ്യമാകൂ.
| വേരിയന്റ് | ഇപ്പോൾ അടയ്ക്കേണ്ടത് | 10 ദിവസത്തിനുള്ളിൽ നൽകേണ്ടത് | ആകെ ബുക്കിംഗ് തുക |
|---|---|---|---|
| പെർഫോമൻസ് | ₹5,01,000 | ₹45,05,000 | ₹50,06,000 |
| ത്രസ്റ്റ് | ₹5,01,000 | ₹2,45,24,000 | ₹2,50,25,000 |
ബുക്കിംഗ് രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ടെസ്ല അക്കൗണ്ടിൽ നൽകിയിരിക്കുന്ന ഗുണഭോക്താവിന്റെ (Beneficiary) വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷ വേണം രണ്ടാമത്തെ ഗഡു അയക്കാൻ. പേയ്മെന്റ് റെസീപ്റ്റുകളും സ്ക്രീൻഷോട്ടുകളും സുരക്ഷിതമായി സൂക്ഷിക്കുക. 10 ദിവസത്തെ കാലാവധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ ബുക്കിംഗ് റദ്ദാകാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര കാർഡുകൾ ഉപയോഗിക്കുമ്പോൾ കൺവേർഷൻ നിരക്കുകളോ ബാങ്ക് ചാർജുകളോ അധികമായി ഈടാക്കിയേക്കാം, അതിനാൽ കാർഡ് നൽകിയ ബാങ്കുമായി മുൻകൂട്ടി സംസാരിക്കുന്നത് നന്നായിരിക്കും.
അറിയേണ്ട കാര്യങ്ങൾ: ഡെലിവറി, നിയമവശങ്ങൾ, ഇൻഷുറൻസ്
ഇന്ത്യയിൽ കാർ എന്നാണ് ഡെലിവറി ചെയ്യുകയെന്ന കാര്യത്തിൽ ടെസ്ല ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ആഗോളതലത്തിൽ 2028-ൽ മാത്രമേ നിർമ്മാണം ആരംഭിക്കൂ, ആദ്യഘട്ടത്തിൽ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് മോഡലുകളാണ് പുറത്തിറങ്ങുക. റോക്കറ്റ് ട്രിം വേരിയന്റിന് പൊതുനിരത്തുകളിൽ ഓടിക്കാൻ അനുമതിയില്ലെന്ന് ടെസ്ല വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. കോൾഡ്-ഗ്യാസ് ത്രസ്റ്ററുകൾ ഉപയോഗിക്കുന്നതിനാൽ ഇൻഷുറൻസ്, ഹോമോലോഗേഷൻ എന്നിവയിൽ വലിയ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ ഇന്ത്യയിൽ ഇതിന്റെ റോഡ് ഉപയോഗാനുമതിയും ഇൻഷുറൻസ് പരിരക്ഷയും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
വിപണിയിലെ പ്രധാന എതിരാളികൾ
ഇപ്പോൾ തന്നെ മികച്ചൊരു അതിവേഗ ഇവി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോർഷെ തായ്കാൻ (Porsche Taycan), ഔഡി ഇ-ട്രോൺ ജിടി (Audi e-tron GT), ബിഎംഡബ്ല്യു i5 M60 (BMW i5 M60) എന്നിവ പരിശോധിക്കാവുന്നതാണ്. ബുക്കിംഗ് തുക സാമ്പത്തികമായി വിശകലനം ചെയ്താൽ, 10 ശതമാനം പലിശനിരക്കിൽ 60 മാസത്തേക്ക് കണക്കാക്കിയാൽ ₹50.06 ലക്ഷത്തിന്റെ ബുക്കിംഗിന് പ്രതിമാസം ഏകദേശം ₹1.06 ലക്ഷം ഇഎംഐ വരും. എന്നാൽ 'ത്രസ്റ്റ്' വേരിയന്റിന്റെ ₹2.50 കോടി ബുക്കിംഗ് തുകയ്ക്ക് ഇത് പ്രതിമാസം ഏകദേശം ₹5.32 ലക്ഷത്തോളമാണ്!
സൂപ്പർകാർ കളക്ടർമാർക്കും ട്രാക്ക് റേസിംഗ് പ്രേമികൾക്കും ഈ റിസ്ക് എടുത്ത് വേണമെങ്കിൽ ഇപ്പോൾ ബുക്ക് ചെയ്യാം. എന്നാൽ മറ്റുള്ളവർ കുറച്ചുകൂടി കാത്തിരിക്കുന്നതാവും ബുദ്ധി. റൈറ്റ്-ഹാൻഡ് ഡ്രൈവ് മോഡൽ സംബന്ധിച്ച സ്ഥിരീകരണം, ഇൻഡ്യൻ ഹോമോലോഗേഷൻ, ഇൻഷുറൻസ് വ്യക്തത, ടെക്നിക്കൽ സ്പെസിഫിക്കേഷനുകൾ, സർവീസ് പ്ലാനുകൾ എന്നിവ ലഭ്യമായ ശേഷം തീരുമാനമെടുക്കുന്നതാണ് ഉചിതം. അതേസമയം, പർച്ചേസ് അഗ്രിമെന്റ് വരുന്നത് വരെ അക്കൗണ്ട് വഴി ബുക്കിംഗ് റദ്ദാക്കാനും പണം തിരികെ ആവശ്യപ്പെടാനും അവസരമുണ്ട്.


Click it and Unblock the Notifications
