ടെസ്റ്റ് ഡ്രൈവിനിടെ വാഹനം അപകടത്തിൽപ്പെട്ടാൽ ചിലവ് ആര് വഹിക്കണം? അറിയേണ്ടതെല്ലാം...
പുതിയൊരു വാഹനം വാങ്ങുന്നതിന് മുന്‍പ് നമ്മള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ടെസ്റ്റ് ഡ്രൈവ്. എന്നാല്‍, ടെസ്റ്റ് ഡ്രൈവിനിടെ അബദ്ധത്തില്‍ വാഹനം അപകടത്തില്‍പ്പെട്ടാല്‍ എന്തുചെയ്യും? ആര് ഇതിന്റെ നഷ്ടപരിഹാരം നല്‍കും? ഭൂരിഭാഗം പേര്‍ക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് കൃത്യമായ അറിവില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഡീലര്‍ഷിപ്പിന്റെ ഇന്‍ഷുറന്‍സാണ് പ്രധാനമായും പരിരക്ഷ നല്‍കുന്നത്. എങ്കിലും അപകടത്തിന് കാരണമായ സാഹചര്യങ്ങള്‍, നിങ്ങള്‍ ഒപ്പിട്ടു നല്‍കിയ രേഖകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അന്തിമ ഉത്തരവാദിത്തം നിശ്ചയിക്കപ്പെടുന്നത്. ഓരോ വാഹനപ്രേമിയും അറിഞ്ഞിരിക്കേണ്ട സുപ്രധാന നിയമവശങ്ങളാണ് ഇനി ചുവടെ പറയാന്‍ പോകുന്നത്.
ഇന്ത്യയിലെ ഭൂരിഭാഗം അംഗീകൃത ഡീലര്‍ഷിപ്പുകളും തങ്ങളുടെ ടെസ്റ്റ് ഡ്രൈവ് വാഹനങ്ങള്‍ക്കായി 'ഫ്‌ലീറ്റ് ഇന്‍ഷുറന്‍സ്' അല്ലെങ്കില്‍ 'ഗരാജ് ഇന്‍ഷുറന്‍സ്' പരിരക്ഷ ഉറപ്പാക്കാറുണ്ട്. ഉപഭോക്താക്കള്‍ വാഹനം ഓടിക്കുമ്പോള്‍ സംഭവിക്കുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ഈ ഇന്‍ഷുറന്‍സ് സഹായിക്കുന്നു. അതിനാല്‍, സാധാരണ സാഹചര്യങ്ങളില്‍ അപകടം സംഭവിച്ചാല്‍ ഡീലര്‍ഷിപ്പിന്റെ ഇന്‍ഷുറന്‍സ് കമ്പനി തന്നെ റിപ്പയര്‍ ചെലവുകള്‍ ഏറ്റെടുക്കാറുണ്ട്. ഡീലര്‍മാര്‍ ഉപഭോക്താക്കളെ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നത് ഈ മുന്‍കരുതലുകള്‍ ഉള്ളതുകൊണ്ടാണ്.

അതേസമയം അപകടത്തിന് പിന്നില്‍ ഡ്രൈവറുടെ അശ്രദ്ധയാണെന്ന് തെളിഞ്ഞാല്‍ കാര്യങ്ങള്‍ മാറും. അമിതവേഗത, ട്രാഫിക് നിയമ ലംഘനം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് എന്നിവയാണ് അപകട കാരണമെങ്കില്‍ ഡീലര്‍ഷിപ്പിനോ ഇന്‍ഷുറന്‍സ് കമ്പനിക്കോ ആയിരിക്കില്ല ഉപഭോക്താവിനായിരിക്കും ഉത്തരവാദിത്തം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള ചെലവ് പൂര്‍ണമായോ ഭാഗികമായോ നിങ്ങള്‍ നല്‍കേണ്ടി വന്നേക്കാം. അതിനാല്‍ ടെസ്റ്റ് ഡ്രൈവിനിടെ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
വാഹനം ടെസ്റ്റ് ഡ്രൈവിന് കൈമാറുന്നതിന് മുന്‍പ് പല ഡീലര്‍മാരും ഇന്‍ഡെംനിറ്റി ഫോമില്‍ ഒപ്പിടാന്‍ ആവശ്യപ്പെടാറുണ്ട്. അപകടം സംഭവിക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്ന വ്യവസ്ഥകള്‍ ഈ രേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. അപകടസാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ നിശ്ചിത തുക (ഡെഡക്റ്റബിള്‍) നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാകാം. അതിനാല്‍ ടെസ്റ്റ് ഡ്രൈവിന് മുമ്പ് രേഖകളില്‍ ഒപ്പിടുന്നതിന് മുന്‍പ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളും വ്യവസ്ഥകളും കൃത്യമായി വായിച്ചു മനസിലാക്കുന്നത് ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.
നിങ്ങള്‍ക്കൊരു പേഴ്സണല്‍ കാര്‍ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍, അത് ഒരു സെക്കന്‍ഡറി കവറേജായി പ്രവര്‍ത്തിച്ചേക്കാം. ഡീലര്‍ഷിപ്പിന്റെ ഇന്‍ഷുറന്‍സ് മതിയാകാതെ വരുമ്പോള്‍ സ്വന്തം പോളിസി ഉപയോഗിക്കാം. എന്നാല്‍ ഇതിന്റെ നിബന്ധനകള്‍ പോളിസി പ്രകാരം വ്യത്യാസപ്പെട്ടിരിക്കും. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിക്ക് ലഭിക്കുന്ന പരിരക്ഷയെ കുറിച്ച് മുന്‍കൂട്ടി അന്വേഷിക്കുന്നത് നല്ലതാണ്.
ടെസ്റ്റ് ഡ്രൈവ് വാഹനം അപകടത്തില്‍ പെട്ടാല്‍ അതിന്റെ കാരണക്കാരന്‍ ആര് എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. മറ്റൊരു വാഹനം വന്ന് ഇടിച്ചാണ് അപകടമുണ്ടായതെങ്കില്‍ അവരുടെ ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കും. എന്നാല്‍ വാഹനത്തിന് മെക്കാനിക്കല്‍ തകരാറുകള്‍ (ഉദാ: ബ്രേക്ക് ഫെയിലിയര്‍) സംഭവിക്കുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം ഡീലര്‍ഷിപ്പിനോ നിര്‍മ്മാതാവിനോ ആയിരിക്കും. അപകടം എങ്ങനെ സംഭവിച്ചു എന്ന് തെളിയിക്കേണ്ടത് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ നിര്‍ണായകമാണ്.
വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി പോകുമ്പോള്‍ അടിസ്ഥാനപരമായ ചില സംഗതികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് പുലിവാലാകും. സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുകയോ വ്യാജരേഖകള്‍ നല്‍കുകയോ ചെയ്യുന്നത് വലിയ കുറ്റമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെടാന്‍ ഇത് കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ മുഴുവന്‍ ബാധ്യതയും ഡ്രൈവര്‍ തന്നെ ഏല്‍ക്കേണ്ടി വരും.
അതുകൊണ്ട് കൃത്യമായ രേഖകളോടെ മാത്രം ടെസ്റ്റ് ഡ്രൈവിന് ഇറങ്ങുക. അശ്രദ്ധമായ പെരുമാറ്റം വലിയ സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തിവെക്കും. അപകടം സംഭവിച്ചാല്‍ പരിഭ്രാന്തരാകാതെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക. ഡീലര്‍ഷിപ്പിനെ ഉടന്‍ വിവരം അറിയിക്കുകയും വാഹനത്തിനുണ്ടായ കേടുപാടുകളുടെ ഫോട്ടോകള്‍ എടുക്കുകയും ചെയ്യുക. ഗൗരവകരമായ അപകടമാണെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ നടപടികള്‍ ഭാവിയില്‍ ക്ലെയിമുകള്‍ക്ക് ആധികാരികത നല്‍കും.
ടെസ്റ്റ് ഡ്രൈവ് ഒരു ആവേശകരമായ അനുഭവമാണെങ്കിലും, വാഹനം നിങ്ങളുടെ ഉടമസ്ഥതയിലല്ല എന്ന് തിരിച്ചറിയുക. ഉത്തരവാദിത്തത്തോടെ പെരുമാറിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാം. നിയമങ്ങള്‍ പാലിച്ചും ശ്രദ്ധയോടെയും ഡ്രൈവ് ചെയ്താല്‍ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെ ടെസ്റ്റ് ഡ്രൈവ് അനുഭവം ആസ്വദിക്കാം. അടുത്ത തവണ ടെസ്റ്റ് ഡ്രൈവിനായി പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കുക. ഈ വിവരങ്ങള്‍ ഉപകാരപ്രദമായി തോന്നിയെങ്കില്‍ പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications