മടുക്കുന്നില്ലേ... 40% വിപണി വിഹിതവുമായി എതിരാളികളില്ലാതെ മാരുതി! 2025-ലെ മികച്ച 10 കാര്‍ കമ്പനികളുടെ പട്ടിക
ഇന്ത്യന്‍ വാഹന വിപണിയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്ന മാരുതി സുസുക്കിയുടെ സര്‍വാധിപത്യത്തിന് 2025-ലും മാറ്റമില്ല. കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിര്‍ത്തി. വിപണിയിലെ കടുത്ത വെല്ലുവിളികള്‍ടയിലും വലിയ വില്‍പ്പന വളര്‍ച്ച നേടാന്‍ കമ്പനിക്കായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ വില്‍ക്കുന്ന കമ്പനികളില്‍ ഒന്നാം സ്ഥാനം മാരുതി സുസുക്കിക്ക് ആയിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മാറിയ വിപണി സാഹചര്യത്തില്‍ ഇന്ത്യയിലെ ടോപ് 10 കാര്‍ കമ്പനികള്‍ ഏതാണെന്ന് നമുക്ക് പരിശോധിക്കാം.
2025-ല്‍ മാരുതി സുസുക്കി ആകെ 17,86,226 യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 39.91 ശതമാനം വിപണി വിഹിതമാണ് മാരുതി നേടിയത്. 2024 കലണ്ടര്‍ വര്‍ഷം ഇത് 40.24 ശതമാനമായിരുന്നു. പുതിയ മോഡലുകളുടെ വരവും ജിഎസ്ടി കുറച്ചതിനെ തുടര്‍ന്നുണ്ടായ വിലക്കുറവിന്റെ ഫലമായി ജനപ്രിയ ഹാച്ച്ബാക്കുകള്‍ക്ക് ലഭിച്ച സ്വീകാര്യതയുമാണ് മാരുതിയുടെ ഈ ചരിത്ര നേട്ടത്തിന് പിന്നിലെ പ്രധാന കാരണം.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ആഭ്യന്തര നിര്‍മ്മാതാക്കളായ മഹീന്ദ്രയാണ്. കഴിഞ്ഞ വര്‍ഷം 5,92,771 യൂണിറ്റുകള്‍ വിറ്റഴിച്ച മഹീന്ദ്ര 13.25 ശതമാനം വിപണി വിഹിതം സ്വന്തമാക്കി. 2024-ല്‍ ഇത് 12.08 ശതമാനമായിരുന്നു. എസ്‌യുവി സെഗ്മെന്റില്‍ മഹീന്ദ്ര അവതരിപ്പിച്ച പുതിയ മോഡലുകള്‍ക്ക് ലഭിച്ച വന്‍ ഡിമാന്‍ഡ് കമ്പനിയെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.
ടാറ്റ മോട്ടോര്‍സാണ് വില്‍പനയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 2025-ല്‍ 5,67,607 യൂണിറ്റുകള്‍ വിറ്റഴിച്ച് ടാറ്റ 12.68 ശതമാനം വിപണി വിഹിതം നേടിയെടുത്തു. മുന്‍ വര്‍ഷം പക്ഷേ 13.18 ശതമാനമായിരുന്നു ടാറ്റയുടെ വിപണി വിഹിതം. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളും എസ്‌യുവികളും വിപണിയില്‍ മികച്ച സ്വാധീനം ചെലുത്തുന്നു.

5,59,558 യൂണിറ്റുകളുമായി ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി നാലാം സ്ഥാനത്തെത്തി. സ്ഥിരമായി രണ്ടാം സ്ഥാനം കൈയ്യടക്കാറുണ്ടായിരുന്ന ഹ്യുണ്ടായിയുടെ വിപണി വിഹിതം 2024-ല്‍ 13.76 ശതമാനത്തില്‍ നിന്ന് 12.50 ശതമാനമായി ഇടിഞ്ഞു. അഞ്ചാം സ്ഥാനത്തുള്ള ടൊയോട്ട 7.17 ശതമാനം വിപണി വിഹിതവുമായി 3,20,703 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2024-ല്‍ 6.39 ശതമാനം മാത്രമായിരുന്നു ജാപ്പനീസ് ബ്രാന്‍ഡിന്റെ വിപണി വിഹിതം.
ആറാം സ്ഥാനത്ത് കിയ മോട്ടോര്‍സാണ്. 2,59,043 യൂണിറ്റുകളാണ് കൊറിയന്‍ കമ്പനിയുടെ വില്‍പന. 2024-ല്‍ ഉണ്ടായിരുന്ന 5.84 ശതമാനം വിപണി വിഹിതം കഴിഞ്ഞ വര്‍ഷം 5.79 ശതമാനമായതോടെ നേരിയ ഇടിവ് നേരിട്ടു. ഏഴാം സ്ഥാനത്ത് എത്തിയ സ്‌കോഡ-ഫോക്സ്വാഗണ്‍ ഗ്രൂപ്പ് 1,08,277 യൂണിറ്റുകള്‍ വിറ്റഴിച്ചു. 1.96 ശതമാനമുണ്ടായിരുന്ന വിപണി വിഹിതം 12 മാസം കൊണ്ട് ഗ്രൂപ്പ് 2.42 ശതമാനമാക്കി ഉയര്‍ത്തി.

പട്ടികയില്‍ എട്ടാം സ്ഥാനത്ത് എംജി മോട്ടോര്‍സാണ്. 65,614 യൂണിറ്റുകളാണ് എംജി 2025-ല്‍ വിറ്റഴിച്ചത്. ഇവി വില്‍പ്പന കൂടിതോടെ 1.30 ശതമാനമുണ്ടായിരുന്ന 2024-ലെ വിപണി വിഹിതം കമ്പനി കഴിഞ്ഞ വര്‍ഷം 1.47 ശതമാനമാക്കി വര്‍ധിപ്പിച്ചു. വിപണി വിഹിതം കുറഞ്ഞ മറ്റൊരു കമ്പനിയാണ് ഹോണ്ട. ഒമ്പതാം സ്ഥാനത്തുള്ള ജാപ്പനീസ് കമ്പനി 62,576 യൂണിറ്റുകളാണ് കഴിഞ്ഞ കലണ്ടര്‍ വര്‍ഷം വിറ്റത്. 12 മാസം കൊണ്ട് 1.69 ശതമാനമുണ്ടായിരുന്ന വിപണി വിഹിതം 1.40 ശതമാനമായി കുറഞ്ഞു.
ടോപ് 10 കാര്‍ കമ്പനികളുടെ പട്ടികയില്‍ അവസാന സ്ഥാനത്ത് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയാണ്. 36,420 യൂണിറ്റുകളാണ് റെനോ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. 2925-ല്‍ റെനോയുടെ വിപണി വിഹിതം 0.81 ശതമാനമാണ്. അതേസമയം 2024-ല്‍ ഫ്രഞ്ച് കമ്പനിക്ക് 1.00 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. ഡസ്റ്റര്‍ അടക്കമുള്ള പുത്തന്‍ മോഡലുകളുടെ വരവ് ഈ വര്‍ഷം റെനോയെ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.
| Rank | Carmaker | 2025 Sales | 2025 Market Share (%) | 2024 Market Share (%) |
|---|---|---|---|---|
| 1 | Maruti Suzuki | 17,86,226 | 39.91% | 40.24% |
| 2 | Mahindra | 5,92,771 | 13.25% | 12.08% |
| 3 | Tata Motors | 5,67,607 | 12.68% | 13.18% |
| 4 | Hyundai | 5,59,558 | 12.50% | 13.76% |
| 5 | Toyota | 3,20,703 | 7.17% | 6.39% |
| 6 | Kia | 2,59,043 | 5.79% | 5.84% |
| 7 | Skoda Volkswagen | 1,08,277 | 2.42% | 1.96% |
| 8 | MG | 65,614 | 1.47% | 1.30% |
| 9 | Honda | 62,576 | 1.40% | 1.69% |
| 10 | Renault | 36,420 | 0.81% | 1.00% |
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എസ്യുവികള്‍ക്കും ക്രോസ് ഓവര്‍ വാഹനങ്ങള്‍ക്കും ലഭിക്കുന്ന വര്‍ദ്ധിച്ച സ്വീകാര്യതയാണ് വില്‍പന കണക്കുകളില്‍ പ്രതിഫലിക്കുന്നത്. മാരുതിയുടെ ഹാച്ച്ബാക്കുകളും മഹീന്ദ്രയുടെയും ടാറ്റയുടെയും എസ്‌യുവികളും വിപണിയിലെ പ്രധാന ചാലകശക്തികളായി മാറി. ഭൂരിഭാഗം കമ്പനികളും പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയത് വാഹന വിപണിക്ക് ശുഭസൂചനയാണ് നല്‍കുന്നത്.
പുതിയ സാങ്കേതിക വിദ്യകളും സുരക്ഷാ മാനദണ്ഡങ്ങളും മുന്‍നിര്‍ത്തി വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ കമ്പനികള്‍ മത്സരിച്ച വര്‍ഷമായിരുന്നു 2025. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ എത്തുന്നതോടെ വില്‍പന കണക്കുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും മാരുതിയുടെ ഒന്നാം സ്ഥാനം തകര്‍ക്കുക എന്നത് എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയായി തുടരുന്നു.


Click it and Unblock the Notifications








