രാജ്യത്ത് ഒന്നാം നമ്പറായി 6.26 ലക്ഷത്തിന്റെ മാരുതി! ക്രെറ്റ തെറിച്ചത് ഒമ്പതിലേക്ക്, ടോപ് 10 ലിസ്റ്റ് ഇതാ...
ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണി 2026 ഏപ്രില്‍ മാസത്തില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എംപിവികള്‍, എസ്‌യുവികള്‍ എന്നിവയ്ക്കെല്ലാം വിപണിയില്‍ വലിയ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. രാജ്യത്ത് പോയ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍ മാത്രം ആകെ 1,83,498 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. 2025 ഏപ്രിലിനെ അപേക്ഷിച്ച് 23.31 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. 2026 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനമായി മാരുതി സുസുക്കി ഡിസയര്‍ മാറി.
സബ് കോംപാക്ട് സെഡാന്‍ കഴിഞ്ഞ മാസം 23,580 യൂണിറ്റ് വില്‍പ്പനയുമായാണ് കഴിഞ്ഞ മാസം വീണ്ടും ബെസ്റ്റ് സെല്ലറായി മാറിയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 16,996 യൂണിറ്റുകളായിരുന്നു വില്‍പ്പന. പുത്തന്‍ തലമുറ മോഡലിന്റെ വരവും ടാക്‌സി വിപണിയിലെ വലിയ ഡിമാന്‍ഡും ഡിസയറിന് 38.74 ശതമാനം വളര്‍ച്ച നേടാന്‍ സഹായിച്ചു.

രണ്ടാം സ്ഥാനത്തുള്ള ടാറ്റ പഞ്ച് വിപണിയില്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇലക്ട്രിക് പതിപ്പായ പഞ്ച് ഇവി ഉള്‍പ്പെടെ 19,107 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ 12,496 യൂണിറ്റുകളില്‍ നിന്ന് 52.90 ശതമാനം എന്ന വന്‍ വളര്‍ച്ചയാണ് പഞ്ച് നേടിയത്. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ പഞ്ചിനുള്ള സ്വീകാര്യതയും ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്‍പ്പര്യവുമാണ് ഇതിന് പിന്നിലെ പ്രധാന ഘടകം.
എംപിവി വിഭാഗത്തില്‍ നിന്നുള്ള മാരുതി എര്‍ട്ടിഗ ടോപ് 10 പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 19,063 യൂണിറ്റുകള്‍ വിറ്റഴിച്ച എര്‍ട്ടിഗ 20.80 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 7 സീറ്റര്‍ എംപിവിയുടെ വില്‍പ്പന 15780 യൂണിറ്റായിരുന്നു. മാരുതിയുടെ തന്നെ ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവി 18,829 യൂണിറ്റുകളുമായി നാലാം സ്ഥാനത്തുണ്ട്.

2025 ഏപ്രിലിലെ 14345 യൂണിറ്റില്‍ നിന്ന് 4484 യൂണിറ്റുകള്‍ അധികം വിറ്റ് ഫ്രോങ്ക്‌സ് 31.26 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. വാഗണ്‍ ആര്‍, ബലേനോ എന്നീ മോഡലുകളും യഥാക്രമം 39.03 ശതമാനവും 38.89 ശതമാനവും വളര്‍ച്ചയോടെ അഞ്ച്, ആറ് സ്ഥാനങ്ങള്‍ നേടി വിപണിയില്‍ കരുത്ത് തെളിയിച്ചു. കഴിഞ്ഞ മാസം വാഗണ്‍ ആറിന്റെ വില്‍പ്പന 18829 യൂണിറ്റും ബലേനോയുടേത് 18306 യൂണിറ്റുമായിരുന്നു.
ടാറ്റ നെക്‌സോണ്‍ (നെക്‌സോണ്‍ ഇവി ഉള്‍പ്പെടെ) 18,126 യൂണിറ്റുകളുടെ വില്‍പ്പനയുമായി പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ 15457 യൂണിറ്റിനെ അപേക്ഷിച്ച് 17.27 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നെക്‌സോണ്‍ നേടിയത്. പുതിയ തലമുറ സ്വിഫ്റ്റും വിപണിയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. 17,829 യൂണിറ്റുകള്‍ വിറ്റഴിച്ച സ്വിഫ്റ്റ് 22.18 ശതമാനം വളര്‍ച്ചയോടെ പട്ടികയില്‍ എട്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
| റാങ്ക് | വാഹനം | വില്‍പ്പന (ഏപ്രിൽ 2026) | വില്‍പ്പന (ഏപ്രിൽ 2025) | വളർച്ച (YoY) |
|---|---|---|---|---|
| 1 | മാരുതി ഡിസയർ | 23,580 | 16,996 | 38.74% |
| 2 | ടാറ്റ പഞ്ച് (EV ഉൾപ്പെടെ) | 19,107 | 12,496 | 52.90% |
| 3 | മാരുതി എർട്ടിഗ | 19,063 | 15,781 | 20.80% |
| 4 | മാരുതി ഫ്രോങ്ക്‌സ് | 18,829 | 14,345 | 31.26% |
| 5 | മാരുതി വാഗൺ ആർ | 18,502 | 13,308 | 39.03% |
| 6 | മാരുതി ബലേനോ | 18,450 | 13,284 | 38.89% |
| 7 | ടാറ്റ നെക്സോൺ (EV ഉൾപ്പെടെ) | 18,126 | 15,456 | 17.27% |
| 8 | മാരുതി സ്വിഫ്റ്റ് | 17,829 | 14,593 | 22.18% |
| 9 | ഹ്യുണ്ടായി ക്രെറ്റ (EV ഉൾപ്പെടെ) | 15,291 | 17,016 | -10.14% |
| 10 | മഹീന്ദ്ര സ്കോർപ്പിയോ സീരീസ് | 14,719 | 15,535 | -5.25% |
അതേസമയം, ചില മുന്‍നിര മോഡലുകള്‍ക്ക് വില്‍പനയില്‍ നേരിയ ഇടിവ് സംഭവിച്ചു. ഹ്യുണ്ടായി ക്രെറ്റയുടെ വില്‍പ്പന 10.14 ശതമാനം കുറഞ്ഞ് 15,291 യൂണിറ്റുകളായി. ഒമ്പതാം സ്ഥാനത്താണ് ക്രെറ്റക്ക് ഫിനിഷ് ചെയ്യാനായത്. മഹീന്ദ്ര സ്‌കോര്‍പ്പിയോ സീരീസ് 14,719 യൂണിറ്റുകള്‍ വിറ്റഴിച്ചെങ്കിലും വില്‍പ്പനയില്‍ 5.25 ശതമാനം കുറവുണ്ടായി. ടോപ് 10 പട്ടികയില്‍ സ്‌കോര്‍പിയോ പത്താം സ്ഥാനത്താണ്.
മറ്റ് മോഡലുകളെ കുറിച്ച് പറയുമ്പോള്‍ വിപണിയിലെ പുതിയ താരം മാരുതി വിക്ടോറിസ് (Victoris) 13,701 യൂണിറ്റുകളുടെ വില്‍പനയുമായി ശ്രദ്ധേയമായ പ്രകടനം തുടര്‍ന്നു. ഹ്യുണ്ടായി വെന്യൂ 56.17 ശതമാനം വളര്‍ച്ചയോടെ 12,420 യൂണിറ്റുകള്‍ വിറ്റഴിച്ചു. കിയയുടെ സെല്‍റ്റോസ്, സോനെറ്റ് മോഡലുകളും മഹീന്ദ്ര ഥാര്‍ സീരീസും 10,000 യൂണിറ്റുകള്‍ക്ക് മുകളില്‍ വില്‍പ്പന നടത്തി വിപണിയിലെ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്.
ടൊയോട്ട ഹൈറൈഡര്‍ 96.36 ശതമാനം എന്ന അമ്പരപ്പിക്കുന്ന വളര്‍ച്ചയോടെ 9,115 യൂണിറ്റുകള്‍ വിറ്റഴിച്ചു. മഹീന്ദ്ര ബൊലേറോയും XUV 7XO-യും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഹ്യുണ്ടായി എക്സ്റ്റര്‍ 8,096 യൂണിറ്റുകളുമായി ടോപ് 15 എസ്‌യുവികളുടെ പട്ടികയില്‍ ഇടംപിടിച്ചു. എസ്‌യുവികള്‍ക്ക് വിപണിയിലുള്ള മേധാവിത്വം വരും മാസങ്ങളിലും തുടരുമെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications