പഴകും തോറും വീര്യം കൂടുന്നു! 90-കളിൽ വിപണി ഭരിച്ച ഈ 5 ഐക്കോണിക് കാറുകൾ ഇന്നും നിരത്തിലെ രാജാക്കന്മാർ
ഇന്ത്യന്‍ വാഹന പ്രേമികളുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയെടുക്കുകയും മധ്യവര്‍ഗ കുടുംബങ്ങളുടെ സ്വപ്ന വാഹനങ്ങളായി മാറുകയും ചെയ്ത തൊണ്ണൂറുകളിലെ ചില ഇതിഹാസ കാറുകളുണ്ട്. പഴയകാല ഡിസൈനുകളുടെ ഓര്‍മ പുതുക്കിക്കൊണ്ട് പല പ്രമുഖ ബ്രാന്‍ഡുകളും തങ്ങളുടെ ജനപ്രിയ മോഡലുകളെ കാലാനുസൃതമായി പരിഷ്‌കരിച്ച് വിപണിയില്‍ നിലനിര്‍ത്തിപ്പോരുന്നു. കാലമേറെ കഴിഞ്ഞിട്ടും പുത്തന്‍ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഇന്നും വിപണിയില്‍ രാജാവായി തുടരുന്ന 5 ഐക്കണിക് മോഡലുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. വിശ്വാസ്യതയും ഈടും കൊണ്ട് ശ്രദ്ധേയമായ ഈ വാഹനങ്ങള്‍ പുതിയ തലമുറയ്ക്കായി വിപണിയില്‍ ഇപ്പോഴും ലഭ്യമാണ്. ഓരോ കാറുകളുടെയും ഇപ്പോഴത്തെ വിപണി വിലയും സാങ്കേതിക സവിശേഷതകളും വിശദമായി പരിശോധിക്കാം.
മഹീന്ദ്ര ബൊലേറോ
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എസ്‌യുവി ലൈനപ്പിലെ ഏറ്റവും പഴയതും ജനപ്രിയവുമായ മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര ബൊലേറോ (Mahindra Bolero). മുമ്പ് വിപണിയിലുണ്ടായിരുന്ന അര്‍മാഡ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി 2000 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ഈ വാഹനത്തിന് ഇന്നും ഇന്ത്യയിലെ സെമി അര്‍ബന്‍, ഗ്രാമീണ വിപണികളില്‍ വന്‍ വിപണി വിഹിതമാണുള്ളത്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് കടന്നാല്‍, കരുത്തുറ്റ 1.5 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാണ് നിലവില്‍ ഈ എസ്‌യുവിക്ക് ക്രരുത്ത് പകരുന്നത്. റഫ് ലുക്കും മികച്ച നിര്‍മ്മാണ നിലവാരവും മെറ്റല്‍ ബോഡിയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ആവശ്യമായ ഇലക്ട്രോണിക്‌സ് ഫീച്ചറുകള്‍ നല്‍കിയിട്ടുള്ള ബൊലേറോയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില വെറും 8 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
മാരുതി സുസുക്കി വാഗണ്‍ ആര്‍
ഇന്ത്യന്‍ നഗരങ്ങളിലെ ഇടത്തരം കുടുംബങ്ങളുടെയും ആദ്യമായി കാര്‍ വാങ്ങുന്നവരുടെയും പ്രിയപ്പെട്ട ഹാച്ച്ബാക്ക് മോഡലാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍ (Maruti Suzuki Wagon R). ടോള്‍-ബോയ് ഡിസൈനോടെ 1999-ല്‍ ആദ്യമായി പുറത്തിറങ്ങിയ ഈ വാഹനം വിപണിയില്‍ പല തലമുറ മാറ്റങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്.
1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ഈ കാര്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം എജിഎസ് (AGS) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭ്യമാണ്. ഉയര്‍ന്ന ഇന്ധനക്ഷമത ആഗ്രഹിക്കുന്നവര്‍ക്കായി ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) പതിപ്പിലും എത്തുന്ന വാഗണ്‍ ആറിന്റെ എക്‌സ്-ഷോറൂം വില 4.98 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
ടാറ്റാ സഫാരി
തൊണ്ണൂറുകളുടെ അവസാനത്തില്‍ ടാറ്റ മോട്ടോര്‍സ് വിപണിയില്‍ എത്തിച്ച ഇന്ത്യയിലെ ആദ്യത്തെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് ടാറ്റ സഫാരി (Tata Safari). പഴയ മോഡലുകളുടെ പാരമ്പര്യം പേറുന്ന പുതിയ സഫാരി ഇപ്പോള്‍ ലാന്‍ഡ് റോവര്‍ ഡി8 പ്ലാറ്റ്ഫോമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള പ്രീമിയം മോണോകോക്ക് ഘടനയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടൊപ്പം അടുത്തിടെ പുതിയ 1.5 ലിറ്റര്‍ ഹൈപ്പീരിയന്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും ഈ എസ്‌യുവിയില്‍ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. മികച്ച ഇന്‍ഫോടൈന്‍മെന്റ് സംവിധാനങ്ങളും വിശാലമായ ഇന്റീരിയറുമുള്ള ഈ പ്രീമിയം ടാറ്റ മോഡലിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 13.29 ലക്ഷം രൂപയാണ്.
ഹോണ്ട സിറ്റി
പ്രീമിയം മിഡ്-സൈസ് സെഡാന്‍ വിപണിയിലെ ഏറ്റവും പഴയതും വിശ്വസ്തവുമായ നാമമാണ് 1998-ല്‍ വിപണിയില്‍ എത്തിയ ഹോണ്ട സിറ്റി (Honda City). നിലവില്‍ അഞ്ചാം തലമുറയില്‍ എത്തിനില്‍ക്കുന്ന ഹോണ്ട സിറ്റിയില്‍ 1.5 ലിറ്റര്‍ i-VTEC നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ളത്. വെന്റിലേറ്റഡ് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ തുടങ്ങിയ പ്രീമിയം ഫീച്ചറുകളോടെ അടുത്തിടെ പുറത്തിറങ്ങിയ സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രാരംഭ വില 12 ലക്ഷം രൂപയാണ്.

ടാറ്റ സിയറ
വലിയ ഗ്ലാസ് വിന്‍ഡോകളും മസ്‌കുലര്‍ ബോണറ്റുമുള്ള ഈ ബോക്‌സി ഡിസൈനുമായി 1991-ല്‍ പുറത്തിറങ്ങിയ ടാറ്റാ സിയറ അക്കാലത്ത് ഇന്ത്യന്‍ വിപണിയിലെ എഞ്ചിനീയറിംഗ് അത്ഭുതമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. പഴയ ഡിസൈന്‍ ഘടകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇതിഹാസത്തെ പുത്തന്‍ കോംപാക്ട് എസ്‌യുവിയായി ടാറ്റ വീണ്ടും വിപണിയില്‍ എത്തിച്ചിരുന്നു. നിലവില്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമാകുന്ന സിയറയുടെ ഇലക്ട്രിക് പതിപ്പ് ലോഞ്ചിന് തയാറാണ്. നിലവില്‍ 11.49 ലക്ഷം മുതലാണ് സിയറയുടെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.
കാലം മാറിയിട്ടും ഈ 5 കാറുകള്‍ ഇന്നും വിപണിയില്‍ സജീവമായി തുടരുന്നത് അവയുടെ ബില്‍ഡ് ക്വാളിറ്റിയും ഉപഭോക്താക്കള്‍ക്ക് ഇവയോടുള്ള വൈകാരികമായ ബന്ധവും കൊണ്ടാണ്. പഴയ വാഹനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒട്ടും ഭയക്കാതെ തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളാണ് ഇവയെല്ലാം. മോഡേണ്‍ ഫീച്ചറുകളും ടെക്‌നോളജിയും സജ്ജീകരിച്ചെത്തുന്ന ഐക്കണിക് മോഡലുകളുടെ പുതിയയ പതിപ്പുകള്‍ മികച്ച ദീര്‍ഘകാല നിക്ഷേപമായിരിക്കും എന്നതില്‍ സംശയമില്ല.


Click it and Unblock the Notifications