28KM വരെ മൈലേജ്, അതും കുറഞ്ഞ വിലയില്‍! രാജ്യത്ത് ഹൈബ്രിഡ് വസന്തം തീര്‍ക്കാനെത്തുന്ന 5 എസ്‌യുവികള്‍
ഇന്ധനവില വര്‍ദ്ധനവില്‍ വലയുന്ന ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് ആശ്വാസമായി വമ്പന്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് എസ്‌യുവികളുടെ (Hybrid SUV) വസന്തകാലം വരാന്‍ പോകുന്നു. ഒരു കാലത്ത് വിപണി ഭരിച്ചിരുന്ന ഡീസല്‍ എഞ്ചിനുകള്‍ സാവധാനം വിടവാങ്ങുമ്പോള്‍, ഇലക്ട്രിക് കരുത്തും പെട്രോള്‍ എഞ്ചിനും ഒത്തുചേരുന്ന 'സ്‌ട്രോംഗ് ഹൈബ്രിഡ്' സാങ്കേതികവിദ്യ കൂടുതല്‍ ജനപ്രിയമാകുകയാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് പെട്ടെന്ന് മാറാന്‍ മടിയുള്ള എന്നാല്‍ പരിസ്ഥിതി സൗഹൃദ വാഹനമായാല്‍ കൊള്ളാം എന്ന തോന്നലുള്ളവരുടെ ആദ്യ ചോയ്‌സ് ഹൈബ്രിഡുകളാണ്. നിലവില്‍ മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട എന്നീ പ്രമുഖ ബ്രാന്‍ഡുകളാണ് രാജ്യത്ത് താങ്ങാവുന്ന വിലയില്‍ ഹൈബ്രിഡുകള്‍ പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെനോ, നിസാന്‍, എംജി തുടങ്ങി കമ്പനികളെല്ലാം ഈ ഹൈബ്രിഡ് വിപ്ലവത്തിന് സജ്ജമായിക്കഴിഞ്ഞു. നിലവില്‍ കാറുകളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ്. ഈ സാഹചര്യത്തില്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്താന്‍ പോകുന്ന ഹൈബ്രിഡ് എസ്‌യുവികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

റെനോ ഡസ്റ്റര്‍ ഹൈബ്രിഡ്
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട എസ്‌യുവികളില്‍ ഒന്നായ റെനോ ഡസ്റ്റര്‍ (Renault Duster) കൂടുതല്‍ കരുത്തോടെ രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ന്യൂജെന്‍ ഡസ്റ്ററിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമായിരുന്നു. 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേരുന്ന ഹൈബ്രിഡ് സെറ്റപ്പ് മികച്ച പെര്‍ഫോമന്‍സിനൊപ്പം ഉയര്‍ന്ന മൈലേജും വാഗ്ദാനം ചെയ്യുന്നു.
രസകരമായ വസ്തുത എന്തെന്നാല്‍ വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ ഡസ്റ്റര്‍ ഹൈബ്രിഡിന്റെ 2026 കലണ്ടര്‍ വര്‍ഷത്തേക്കുള്ള സ്റ്റോക്ക് വിറ്റുതീര്‍ന്നു. ഈ വര്‍ഷം ഉത്സവ സീസണില്‍ ദീപാവലിയോട് അടുത്തായിരിക്കും ഡസ്റ്റര്‍ ഹൈബ്രിഡിന്റെ ലോഞ്ച്. ഏകദേശം 19 മുതല്‍ 23 ലക്ഷം രൂപ വരെയാണ് ഇതിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
നിസാന്‍ ടെക്റ്റണ്‍
ഡസ്റ്ററിന്റെ അതേ CMF-B പ്ലാറ്റ്ഫോമില്‍ നിസാന്‍ അവതരിപ്പിക്കുന്ന പുത്തന്‍ എസ്‌യുവിയാണ് 'ടെക്റ്റണ്‍' (Nissan Tekton). 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും അത്യാധുനിക ഹൈബ്രിഡ് സിസ്റ്റവും ചേര്‍ന്ന് 160 bhp പവര്‍ ഉത്പാദിപ്പിക്കും. ഇവി, ഐസിഇ, ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് പതിപ്പുകളില്‍ ടെക്റ്റണില്‍ ലഭ്യമാകും. ടെക്റ്റണ്‍ ഹൈബ്രിഡ് ലിറ്ററിന് 25 കിലോമീറ്ററിലധികം മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജാപ്പനീസ് എസ്‌യുവിയെ സിറ്റി ഡ്രൈവുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമാക്കും.
ടൊയോട്ട ഹൈറൈഡര്‍ 7-സീറ്റര്‍
ഹൈബ്രിഡ് വിപണിയിലെ രാജാക്കന്‍മാരായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ഹൈറൈഡറിന്റെ 7-സീറ്റര്‍ പതിപ്പ് ഉടന്‍ പുറത്തിറക്കും. 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ വലിപ്പമേറിയ ക്യാബിനും കൂടുതല്‍ സീറ്റിംഗും ഈ വാഹനം ഉറപ്പാക്കുന്നു. ലിറ്ററിന് 28 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ വിപണിയിലെത്തിയാല്‍ മഹീന്ദ്ര XUV 7XO, ടാറ്റ സഫാരി തുടങ്ങിയ വമ്പന്മാരോട് നേരിട്ട് ഏറ്റുമുട്ടും.

ഹോണ്ട എലിവേറ്റ് ഹൈബ്രിഡ്
ഈ വര്‍ഷം ഉത്സവ സീസണില്‍ എലിവേറ്റ് എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് ഹോണ്ട. സിറ്റി ഹൈബ്രിഡിലുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനായിരിക്കും ഇതിലും ഉപയോഗിക്കുക. ഇ-സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായി എത്തുന്ന ഈ എസ്‌യുവി ലിറ്ററിന് 25 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. കുറഞ്ഞ ഇന്ധനച്ചെലവില്‍ സുഗമമായ ഡ്രൈവിംഗ് അനുഭവവും ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും.
എംജി 520
ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ രാജ്യത്തെത്തിക്കാന്‍ പോകുന്ന ഏറ്റവും പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലാണ് എംജി 520. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 20.5 kWh ബാറ്ററി പായ്ക്കും ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ ഹൈബ്രിഡ് സംവിധാനം. 197 bhp പവറുള്ള എസ്‌യുവി ഇവി ഓണ്‍ലി മോഡില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. അത്യാധുനിക ഫീച്ചറുകളും മികച്ച പ്രകടനവും പുറത്തെടുക്കുന്ന എസ്‌യുവി വേണ്ടവര്‍ക്ക് ഈ എംജി മോഡല്‍ വരുന്നത് വരെ കാത്തിരിക്കാം.

ഹൈബ്രിഡിന്റെ ഗുണങ്ങള്‍
ഹൈബ്രിഡ് വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ ഇന്ധന ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ കമ്പനികള്‍ ഈ വിഭാഗത്തിലേക്ക് കടന്നുവരുന്നത് മത്സരബുദ്ധി കൂട്ടുകയും അതുവഴി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച സാങ്കേതികവിദ്യകള്‍ ലഭ്യമാകാന്‍ അവസരമൊരുങ്ങുകയും ചെയ്യും. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മ്മിക്കപ്പെടുന്ന ഈ വാഹനങ്ങള്‍ സുരക്ഷയുടെ കാര്യത്തിലും ലോകോത്തര നിലവാരം പുലര്‍ത്തും.
മുകളില്‍ പറഞ്ഞ 5 എസ്‌യുവികളും ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ഗ്രൗണ്ട് ക്ലിയറന്‍സും പ്രായോഗികതയും ഉറപ്പാക്കുന്നുണ്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് മൈലേജിനൊപ്പം മികച്ച റീസെയില്‍ വാല്യൂവും ലഭിക്കുന്നുവെന്നതാണ് ശ്രദ്ധേയം. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് ഈ എസ്‌യുവികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അതാത് കമ്പനികള്‍ പുറത്തുവിടും. ഈ അഞ്ച് ഹൈബ്രിഡ് എസ്‌യുവികളില്‍ നിങ്ങള്‍ ഏത് മോഡലിനായാണ് കാത്തിരിക്കുന്നതെന്ന് കമന്റ് ചെയ്യൂ.


Click it and Unblock the Notifications








