ഇരട്ടി വിൽപ്പനയുമായി കരുത്തുകാട്ടി ഹൈക്രോസ്; ക്രിസ്റ്റക്ക് ഇനി സമാധാനമായി മടങ്ങാം
ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹന (എംപിവി) വിപണിയില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് (Toyota Innova Hycross) തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്‌വന്നപ്പോള്‍ ഇന്നോവ ക്രിസ്റ്റയേക്കാള്‍ (Toyota Innova Crysta) ഇരട്ടി വില്‍പ്പനയാണ് ഹൈക്രോസ് നേടിയത്. പ്രീമിയം വാഹന വിപണിയില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ വന്‍ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടൊയോട്ട 52,604 ഇന്നോവ ഹൈക്രോസുകള്‍ വിറ്റഴിച്ചപ്പോള്‍ ഇന്നോവ ക്രിസ്റ്റയുടെ വില്‍പ്പന 27,672 യൂണിറ്റുകളില്‍ ഒതുങ്ങി.
മൊത്തം ഇന്നോവ വില്‍പ്പനയുടെ 65.5 ശതമാനവും ഹൈക്രോസ് ആണ് കൈവശപ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ ഈ മാറ്റം ഇന്നോവ കുടുംബത്തിന്റെ പ്രധാന മുഖമായി ഹൈക്രോസ് മാറിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ്. ഇനി സമാധാനത്തോടെ ക്രിസ്റ്റക്ക് അടുത്ത വര്‍ഷം വിപണിയില്‍ നിന്ന് പിന്‍വാങ്ങാം. ലോഞ്ച് ചെയ്ത് നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ഹൈക്രോസ് രണ്ട് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു.

ആത്യാധുനിക ഇന്റീരിയര്‍, പ്രീമിയം ഫീച്ചറുകള്‍, നഗരയാത്രകള്‍ക്ക് അനുയോജ്യമായ ഡ്രൈവിംഗ് എക്‌സ്പീരിയൻസ് എന്നിവയാണ് കുടുംബങ്ങളെ ഈ വാഹനത്തിലേക്ക് ആകര്‍ഷിക്കുന്നത്. നഗരങ്ങളിലും ഹൈവേകളിലും ഒരുപോലെ മികച്ച പ്രകടനമാണ് ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നത്. ഹൈക്രോസിന്റെ കരുത്തുറ്റ ഹൈബ്രിഡ് സംവിധാനം റണ്ണിംഗ് കോസ്റ്റും വലിയ രീതിയില്‍ കുറയ്ക്കുന്നു. ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ഈ എംപിവി സ്വകാര്യ ആവശ്യങ്ങള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഉപയോഗിക്കുന്നവര്‍ക്ക് ഒരുപോലെ ലാഭകരമാണ്.
ഇതിനാല്‍ തന്നെ ടാക്‌സി വിപണിയിലും സ്വകാര്യ മേഖലയിലും ഒരേപോലെ ഹൈക്രോസിന് വമ്പന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ട്. ഇന്ത്യയിലെ സ്‌ട്രോംഗ് ഹൈബ്രിഡ് വിപണിയില്‍ 80 ശതമാനത്തിലധികം വിഹിതവുമായി ടൊയോട്ട തങ്ങളുടെ മേധാവിത്വം തുടരുകയാണ്.2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന രാജ്യത്ത് ഇരട്ടിയായി വര്‍ദ്ധിച്ചു. ഈ നേട്ടത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഇന്നോവ ഹൈക്രോസ് എന്ന മോഡലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, വിശ്വസ്തമായ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ക്രിസ്റ്റ ഇപ്പോഴും വിപണിയിലുണ്ട്. കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കും ലാഡര്‍-ഫ്രെയിം പ്ലാറ്റ്ഫോമിനെ സ്‌നേഹിക്കുന്നവര്‍ക്കും ക്രിസ്റ്റ ഇപ്പോഴും പ്രിയപ്പെട്ടതാണ്. എന്നാല്‍ വരാനിരിക്കുന്ന കടുത്ത മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും ഡീസല്‍ വാഹനങ്ങളോടുള്ള വിമുഖതയും ക്രിസ്റ്റയുടെ വിപണി വിഹിതം കുറയ്ക്കാന്‍ കാരണമാകുന്നു.
പുതിയ മോഡല്‍ വന്നിട്ടും ക്രിസ്റ്റ ഇത്രയും നാളായി നിര്‍ത്തലാക്കാതിരിക്കുന്നതിനുള്ള കാരണം അതിന്റെ ജനപ്രീതി തന്നെയാണ്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ക്രിസ്റ്റ ഡീസല്‍ ടൊയോട്ട വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുകയാണ്. ക്രിസ്റ്റയുടെ വിടവ് നികത്താനായി കുറഞ്ഞ വിലയിലുള്ള ഒരു ഹൈബ്രിഡ് പതിപ്പ് ഹൈക്രോസ് നിരയില്‍ ടൊയോട്ട ഉടന്‍ അവതരിപ്പിച്ചേക്കും. ഫീച്ചറുകളില്‍ മാറ്റം വരുത്തി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതോടെ ഡീസല്‍ മോഡലുകളില്‍ നിന്നുള്ള മാറ്റം കൂടുതല്‍ വേഗത്തിലാകുമെന്ന് കമ്പനി കരുതുന്നു. നിലവില്‍ ഹൈക്രോസ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 20 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ഇതിലും വലിയ തുക നല്‍കേണ്ടി വരും. കുറഞ്ഞ വിലയിലുള്ള ഹൈബ്രിഡ് മോഡല്‍ എത്തുന്നതോടെ ഇന്നോവ വിപണി പൂര്‍ണമായും ഹൈക്രോസ് പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications