26.11 KM മൈലേജുള്ള 'ബേബി ക്രിസ്റ്റ'യുടെ വില മാറി! എത്ര രൂപ കൂടുമെന്നറിയാം
ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ സെവന്‍ സീറ്റര്‍ വാഹനങ്ങളില്‍ ഒന്നായ റുമിയോണിന്റെ (Toyota Rumion) വില വര്‍ദ്ധിപ്പിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ വിവിധ വേരിയന്റുകള്‍ക്ക് 6,800 രൂപ വരെയുള്ള വര്‍ദ്ധനവാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ഫെബ്രുവരി മൂന്ന് മുതല്‍ പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വന്നതായി 'വാഹന്‍ വാര്‍ത്ത' റിപ്പോര്‍ട്ട് ചെയ്തു. 10.44 ലക്ഷം രൂപയായിരുന്നു റുമിയോണിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. പുതിയ വര്‍ദ്ധനവ് വന്നതോടെ അടിസ്ഥാന വേരിയന്റിന്റെ വിലയിലും മാറ്റം വരും. വാഹനത്തിന്റെ ആകെ വിലയില്‍ ഏകദേശം 0.59 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്.
ഉത്പാദന ചിലവിലുണ്ടായ മാറ്റങ്ങളാണ് വില വര്‍ദ്ധനവിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഇന്നോവയിലൂടെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ എംപിവി ബ്രാന്‍ഡ് സ്വന്തമായുള്ള ബ്രാന്‍ഡ് ആണ് ടൊയോട്ട. കൂടുതല്‍ താങ്ങാവുന്ന വിലയിലുള്ള ഒരു മോഡല്‍ ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കണമെന്ന ജാപ്പനീസ് ബ്രാന്‍ഡിന്റെ ചിന്തയിലാണ് റൂമിയോണിന്റെ പിറവി. ഇത് യഥാര്‍ത്ഥത്തില്‍ മാരുതി സുസുക്കകി എര്‍ട്ടിഗയുടെ റീബാഡ്ജ് പതിപ്പാണ്.

മാരുതി സുസുക്കി എര്‍ട്ടിഗയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ടൊയോട്ട റുമിയോണിനെ വേര്‍തിരിച്ച് മനസിലാക്കാനായി ബേബി ക്രിസ്റ്റ ലുക്ക് കമ്പനി സമ്മാനിച്ചിട്ടുണ്ട്. റൂമിയോണ്‍ നിലവില്‍ പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ വാങ്ങാന്‍ സാധിക്കും. റൂമിയോണിന്റെ സിഎന്‍ജി വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 11,137 യൂണിറ്റ് സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിക്കാന്‍ ടൊയോട്ടയ്ക്ക് സാധിച്ചു. ഇത് റുമിയോണിന്റെ ജനപ്രീതിക്ക് അടിവരയിടുന്നു.
രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് റൂമിയോണ്‍ വിപണിയിലെത്തുന്നത്. 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 102 bhp പവറും 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റിലെ 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി എഞ്ചിന്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും നല്‍കുന്നു. പെട്രോള്‍ മോഡലില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ലഭ്യമാണ്.

ഇന്ധനക്ഷമതയുടെ കാര്യത്തിലും റൂമിയോണ്‍ ഏറെ മുന്നിലാണ്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍, സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇന്ധന ചിലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വലിയ കുടുംബങ്ങള്‍ക്ക് റൂമിയോണ്‍ സിഎന്‍ജി ഒരു മികച്ച ഓപ്ഷനായി തുടരുന്നു.
വാഹനത്തിന്റെ ഇന്റീരിയറില്‍ നിരവധി മോഡേണ്‍ ഫീച്ചറുകളുണ്ട്. വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ ടൊയോട്ട ഐ-കണക്ട് ഫീച്ചര്‍ വഴി അമ്പതിലധികം കണക്റ്റഡ് കാര്‍ സേവനങ്ങളും എംപിവിയില്‍ ലഭ്യമാണ്.

മികച്ച സുരക്ഷ സജ്ജീകരണങ്ങളാണ് വാഹനത്തില്‍ ജാപ്പനീസ് ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും റൂമിയോണില്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റ് ആയി നല്‍കുന്നു.
നേരിയ വില വര്‍ദ്ധനവ് ഉണ്ടായെങ്കിലും ടൊയോട്ടയുടെ വിശ്വാസ്യതയും കുറഞ്ഞ മെയിന്റനന്‍സ് ചിലവും 7 സീറ്റര്‍ വാഹന വിഭാഗത്തില്‍ റുമിയോണിന് തുണയാകും. എര്‍ട്ടിഗയുടെ അതേ മെക്കാനിക്കല്‍ വശങ്ങള്‍ ഉണ്ടെങ്കിലും ടൊയോട്ടയുടെ സര്‍വീസ് ക്വാളിറ്റിയാണ് പലരെയും ഈ മോഡലിലേക്ക് ആകര്‍ഷിക്കുന്നത്. പുതിയ നിരക്കുകള്‍ കമ്പനിയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ഏറ്റവും അടുത്ത ടൊയോട്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുമല്ലോ.


Click it and Unblock the Notifications








