വീണ്ടും 'നോ ബലം' ആയോ? മാരുതി ബലേനോയുടെ ടൊയോട്ട കസിന് ക്രാഷ് ടെസ്റ്റിൽ വട്ടപ്പൂജ്യം
ഇന്ത്യയില്‍ നിര്‍മ്മിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട സ്റ്റാര്‍ലറ്റ് (Toyota Starlet) ഹാച്ച്ബാക്ക് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പരാജയമായി. 'സേഫര്‍ കാര്‍സ് ഫോര്‍ ആഫ്രിക്ക' പദ്ധതിയുടെ ഭാഗമായി നടത്തിയ ഏറ്റവും പുതിയ സുരക്ഷാ പരിശോധനയിലാണ് ഈ കാര്‍ 0 സ്റ്റാര്‍ റേറ്റിംഗ് വാങ്ങിയത്. രണ്ട് എയഗര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കുന്ന മോഡലാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി നടത്തിയ പരിശോധനയില്‍ ആകെയുള്ള 34 പോയിന്റില്‍ ഒരു പോയിന്റ് പോലും നേടാന്‍ ഈ ഹാച്ച്ബാക്കിന് സാധിച്ചില്ല.
ഇതാണ് വാഹനത്തിന് പൂജ്യം സ്റ്റാര്‍ റേറ്റിംഗ് ലഭിക്കാന്‍ പ്രധാന കാരണമായത്. എന്നാല്‍ കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ 49 പോയിന്റില്‍ 29.33 പോയിന്റുകള്‍ സ്റ്റാര്‍ലറ്റ് സ്വന്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണത്തില്‍ 3 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ഏക ആശ്വാസം. ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ഡ്രൈവറുടെ തലയ്ക്കും നെഞ്ചിനും തൃപ്തികരമായ സുരക്ഷയാണ് വാഹനം നല്‍കിയത്.

മുന്‍സീറ്റിലെ യാത്രക്കാരന്റെ തലയ്ക്കുള്ള സുരക്ഷ മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡാഷ്ബോര്‍ഡിന് പിന്നിലെ ഘടന കഠിനമായത് കാരണം യാത്രക്കാരുടെ കാല്‍മുട്ടുകള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇവിടുത്തെ സുരക്ഷാ നിലവാരം വളരെ കുറഞ്ഞ പരിധിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ ബോഡിഷെല്ലും കാല്‍പ്പാദങ്ങള്‍ വെക്കുന്ന ഫൂട്ട്വെല്‍ ഏരിയയും സ്ഥിരതയില്ലാത്തതാണെന്ന് ഗ്ലോബല്‍ NCAP വിലയിരുത്തിയിട്ടുണ്ട്.
അപകടസമയത്ത് ഉണ്ടാകുന്ന കനത്ത ആഘാതങ്ങളെയും സമ്മര്‍dങ്ങളെയും പ്രതിരോധിക്കാന്‍ ഈ ഘടനയ്ക്ക് കഴിയില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. മെക്കാനിക്കല്‍ വശങ്ങളിലും നിര്‍മ്മാണ ഘടനയിലും ഉണ്ടായ ഈ ബലഹീനതകള്‍ വാഹനത്തിന്റെ മൊത്തത്തിലുള്ള സേഫ്റ്റി റേറ്റിംഗിനെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വശങ്ങളില്‍ നിന്നുള്ള ആഘാതങ്ങള്‍ പരിശോധിക്കുന്ന സൈഡ് ഇംപാക്ട് ടെസ്റ്റിലാണ് വാഹനം ഏറ്റവും വലിയ പരാജയം നേരിട്ടത്.
ഈ പരിശോധനയില്‍ യാത്രക്കാരുടെ തലയ്ക്കും നെഞ്ചിനും വളരെ മോശം സുരക്ഷയാണ് സ്റ്റാര്‍ലറ്റ് നല്‍കിയതെന്ന് ഗ്ലോബല്‍ NCAP പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. ഈ മോഡലില്‍ സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകളോ അല്ലെങ്കില്‍ മറ്റ് പ്രത്യേക എയര്‍ബാഗുകളോ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭ്യമല്ലാത്തതിനാല്‍ സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റ് നടത്തിയിരുന്നില്ല. സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും ടൊയോട്ട സ്റ്റാര്‍ലറ്റില്‍ കമ്പനി ചില ബേസിക് സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്നുണ്ട്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ്‌ബെല്‍റ്റ് പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയാണവ. ഇതിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), എല്ലാ സീറ്റുകളിലുമുള്ള യാത്രക്കാര്‍ക്കായി സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ അസിസ്റ്റ് തുടങ്ങിയ അത്യാധുനിക ADAS ഫീച്ചറുകള്‍ ഈ ഹാച്ചില്‍ ഇല്ല.
കുട്ടികളുടെ സുരക്ഷ പരിശോധിച്ചപ്പോള്‍ 18 മാസം പ്രായമുള്ള ഡമ്മിയുടെ സംരക്ഷണത്തില്‍ സൈഡ് ഇംപാക്ട് ടെസ്റ്റില്‍ വാഹനം പൂര്‍ണ സുരക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ മൂന്ന് വയസുള്ള കുട്ടിയുടെ ഡമ്മി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അപകടസമയത്ത് തല പുറത്തിടിക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തി. ഇതോടെ ഈ വിഭാഗത്തില്‍ പോയിന്റുകള്‍ നഷ്ടമായി. പുറകോട്ട് തിരിച്ചു വെക്കാവുന്ന ചൈല്‍ഡ് സീറ്റുകള്‍ക്കായി മുന്‍സീറ്റിലെ എയര്‍ബാഗ് ഓഫ് ചെയ്യാനുള്ള സ്വിച്ച് സംവിധാനവും ഇതിലില്ലെന്ന് GNCAP എടുത്ത് പറഞ്ഞു.
ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ബലേനോ, ടൊയോട്ട ഗ്ലാന്‍സ എന്നീ മോഡലുകളുമായി മെക്കാനിക്കല്‍ വശങ്ങളിലും ഘടനയിലും പൂര്‍ണ സാമ്യമുള്ള വാഹനമാണ് ടൊയോട്ട സ്റ്റാര്‍ലറ്റ്. എന്നാല്‍ അടുത്തകാലത്തായി 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കി ബലേനോയും ഗ്ലാന്‍സയും അപ്‌ഡേറ്റ് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബലേനോ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. സ്റ്റാര്‍ലറ്റിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ GNCAP ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍മാതാക്കളെ പ്രേരിപ്പിക്കും.


Click it and Unblock the Notifications