ഉപേക്ഷിച്ച പ്രൊജക്ട് പൊടിതട്ടിയെടുത്ത് ടൊയോട്ട; മൈലേജ് രാജാവിന്റെ 7സീറ്റര്‍ പതിപ്പ് ഉടന്‍, എതിരാളികള്‍ ഭയന്നു
ഇന്ത്യയിലെ ഫാമിലി കാറുകളിലെ രാജാവായ ഇന്നോവയ്ക്ക് താഴെയായി റൂമിയോണ്‍ എന്ന ഒരു മള്‍ട്ടി പര്‍പ്പസ് വാഹനം ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഇപ്പോള്‍ ഇന്നോവയ്ക്ക് താഴെ വലിയ കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ മറ്റൊരു കരുത്തന്‍ കൂടി വരാന്‍ പോകുകയാണ്. ടൊയോട്ടയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഇനി വെറുമൊരു അഞ്ച് സീറ്റര്‍ വാഹനമല്ലെന്നാണ് ഇന്റര്‍നെറ്റില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലഡാക്കിലെ കഠിനമായ പാതകളില്‍ രഹസ്യമായി പരീക്ഷണം നടത്തുന്നതിനിടെ ഹൈറൈഡറിന്റെ പുതിയ 7-സീറ്റര്‍ പതിപ്പ് (Toyota Urban Cruiser Hyryder 7-Seater) ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു.
വരാന്‍ പോകുന്ന ഈ ടൊയോട്ട എസ്‌യുവി വിപണിയിലെ വമ്പന്‍മാരായ മഹീന്ദ്ര XUV 7XO-ക്കും ഹ്യുണ്ടായി അല്‍കാസറിനും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്. നിലവില്‍ രണ്ട് നിര സീറ്റുകളുള്ള ഹൈറൈഡറില്‍ നിന്നും വ്യത്യസ്തമായി, മൂന്ന് നിര സീറ്റുകള്‍ ഉള്‍ക്കൊള്ളിക്കാനായി വാഹനത്തിന്റെ നീളത്തില്‍ ടൊയോട്ട കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ലഡാക്കില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ ക്യാമറയില്‍ കുടുങ്ങിയ ടെസ്റ്റ് യൂണിറ്റിനെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ വലിപ്പക്കൂടുതല്‍ വ്യക്തമാണ്.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് മുമ്പ് ഉപേക്ഷിച്ചു എന്ന് കരുതിയിരുന്ന ഈ പദ്ധതി ടൊയോട്ട വീണ്ടും പൊടിതട്ടിയെടുത്തതെന്നാണ് കരുതുന്നത്. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ 5 സീറ്റര്‍ പതിപ്പ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍, 1.5 ലിറ്റര്‍ സിഎന്‍ജി എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും 7-സീറ്റര്‍ പതിപ്പിലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഇത് ഇന്ധനക്ഷമതയ്ക്കും കരുത്തിനും ഒരുപോലെ മുന്‍ഗണന നല്‍കുന്ന കുടുംബങ്ങള്‍ക്ക് വരാന്‍ പോകുന്ന മോഡലിനെ പ്രിയപ്പെട്ടതാക്കും. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാകും. സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലിനൊപ്പം മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്ന ഇ-ഡ്രൈവ് (ഇസിവിടി) ഗിയര്‍ ബോക്‌സാണ് ടൊയോട്ട നല്‍കുന്നത്. അതേസമയം ഹൈറൈഡര്‍ സിഎന്‍ജി നിലവില്‍ 5 സ്പീഡ് മാനുവല്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുന്നത്.

ഹൈറൈഡര്‍ ഹൈബ്രിഡ് ലിറ്ററിന് 27.97 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഇതേ എഞ്ചിന്‍-ഗിയര്‍ബോക്‌സ് കോമ്പിനേഷനുകളില്‍ വരുന്ന 7 സീറ്റര്‍ പതിപ്പിനും ഏകദേശം ഈ കണക്കിന്റെ ചുറ്റുവട്ടത്തൊക്കെ ഇന്ധനക്ഷമത പ്രതീക്ഷിക്കാം. ഓഫ്-റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഓള്‍ വീല്‍ ഡ്രൈവ് (AWD) സിസ്റ്റവും ഈ പതിപ്പില്‍ ഉള്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
യാത്രക്കാരുടെ സൗകര്യത്തിനായി പനോരമിക് സണ്‍റൂഫ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും. 9-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്‌നോളജി എന്നിവ യാത്ര കൂടുതല്‍ സുഖകരമാക്കും. വലിയ കുടുംബങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യവും പ്രീമിയം ഇന്റീരിയറും ഇതിന്റെ പ്രത്യേകതയായിരിക്കും.
സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ടൊയോട്ട 6 എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയ്ക്ക് പുറമെ ലെവല്‍ 2 അഡാസ് (ADAS) സാങ്കേതികവിദ്യയും ഈ മോഡലില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത് ഡ്രൈവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും യാത്രക്കാര്‍ക്ക് പൂര്‍ണ സുരക്ഷയും ഉറപ്പാക്കും. മാരുതി സുസുക്കി 7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാരക്ക് പകരം 5 സീറ്റര്‍ അവതാരത്തില്‍ വിക്‌ടോറിസ് പുറത്തിറക്കിയതിനാല്‍ ടൊയോട്ട ഈ പദ്ധതി മാറ്റിവെച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, വാഹനം പരീക്ഷണയോട്ടം നടത്തുന്ന പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. 2026 അവസാനത്തോടെ ഈ 7 സീറ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അരങ്ങേറുമെന്നാണ് സൂചന. വിപണിയില്‍ എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര XUV 7XO, ഹ്യുണ്ടായി അല്‍കസാര്‍ തുടങ്ങിയ കരുത്തരായ എതിരാളികളോടായിരിരിക്കും പുറത്തിറങ്ങിയാല്‍ ഹൈറൈഡറിന്റെ 7 സീറ്റര്‍ മോഡല്‍ ഏറ്റുമുട്ടുക.
ടൊയോട്ടയുടെ വിശ്വാസ്യതയും ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കരുത്തും ചേരുന്ന ഈ പുതിയ 7-സീറ്റര്‍ എസ്‌യുവി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഫാമിലി ട്രിപ്പുകള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളും മികച്ച ഇന്ധനക്ഷമതയും ഒത്തിണങ്ങിയ ഈ മോഡലിനായി വാഹന പ്രേമികള്‍ കാത്തിരിക്കുകയാണ്. കാറിന്റെ പേരും സാങ്കേതിക സവിശേഷതകളുമടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ വരും മാസങ്ങളില്‍ ടൊയോട്ട ഔദ്യോഗികമായി പുറത്തുവിടും.


Click it and Unblock the Notifications