മൈലേജ് വാരിക്കോരി തരുന്ന 7-സീറ്റർ! ടൊയോട്ട ഹൈറൈഡറിന്റെ പുതിയ പതിപ്പ് വരുന്നു, ടെസ്റ്റിംഗ് തകൃതി
കുടുംബമൊന്നിച്ച് യാത്ര പോകാന്‍ ആധുനിക സൗകര്യങ്ങളും കൂടുതല്‍ സീറ്റും മതിയായ സ്‌പെയ്‌സുമുള്ള യൂടിലിറ്റി വാഹനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്നത്. ഫാമിലി കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെ കമ്പനികള്‍ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്ന തിരക്കിലാണ്. 6 ലക്ഷത്തില്‍ താഴെ മാത്രം വിലയുള്ള നിസാന്‍ ഗ്രാവൈറ്റ് മുതല്‍ ലക്ഷങ്ങള്‍ വിലവരുന്ന ഫോക്‌സ്‌വാഗണ്‍ ടെയ്‌റോണ്‍ അടക്കമുള്ള പുതിയ 7 സീറ്റര്‍ കാറുകള്‍ രാജ്യത്ത് അരങ്ങേറി. വിപണിയില്‍ ഫാമിലി കാറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് തങ്ങളുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ 7-സീറ്റര്‍ പതിപ്പ് പുറത്തിറക്കാന്‍ ടൊയോട്ട ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
മാരുതി സുസുക്കി 5-സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വിക്‌ടോറിസ് പുറത്തിറക്കിയതോടെ ഹൈറൈഡറിന്റെ 7 സീറ്റര്‍ പതിപ്പ് വികസിപ്പിക്കുന്നതില്‍ നിന്ന് ടൊയോട്ട പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് ഇപ്പോഴും സജീവമാണെന്ന സൂചനകള്‍ നല്‍കി പുതിയ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. വാഹനപ്രേമിയായ പാര്‍ത്ഥിവ് വഴി റഷ്‌ലെയ്‌നാണ് (Rushlane) പുതിയ ടൊയോട്ട കാര്‍ ലഡാക്കില്‍ ടെസ്റ്റിംഗ് നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

'340D' എന്ന കോഡ് നാമത്തിലാണ് ഈ പുതിയ ടൊയോട്ട 3-വരി എസ്‌യുവി ആന്തരികമായി അറിയപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ കൊറോള ക്രോസ് മോഡലിന്റെ ഇന്ത്യന്‍ പതിപ്പായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കസാര്‍, ടാറ്റ സഫാരി തുടങ്ങിയ കരുത്തരായ എതിരാളികളെ നേരിടാനാണ് ടൊയോട്ട ഈ പ്രീമിയം മോഡലിലൂടെ ലക്ഷ്യമിടുന്നത്.
രൂപകല്‍പ്പനയുടെ കാര്യത്തില്‍ നിലവിലെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനോട് പുതിയ പതിപ്പ് നിരവധി സാമ്യതകള്‍ പുലര്‍ത്തുന്നു. സ്പ്ലിറ്റ് ഹെഡ്ലാമ്പ് യൂണിറ്റ്, 17 ഇഞ്ച് അലോയ് വീലുകള്‍, സ്ലിം എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ പുതിയ മോഡലിന് ലഭിക്കും. മൂന്നാം നിര ഉള്‍പ്പെടുത്തുന്നതിനായി വാഹനത്തിന്റെ പിന്‍ഭാഗത്തിന്റെ നീളം വര്‍ദ്ധിപ്പിക്കാന്‍ ടൊയോട്ട പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. റോഡരികില്‍ പാര്‍ക്ക് ചെയ്ത ടെസ്റ്റ് മ്യൂളിന്റെ ചിത്രങ്ങള്‍ സൈഡ് പ്രൊഫൈലിനെ കുറിച്ച് വ്യക്തമായ കാഴ്ച നല്‍കുന്നു.

ഇതിന് നീട്ടിയ റിയര്‍ ഓവര്‍ഹാംഗും നീളമുള്ള റൂഫുമുള്ളതായി കാണാം. നീട്ടിയ പിന്‍ഭാഗത്ത് രണ്ട് യാത്രക്കാരെ കൂടി വഹിക്കാന്‍ കഴിയുന്ന മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. വീല്‍ബേസില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കിലും പിന്‍ഭാഗത്തെ നീളം വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ ലഗേജ് സ്‌പേസ് കിട്ടാനും ഉപകരിക്കംേ. പുതിയ മോഡലിന് ഏകദേശം 373 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉണ്ടാകുമെന്നാണ് സൂചന.
പുതിയ മോഡലിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും മൂന്നാം നിര സീറ്റുകള്‍ ഒഴികെ പുതിയ കാറിന്റെ ക്യാബിന്‍ ലേഔട്ട് 5-സീറ്റര്‍ ഹൈറൈഡറിന് സമാനമായിരിക്കുമെന്നാണ് കരുതുന്നത്. വാഹനത്തിന്റെ ഉള്‍വശം അത്യാധുനിക സാങ്കേതികവിദ്യകളാല്‍ സമ്പന്നമായിരിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 10.1 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ് എന്നിവ ഇതിലുണ്ടാകും.
മൂന്നാം നിരയിലെ യാത്രക്കാര്‍ക്കായി പ്രത്യേക എസി വെന്റുകള്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവയും ക്രമീകരിക്കും. കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8-വേ അഡ്ജസ്റ്റബിൾ ഇലക്ട്രിക് ഡ്രൈവര്‍ സീറ്റ് എന്നിവയും പ്രതീക്ഷിക്കാം. സുരക്ഷ ഉറപ്പാക്കുന്നതിനായി 360 ഡിഗ്രി ക്യാമറയും ആറ് എയര്‍ബാഗുകളും എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി നല്‍കാനാണ് കമ്പനിയുടെ നീക്കം.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ഹൈറൈഡറിലെ അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും 7-സീറ്റര്‍ പതിപ്പിലും ഉപയോഗിക്കുക. ഇതില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡും ഉള്‍പ്പെടുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും മാറ്റമില്ലാതെ തുടരാം. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ക്കൊപ്പം ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ഇ-സിവിടി ട്രാന്‍സ്മിഷനായിരിക്കും ലഭിക്കുക. 5-സീറ്റര്‍ ഹൈറൈഡറിന്റെ ഹൈബ്രിഡ് പതിപ്പിന്റെ ക്ലെയിംഡ് മൈലേജ് ലിറ്ററിന് 27.97 കിലോമീറ്ററാണ്.
ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യം പുതിയ ടൊയോട്ട മോഡലിന് വിപണിയിലെ മറ്റ് എതിരാളികളേക്കാള്‍ തൂക്കം നല്‍കുമെന്നുറപ്പാണ്. ഹൈബ്രിഡ് സാങ്കേതികവിദ്യ നഗരയാത്രകളില്‍ മികച്ച മൈലേജ് നല്‍കുന്നതിനാല്‍ അര്‍ബന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകും. വിശ്വസനീയമായ എഞ്ചിനും കുറഞ്ഞ പരിപാലന ചിലവുമാണ് ഹൈറൈഡറിന്റെ വിജയരഹസ്യം. ഇതേ ഗുണങ്ങള്‍ കാരണം തന്നെ 7-സീറ്റര്‍ പതിപ്പും ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ജപ്പാന്‍കാര്‍ കരുതുന്നത്. 2026 അവസാനത്തോടെയാണ് പുതിയ എസ്‌യുവിയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








