ലിറ്ററിന് 28 കി.മീ മൈലേജ്, വില്‍പ്പനയിൽ ഇരട്ടി വളർച്ച; ടൊയോട്ട എസ്‌യുവിക്ക് മുന്നിൽ ബൈക്കുകൾ പോലും തോറ്റുപോകും
പ്രീമിയം ബൈക്കിന് സമാനമായ മൈലേജും ആഡംബര എസ്‌യുവിയുടെ കരുത്തും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാകും?. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ടൊയോട്ട ഹൈറൈഡര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ സൃഷ്ടിക്കുന്ന വിസ്മയകരമായ മുന്നേറ്റം. ഒരിക്കല്‍ ഇന്നോവയുടെ ആധിപത്യം പുലര്‍ത്തിയിരുന്ന ടൊയോട്ടയുടെ വില്‍പ്പന കണക്കുകളില്‍ ഇപ്പോള്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ പുതിയ ചരിത്രമെഴുതുകയാണ്. 2026 ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ടൊയോട്ടയുടെ എക്കാലത്തെയും പ്രിയപ്പെട്ട മോഡലായ ഇന്നോവയെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഈ മിഡ്-സൈസ് എസ്‌യുവി കാഴ്ചവെച്ചിരിക്കുന്നത്. 2026 ഏപ്രില്‍ മാസത്തില്‍ മാത്രം ഇന്ത്യയിലാകെ 9,115 ഹൈറൈഡറുകളാണ് നിരത്തിലിറങ്ങിയത്.
ഇതേ കാലയളവില്‍ ടൊയോട്ട ഇന്നോവയുടെ വില്‍പ്പന 9,630 യൂണിറ്റുകളായിരുന്നു. അതായത്, ഇന്നോവയും ഹൈറൈഡറും തമ്മിലുള്ള വില്‍പ്പന വ്യത്യാസം വെറും 515 യൂണിറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ടൊയോട്ടയുടെ ഈ രണ്ട് കരുത്തന്‍ മോഡലുകള്‍ തമ്മില്‍ വിപണിയില്‍ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടം വാഹനലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളില്‍ ഹൈറൈഡര്‍ ഇന്നോവയെ പിന്നിലാക്കുകയും ചെയ്തിരുന്നു.

2025 ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈറൈഡറിന്റെ വില്‍പ്പനയില്‍ 96 ശതമാനത്തിന്റെ അവിശ്വസനീയമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഏപ്രിലില്‍ വെറും 4,642 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചിരുന്നത് എങ്കില്‍, ഇത്തവണ അത് ഏകദേശം ഇരട്ടിയായി വര്‍ദ്ധിച്ചു. 4,473 യൂണിറ്റുകളുടെ ഈ അധിക വില്‍പ്പന ടൊയോട്ടയെ ഇന്ത്യന്‍ എസ്‌യുവി വിപണിയിലെ കരുത്തുറ്റ സാന്നിധ്യമായി വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്.
മുന്‍ മാസമായ 2026 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് എസ്‌യുവിയുടെ വില്‍പ്പന 10.69 ശതമാനം ഇടിഞ്ഞതാണ്. 2026 മാര്‍ച്ചില്‍ 10206 ഹൈറൈഡറുകളായിരുന്നു വിറ്റുപോയത്. എന്നിരുന്നാലും പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മിഡ്‌സൈസ് എസ്‌യുവികളുടെ പട്ടികയില്‍ ഹൈറൈഡര്‍ ആറാം സ്ഥാനത്തെത്തി. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി സുസുക്കി വിക്‌ടോറിസ്, കിയ സെല്‍റ്റോസ്, മഹീന്ദ്ര ഥാര്‍ എന്നീ മോഡലുകളാണ് ഹൈറൈഡറിന്റെ മുന്നിലുള്ളത്.

2025-26 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ ഹൈറൈഡര്‍ 1 ലക്ഷം നാഴികക്കല്ലിന് തൊട്ടരികിലെത്തിയിരുന്ന. കഴിഞ്ഞ 1 വര്‍ഷത്തിനിടെ ആകെ 99,890 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം വളര്‍ച്ചയാണ് ഹൈബ്രിഡ് എസ്‌യുവി രേഖപ്പെടുത്തിയത്. മൈലേജ് കുറവുള്ള വലിയ എസ്‌യുവികളില്‍ നിന്ന് ഇന്ധനക്ഷമതയേറിയ ഹൈബ്രിഡ് വാഹനങ്ങളിലേക്ക് ഉപഭോക്താക്കള്‍ മാറുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ വന്‍ വില്‍പ്പന നേട്ടം.
സാങ്കേതികമായി നോക്കിയാല്‍ പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ഹൈറൈഡര്‍ ലഭ്യമാകുന്നത്. E, S, G, V എന്നീ അഞ്ച് വേരിയന്റുകളില്‍ ഹൈറൈഡര്‍ വാങ്ങാം. ഇതില്‍ S, G, V വേരിയന്റുകളില്‍ സാധാരണ പെട്രോള്‍ എഞ്ചിനോ അതല്ലെങ്കില്‍ മാരക മൈലേജ് നല്‍കുന്ന ഹൈബ്രിഡ് ഓപ്ഷനോ തിരഞ്ഞെടുക്കാം.

പെട്രോള്‍ വേരിയന്റുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭ്യമാണ്. എന്നാല്‍ സ്‌ട്രോംഗ് ഹൈബ്രിഡ് മോഡലുകളില്‍ ഇ-സിവിടി (e-CVT) ഓട്ടോമാറ്റിക് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. ലിറ്ററിന് 27.97 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്ന ഹൈബ്രിഡ് മോഡലിനാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. ഇന്ത്യയില്‍ താങ്ങാനാവുന്ന വിലയില്‍ ഒരു ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടൊയോട്ട നല്‍കുന്ന മികച്ച ഓപ്ഷനാണ്.
ഹൈബ്രിഡിന് പുറമെ സിഎന്‍ജി (CNG) വേരിയന്റിലും ഹൈറൈഡര്‍ ലഭ്യമാണ് എന്നത് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ വരും മാസങ്ങളില്‍ ഇന്നോവയെ മറികടന്ന് ടൊയോട്ടയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമെന്ന സ്ഥനത്ത് ഹൈറൈഡര്‍ സ്ഥിരപ്രതിഷ്ഠ നേടിയേക്കാം. നിലവില്‍ 10.99 ലക്ഷം മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് ഹൈറൈഡറിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില പോകുന്നത്.
മികച്ച ഡിസൈനും അത്യാധുനിക ഫീച്ചറുകളും ടൊയോട്ടയുടെ വിശ്വസ്തമായ സര്‍വീസ് മികവും ഒത്തുചേരുമ്പോള്‍ ഈ എസ്‌യുവി വിപണിയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ഹൈബ്രിഡ് വാഹനങ്ങളോടുള്ള ജനങ്ങളുടെ താല്‍പ്പര്യം വിപണി ഘടന തന്നെ മാറ്റിമറിക്കുകയാണ്. അടുത്ത വര്‍ഷം ഇന്നോവ ക്രിസ്റ്റ വിടവാങ്ങുന്നതോടെ ഇന്നോവ ഹൈക്രോസിന്റെ വില കുറഞ്ഞ ഹൈബ്രിഡ് വേരിയന്റ് പുറത്തിറക്കാന്‍ ടൊയോട്ട പദ്ധതിയിടുന്നുണ്ട്. ഏതായാലും ഇന്ത്യയിലെ ഹൈബ്രിഡ് വിപണിയിലെ കിംഗ് ആയി ടൊയോട്ട തുടരുമെന്ന് തന്നെ ഉറപ്പിച്ച് പറയാം.


Click it and Unblock the Notifications