ലിറ്ററിന് 28 കിലോമീറ്റർ മൈലേജ്; എതിരാളികൾ കൂടിയിട്ടും വമ്പൻ വിൽപ്പനയുമായി ടൊയോട്ട ഹൈറൈഡർ

ഇന്ത്യന്‍ വാഹന വിപണിയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ തരംഗം സൃഷ്ടിച്ച മോഡലാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. ഇന്ധനക്ഷമതയ്ക്കും വിശ്വസ്തതയ്ക്കും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ഈ വാഹനത്തിനുള്ള വലിയ സ്വീകാര്യത അടിവരയിടുന്നതാണ് ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുമായി പ്ലാറ്റ്‌ഫോം പങ്കിട്ടെത്തുന്ന ഈ കോംപാക്ട് എസ്‌യുവിയുടെ 2026 മെയ് മാസത്തി്‌ലെ വില്‍പ്പന കണക്കുകള്‍ ഗാഡിവാഡി (Gaadiwaadi) പങ്കുവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മാസം ആകെ 8,664 അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിയാണ് ടൊയോട്ട ഇന്ത്യയിലുടനീളം വിറ്റഴിച്ചത്.

കഴിഞ്ഞ 2025 മെയ് മാസത്തിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡല്‍ 14.4 ശതമാനത്തിന്റെ മികച്ച വാര്‍ഷിക വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മെയ് മാസത്തില്‍ 7573 യൂണിറ്റ് മാത്രമായിരുന്നു ഹൈറൈഡറിന്റെ വില്‍പ്പന. ഈ വമ്പന്‍ വില്‍പ്പനയോടെ, 2026 മെയ് മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മികച്ച 10 മിഡ്-സൈസ് എസ്‌യുവികളുടെ പട്ടികയില്‍ ഏഴാം സ്ഥാനം നിലനിര്‍ത്താന്‍ ടൊയോട്ട ഹൈറൈഡറിന് സാധിച്ചു.

toyota hyryder sales may 2026

പുത്തന്‍ മോഡലുകളുടെ വരവോടെ മത്സരം കടുത്ത ഈ സെഗ്മെന്റില്‍ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നത് ടൊയോട്ടയ്ക്ക് വലിയ നേട്ടം തന്നെയാണ്.ഈ പട്ടികയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ യഥാക്രമം മഹിന്ദ്ര സ്‌കോര്‍പിയോ, ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിക്ടോറിസ്, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, മഹിന്ദ്ര (XUV 7XO എന്നീ മോഡലുകളാണ് ഇടംപിടിച്ചിട്ടുള്ളത്. ഇവരോട് നേരിട്ട് മത്സരിച്ചാണ് ടൊയോട്ട തങ്ങളുടെ വിപണി വിഹിതം ഉയര്‍ത്തുന്നത്.

പെട്രോള്‍, സിഎന്‍ജി, സ്‌ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ടൊയോട്ട ഹൈറൈഡര്‍ എസ്‌യുവി വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ പെട്രോള്‍ പതിപ്പിന്റെ ബേസ് മോഡലിന് 10.99 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 18.92 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില വരുന്നത്.

മറുവശത്ത്, ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള സിഎന്‍ജി (CNG) പതിപ്പിന്റെ പ്രാരംഭ വില 13.38 ലക്ഷം രൂപ മുതല്‍ ആരംഭിച്ച് ഉയര്‍ന്ന മോഡലിന് 15.34 ലക്ഷം രൂപ വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. സാങ്കേതികമായ ഏറെ മുന്നിലുള്ള മൈലേജ് കിംഗ് കൂടിയായ ഹൈബ്രിഡ് പതിപ്പിന് 16.77 ലക്ഷം രൂപ മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് വില.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, ഹൈറൈഡറിന്റെ മൂന്ന് പതിപ്പുകളിലും ശക്തമായ എഞ്ചിനാണ് ടൊയോട്ട ഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ 1.5 ലീറ്റര്‍ പെട്രോള്‍ എഞ്ചിന്റെ 2-വീല്‍ ഡ്രൈവ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മോഡല്‍ ലിറ്ററിന് 21.12 കിലോമീറ്റര്‍ എന്ന മികച്ച ARAI മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.

toyota hyryder sales may 2026

ഇതേ എഞ്ചിനിന്റെ 6-സ്പീഡ് ഓട്ടോമാറ്റിക് പതിപ്പിന് ലിറ്ററിന് 20.58 കിലോമീറ്ററും, കഠിനമായ പാതകള്‍ താണ്ടാന്‍ ശേഷിയുള്ള ഓള്‍-വീല്‍ ഡ്രൈവ് (AWD) 5-സ്പീഡ് മാനുവല്‍ പതിപ്പിന് ലിറ്ററിന് 19.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കൂടാതെ, ഇതിന്റെ 1.5 ലീറ്റര്‍ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.60 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ശേഷിയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

വാഹന വിപണിയെ ആകെ അത്ഭുതപ്പെടുത്തുന്ന ഇന്ധനക്ഷമതയാണ് ഹൈറൈഡറിന്റെ 1.5 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് ഇ-ഡ്രൈവ് (e-Drive) പതിപ്പ് നല്‍കുന്നത്. ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എഞ്ചിനും മെക്കാനിക്കലായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഈ അത്യാധുനിക ഹൈബ്രിഡ് സെറ്റപ്പിന്റെ സഹായത്തോടെ ലിറ്ററിന് 27.97 കിലോമീറ്റര്‍ എന്ന അമ്പരപ്പിക്കുന്ന മൈലേജാണ് ഹൈറൈഡറില്‍ ജാപ്പനീസ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

toyota hyryder sales may 2026

ആകര്‍ഷകമായ വില നിര്‍ണയത്തിനും ഇന്ധനക്ഷമതയ്ക്കും പുറമെ ആധുനിക കാലത്തെ എസ്‌യുവിയില്‍ വേണ്ട സവിശേഷതകള്‍ എല്ലാം ഹൈറൈഡറില്‍ ഉണ്ട്. പനോരമിക് സണ്‍റൂഫ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം എന്നിവയാണ് ക്യാബിനില്‍ കാണാവുന്ന പ്രധാന സവിശേഷതകളില്‍ ചിലത്. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

നിലവില്‍ 5-സീറ്റര്‍ ഓപ്ഷനില്‍ മാത്രം ലഭ്യമായിട്ടുള്ള ടൊയോട്ട ഹൈറൈഡറിന്റെ കൂടുതല്‍ വലിപ്പമുള്ള ഒരു 7-സീറ്റര്‍ പതിപ്പ് വിപണിയിലെത്തിക്കാനുള്ള പരീക്ഷണങ്ങളിലാണ് ടൊയോട്ട ഇപ്പോള്‍. ഈ പുതിയ വലിയ പതിപ്പ് കൂടി എത്തുന്നതോടെ വരും വര്‍ഷങ്ങളില്‍ ഹൈറൈഡറിന്റെ വില്‍പ്പന കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ തുറുപ്പുചീട്ടായിരുന്ന ഹൈബ്രിഡ് ടെക്കുമായി കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ എന്നീ എതിരാളികള്‍ കൂടി വരുന്നതിനാല്‍ 7-സീറ്റര്‍ പതിപ്പിന്റെ വരവ് ടൊയോട്ട വേഗത്തിലാക്കിയേക്കും.

Article Published On: Wednesday, June 10, 2026, 12:05 [IST]
English summary
Toyota urban cruiser hyryder sales report may 2026 price mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X