മാരുതിയെ പോലെ വിറ്റുപോകുന്ന ₹1.30 കോടിയുടെ കാര്‍! 7 വര്‍ഷത്തെ റെക്കോഡ് തരിപ്പണം
കോടികള്‍ വിലയുള്ള ഒരു ആഡംബര വാഹനം ഇന്ത്യയില്‍ ചൂടുവെള്ളം പോലെ വിറ്റുപോവുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ടൊയോട്ട വെല്‍ഫെയര്‍ (Toyota Vellfire) എന്ന ലക്ഷ്വറി എംപിവി ഇന്ത്യന്‍ വിപണിയില്‍ അത്തരമൊരു ചരിത്രം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ 1.20 കോടി രൂപ മുതലാണ് വെല്‍ഫെയറിന്റെ വില തുടങ്ങുന്നത്. ഉയര്‍ന്ന് VIP എക്‌സിക്യൂട്ടീവ് ലോഞ്ച് വേരിയന്റിന് 1.30 കോടി രൂപയാണ് വില. ടൊയോട്ട വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഇത്ര വിലകൂടിയ ആഡംബര എംപിവി സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ കാണിക്കുന്ന ആവേശം വാഹന വിപണിയെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) പുറത്തുവിട്ട മൊത്തവില്‍പ്പന കണക്കുകള്‍ പ്രകാരം 2020-ല്‍ പുറത്തിറങ്ങിയ അന്ന് മുതല്‍ 2026 ഫെബ്രുവരി വരെ വെല്‍ഫെയറിന്റെ 4,659 യൂണിറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇതില്‍ പകുതിയിലധികം വില്‍പ്പനയും നടന്നത് കഴിഞ്ഞ 23 മാസങ്ങള്‍ക്കുള്ളിലാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 52 ശതമാനത്തിലധികം വളര്‍ച്ചയാണ് ഈ കാലയളവില്‍ വെല്‍ഫെയര്‍ സ്വന്തമാക്കിയിരിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ടൊയോട്ട വെല്‍ഫെയറിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടങ്ങളുടേതാണ്. 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസങ്ങളില്‍ മാത്രം 1,259 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 56 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസത്തെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ 1,400 യൂണിറ്റ് കടന്ന് വെല്‍ഫെയര്‍ പുതിയ വില്‍പ്പന റെക്കോര്‍ഡ് കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിന്‍
സാങ്കേതിക മികവാണ് വെല്‍ഫെയറിനെ വ്യത്യസ്തമാക്കുന്നത്. 2.5 ലിറ്റര്‍ ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ ഡിഒഎച്ച്‌സി (DOHC) എഞ്ചിനാണ് ലക്ഷ്വറി എംപിവിക്ക് കരുത്ത് പകരുന്നത്. ഇത് 190 bhp പവറും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിനൊപ്പം ഇണചേര്‍ത്തിരിക്കുന്ന ഹൈബ്രിഡ് സെറ്റപ്പ് വെല്‍ഫെയറിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇതുവഴി മലിനീകരണം കുറയ്ക്കാന്‍ സാധിക്കുന്നു.

കിടിലന്‍ മൈലേജ്
സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് മോഡലായ വെല്‍ഫെയര്‍ 40 ശതമാനം ദൂരവും 60 ശതമാനം സമയവും സീറോ എമിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ്. ഈ ആഡംബര വാഹനത്തിന് ലിറ്ററിന് 19.28 കിലോമീറ്റര്‍ മൈലേജാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഇത്രയും വലിയ വാഹനമായിട്ടും ലഭിക്കുന്ന മികച്ച ഇന്ധനക്ഷമതയാണ് വെല്‍ഫെയറിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
രാജകീയമായ യാത്ര
വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ക്കായി രാജകീയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സീറ്റുകള്‍ക്കിടയിലുള്ള അകലം വര്‍ദ്ധിപ്പിച്ചതിനാല്‍ പുതിയ മോഡലില്‍ കൂടുതല്‍ സ്‌പെയ്‌സും ലഭ്യമാണ്. 14 ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 15 ജെബിഎല്‍ സ്പീക്കറുകള്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഇതിലുണ്ട്. രണ്ടാം നിരയിലെ എക്‌സിക്യൂട്ടീവ് ലോഞ്ച് സീറ്റുകളില്‍ മസാജ് ഫംഗ്ഷനും പ്രത്യേക പ്രീ സെറ്റ് മോഡുകളും നല്‍കിയിട്ടുണ്ട്.

സേഫ്റ്റിയും കണക്റ്റിവിറ്റിയും
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം (ADAS) വഴി വെല്‍ഫെയര്‍ യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നു. ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ട്രേസ് അസിസ്റ്റന്‍സ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ഹൈ ബീം എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഡ്രൈവിംഗ് ആയാസരഹിതമാക്കുന്നു. കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന 60-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ വെല്‍ഫെയര്‍ എംപിവിയില്‍ ലഭ്യമാണ്.
വിപണി സ്വാധീനം
ജെറ്റ് ബ്ലാക്ക്, പ്ലാറ്റിനം പേള്‍ വൈറ്റ് തുടങ്ങി ആകര്‍ഷകമായ മൂന്ന് നിറങ്ങളിലാണ് വെല്‍ഫെയര്‍ വാങ്ങാനാകുക. സണ്‍സെറ്റ് ബ്രൗണ്‍, ബ്ലാക്ക് തുടങ്ങിയ ഇന്റീരിയര്‍ നിറങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കാം. ഇതിനോടകം തന്നെ രാജ്യത്തെ ബിസിനസ് ടൈക്കൂണുകള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇടയില്‍ വെല്‍ഫെയര്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ആഡംബര സൗകര്യങ്ങള്‍ക്കൊപ്പം ടൊയോട്ടയുടെ വിശ്വാസ്യത കൂടിചേരുന്നതാണ് വെല്‍ഫെയറിന്റെ ഈ വമ്പന്‍ വിജയത്തിന് പിന്നിലെ രഹസ്യം.


Click it and Unblock the Notifications








