FAME III വരുമോ? ഹൈബ്രിഡ് കാറുകളുടെ നികുതി കുറയ്ക്കുമോ? ബജറ്റിൽ കണ്ണുനട്ട് വാഹന ലോകം
2026-ലെ കേന്ദ്ര ബജറ്റ് (Budget 2026) അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി വലിയ പ്രതീക്ഷയിലാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി വളരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്കും ബജറ്റില്‍ ലഭിക്കാവുന്ന ഇളവുകളെ കുറിച്ചാണ് വാഹന നിര്‍മ്മാതാക്കളും ഒപ്പം ജനങ്ങളും ഉറ്റുനോക്കുന്നത്. വാഹന വിപണിയുടെ സുസ്ഥിരമായ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച നടക്കാന്‍ പോകുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ബജറ്റില്‍ വാഹന വിപണിയുടെ പ്രധാന പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (FAME) പദ്ധതിയുടെ അടുത്ത ഘട്ടം പ്രഖ്യാപിക്കണമെന്നതാണ് വാഹന നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം. നിലവിലുള്ള സബ്സിഡികള്‍ തുടരുന്നത് ഇലക്ട്രിക് വാഹന വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിനായി നികുതി ഇളവുകളും ഇന്‍സെന്റീവുകളും ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശങ്ങളുണ്ട്.

ഇത് ഹരിത മൊബിലിറ്റിയിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനത്തിന് വേഗത കൂട്ടുകയും ഇലക്ട്രിക് കാറുകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും. ഹൈബ്രിഡ് വാഹനങ്ങളുടെ ചരക്കുസേവന നികുതി (GST) കുറയ്ക്കണമെന്ന ആവശ്യവും ഇത്തവണ ശക്തമാണ്. നിലവില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ഈടാക്കുന്നത്. ഇത് 12 ശതമാനത്തിലേക്ക് താഴ്ത്തിയാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ സാധിക്കും.
ടൊയോട്ട, മാരുതി സുസുക്കി, ഹോണ്ട എന്നീ കമ്പനികള്‍ക്കൊപ്പം മറ്റ് കമ്പനികള്‍ കൂടി ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനം നിര്‍ണായകമായിരിക്കും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഡസ്റ്റര്‍ എസ്‌യുവിയില്‍ റെനോ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉള്‍പ്പെടുത്തിയത് ഇവയ്ക്കുള്ള ജനപ്രീതി കൂടിയതിന്റെ തെളിവാണ്.

രാജ്യത്തെ വാഹന ഘടക നിര്‍മ്മാതാക്കള്‍ക്കായി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികള്‍ (PLI Scheme) വിപുലീകരിക്കാന്‍ സാധ്യതയുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് 'മെയിക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലൂടെ പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലിഥിയം-അയണ്‍ ബാറ്ററികളുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പ്രകൃതി വാതകത്തിന്റെയും (CNG) വില നിയന്ത്രണവും വാഹന ഉടമകള്‍ ഉറ്റുനോക്കുന്നു. സിഎന്‍ജി വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ജനപ്രീതി കണക്കിലെടുത്ത്, ഈ മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം. നികുതി ഘടനയില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് ആശ്വാസമാകും. വാഹന സ്‌ക്രാപ്പേജ് പോളിസി (Vehicle Scrappage Policy) കൂടുതല്‍ ഫലപ്രദമാക്കാന്‍ ബജറ്റില്‍ പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടായേക്കാം.

പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ കൂടുതല്‍ നികുതി ഇളവോ ആനുകൂല്യങ്ങളോ നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പൊളിക്കല്‍ നയത്തില്‍ ജനോപകാരപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് പുതിയ വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനും സ്റ്റീല്‍, അലുമിനിയം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ പുനരുപയോഗം ഉറപ്പാക്കാനും സഹായിക്കും. ഓട്ടോമൊബൈല്‍ രംഗത്തെ ഗവേഷണങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും (R&D) പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും നിലവിലുണ്ട്.
മാത്രമല്ല റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റില്‍ വന്‍തുക വകയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ പാതകളുടെ നിര്‍മ്മാണവും എക്‌സ്പ്രസ് വേകളുടെ വികസനവും വാഹന വിപണിക്ക് നേരിട്ട് ഗുണകരമാകും. മികച്ച റോഡ് സൗകര്യങ്ങള്‍ ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനും സഹായിക്കും. അടിസ്ഥാന സൗകര്യ വികസനം രാജ്യത്തെ മൊത്തം സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. സര്‍ക്കാരിന്റെ അന്തിമ തീരുമാനങ്ങള്‍ വാഹന വിപണിയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഓട്ടോ ഓഹരികളെയും കാര്യമായി ബാധിക്കും. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിക്ഷേപകര്‍ ആവേശത്തോടെയാണ് ഫെബ്രുവരി ഒന്ന് ആകനായി കാത്തിരിക്കുന്നത്. സുസ്ഥിരമായ നയങ്ങളും നികുതി ഇളവുകളും പ്രഖ്യാപിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി ഈ വര്‍ഷം പുതിയ ഉയരങ്ങള്‍ കീഴടക്കും. 2026 കേന്ദ്ര ബജറ്റില്‍ ഈ പറഞ്ഞത് അല്ലാതെ വായനക്കാര്‍ക്ക് എന്തെങ്കിലും പ്രതീക്ഷകള്‍ ഉണ്ടെങ്കില്‍ അവ കമന്റ് ബോക്‌സിലൂടെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








