₹24.5 ലക്ഷത്തിന്റെ ലക്ഷ്വറി ഇലക്ട്രിക് എംപിവി ഇനി ടാക്സി! ഓലയ്ക്കും ഊബറിനും വൻ പണികൊടുക്കാൻ വിൻഫാസ്റ്റ്
ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന ഭീമന്മാരായ വിന്‍ഫാസ്റ്റ് തങ്ങളുടെ പ്രശസ്തമായ ഗ്രീന്‍ എസ്എം ഇലക്ട്രിക് ടാക്‌സി സര്‍വീസിന് രാജ്യത്ത് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഡല്‍ഹി-എന്‍സിആര്‍, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ഈ സമ്പൂര്‍ണ ഇലക്ട്രിക് ക്യാബ് സര്‍വീസ് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിക്ക് പിന്നാലെയാണ് കമ്പനി ഇപ്പോള്‍ വാണിജ്യ വാഹന രംഗത്തേക്കും ഇറങ്ങിയിരിക്കുന്നത്. ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മഹീന്ദ്ര തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളോടാണ് വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ മത്സരിക്കുന്നത്.
നിലവില്‍ രാജ്യത്ത് ഇവി വില്‍പ്പനയില്‍ ഹ്യുണ്ടായിയെ പോലും മറികടന്ന് മികച്ച മുന്നേറ്റം നടത്തുന്ന ഈ ഫോറിന്‍ ബ്രാന്‍ഡ് പുതിയ ഗ്രീന്‍ ആന്‍ഡ് സ്മാര്‍ട്ട് മൊബിലിറ്റി (Green SM) ബിസിനസിലൂടെ വലിയ വിപണി വിഹിതമാണ് ലക്ഷ്യമിടുന്നത്.ഇന്ത്യയിലെ റൈഡ്-ഹെയ്ലിംഗ് (Ride-hailing) ടാക്‌സി വിപണി നിലവില്‍ ഓല (Ola), ഉബര്‍ (Uber) എന്നീ പ്രമുഖ പ്ലാറ്റ്ഫോമുകളുടെ സമ്പൂര്‍ണ ആധിപത്യത്തിലാണ് ഉള്ളത്.

എന്നാല്‍ ഈ മേഖലയിലെ ഉയര്‍ന്ന ബിസിനസ് സാധ്യതകള്‍ മനസിലാക്കിയാണ് വിന്‍ഫാസ്റ്റ് തങ്ങളുടെ ഇലക്ട്രിക് ക്യാബുകള്‍ നിരത്തിലിറക്കുന്നത്. ആദ്യഘട്ടമായി 1,000 ഇലക്ട്രിക് കാറുകള്‍ അടങ്ങുന്ന വാഹന വ്യൂഹവുമായാണ് (Fleet) കമ്പനി ഡല്‍ഹി മേഖലയില്‍ സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. വരും മാസങ്ങളില്‍ ഈ സര്‍വീസ് രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്ക് കൂടി വിപുലീകരിക്കാന്‍ കമ്പനിക്ക് പദ്ധതികളുണ്ട്.
അടുത്ത ഏഴ് മാസത്തിനുള്ളില്‍ ഇന്ത്യയിലുടനീളം തങ്ങളുടെ ഇലക്ട്രിക് ക്യാബുകളുടെ എണ്ണം 15,000 ആയി ഉയര്‍ത്താനാണ് വിന്‍ഫാസ്റ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉടന്‍ വ്യാപിപ്പിക്കും. തങ്ങളുടെ ടാക്‌സി സര്‍വീസുകള്‍ക്കായി അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച MPV 7 എന്ന അത്യാധുനിക ഇലക്ട്രിക് എംപിവിയാണ് ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ 24.5 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലവരുന്ന ഈ ലക്ഷ്വറി വാഹനം 7 സീറ്റര്‍ ലേഔട്ടിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇത് യാത്രക്കാര്‍ക്ക് മികച്ച യാത്രാസുഖവും സ്ഥലസൗകര്യവും നല്‍കും. ദൂരത്തുനിന്ന് തന്നെ ഈ ടാക്‌സികള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി സവിശേഷമായ ഒരു ടര്‍ക്കോയ്‌സ് (Turquoise) കളര്‍ തീമിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫുള്‍ ഇലക്ട്രിക് മോഡലുകള്‍ ആയതിനാല്‍ ഈ വാഹനങ്ങള്‍ക്ക് പ്രവര്‍ത്തന ചെലവ് വളരെ കുറവായിരിക്കും.
സീറോ-എമിഷന്‍ വാഹനങ്ങള്‍ പരിസ്ഥിതിക്ക് ദോഷം വരുത്താതെ പൂര്‍ണമായും നിശബ്ദമായ യാത്രാനുഭവം സമ്മാനിക്കും. കേവലം യാത്രാസൗകര്യം മാത്രമല്ല, ടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷേമത്തിനും മികച്ച സേവന നിലവാരത്തിനും ഈ പ്ലാറ്റ്ഫോം വലിയ മുന്‍ഗണന നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്ന ഡ്രൈവര്‍മാര്‍ക്കായി പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള പ്രത്യേക ആനുകൂല്യങ്ങളും മറ്റ് ഇന്‍സെന്റീവുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഡ്രൈവര്‍മാര്‍ക്ക് പ്രതിമാസം 40,000 രൂപ വരെ സ്ഥിരമായി വരുമാനം നേടാന്‍ സാധിക്കുമെന്നാണ് വിന്‍ഫാസ്റ്റ് അവകാശപ്പെടുന്നു.

വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ വിവിധ വിദേശ രാജ്യങ്ങളില്‍ ഗ്രീന്‍ എസ്എം ഇലക്ട്രിക് ടാക്‌സി സര്‍വീസ് ഇതിനകം തന്നെ വന്‍ വിജയമാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള വിന്‍ഫാസ്റ്റിന്റെ അത്യാധുനിക വാഹന നിര്‍മാണ ശാലയിലാണ്. MPV 7 ഇലക്ട്രിക് എംപിവികള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ ആഭ്യന്തര വിപണിയിലേക്ക് വേണ്ടി മാത്രമല്ല, ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ വരും ദിവസങ്ങളില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ വിവിധ വിപണികളിലേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്യാനും വിയറ്റ്‌നാമീസ് കമ്പനിക്ക് പദ്ധതികളുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ വിജയചരിത്രം ഇന്ത്യയിലും ആവര്‍ത്തിക്കാനും മറ്റ് കമ്പനികളില്‍ നിന്നഎ വലിയൊരു ശതമാനം ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുമാണ് വിന്‍ഫാസ്റ്റ് ഇപ്പോള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ക്കും കൊമേഴ്‌സ്യല്‍ ടാക്‌സി സര്‍വീസുകള്‍ക്കും പുറമെ, തങ്ങളുടെ അന്താരാഷ്ട്ര നിലവാരമുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയും ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യം വിന്‍ഫാസ്റ്റിന്റെ സജീവ പരിഗണനയിലാണ്.


Click it and Unblock the Notifications