വണ്ടി വാങ്ങിയാല്‍ മാത്രം മതി, 2029 വരെ ചാര്‍ജിംഗ് ഫ്രീ! വിൻഫാസ്റ്റ് അല്ലാതാര് തരും ഈ ഓഫര്‍
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി വിന്‍ഫാസ്റ്റ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വമ്പിച്ച ആനുകൂല്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിന്‍ഫാസ്റ്റ് ഇവി ഉടമകള്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യ ചാര്‍ജിംഗ് ആനുകൂല്യം 2029 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുകയാണ് വിയറ്റ്‌നാമീസ് കമ്പനി. ബ്രാന്‍ഡിന്റെ ഈ പുതിയ തീരുമാനം രാജ്യത്തെ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. നേരത്തെ വിന്‍ഫാസ്റ്റ് ഇവി ഉടമകള്‍ക്ക് 2028 ജൂലൈ വരെയായിരുന്നു സൗജന്യ ചാര്‍ജിംഗ് അനുവദിച്ചിരുന്നത്. ആ കാലാവധിയാണ് ഇപ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
നിലവിലെ വിന്‍ഫാസ്റ്റ് ഇവി ഉടമകള്‍ക്കും പുതിയതായി കമ്പനിയുടെ കാറുകള്‍ വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇതോടെ ഏതാനും വര്‍ഷങ്ങള്‍ രാജ്യത്തുടനീളമുള്ള വിന്‍ഫാസ്റ്റിന്റെ പ്രത്യേക വി-ഗ്രീന്‍ (V-Green) ചാര്‍ജിംഗ് ഔട്ട്ലെറ്റുകളില്‍ നിന്നും യാതൊരു ചെലവുമില്ലാതെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് കൈവന്നിരിക്കുന്നത്.

ടെസ്ലയുടെ സൂപ്പര്‍ചാര്‍ജര്‍ ശൃംഖലയ്ക്ക് സമാനമായ രീതിയിലാണ് വിന്‍ഫാസ്റ്റ് തങ്ങളുടെ വി-ഗ്രീന്‍ പ്രോഗ്രാം ഇന്ത്യയില്‍ വികസിപ്പിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ഇവികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരുപോലെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി 2025 ഡിസംബറില്‍ റോഡ്ഗ്രിഡുമായി (RoadGrid) വിന്‍ഫാസ്റ്റ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു.
റോഡ്ഗ്രിഡുമായുള്ള ഈ സഹകരണം വഴി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (HPCL) ഔട്ട്ലെറ്റുകളിലും വിന്‍ഫാസ്റ്റ് ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് സൗകര്യം ലഭ്യമാകും. ഡിമാന്‍ഡ് കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് റോഡ്ഗ്രിഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചാര്‍ജിംഗ് സംവിധാനങ്ങളുടെ സോഫ്റ്റ്വെയര്‍ സംയോജനവും ഉടമസ്ഥാവകാശവും പൂര്‍ണമായും വിന്‍ഫാസ്റ്റ് നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്.

വിയറ്റ്‌നാമില്‍ ഏകദേശം 1.5 ലക്ഷം ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന വിന്‍ഫാസ്റ്റ്, ഇന്ത്യയിലും സമാനമായ രീതിയില്‍ വലിയ ശൃംഖല പടുത്തുയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഇന്ത്യയിലുടനീളം 120 സര്‍വീസ് വര്‍ക്ക്ഷോപ്പുകള്‍ സ്ഥാപിക്കാനും വിന്‍ഫാസ്റ്റ് ലക്ഷ്യമിടുന്നുണ്ട്. പ്രവര്‍ത്തന ചെലവ് പൂജ്യത്തിലേക്ക് എത്തിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ ഗ്രീന്‍ മൊബിലിറ്റിയിലേക്ക് ആകൃഷ്ടരാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.
വിന്‍ഫാസ്റ്റ് ഗ്ലോബല്‍ സെയില്‍സ് ഡെപ്യൂട്ടി സിഇഒ ഡുവോങ് തി തു ട്രാങ് ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇവി ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി. ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും സമാനമായ വി-ഗ്രീന്‍ ചാര്‍ജിംഗ് പദ്ധതി വിന്‍ഫാസ്റ്റ് നടപ്പിലാക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം വേഗത്തിലാക്കുകയാണ് കമ്പനിയുടെ ആഗോള തന്ത്രം.
കൂടാതെ, പഴയ പെട്രോള്‍/ഡീസല്‍ കാറുകള്‍ നല്‍കി വിന്‍ഫാസ്റ്റ് ഇവി വാങ്ങുന്നവര്‍ക്കായി 'ട്രേഡ് ഗ്യാസ് ഫോര്‍ ഇലക്ട്രിക്' എന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയിലൂടെ ഉപഭോക്താക്കള്‍ക്ക് 3 ശതമാനം അധിക കിഴിവ് ലഭിക്കും. ഇവിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിന്‍ഫാസ്റ്റിന്റെ ഈ നീക്കം വലിയ സഹായമാകും.
നിലവില്‍ VF6, VF7 എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവി മോഡലുകളാണ് വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ വില്‍ക്കുന്നത്. 2025 സെപ്റ്റംബര്‍ ആറിനാണ് ഈ രണ്ട് മോഡലുകളും വിപണിയിലെത്തിയത്. മോഡേണ്‍ ഡിസൈനും മികച്ച സാങ്കേതിക വിദ്യയുമായി വരുന്ന ഈ മോഡലുകള്‍ പ്രീമിയം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലാണ് മത്സരിക്കുന്നത്. VF6-ന് 17.29 ലക്ഷം രൂപയും മിഡ്‌സൈസ് എസ്‌യുവിയായ VF7-ന് 21.89 ലക്ഷം രൂപയുമാണ് പ്രാരംഭ വില.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള പ്ലാന്റില്‍ തദ്ദേശീയമായി ഇവികള്‍ നിര്‍മിക്കുന്നത് വിപണിയില്‍ മുന്നേറ്റം നടത്താന്‍ വിന്‍ഫാസ്റ്റിനെ സഹായിക്കുന്നു. ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്നത് വഴി ഇറക്കുമതി തീരുവ കുറയ്ക്കാനും കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ വില്‍ക്കാനും കമ്പനിക്ക് പറ്റും. പ്രതിവര്‍ഷം 50,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റിന്റെ ഉത്പാദന ശേഷി ഭാവിയില്‍ 1,50,000 യൂണിറ്റുകളായി വര്‍ദ്ധിപ്പിക്കും.
ഘട്ടം ഘട്ടമായി തങ്ങളുടെ ആഗോള വാഹന നിരയിലെ മുഴുവന്‍ മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് വിയറ്റ്നാമുകാരുടെ പദ്ധതി. ഓരോ ആറുമാസത്തിലും ഒരു പുതിയ മോഡല്‍ പുറത്തിറക്കാനാണ് പദ്ധതി. മള്‍ട്ടി പര്‍പ്പസ് വാഹനമായ ലിമോ ഗ്രീന്‍ ആയിരിക്കും വിന്‍ഫാസ്റ്റ് അടുത്തതായി ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ പോകുന്ന ഇവി.


Click it and Unblock the Notifications








