സാധാരണക്കാരന് കണ്ണുംപൂട്ടി വാങ്ങാവുന്ന വിലയില്‍ പുതിയ ഇവി; ടാറ്റയെ ഇടക്കിടെ 'ഷോക്കടിപ്പിക്കാന്‍' വിന്‍ഫാസ്റ്റ്
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വാഹന നിര്‍മാണശാല സ്ഥാപിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ വിയറ്റ്‌നാമീസ് ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റ് ഓരോ ദിവസവും പുതിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. VF 6, VF 7 എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികള്‍ക്ക് പിന്നാലെ ഇക്കഴിഞ്ഞ ദിവസമാണ് വിന്‍ഫാസ്റ്റ് VF MPV 7 എന്ന പുതിയ മോഡല്‍ ചേര്‍ത്ത് ഇന്ത്യന്‍ വാഹനനിര വിപുലീകരിച്ചത്. നിലവില്‍ വിന്‍ഫാസ്റ്റ് ഓഫര്‍ ചെയ്യുന്ന മൂന്ന് ഇലക്ട്രിക് കാറുകള്‍ക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലാണ് വില. ഈ വര്‍ഷം തന്നെ ഇന്ത്യക്കാര്‍ക്കായി വിന്‍ഫാസ്റ്റിന്റെ വക ഒരു സര്‍പ്രൈസ് ഉണ്ട്.
സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന VF 3 എന്ന സ്‌റ്റൈലിഷ് കുഞ്ഞന്‍ എസ്‌യുവിയുമായാണ് വിന്‍ഫാസ്റ്റ് വിപണി പിടിക്കാന്‍ വരുന്നത്. VF 3 ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള അവസാന ഘട്ട തയാറെടുപ്പിലാണ് വിന്‍ഫാസ്റ്റ്. മൂന്ന് മോഡലുകളിലൂടെ പ്രീമിയം വിഭാഗത്തില്‍ സാന്നിധ്യമറിയിച്ചതിനാല്‍ അടുത്തതായി VF 3-യിലൂടെ സാധാരണക്കാരിലേക്ക് എത്താനാണ് കമ്പനിയുടെ ലക്ഷ്യം.

ഈ വാഹനം ഇന്ത്യന്‍ ഇവി വിപണിയില്‍ വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രണ്ട് ഡോറുകള്‍ മാത്രമുള്ള ഈ ഇലക്ട്രിക് കാര്‍, നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിപ്പത്തില്‍ ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും വിന്‍ഫാസ്റ്റ് VF 3-ക്ക് എസ്‌യുവിയുടെ എടുപ്പുണ്ട്.
ഇന്റീരിയറിന് ലളിതമായ എന്നാല്‍ പ്രീമിയം അനുഭവം നല്‍കുന്ന ഡിസൈനാണ് വിന്‍ഫാസ്റ്റ് നല്‍കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ വാഹനത്തിന്റെ അകത്തളത്തിലെ പ്രധാന സവിശേഷത. ഇക്കോ, നോര്‍മല്‍ എന്നീ രണ്ട് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ നല്‍കുന്നതിലൂടെ ഡ്രൈവര്‍ക്ക് ആവശ്യാനുസരണം പവര്‍ നിയന്ത്രിക്കാനാകും.

സാങ്കേതിക വശങ്ങളിലേക്ക് നോക്കുമ്പോള്‍, ഏകദേശം 18.64 kWh ബാറ്ററി പായ്ക്കാണ് VF 3-യില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 215 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ഈ ബാറ്ററിക്ക് സാധിക്കും. നഗരയാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഈ റേഞ്ച് ധാരാളമാണ്. വെറും 5.3 സെക്കന്‍ഡുകള്‍ കൊണ്ട് 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിന് സാധിക്കും.
ഇവിയുടെ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാന്‍ 40 bhp പവറും 110 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 191 mm ഗ്രൗണ്ട് ക്ലിയറന്‍സ് മോശം റോഡുകളിലൂടെയുള്ള യാത്രകളില്‍ വലിയ സഹായമാകും.

തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകളിലൂടെ സഞ്ചരിക്കാന്‍ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ആദ്യമായി ഇലക്ട്രിക് വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് VF 3 മികച്ച ചോയ്‌സായിരിക്കും. തൂത്തുക്കുടിയിലെ തങ്ങളുടെ സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്നതിനാല്‍ ഇതിന് മത്സരാധിഷ്ഠിത വില നിര്‍ണയം നടത്താന്‍ വിന്‍ഫാസ്റ്റിന് സാധിക്കും. ഈ വര്‍ഷാവസാനത്തോടെ VF 3 ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാരംഭ വില 7 മുതല്‍ 10 ലക്ഷം രൂപ വരെയാകാനാണ് സാധ്യത. കുറഞ്ഞ വിലയില്‍ സ്‌റ്റൈലിഷ് ഇലക്ട്രിക് വാഹനം തേടുന്നവര്‍ക്ക് വിന്‍ഫാസ്റ്റ് VF 3 തീര്‍ച്ചയായും പരിഗണിക്കാം. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായി കൃത്യമായ ഇടവേളകളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത് തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തൂത്തുക്കുടി നിര്‍മ്മാണശാല വഴി ഇന്ത്യയുടെ ഇവി വിപണിയിലെ ഡിമാന്‍ഡ് നിറവേറ്റാന്‍ വിന്‍ഫാസ്റ്റ് സജ്ജമാണ്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നൂതനമായ സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ എന്‍ട്രി ലെവല്‍ ഇവിയുമായി വിന്‍ഫാസ്റ്റ് ഇലക്ട്രിക് വാഹന വിഭാഗത്തിലെ മത്സരം വേറെ തലത്തിലേക്ക് ഉയര്‍ത്തുന്നതോടെ വലിയ മാറ്റങ്ങള്‍ ദൃശ്യമാകും. മത്സരം വര്‍ദ്ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. VF 3-യുടെ വരവ് ഇന്ത്യന്‍ ഇവി വിപണിക്ക് വലിയ ഉത്തേജനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. VF 3 വിപണിയിലെത്തുമ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ വിന്‍ഫാസ്റ്റിന്റെ തുടര്‍ നീക്കങ്ങളില്‍ നിര്‍ണായകമാകും.


Click it and Unblock the Notifications








