ഒന്നും രണ്ടുമല്ല, വരുന്നത് ഫോക്സ്‍വാഗണിന്റെ 5 സുന്ദരന്മാര്‍! ആവേശമായി 2026 മോഡല്‍ നിരയുടെ ടീസര്‍
ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 2026-ല്‍ പുറത്തിറക്കാനിരിക്കുന്ന അഞ്ച് പുതിയ വാഹനങ്ങളുടെ ടീസര്‍ ഫോക്സ്‍വാഗണ്‍ ഇന്ത്യ പുറത്തുവിട്ടു. എസ്‌യുവികള്‍, സെഡാനുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിപുലമായ നിരയാണ് കമ്പനി വിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്നത്. ഔദ്യോഗികമായി പങ്കുവെച്ച ചിത്രത്തില്‍ അഞ്ച് വാഹനങ്ങള്‍ മൂടുപടമിട്ട് മറച്ച നിലയിലാണ് കാണപ്പെടുന്നത്. പുത്തന്‍ ചിത്രം വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ഈ വര്‍ഷം ഓരോ പാദത്തിലുമായി കമ്പനി കൊണ്ടുവരാന്‍ പോകുന്ന പുതിയ കാറുകള്‍ ഏതൊക്കെയാകുമെന്ന് നമുക്ക് പരിശോധിക്കാം.
ഫോക്സ്‍വാഗ ണിന്റെ വരാനിരിക്കുന്ന വാഹനനിരയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡല്‍ ടെയ്‌റോണ്‍ R-ലൈന്‍ (Tayron R-Line) ആണ്. ടിഗുവാന്‍ ഓള്‍സ്പേസിന് പകരക്കാരനായി ഇന്ത്യയിലെ കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായാണ് ടെയ്‌റോണ്‍ R-ലൈന്‍ എത്തുന്നത്. മൂന്ന് നിര സീറ്റുകളുള്ള ഫുള്‍സൈസ് എസ്‌യുവി ഇതിനോടകം രാജ്യത്ത് അരങ്ങേറി കഴിഞ്ഞു. ഇനി വില പ്രഖ്യാപനമാണ് ബാക്കിയുള്ളത്.

കംപ്ലീറ്റ്‌ലി നോക്ക്ഡ്ഡൗണ്‍ (CKD) റൂട്ട് വഴി ഇന്ത്യയിലെത്തിച്ച് അസംബിള്‍ ചെയ്യുന്ന ഈ വാഹനം ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയന്‍, എംജി ഗ്ലോസ്റ്റര്‍ എന്നിവക്ക് വെല്ലുവിളി ഉയര്‍ത്തും.നിലവില്‍ മികച്ച വില്‍പ്പനയുമായി വിപണിയില്‍ മുന്നേറുന്ന ഫോക്സ്‍വാഗണ്‍ വെര്‍ട്ടിസിന്റെയും (Virtus) ടൈഗൂണിന്റെയും (Taigun) ഫെയ്‌സ്ലിഫ്റ്റ് പതിപ്പുകളും ഈ വര്‍ഷം വിപണിയിലെത്തും. ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ സ്ലാവിയ തുടങ്ങിയ മോഡലുകളുമായി മത്സരിക്കാന്‍ വെര്‍ട്ടിസ് ഫെയ്‌സ്ലിഫ്റ്റില്‍ അത്യാധുനിക ഫീച്ചറുകള്‍ കമ്പനി ഉള്‍പ്പെടുത്തും.
കൂടുതല്‍ മോഡേണ്‍ സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകളും സുരക്ഷാ സംവിധാനങ്ങളും സെഡാനില്‍ പ്രതീക്ഷിക്കാം.കടുത്ത മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ മത്സരിക്കുന്ന ടൈഗൂണിനും പിടിച്ച് നില്‍ക്കാന്‍ അപ്‌ഡേറ്റ് അനിവാര്യമാണ്. ഡസ്റ്റര്‍, സിയറ, ന്യൂജെന്‍ സെല്‍റ്റോസ്, കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ നേരിടാന്‍ പനോരമിക് സണ്‍റൂഫ്, പരിഷ്‌കരിച്ച ഇന്റീരിയര്‍ തുടങ്ങിയ നൂതന സവിശേഷതകള്‍ സജ്ജീകരിച്ചായിരിക്കും പുതിയ ടൈഗൂണ്‍ കമ്പനി ഇറക്കി വിടുക. എഞ്ചിനില്‍ മാറ്റം വരുത്തിയില്ലെങ്കിലും ഡ്രൈവിംഗ് കംഫര്‍ട്ട് കൂട്ടുന്ന കാര്യത്തില്‍ ഫോക്സ്‍വാഗണ്‍ ശ്രദ്ധ പതിപ്പിക്കും.

ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഫോക്സ്‍വാഗണിന്റെ വമ്പന്‍ ചുവടുവെപ്പായിരിക്കും ID.4. ടീസറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഈ ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന രീതിയില്‍ സിബിയു (CBU) റൂട്ട് വഴിയാകും ഇന്ത്യയിലെത്തുക. പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ക്കും മാസ്-മാര്‍ക്കറ്റ് ഇവികള്‍ക്കും ഇടയിലായിട്ടാകും ID.4 സ്ഥാനം പിടിക്കുക. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇവി പദ്ധതികളിലെ സുപ്രധാന മോഡലാണ് ID.4.
ടീസറില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന അഞ്ചാമത്തെ വാഹനം ഫോക്സ്‍വാഗണ്‍ ടെറ (VW Tera) സബ്-4 മീറ്റര്‍ എസ്‌യുവിയാണെന്നാണ് സൂചന. സ്‌കോഡ കൈലാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ടെറ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ എസ്‌യുവിയായിരിക്കും. ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ സബ് 4 മീറ്റര്‍ എസ്‌യുവികളുമായി മത്സരിക്കാനായി കൈലാക്കിനെ പോലെ മികച്ച നിര്‍മ്മാണ നിലവാരത്തിനൊപ്പം മോഡേണ്‍ ഫീച്ചറുകളും സജ്ജീകരിച്ചായിരിക്കും ടെറ പുറത്തിറങ്ങുക.

വിവിധ സെഗ്‌മെന്റുകളിലായി 5 പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത് ഫോക്സ്‍വാഗണിന്റെ ഇന്ത്യയിലെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഓരോ സെഗ്മെന്റിലും കൃത്യമായ സ്ഥാനമുറപ്പിക്കാന്‍ അഞ്ച് വാഹനങ്ങള്‍ക്കും സാധിക്കും. വരും മാസങ്ങളില്‍ ഓരോ വാഹനത്തെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലോഞ്ച് തീയതികളും കമ്പനി പുറത്തുവിടുമെന്നാണ് സൂചന. പുത്തന്‍ ലോഞ്ചുകളിലൂടെ ജര്‍മന്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഒരിക്കല്‍ കൂടി അനുഭവിച്ചറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യക്കാര്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








