മാരുതിയേക്കാൾ കുറഞ്ഞ വിലയിൽ ജർമൻ കാർ! വിപണി ഞെട്ടലിൽ, ഫോക്‌സ്‌വാഗൺ SUV 2027-ൽ പടയോട്ടം തുടങ്ങും
ജർമൻ കരുത്തും സുരക്ഷയും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് ആവേശകരമായ വാര്‍ത്തയുമായി ഫോക്‌സ്‌വാഗണ്‍ രംഗത്ത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ജനപ്രീതിയുള്ള കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡല്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് കമ്പനി. 2027 പകുതിയോടെ ഈ പുതിയ എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓട്ടോ കാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായ ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് സ്‌കോഡ അടുത്തിടെ പുറത്തിറക്കിയ 'കൈലാക്' (Skoda Kylaq) കോംപാക്ട് എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ഫോക്സ്വാഗണ്‍ കാറും നിര്‍മ്മിക്കുന്നത്.
സ്‌കോഡയും ഫോക്‌സ്‌വാഗണും പ്ലാറ്റ്ഫോമുകളും എഞ്ചിനുകളും പങ്കിടുന്ന രീതി ഇതിന് മുമ്പ് കുഷാഖ്, ടൈഗൂണ്‍ എസ്‌യുവി മോഡലുകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. അതേ മാതൃകയിലായിരിക്കും ഈ പുതിയ ബജറ്റ് എസ്‌യുവിയും വിപണിയിലെത്തുക. നിലവില്‍ സ്‌കോഡ കൈലാക്കിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 7.59 ലക്ഷം രൂപയാണ്. ഏകദേശം ഇതേ വിലനിലവാരത്തില്‍ തന്നെയായിരിക്കും ഫോക്‌സ്‌വാഗണും തങ്ങളുടെ പുതിയ എസ്‌യുവി അവതരിപ്പിക്കുക.

ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറായി ഇത് മാറും. നിലവില്‍ വിപണിയിലുള്ള പല പ്രമുഖ ബ്രാന്‍ഡുകളെയും അപേക്ഷിച്ച് ജർമൻ സാങ്കേതികവിദ്യ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ബ്രെസയാകും ഈ കാറിന്റെ വിപണിയിലെ പ്രധാന എതിരാളി. ബ്രെസയുടെ പ്രാരംഭ വില 8.26 ലക്ഷം രൂപയായിരിക്കെ, അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഫോക്‌സ്‌വാഗണ്‍ മോഡല്‍ വിപണിയിലെത്തുന്നത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യൂ, കിയ സോനെറ്റ് മഹീന്ദ്ര XUV 3XO തുടങ്ങിയ സെഗ്‌മെന്റിലെ മറ്റ് പ്രധാനപ്പെട്ട മോഡലുകള്‍ക്കും ഈ പുത്തന്‍ എസ്‌യുവി കടുത്ത വെല്ലുവിളി ഉയര്‍ത്തും.ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഫോക്‌സ്‌വാഗണ്‍ ഈ നീക്കം നടത്തുന്നത്. സാധാരണയായി ഉയര്‍ന്ന വിലയുള്ള വാഹനങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന കമ്പനി ബജറ്റ് സെഗ്മെന്റിലേക്ക് ഇറങ്ങുന്നത് വാഹന വിപണിയില്‍ വലിയ അട്ടിമറികള്‍ക്ക് കാരണമാകും.

പ്രീമിയം ലുക്കും കരുത്തുറ്റ ബോഡി ഘടനയും കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് ഉപഭോക്താക്കളെ ഈ മോഡലിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, MQB-AO-IN പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം. 1.0 ലിറ്റര്‍, 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും എസ്‌യുവിക്ക് കരുത്ത് പകരുക. ഇതേ എഞ്ചിനാണ് നിലവില്‍ സ്‌കോഡ കൈലാക്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. പെര്‍ഫോമന്‍സും വിശ്വാസ്യതയും സമംചേരുന്ന ഈ മോട്ടോര്‍ സിറ്റി, ഹൈവേ ഡ്രൈവുകള്‍ക്ക് ഒരുപോലെ അനുയോജ്യമാണ്.
സുരക്ഷയുടെ കാര്യത്തിലും ഫോക്‌സ്‌വാഗണ്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് സൂചന. സ്‌കോഡ കൈലാക്കില്‍ നല്‍കിയിട്ടുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളും ഫീച്ചറുകളും ഈ പുതിയ വാഹനത്തിലും പ്രതീക്ഷിക്കാം. കൈലാക്കില്‍ നിന്ന് വ്യത്യസ്തമായ എക്സ്റ്റീരിയര്‍ ഡിസൈനും ഇന്റീരിയര്‍ ലേഔട്ടും നല്‍കി പുതിയ മോഡലിന് ഒരു പുതിയ ഐഡന്റിറ്റി നല്‍കാനായിരിക്കും കമ്പനി ശ്രമിക്കുക. 2027-ല്‍ പുറത്തിറങ്ങുന്ന ഈ വാഹനം ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഭാവി പദ്ധതികളില്‍ നിര്‍ണായകമാണ്.

ലോകോത്തര നിലവാരമുള്ള വാഹനങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആഹ്ലാദം നല്‍കുന്നതാണ് ഈ വാര്‍ത്ത. വാഹനത്തിന്റെ കൃത്യമായ പേരോ മറ്റ് വിശദാംശങ്ങളോ കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോക്‌സ്‌വാഗണിന്റെ കുഞ്ഞന്‍ എസ്‌യുവി ഇതിനോടകം തന്നെ വാഹനലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. മുമ്പ് കമ്പനി പുറത്തുവിട്ട ടീസറുകള്‍ വെച്ച് നോക്കുമ്പോള്‍ വരാന്‍ പോകുന്ന എസ്‌യുവിക്ക് ഒരുപക്ഷേ ടെറ എന്ന് പേര് ലഭിച്ചേക്കും.
കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗണ്‍ ടെറ (Volkswagen Tera) എന്ന പേരില്‍ പുത്തന്‍ എസ്‌യുവി ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന എസ്‌യുവി സമാനമായ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നതിനാല്‍, അത് ഫോക്‌സ്‌വാഗണ്‍ ടെറ ആയിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ടെറ അല്ലെങ്കില്‍, ഇന്ത്യന്‍ വിപണിയില്‍ പുതിയ റീബാഡ്ജ് നാമത്തിലായിരിക്കും കാര്‍ VW കൊണ്ടുവരിക. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് ജര്‍മന്‍ ബ്രാന്‍ഡ് കാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നതായിരിക്കും.


Click it and Unblock the Notifications








