ഫോര്‍ച്യൂണറിനുള്ള 'പണി' മഹാരാഷ്ട്രയില്‍ ഒരുങ്ങി! മുന്‍ഗാമികള്‍ക്ക് പറ്റാത്തത് ടെയ്‌റോണ്‍ സാധിച്ചെടുക്കുമോ?
ജര്‍മന്‍ ബ്രാന്‍ഡ് ആയ ഫോക്‌സ്‌വാഗണ്‍ ഏതൊരു പുതിയ കാര്‍ വിപണിയില്‍ എത്തിക്കുമ്പോഴും വണ്ടിപ്രാന്തന്‍മാര്‍ ആകാംക്ഷയോടെ ഉറ്റുനോക്കാറുണ്ട്. ഈ വര്‍ഷം ഫോക്‌സ്‌വാഗണ്‍ രാജ്യത്തിന് സമ്മാനിക്കുന്ന പുതിയ മോഡല്‍ ഫ്‌ലാഗ്ഷിപ്പ് 7 സീറ്റര്‍ എസ്‌യുവിയായ ടെയ്‌റോണ്‍ R-ലൈന്‍ ആണ്. 2021-ല്‍ വിപണി വിട്ട ടിഗുവാന്‍ ഓള്‍സ്പേസിന് ശേഷം ടെയ്‌റോണിലൂടെ 3-വരി എസ്‌യുവി വിഭാഗത്തിലേക്ക് ജര്‍മന്‍ ബ്രാന്‍ഡ് റീഎന്‍ട്രി നടത്താന്‍ പോകുകയാണ്. 2026 മാര്‍ച്ചില്‍ വിപണിയിലെത്താന്‍ പോകുന്ന ടെയ്‌റോണ്‍ എസ്‌യുവി ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ ആരംഭിച്ചതായി ഫോക്‌സവാഗണ്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. മഹാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള (ഔറംഗബാദ്) പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മ്മാണം നടക്കുന്നത്.
കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ (CKD) കിറ്റുകളായി ഇന്ത്യയില്‍ എത്തിച്ച് അസംബിള്‍ ചെയ്യുന്നതിനാല്‍ ടെയ്‌റോണിന് മത്സരാധിഷ്ഠിത വില നല്‍കാന്‍ ഫോക്‌സവാഗണിന് സാധിക്കും. ടിഗുവാന്‍ R-ലൈനിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ടെയ്‌റോണിന് ടിഗുവാനേക്കാള്‍ 109 mm വീല്‍ബേസ് അധികമുണ്ട്. 2,789 mm വീല്‍ബേസ് ഉള്ളതിനാല്‍ വാഹനത്തിനുള്ളില്‍ മൂന്ന് നിരകളിലായി ഏഴ് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.

MQB EVO പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. സ്‌പോര്‍ട്ടി ബമ്പറുകള്‍, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, മുന്നിലും പിന്നിലുമുള്ള ഇല്യുമിറ്റഡ്നേ ലോഗോസ് എന്നിവയാണ് ടെയ്‌റോണിന്റെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 2.0 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ടെയ്‌റോണിന്റെ ഹൃദയം.
ഈ എഞ്ചിന്‍ 204 PS പവറും 320 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഫോക്‌സ്‌വാഗണിന്റെ 4 മോഷന്‍ (4MOTION) ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ഏത് റോഡിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇത് സഹായിക്കും.

ഫീച്ചര്‍ സമ്പന്നമായ പ്രധാന ആകര്‍ഷണം 15 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. ഇത് ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മുഴുവന്‍ വിവരങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകളുള്ള ഫ്രണ്ട് സീറ്റുകള്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പനോരമിക് സണ്‍റൂഫ് ക്യാബിന് കൂടുതല്‍ ആഡംബര പ്രതീതി നല്‍കുന്നതോടൊപ്പം 30 കളര്‍ ആംബിയന്റ് ലൈറ്റിംഗ് മൂഡ് ഒരു പടി ഉയര്‍ത്തുന്നു. സുരക്ഷയുടെ കാര്യത്തിലും ലോകേ്ാത്തര നിലവാരം പുലര്‍ത്തുന്നുണ്ട് ടെയ്‌റോണ്‍. ലെവല്‍ 2 ADA), 360 ഡിഗ്രി ക്യാമറ, 7 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. രാത്രി യാത്രകള്‍ സുരക്ഷിതമാക്കാന്‍ മട്രിക്‌സ് എല്‍ഇഡി ഹെഡ്ലാമ്പുകളും പിന്നില്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളും നല്‍കിയിട്ടുണ്ട്.

വിപണിയിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് യൂറോപ്യന്‍ നിര്‍മ്മാണ നിലവാരവും മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സുമാണ് ടെയ്‌റോണിനെ വേറിട്ടു നിര്‍ത്തുന്നത്. മൂന്നാം നിര സീറ്റുകള്‍ മടക്കിവെച്ചാല്‍ 850 ലിറ്റര്‍ വരെ ബൂട്ട് സ്‌പേസ് ലഭ്യമാകും എന്നത് വലിയ കുടുംബങ്ങള്‍ക്കും ദൂരയാത്രകള്‍ പോകുന്നവര്‍ക്കും ഏറെ പ്രയോജനകരമാണ്. പ്രീമിയം എസ്‌യുവി വിപണിയില്‍ ഫോക്‌സ്‌വാഗണിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ടെയ്‌റോണിന് കഴിയുമെന്നാണ് കമ്പനിയുടെ വിശ്വാസം.
നിര്‍മ്മാണം ആരംഭിച്ചതോടെ വാഹനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടിഗുവാനേക്കാള്‍ വലിപ്പവും ഫീച്ചറുകളുമുള്ള ടെയ്‌റോണ്‍ ഇന്ത്യയിലെ പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 2026-ന്റെ ആദ്യ പാദത്തില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ച വാഹനത്തിന്റെ ഡെലിവറികളും പിന്നാലെ ആരംഭിക്കും. വരും മാസങ്ങളില്‍ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ബുക്കിംഗ് അറിയിപ്പുകളും ഫോക്‌സ്‌വാഗണ്‍ പുറത്തുവിടും.
പ്രീമിയം എസ്‌യുവി സെഗ്മെന്റില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയന്‍, എംജി ഗ്ലോസ്റ്റര്‍ എന്നീ മോഡലുകളുമായാണ് ടെയ്‌റോണ്‍ മത്സരിക്കുക. ഏകദേശം 45 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ് പുത്തന്‍ മോഡലിന്റെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഫോര്‍ച്യൂണറിനെ തീര്‍ക്കാന്‍ ജര്‍മന്‍ വീരന് സാധിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








