ഒരേ കാറിന് ഓരോ നഗരത്തിലും വേറെ വില! ലക്ഷങ്ങളുടെ ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങൾ അറിയണോ?

ഒരു പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ബ്രാന്‍ഡുകളുടെ ഔദ്യോഗിക ഡീലര്‍ഷിപ്പുകളിലോ ഓണ്‍ലൈനിലോ വില പരിശോധിക്കുന്നവര്‍ പലപ്പോഴും അമ്പരക്കാറുണ്ട്. ഒരേ കമ്പനിയുടെ ഒരേ മോഡല്‍ കാറിന് ഓരോ നഗരത്തിലും വ്യത്യസ്തമായ വില രേഖപ്പെടുത്തുന്നതാണ് ഇതിന് കാരണം. ചിലയിടങ്ങളില്‍ ഈ വില വ്യത്യാസം ലക്ഷങ്ങള്‍ വരെ എത്താറുണ്ട്. ഫാക്ടറിയില്‍ നിന്ന് ഒരേ ചിലവില്‍ പുറത്തിറങ്ങുന്ന വാഹനത്തിന് ഷോറൂമിലെത്തുമ്പോള്‍ ഇത്രയും വലിയ വില വ്യത്യാസം (Car Price Difference) വരുന്നത് എന്തുകൊണ്ടാണെന്ന് പലര്‍ക്കും അറിയില്ല. അതിന്റെ കാരണം നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.

എന്താണ് എക്‌സ്-ഷോറൂം വില?

ഒരു ഉല്‍പ്പന്നത്തിന് വാഹന നിര്‍മ്മാതാക്കള്‍ നിശ്ചയിക്കുന്ന അടിസ്ഥാന വിലയാണ് എക്‌സ്-ഷോറൂം വില. ഇന്ത്യയിലെ ഏത് നഗരമെടുത്താലും ഈ തുകയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ ഈ വിലയില്‍ നിങ്ങള്‍ക്ക് വാഹനം വീട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് മാത്രം. ഇതിനോടൊപ്പം സര്‍ക്കാര്‍ ഈടാക്കുന്ന വിവിധ നികുതികളും മറ്റ് ചാര്‍ജുകളും ചേര്‍ത്താണ് നാം നല്‍കുന്ന ഓണ്‍-റോഡ് വില (On-road Price) കണക്കാക്കുന്നത്. ഈ അധിക ചിലവുകള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്.

cars

വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങള്‍

ഒരു കാറിന്റെ ഓണ്‍റോഡ് വിലയെ സ്വാധീനിക്കുന്നത് പ്രധാനമായും നാല് ഘടകങ്ങളാണ്. റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം, ടിസിഎസ് (TCS) എന്നിവയാണവ. ഓരോ സംസ്ഥാനത്തെയും മോട്ടോര്‍ വാഹന വകുപ്പും (RTO) ഇന്‍ഷുറന്‍സ് കമ്പനികളും നിശ്ചയിക്കുന്ന നിരക്കുകള്‍ ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും. ഇവയെല്ലാം കൂടിച്ചേരുന്നതോടെ വാഹനത്തിന്റെ ഫൈനല്‍ പ്രൈസ് നഗരങ്ങള്‍ക്ക് അനുസരിച്ച് മാറുന്നു.

റോഡ് ടാക്‌സിലെ വ്യത്യാസം

നഗരങ്ങള്‍ക്ക് അനുസരിച്ച് വില വ്യത്യാസപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണം റോഡ് ടാക്‌സാണ്. ഓരോ സംസ്ഥാനത്തിലെയും സര്‍ക്കാരാണ് തങ്ങളുടെ പരിധിയില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് എത്ര നികുതി വേണമെന്ന് തീരുമാനിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ വാഹന വിലയുടെ നിശ്ചിത ശതമാനം ഈടാക്കുമ്പോള്‍ മറ്റു ചിലര്‍ സ്ലാബ് സമ്പ്രദായമാണ് പിന്തുടരുന്നത്. ഇതുകാരണം നികുതി കുറഞ്ഞ സംസ്ഥാനങ്ങളില്‍ കാറുകള്‍ക്ക് വില കുറവായും നികുതി കൂടിയ ഇടങ്ങളില്‍ വില കൂടുതലായും അനുഭവപ്പെടുന്നു.

ആര്‍ടിഒ ചാര്‍ജുകളും പ്രാദേശിക നികുതികളും

റോഡ് ടാക്‌സിന് പുറമെ ഓരോ സംസ്ഥാനത്തെയും ആര്‍ടിഒ രജിസ്‌ട്രേഷന്‍ ഫീസിലും മാറ്റമുണ്ടാകും. ചില നഗരങ്ങളില്‍ ഗ്രീന്‍ ടാക്‌സ്, സ്മാര്‍ട്ട് കാര്‍ഡ് ഫീസ്, മുന്‍സിപ്പല്‍ ടാക്‌സ് എന്നിവ അധികമായി ഈടാക്കാറുണ്ട്. ഈ പ്രാദേശിക ചാര്‍ജുകള്‍ ഓരോ സ്ഥലത്തും വ്യത്യസ്തമായതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ചിലവിലും ഏകീകരണം ഉണ്ടാകില്ല. ഇതും നഗരങ്ങള്‍ക്ക് അനുസരിച്ച് കാര്‍ വിലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു.

ഇന്ധന തരം അനുസരിച്ചുള്ള നികുതി മാറ്റം

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വാഹനത്തിന്റെ ഇന്ധന തരവും (പെട്രോള്‍/ഡീസല്‍) വില വ്യത്യാസത്തിന് കാരണമാകാറുണ്ട്. പല സംസ്ഥാനങ്ങളിലും ഡീസല്‍ വാഹനങ്ങള്‍ക്ക് പെട്രോളിനേക്കാള്‍ കൂടുതല്‍ നികുതി ഈടാക്കുന്നു. ഉദാഹരണത്തിന് ഡല്‍ഹിയില്‍ 10 ലക്ഷത്തിന് മുകളിലുള്ള പെട്രോള്‍ കാറുകള്‍ക്ക് 10 ശതമാനം റോഡ് ടാക്‌സ് ഉള്ളപ്പോള്‍ ഡീസലിന് അത് 12.5 ശതമാനമാണ്.

ഈ ശതമാനത്തിലെ ചെറിയ വ്യത്യാസം പോലും ലക്ഷങ്ങളുടെ മാറ്റമാണ് ബില്ലില്‍ വരുത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയെ ഉദാഹരണമായി എടുത്ത് നമുക്ക് ഈ വില വ്യത്യാസം പരിശോധിക്കാം. ഡല്‍ഹിയില്‍ ഏകദേശം 12.60 ലക്ഷം രൂപ ഓണ്‍-റോഡ് വിലയുള്ള ക്രേറ്റ E പെട്രോള്‍ വേരിയന്റിന് ഹൈദരാബാദില്‍ 13.51 ലക്ഷം രൂപയോളം നല്‍കണം.

അതേസമയം ബെംഗളൂരുവില്‍ 13.36 ലക്ഷവും മുംബൈയില്‍ 12.84 ലക്ഷവുമാണ് ഏകദേശ വില. ഏകദേശം 13.13 ലക്ഷം രൂപയാണ് കൊച്ചിയില്‍ ഇതേ വേരിയന്റ് നിരത്തിലിറക്കാനായി മുടക്കേണ്ടത്. ഒരേ വാഹനം ഓരോ സംസ്ഥാനത്തെത്തുമ്പോള്‍ വിലയില്‍ ഏകദേശം 1 ലക്ഷം രൂപയുടെ വരെ വ്യത്യാസം വരുന്നത് ഇങ്ങനെയാണ്.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കാന്‍

ചുരുക്കത്തില്‍, ഓരോ നഗരത്തിലെയും നികുതി ഘടനയിലുള്ള മാറ്റമാണ് കാര്‍ വിലയിലെ വൈവിധ്യത്തിന് കാരണം. വാഹന നിര്‍മാതാക്കള്‍ ഒരേ വില നല്‍കുന്നുണ്ടെങ്കിലും പ്രാദേശിക ഭരണകൂടങ്ങളുടെ നികുതി ചട്ടങ്ങളും നയങ്ങളും വിലയെ സ്വാധീനിക്കുന്നു. അതിനാല്‍ ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍ നിങ്ങളുടെ നഗരത്തിലെ കൃത്യമായ ഓണ്‍-റോഡ് വില മനസിലാക്കി ബജറ്റ് നിശ്ചയിക്കാന്‍ ശ്രദ്ധിക്കുക. ഇത് സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

More from DriveSpark

Article Published On: Wednesday, March 11, 2026, 18:25 [IST]
English summary
Why car prices vary by city in india explained road tax registration malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X