ഒരുവെടിക്ക് രണ്ടുപക്ഷി, 3 മിനിറ്റില്‍ ഓട്ടോ സ്‌കൂട്ടറാക്കാം; ഹീറോയുടെ അത്ഭുത വാഹനത്തിന് സര്‍ക്കാർ പച്ചക്കൊടി
ഇന്ത്യന്‍ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ പുത്തന്‍ പരീക്ഷണം. ഇലക്ട്രിക് വാഹന രംഗത്ത് ലോകം ഇന്നുവരെ കാണാത്ത ഒരു എഞ്ചിനീയറിങ് അത്ഭുതവുമായാണ് ഹീറോ മോട്ടോര്‍കോര്‍പ്പ് എത്തിയിരിക്കുന്നത്. ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹീറോ സര്‍ജ് S32 ( Hero Surge S32) എന്ന മോഡുലാര്‍ ഇലക്ട്രിക് വാഹനം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഹീറോ ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഹീറോ സര്‍ജ് S32 എന്ന വാഹ്നത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.
ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കായി സര്‍ക്കാര്‍ പുതുതായി 'L2-5' എന്ന പ്രത്യേക വിഭാഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.ലോകത്തിലെ ആദ്യത്തെ 'ക്ലാസ്-ഷിഫ്റ്റിംഗ്' വാഹനമെന്നാണ് സര്‍ജ് S32 അറിയപ്പെടുന്നത്. മൂന്നു ചക്രങ്ങളുള്ള ഗുഡ്‌സ് ഓട്ടോയെ പോലെ ചരക്ക് നീക്കത്തിന് ഇത് ഉപയോഗിക്കാം. ജോലി കഴിഞ്ഞാല്‍ വെറും മൂന്ന് മിനിറ്റുകൊണ്ട് ഈ വാഹനത്തിനുള്ളില്‍ നിന്നും സ്‌കൂട്ടര്‍ വേര്‍പെടുത്തി വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

സാങ്കേതികമായി നോക്കിയാല്‍, ഒരു ഇലക്ട്രിക് സ്‌കൂട്ടറിനെ ഒരു മുച്ചക്ര വാഹനത്തിന്റെ ഷാസിയില്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. സ്‌കൂട്ടര്‍ ത്രീവീലറിന്റെ ഉള്ളിലേക്ക് കയറ്റിക്കഴിഞ്ഞാല്‍ ഹാന്‍ഡ്ല്‍ ബാറും ഡിസ്പ്ലേയും ഓട്ടോറിക്ഷയുടെ പ്രാഥമിക കണ്‍ട്രോള്‍ സംവിധാനങ്ങളായി മാറും. ഇതിനാവശ്യമായ കണക്റ്റിവിറ്റി, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വയറുകള്‍ വഴിയാണ് ക്രമീകരിച്ചിരിക്കുന്നു.
ത്രീവീലര്‍ മോഡില്‍ സീറ്റ്, വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ എന്നിവയടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതിനാല്‍ ക്യാബിനിലിരുന്ന് കാറ്റും മഴയും ഏല്‍ക്കാത്ത വിധം ഓടിക്കാം. രണ്ട് വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി രണ്ട് പവര്‍ ട്രെയിനുകളാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ത്രീവീലര്‍ മോഡില്‍ (3W) 11 kWh ശേഷിയുള്ള ബാറ്ററി പായ്ക്കും 13.4 bhp പവര്‍ നല്‍കുന്ന മോട്ടോറുമാണ് ഉള്ളത്.
ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്. ഭാരമേറിയ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനായാണ് ഇത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്‌കൂട്ടര്‍ മാത്രമായി ഉപയോഗിക്കുമ്പോള്‍ (2W) അതിനായി മറ്റൊരു ബാറ്ററിയും മോട്ടോറും പ്രവര്‍ത്തിക്കും. ഹൈഡ്രോളിക് സിസ്റ്റം ഉപയോഗിച്ചാണ് സ്‌കൂട്ടറിനെ ത്രീവീലറില്‍ നിന്ന് വേര്‍പെടുത്തുന്നത്.
ചെറുകിട വ്യാപാരികള്‍ക്കും ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഈ നൂതന വാഹനം ഏറെ പ്രയോജനപ്പെടും. പകല്‍ സമയത്ത് ചെറുകിട കച്ചവടമോ, ഡെലിവറി ജോലികളോ ചെയ്ത ശേഷം വൈകീട്ട് വണ്ടി സ്‌കൂട്ടറാക്കി മാറ്റി കുടുംബത്തോടൊപ്പം ചെറുയാത്രകള്‍ പ്ലാന്‍ ചെയ്യാം. 'ഒരുവെടിക്ക് രണ്ട് പക്ഷിയെന്ന' ചൊല്ല് പോലെ രണ്ട് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവ് ലാഭിക്കാം എന്നതാണ് മറ്റൊരു നേട്ടം.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് തുടങ്ങിയ കാര്യങ്ങളിലും ഉപഭോക്താവിന് സാമ്പത്തിക നേട്ടമുണ്ടാകും. 2026 മാര്‍ച്ച് 30-നാണ് ഈ ഹീറോ സര്‍ജ് S#@ വാഹനത്തിന് കേന്ദ്ര സര്‍ക്കാര്‍ 'ടൈപ്പ് അപ്രൂവല്‍' നല്‍കിയത്. അതുകൊണ്ട് അധികം വൈകാതെ തന്നെ ഹീറോ സര്‍ജ് S32 ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ കീഴിലുള്ള 'സര്‍ജ്' എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഈ നൂതന പദ്ധതിക്ക് പിന്നില്‍.
സ്‌റ്റൈലിഷ് ഇലക്ട്രിക് വാഹനമാ്‌ണെങ്കിലും ഏത് കടുപ്പമേറിയ സാഹചര്യങ്ങളെയും നേരിടാന്‍ ഇത് പ്രാപ്തമാണ്. ഇലക്ട്രിക് വാഹന വിപണിയില്‍ ഇന്ത്യയെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമാക്കാന്‍ ഇത്തരം നൂതന വാഹനങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. വാഹനത്തിന്റെ കൃത്യമായ വിലയെ കുറിച്ചോ ലോഞ്ച് തീയതിയെ കുറിച്ചോ കമ്പനി ഇതുവരെ ഒരു വിവരവും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഇത് വിപണിയിലെത്തുമെന്നാണ് സൂചന. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താവിന് ഇരട്ടി ലാഭം നല്‍കുന്ന ഹീറോ സര്‍ജ് S32 വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ഒരേസമയം ഓട്ടോയും സ്‌കൂട്ടറുമായി ഉപയോഗിക്കാന്‍ പറ്റിയ ഹീറോയുടെ ഈ ക്ലാസ് ഷിഫ്റ്റിംഗ് വാഹനത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം മറക്കാതെ കമന്റ് ചെയ്യുമല്ലോ.


Click it and Unblock the Notifications








