ഒരു കെടിഎം ടച്ച്; ബിഎസ്-VI GS 310 ഇരട്ടകളുടെ ടീസർ ചിത്രവുമായി ബിഎംഡബ്ല്യു
ബവേറിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ GS 310 ഇരട്ട മോഡലുകളുടെ പുതിയ ബിഎസ്-VI മോഡലുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച മോഡലുകളുടെ ടീസർ ചിത്രം കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ GS 310 മോഡലുകൾക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും വ്യക്തമാക്കുന്നുണ്ട്.

ടിവിഎസിന്റെ സഹായത്തോടെ പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന GS 310 R, G 310 GS എന്നിവ ബിഎംഡബ്ല്യുവിൽ നിന്നുള്ള എൻട്രി ലെവൽ മോട്ടോർസൈക്കിളുകളാണ്. ഈ വർഷം തുടക്കത്തിൽ തന്നെ 310 ഇരട്ടകളെ വിപണിയിൽ എത്തിക്കാൻ ബ്രാൻഡ് തയാറെടുത്തെങ്കിലും കൊവിഡ്-19 മഹാമാരിയുടെ വ്യാപനം പദ്ധതി വൈകിപ്പിക്കുകയായിരുന്നു.
MOST READ: ബിഎസ്-VI മോജോയുടെ വിലയിൽ വർധനവുമായി മഹീന്ദ്ര

ബൈക്കുകൾക്ക് കാര്യമായ ഡിസൈൻ പരിഷ്ക്കരണങ്ങൾ ബിഎംഡബ്ല്യു നൽകുമെന്ന് ടീസർ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. അലോയ്കളും ഫ്രെയിമും പോലുള്ള ബൈക്കിന്റെ പല പ്രവർത്തന ഭാഗങ്ങളിലും ഓറഞ്ച് നിറത്തിന്റെ ആധിപത്യം നമുക്ക് കാണാൻ സാധിക്കും.

കൂടാതെ ബൈക്കിന്റെ പിൻവശം കെടിഎമ്മിന്റെ ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഇനി ഹൈദരാബാദിലും പൂനെയിലും

പുതുക്കിയ G 310 ഇരട്ടകളിൽ പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് യൂണിറ്റും മാറ്റം വരുത്തിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഇടംപിടിക്കും. ഹെഡ്‌ലാമ്പ് യൂണിറ്റിന്റെ മൊത്തത്തിലുള്ള ആകൃതി സമാനമാണെങ്കിലും ക്ലസ്റ്റർ ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള ഒരു പുതിയ സ്‌പോർട്ടിയർ ഡിസൈനാണിത് മുന്നോട്ടുകൊണ്ടുപോകുന്നത്.

പുതിയ ബൈക്കുകൾ അവയുടെ മുൻഗാമികളേക്കാൾ ഷാർപ്പും മസ്ക്കുലറുമായിക്കും. പുനർനിർമിച്ച എക്‌സ്‌ഹോസ്റ്റ് പൈപ്പും G 310 മോഡലുകളുടെ ഭാഗമാകും. അതോടൊപ്പം ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിച്ച പുതിയ 313 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോറാണ് ബൈക്കുകൾക്ക് കരുത്തേകുക.

ഇത് 34 bhp പവറും 28 Nm torque ഉം ആണ് അതിന്റെ ബിഎസ്-IV രൂപത്തിൽ നൽകിവന്നിരുന്നത്. ടിവിഎസിന്റെ പ്രധാന ഉൽപ്പന്നമായ അപ്പാച്ചെ RR310 സ്പോർട്സ് മോട്ടോർസൈക്കിളിൽ കാണുന്ന അതേ എഞ്ചിനാണിത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ സ്ലിപ്പർ ക്ലച്ചും ബൈക്കുകളിൽ ഇടംപിടിക്കും.

പുതുക്കിയ GS 310 R, G 310 GS മോഡലുകൾ അവയുടെ ബിഎസ്-IV പതിപ്പുകളേക്കാൾ വില കുറഞ്ഞതായിരിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മുൻ മോഡലുകൾക്ക് 2.99 ലക്ഷം രൂപയും 3.49 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയിരുന്നത്.


Click it and Unblock the Notifications








