ഹ്യുണ്ടായിയുടെ പുതിയ 'വെർണ' പകിട്ട്; റിവ്യൂ വിശേഷങ്ങൾ അറിയാം...
ഇന്ത്യയിൽ സെഡാനുകൾക്ക് ഇപ്പോൾ അത്രനല്ല കാലമല്ലെങ്കിലും ഇതുവരെ എസ്‌യുവികൾക്ക് മുന്നിൽ അടിപതാറാതെ നിലനിന്നു പോവുന്ന ചില മോഡലുകളുണ്ട്. ഹോണ്ട സിറ്റി നയിക്കുന്ന സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിലെ ചില കുട്ടപ്പൻമാരാണ് ഇന്നും വീറോടെ പടപൊരുതുന്നവർ. അതിൽ ഒരു പ്രധാനിയാണ് ഹ്യുണ്ടായി വെർണ.
കഴിഞ്ഞ ദിവസം ആറാംതലമുറ ആവർത്തനത്തിൽ അവതാരപ്പിറവിയെടുത്ത സെഡാൻ എസ്‌യുവികളെ വരെ നാണംകെടുത്തുന്ന ആഡംബരവുമായാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മങ്ങിപ്പോയ സെഡാൻ സെഗ്മെന്റിന് പുതുജീവനേകാൻ വാഹനത്തിനാവുമെന്നാണ് വിലയിരുത്തൽ. കൂടാതെ ബുക്കിംഗ് ആരംഭിച്ച് അധിക ദിവസമാവുന്നതിനു മുമ്പ് ആളുകൾ വണ്ടി വാങ്ങാൻ ഇരച്ചെത്തുകയും ചെയ്‌തു. നഷ്‌ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുക എന്നത് ചില്ലറകാര്യം ഒന്നുമല്ലെങ്കിലും ഫീച്ചറുകൾ കുത്തിനിറച്ച് ആളുകളെ കൈയിലെടുക്കാനുള്ള പദ്ധതി വിജയം കണ്ടിട്ടുണ്ടെന്ന് വേണം പറയാൻ.

എന്തായാലും ഹോണ്ട സിറ്റിയും അടുത്തിടെ മുഖംമിനുക്കിയെത്തിയതോടെ സെഗ്മെന്റിലെ മത്സരം കൊഴുക്കുമെന്ന് ഉറപ്പാണ്. രണ്ട് മോഡലുകളും ഇതേ വിലയിലുള്ള എസ്‌യുവികളോടും മാറ്റുരയ്ക്കുമ്പോൾ പഴയ പ്രതാപം വെർണയ്ക്ക് തിരികെപിടിക്കാനാവുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്. സെഡാനുകൾ യഥാർഥത്തിൽ എത്രത്തോളം 'അടിപൊളി' ആണെന്ന് രാജ്യത്തെ ഓർമ്മിപ്പിക്കാൻ നോക്കുന്ന അത്യാധുനികവും ഭാവിയുമുള്ളതുമായ വെർണയുടെ റിവ്യൂ വിശേഷങ്ങളിലേക്ക് ഇനി കടക്കാം.
ഡിസൈനും ഫീച്ചറുകളും: കാഴ്ച്ചയിലെ ആഡംബരത്തം തന്നെയാണ് ആറാംതലമുറ വെർണ സെഡാനെ വേറിട്ടു നിർത്തുന്നത്. ഒരു ലക്ഷ്വറി കാർ കാണുന്ന ഫീലാണ് വാഹനം നൽകുന്നതെന്ന് ചുരുക്കി പറയാം. പുതിയ ഹ്യുണ്ടായി കാറുകളിൽ കാണുന്ന അതേ സ്റ്റൈലിംഗ് തന്നെയാണ് വെർണയുടെ പുതുതലമുറ ആവർത്തനവും മുന്നോട്ടുകൊണ്ടുപോവുന്നത്. എന്നാൽ കാറിന്റെ മുൻമോഡലുകളൊന്നും ഇതിന്റെ ഏഴ് അയലത്ത് വരില്ലെന്നതും ശ്രദ്ധേയം. ക്രെറ്റയെ പോലെ വളഞ്ഞ ആകൃതിയാണ് മോഡൽ സ്വീകരിച്ചിരിക്കുന്നത്.

കൊറിയൻ കാർ നിർമാതാക്കളുടെ എസ്‌യുവികളായ അൽകസാർ, ട്യൂസോൺ, അടുത്തിടെ പുറത്തിറക്കിയ അയോണിക് 5 ഇവി എന്നിവയിൽ നമ്മൾ കണ്ടിട്ടുള്ള ഹ്യുണ്ടായിയുടെ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ്യമാണ് സ്റ്റൈലിംഗിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ശരിക്കും ഇനിയൊരു മാറ്റമില്ലാതെ വർഷങ്ങളോളം ഓടാനുള്ള ഭംഗി വാഹനത്തിനുണ്ടെന്ന് കാഴ്ച്ചയിൽ മനസിലാക്കാം. ആറാം തലമുറ ഹ്യുണ്ടായി വെർണയുടെ മുൻവശത്തേക്ക് നോക്കിയാൽ സ്‌പ്ലിറ്റ് ഹെഡ്‌ലൈറ്റ് ഡിസൈനും വലിയ ഗ്രില്ലുമാവും ആദ്യം കണ്ണിലുടക്കുക.
അതോടൊപ്പം സെഡാന്റെ മുൻഭാഗത്ത് വീതിയിലോടുന്ന കണക്‌റ്റഡ് എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് സ്ട്രിപ്പും പുതിയ ഭാവം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇതോടൊപ്പം പാരാമെട്രിക് ജുവൽ ഫ്രണ്ട് ഗ്രില്ലും കൂടിച്ചേരുന്നതോടെ സംഭവം കളറാവുന്നുണ്ട്. ടർബോ പെട്രോൾ വേരിയന്റുകളിൽ പാരാമെട്രിക് ഗ്രില്ലിന് മുകളിൽ ചെറിയ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എയർ ഇൻടേക്ക് ഫീച്ചർ ചെയ്യുന്നുമുണ്ട്. ഇത് സെഡാന്റെ സ്പോർട്ടിനെസ് ഉയർത്തുന്നുണ്ട്.

ഇനി വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാലും തികച്ചും പുതിയൊരു കാറിന്റെ ഫീലാണ് ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. സൈഡിൽ നിന്നും നോക്കിയാൽ വെർണയോണോയെന്ന സംശയം വരെ പലരിലും ജനിപ്പിച്ചേക്കാം. വലിപ്പമേറിയ ഏതോ ഒരു ആഡംബര കാറാണെന്ന് തോന്നിപ്പിച്ചാലും അതിശയിക്കാൻ ഒന്നുമില്ല. ഇനിടെ എഡ്ജി ക്യാരക്ടർ ലൈനുകൾ, പുത്തൻ ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ തന്നെയാണ് ഹൈലൈറ്റ്. സെഡാന്റെ ഫാസ്റ്റ്ബാക്ക് ശൈലിയും സെഗ്മെന്റിൽ തന്റേതായ ഐഡന്റിന്റിയുണ്ടാക്കാനും സഹായിക്കുന്ന കാര്യമാണ്.
തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് 15 അല്ലെങ്കിൽ 16 ഇഞ്ച് വീലുകളാണ് പുതിയ വെർണയ്ക്ക് ലഭിക്കുക. സിൽവർ അല്ലെങ്കിൽ ബ്ലാക്ക് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് ഇവ നിരത്തിലേക്ക് എത്തുന്നത്. വിൻഡോകൾക്ക് ചുറ്റിനുമായി ഉപയോഗിച്ചിരിക്കുന്ന ക്രോം ഘടകങ്ങൾ ഡോർ ഹാൻഡിലുകളിലും ഇടംപിടിച്ചിട്ടുണ്ട്. ഫാസ്റ്റ്ബാക്ക് ശൈലിയിലുള്ള മേൽക്കൂര സുഗമമായി ബൂട്ടിലേക്ക് ഒഴുകുന്നു രീതിയാണ് പിൻഭാഗത്തെ ഹൈലൈറ്റ്. അതോടൊപ്പം കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും കാറിന്റെ ഗാംഭീര്യം വർധിപ്പിക്കുന്നു.

ടെയിൽലൈറ്റുകൾക്ക് മുകളിൽ വലിയ ഹ്യുണ്ടായി ലോഗോ ഇടംപിടിച്ചപ്പോൾ വേരിയന്റ് ബാഡ്ജിംഗ് ബൂട്ട് ലിഡിന്റെ താഴെ വലതുവശത്തായി കാണാം. 2023 വെർണയുടെ പ്രീമിയം രൂപത്തിലേക്ക് ചേർക്കുന്ന ഒരു പാറ്റേൺ സെഗ്‌മെന്റും പിൻ ബമ്പറിൽ അവതരിപ്പിക്കുന്നുണ്ട്. ധാരാളം ലഗേജുകൾ ഉൾക്കൊള്ളുന്ന ഒരു വലിയ 528 ലിറ്റർ ബൂട്ടാണ് കാറിൽ ഒരുക്കിയിരിക്കുന്നത്. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ആഡംബര കാറുകളോട് കിടപിടിക്കുന്ന അകത്തളമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഘടിപ്പിച്ച വെർണ വേരിയന്റുകൾക്ക് ഡ്യുവൽ-ടോൺ തീം ലഭിക്കുമ്പോൾ പുതിയ ടർബോ-പെട്രോൾ എഞ്ചിൻ പതിപ്പുകൾ ഡാഷിലും ഡോറുകളിലും ചുവന്ന ആക്‌സന്റുകളുള്ള കൂടുതൽ സ്‌പോർട്ടി ബ്ലാക്ക് തീമാണ് അവതരിപ്പിക്കുന്നത്. ടൂ ടോൺ ഫിനിഷുള്ള ലേയേർഡ് ഡാഷ്‌ബോർഡിൽ ഒരു ജോടി 10.25 ഇഞ്ച് ഡിസ്പ്ലേകളാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിനായുമാണ് നിയോഗിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നതാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ഫീച്ചറുകളും ഇതിൽ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സജ്ജീകരണം 8-യൂണിറ്റ് ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റവുമായാണ് എത്തുന്നത്. ഇത് മ്യൂസിക് പ്രേമികളെ കൈയിലെടുക്കാനാവുന്ന ഫീച്ചറാണ്. ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയ്ക്കും താഴെയുള്ള വെന്റുകൾക്കും താഴെയായി മൂന്ന് വ്യത്യസ്ത മോഡുകൾ അവതരിപ്പിക്കുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ കൺട്രോളുകളാണ് കാണാനാവുക.
12 ഭാഷകൾക്കുള്ള പിന്തുണയുള്ള 10.25 ഇഞ്ച് HD ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും TFT MID സ്ക്രീനുള്ള ഡിജിറ്റൽ ക്ലസ്റ്ററും കർവി ഷേപ്പിലാണ് ഒരുക്കിയിരിക്കുന്നത് എന്ന കാര്യവും പ്രത്യേകം എടുത്തു പറയേണ്ടതായുണ്ട്. ഇനി സ്പേസിന്റെ കാര്യം പറയാം... ക്യാബിൻ വളരെ വിശാലമായി ക്രമീകരിച്ചിരിക്കുന്നതിനാൽ ഉയരമുള്ള വ്യക്തികൾക്ക് പോലും പിന്നിൽ സുഖമായി ഇരിക്കാൻ ആവശ്യത്തിലധികം ഇടമുണ്ട്. മുൻഗാമിയേക്കാൾ 70 മില്ലീമീറ്റർ അധിക നീളത്തിൽ ഒരുക്കിയിരിക്കുന്നതാണ് ഈ നേട്ടം കൈവരിക്കാൻ കാരണമായിരിക്കുന്നത്.
സീറ്റുകൾ ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ മതിയായ സർപ്പോർട്ടും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. മുൻവശത്തെ സീറ്റുകൾ ഹീറ്റഡ്, വെന്റിലേറ്റഡ് സവിശേഷതകളുമായാണ് വരുന്നത്. കൂടാതെ പവർഡ് ഡ്രൈവർ സീറ്റ്, സ്റ്റിയറിങ്ങിനുള്ള ടിൽറ്റ്, ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റ് എന്നീ ഫീച്ചറുകളും പുത്തൻ വെർണയിൽ കോർത്തിണക്കിയിട്ടുണ്ട്. ഫീച്ചറുകളൊന്നും തീർന്നിട്ടില്ല. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വലിയ പനോരമിക് സൺറൂഫാണ് ലക്ഷ്വറി കാറുകളെ നാണിപ്പിക്കുന്ന മറ്റൊരു പ്രധാന ഹൈലൈറ്റ്.

64 വ്യത്യസ്ത കളർ ഓപ്ഷനുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, കൂൾഡ് ഗ്ലോവ്ബോക്സ്, ടു-സ്പോക്ക് സ്റ്റിയറിംഗ് വീലിനും ഗിയർ ലിവറിനും വേണ്ടിയുള്ള ലെതറെറ്റ് റാപ്പുകൾ എന്നിവയും 2023 ഹ്യുണ്ടായി വെർണയുടെ പ്രീമിയംനെസ് ഉയർത്തുന്നു. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, വിഎസ്എം, ട്രാക്ഷൻ കൺട്രോൾ, TPMS, ISOFIX, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ADAS ഫീച്ചറുകളുടെ വലിയ നിര എന്നിവയാണ് പ്രീമിയം സെഡാനിലെ മറ്റ് പ്രധാന സവിശേഷതകൾ.
കാറിലെ ലെവൽ 2 ADAS അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഫോളോ അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം എന്നിവയെല്ലാമാണ് ഹ്യുണ്ടായി വെർണ വാഗ്ദാനം ചെയ്യുന്നത്. ഇനി കാറിന്റെ മറ്റ് വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം.
വലിപ്പവും എഞ്ചിൻ ഓപ്ഷനുകളും: 2023 ഹ്യുണ്ടായി വെർണ അതിന്റെ മുൻഗാമിയേക്കാൾ വളരെ വലുതാണ്. പുതിയ സെഡാന് 4,535 mm നീളവും 1,765 mm വീതിയും 1,475 mm ഉയരവും വീൽബേസിന് 2,670 mm നീളവുമുണ്ട്. അതേസമയം ആറാംതലമുറ ആവർത്തനം 170 മീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് നമ്മുടെ റോഡുകൾക്ക് പര്യാപ്തമാണെന്നതിൽ ആർക്കും ഒരു സംശയവും വേണ്ട.
പുതിയ ഹ്യുണ്ടായി വെർണ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ആദ്യത്തേത് 115 bhp പവറിൽ 144 Nm torque നൽകാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഹ്യുണ്ടായിയുടെ ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (ഓട്ടോമാറ്റിക്) എന്നിവയുമായി ജോടിയാക്കി ഈ മോഡൽ സ്വന്തമാക്കാനാവും.
അതേസമയം കാറിന്റെ രണ്ടാമത്തെ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 158 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ഇത് വരുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിൽ പുതിയ ഹ്യുണ്ടായി വെർണയിൽ മുൻവശത്ത് കോയിൽ സ്പ്രിംഗ് സജ്ജീകരണമുള്ള മക്ഫെർസൺ സ്ട്രട്ടും പിന്നിൽ കപ്പിൾഡ് ടോർഷൻ ബീം ആക്‌സിലുമാണ് ഹ്യുണ്ടായി ഉപയോഗിച്ചിരിക്കുന്നത്.
പുതിയ വെർണയുടെ ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത് മുൻവശത്ത് ഡിസ്കുകളും പിന്നിൽ ഡ്രമ്മുകളുമാണ്. എന്നാൽ ടോപ്പ് എൻഡ് ടർബോ ഡിസിടി വേരിയന്റിന് മാത്രം എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവിംഗ് ഇംപ്രഷൻ: ഇത്രയും മികവുള്ള കാറോടിക്കാൻ എങ്ങനെയുണ്ടെന്നല്ലേ ഇനി എല്ലാവർക്കും അറിയേണ്ടത്. റിവ്യൂ വിശേഷങ്ങൾക്കായി ലഭിച്ചത് ടർബോ വേരിയന്റായിരുന്നു. പുതിയ അൽകസാർ എസ്‌യുവിയിൽ അടുത്തിടെ കണ്ട ഈ 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ സെഗ്മെന്റിലെ ഏറ്റവും പവർഫുൾ മോഡലായി വെർണയെ മാറ്റുന്നുണ്ട്. തുടക്കത്തിൽ ചെറിയ ലാഗുണ്ടെങ്കിലും മികച്ച മിഡ്, ടോപ്പ്-എൻഡ് നൽകിയാണ് ഹ്യുണ്ടായി ഇതിനെ മറികടന്നിരിക്കുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് പതിപ്പിന്റെ ഷിഫ്റ്റുകൾ വരെ സ്മൂത്തായതിനാൽ സ്റ്റോപ്പ് ആൻഡ് ഗോ ട്രാഫിക്കിൽ പോലും ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.
അതേസമയം മറുവശത്ത് 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ബോക്‌സ് ഒരു സ്ലീക്ക് ഷിഫ്റ്ററാണ് സമ്മാനിക്കുന്നത്. ഇതിനൊപ്പം പാഡിൽ ഷിഫ്റ്റുകൾ കൂടി ഹ്യുണ്ടായി കോർത്തിണക്കിയിരിക്കുന്നത് ശരിക്കും രസകരമായ അനുഭവമാണ് നൽകുന്നത്. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുമായാണ് പുതിയ വെർണ എത്തുന്നത്. ഗിയർസ്റ്റിക്കിന് അടുത്തുള്ള ഒരു ബട്ടണുകളാണ് മൂന്ന് ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ അനുവദിക്കുന്നത്.
വെർണയുടെ സ്റ്റിയറിംഗ് ഫീഡ്ബാക്കും മികച്ചതാണ്. ഡ്രൈവർ നൽകുന്ന ഇൻപുട്ടുകളോട് ഇത് വേഗത്തിൽ പ്രതികരിക്കാൻ കഴിവുള്ളതാണ്. കോർണറിംഗിൽ ചെറിയ ബോഡി റോൾ അനുഭവപ്പെട്ടേക്കാം എന്നതും എടുത്തു പറയേണ്ട കാര്യമാണ്. മോശം റോഡുകളിൽ വാഹനം നന്നായി പെരുമാറുന്നതും പ്ലസ് പോയിന്റാണ്. എസ്‌യുവികൾക്ക് പകരമായി മികച്ച യാത്രാ സുഖവും പെർഫോമൻസും തിരയുന്നവർക്കുള്ള ഉത്തരമാണ് വെർണ. 10.99 ലക്ഷം മുതൽ തുടങ്ങുന്ന വിലയും താരതമ്യേന ആകർഷണീയമാണ്.


Click it and Unblock the Notifications








