ഒന്നാന്തരം സേഫ്റ്റിയുള്ള മാരുതിയുടെ ഔഡി കാർ, പുത്തൻ ഡിസയറിന്റെ റിവ്യൂ വിശേഷങ്ങൾ വായിക്കാം
മാരുതിയുടെ സേഫ്റ്റിയുള്ള കാർ വാങ്ങാൻ കാത്തിരുന്നവരെയെല്ലാം സന്തോഷിപ്പിച്ച് പുതുതലമുറ ഡിസയർ വിപണിയിൽ എത്തിക്കഴിഞ്ഞു. അടിപൊളി ഡിസൈനും മോഡേൺ ഫീച്ചറുകളും ഉഗ്രൻ വിലയുമായി കോംപാക്‌ട് സെഡാൻ ഒരു പൊളിപൊളിക്കുമെന്ന് ഉറപ്പാണ്. 2008-ലാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി 4-മീറ്ററിൽ താഴെയുള്ള സെഡാൻ പുറത്തിറക്കുന്നത്. പിന്നീട് വർഷങ്ങൾക്കിപ്പുറം എസ്‌യുവികളുടെ ട്രെൻഡിനിടയിലും മോശമല്ലാത്ത വിൽപ്പന കണക്കുകളുമായി ഡിസയർ അരങ്ങുവാണു. 16 വർഷത്തിനുള്ളിൽ രാജ്യത്തെ എക്കാലത്തെയും മികച്ച വിൽപ്പനയുള്ള സെഡാനായി മാറാൻ ഡിസയറിനായതും ശ്രദ്ധേയമായ കാര്യമാണ്.
16 വർഷങ്ങൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ ഡിസയറിലേക്ക് തലമുറ മാറ്റവും ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളുമെല്ലാം കൊണ്ടുവരാൻ മാരുതി കാണിച്ച മിടുക്കും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ആദ്യ കാലത്ത് സ്വിഫ്റ്റ് ഡിസയർ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിൽ പിന്നീട് എപ്പോഴോ സ്വയം അഡ്രസുണ്ടാക്കിയെടുക്കാൻ ഈ കോംപാക്‌ട് സെഡാനായി. എക്കാലവും വിലയുടെ കാര്യത്തിലും സാധാരണക്കാരനോട് ചോർന്ന് നിൽക്കാൻ മോഡലിനായിട്ടുണ്ട്.

നാലാംതലമുറ ആവർത്തനത്തിലും മുൻഗാമികളോട് നീതി പുലർത്തിയാണ് മാരുതി ഡിസയറിന് വിലയിട്ടിരിക്കുന്നത്. 6.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മാരുതി കാർ വാങ്ങാം. ഒറ്റനോട്ടത്തിൽ പുതിയ ഡിസയർ ഒരു വിപ്ലവം തന്നെയാണെന്ന് ഉറപ്പിക്കാം. എങ്കിലും സെഡാൻ മൊത്തത്തിൽ എങ്ങനെയുണ്ടെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവുമല്ലോ. അതിനായി കാറിന്റെ റിവ്യൂ വിശേഷങ്ങളിലേക്ക് കടന്നാലോ?
ഡിസൈൻ: ആദ്യം സംസാരിക്കേണ്ടത് പുത്തൻ ഡിസയറിന്റെ രൂപത്തേക്കുറിച്ചാണ്. വളഞ്ഞുരുണ്ട മേനിയഴകെല്ലാം പോയി പുതിയ ഡിസയറിനെ കൂടുതൽ ചതുരാകൃതിയിലുള്ള ഷേപ്പിലാണ് മാരുതി പണികഴിപ്പിച്ചിരിക്കുന്നത്. സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും കാഴ്ച്ചയിൽ ഇരുവരും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് തന്നെ പറയാം. ഇക്കാര്യത്തിന് പലരും മാരുതിക്ക് കൈയടി കൊടുക്കും.

മുൻവശത്ത് നിന്ന് നോക്കുമ്പോൾ ഔഡി കാറുകളുടെ ടച്ച് പോലെയും തോന്നിയേക്കാം. വലിയ ഷഡ്ഭുജാകൃതിയിലുള്ള കറുത്ത ഗ്രില്ല് അടിപൊളിയാമ്. ഇതിന് ചുറ്റും പൊതിഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഗ്രില്ലിൻ്റെ മുകൾ ഭാഗത്ത് ഒരു പിയാനോ ബ്ലാക്ക് ഇൻസേർട്ട് കൊടുത്തിരിക്കുന്നതും മനോഹരമായിട്ടുണ്ട്. അതിനടിയിൽ പ്രവർത്തിക്കുന്ന ഒരു ക്രോം സ്ട്രിപ്പ് സുസുക്കി ബാഡ്ജിനെ ഹെഡ്‌ലൈറ്റുകളുമായി ബന്ധിപ്പിക്കുന്നുണ്ട്.
ബ്ലാക്ക്-ഔട്ട് സറൗണ്ടുകളോട് കൂടിയ സ്റ്റൈലിഷായ "ക്രിസ്റ്റൽ വിഷൻ" എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ഉഗ്രനാണ്. ഇതോടൊപ്പം ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും കൊടുത്തിട്ടുണ്ട്. ഓരോ കോണിലും സൂക്ഷ്മമായ ക്രീസുകളുള്ള ഒരു ഫ്ലാറ്റ് ബോണറ്റാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇനി വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ പുതിയ ഡ്യുവൽ-ടോൺ 15 ഇഞ്ച് അലോയ് വീലുകളിലേക്കും കോണ്ടൂർഡ് ഡോർ പാനലുകളിലേക്കും ഫെൻഡറുകളിലേക്കുമായിരിക്കും കണ്ണ് ആകർഷിക്കപ്പെടുക.

ഡിസയറിൻ്റെ പിൻഭാഗത്തേക്ക് ഒഴുകിയിറങ്ങുന്ന ഗ്ലാസ് ഏരിയയിലും കണ്ണുടക്കിയേക്കാം. പുതിയ ഡിസയറിൻ്റെ പിൻഭാഗത്ത് ബൂട്ട് ലിഡിന്റെ മുകളിലായി സ്‌പോയിലർ പോലത്തെ ഘടകങ്ങളും കാണാം. നാലാം തലമുറ ഡിസയറിന് ആംഗുലർ ഇൻസെർട്ടുകളോട് കൂടിയ ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണ് നൽകിയിരിക്കുന്നത്. അവയ്ക്ക് മുകളിൽ ഡിസയർ, സുസുക്കി ബാഡ്‌ജിംഗും കാണാം. അങ്ങനെ മൊത്തത്തിൽ ലുക്കിന്റെ കാര്യത്തിൽ വാഹനം കിടിലമാണ്.
ഇന്റീരിയർ: സെഡാന്റെ അകത്തളത്തിലേക്ക് കയറിയാൽ മൊത്തത്തിലുള്ള ഡിസൈൻ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അനുകരിക്കുന്നുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഡാഷ്ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. Arkayms സൗണ്ട് സിസ്റ്റം കൊടുത്തിരിക്കുന്നതിനാൽ യാത്രകളിൽ സംഗീതാസ്വാദനം മികച്ചതാവും.

റിയർ എസി വെൻ്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, സെഗ്‌മെന്റ് ഫസ്റ്റ് ഇലക്ട്രിക് സിംഗിൾ-പാൻ സൺറൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞതാണ് പുതിയ ഡിസയറിൻ്റെ ഇന്റീരിയർ. ദീർഘദൂര യാത്രകൾക്ക് പോലും സൗകര്യപ്രദമായ സീറ്റിംഗ് ബീജ് അപ്‌ഹോൾസ്റ്ററിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് സുഖമായി പിൻസീറ്റിലിരിക്കാൻ മാത്രം സ്പേസും കോംപാക്‌ട് സെഡാനിൽ ഒരുക്കിയിട്ടുണ്ട്.
382 ലിറ്റർ ലഗേജ് സ്പേസാണ് ഡിസയറിനുള്ളത്. അതായത് ഒരു ട്രിപ്പിന് ഫാമിലിക്ക് വേണ്ടുന്ന സാധനങ്ങളെല്ലാം കയറ്റാൻ യെവൻ മതിയാവും. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ വാഹനത്തിൽ സ്റ്റാൻഡേർഡായി നിരവധി സുരക്ഷാ ഫീച്ചറുകളും മാരുതി കൊടുത്തിട്ടുണ്ട്. 6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റിനും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയാണ് ഡിസയറിലെ സേഫ്റ്റി ഫീച്ചറുകൾ.

വലിപ്പം: പുതിയ 2024 മാരുതി സുസുക്കി ഡിസയറിന് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവുമുണ്ട്. പുതിയ ഡിസയറിന് അതിൻ്റെ മുൻഗാമിയേക്കാൾ 10 മില്ലീമീറ്റർ അധിക ഉയരമുണ്ട്. കൂടാതെ 2,450 മില്ലീമീറ്റർ നീളമുള്ള വീൽബേസും 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് സെഡാന് കൊടുത്തിരിക്കുന്നത്. 185 സെക്ഷൻ ടയറുകളുമായി വരുന്ന 15 ഇഞ്ച് വീലുകളാണ് സമ്മാനിച്ചിരിക്കുന്നത്.
എഞ്ചിനും പെർഫോമൻസും: പുതിയ സ്വിഫ്റ്റിൽ കണ്ട അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഡിസയറും വരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി പറയുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായി വരുന്നതിനാൽ നല്ല മൈലേജും കിട്ടും.

ഓടിക്കാൻ എങ്ങനെയുണ്ട്: മുമ്പുണ്ടായിരുന്ന K സീരീസ് എഞ്ചിനിൽ നിന്ന് പുതിയ Z12E എഞ്ചിനിലേക്ക് മാറിയതിനാൽ കാറിന്റെ പവറും ടോർക്കും കുറഞ്ഞിട്ടുണ്ട്. പക്ഷേ സിലിണ്ടറിൻ്റെ നഷ്‌ടവും പെർഫോമൻസും ഡിസയറിനെ അൽപ്പം പോലും ബാധിച്ചതായി തോന്നുന്നില്ല. ഓടിക്കുമ്പോൾ ഇക്കാര്യം മനസിലാവും. ലീനിയർ പവർ ഡെലിവറിയാണ് വാഹനത്തിനുള്ളത് എന്നതിനാൽ കാല് കൊടുത്താൽ പറക്കത്തൊന്നുമില്ല കേട്ടോ.
എങ്കിലും മോശമല്ലാത്ത തരത്തിൽ എഞ്ചിൻ പ്രതികരിക്കുന്നുണ്ട്. എഎംടി ഗിയർബോക്‌സിൽ അൽപ്പം ലാഗ് കൂടുതലായിരിക്കുമെന്നും ഓർത്തോണേ. സ്റ്റിയറിംഗ് ഭാരം കുറഞ്ഞതായതിനാൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുന്നുണ്ട്. ഡിസയറിൻ്റെ സസ്‌പെൻഷൻ സജ്ജീകരണം തികച്ചും സന്തുലിതമായി അനുഭവപ്പെടുകയും ചെയ്‌തു. കോർണറുകളിൽ പുതിയ സെഡാന് അത്രയ്ക്ക് ബോഡി റോൾ ഒന്നുമില്ല താനും.
എന്തായാലും മൊത്തത്തിൽ നോക്കുമ്പോൾ പുത്തൻ മാരുതി ഡിസയർ കിടിലമാണെന്ന് പറയാം. എല്ലാത്തരത്തിലുള്ള ആളുകളേയും തൃപ്തിപ്പെടുക്കാനും വാഹനത്തിനാവുമെന്നാണ് പ്രതീക്ഷ. ഒപ്പം ഇതേ വിലയിലുള്ള എസ്‌യുവികളേക്കാൾ യാത്രാ സുഖവും മൈലേജും കിട്ടുന്നതും ആശ്വാസകരമായിരിക്കും. ഒപ്പം മാരുതിയുടെ കാറിന് 5-സ്റ്റാർ സേഫ്റ്റി കൂടിയുണ്ടെന്ന് അറിയുമ്പോൾ കണ്ണുംപൂട്ടി വാങ്ങാം.


Click it and Unblock the Notifications








