സാധാരണക്കാരന് പറ്റിയ ഇലക്‌ട്രിക് കാർ, കിടിലൻ കംഫർട്ടും കുറഞ്ഞ വിലയും! പുത്തൻ ടിയാഗോ ഇവിയുടെ റിവ്യൂ വിശേഷങ്ങൾ

സാധാരണക്കാരിലേക്കും ഇലക്‌ട്രിക് കാറുകളെ അടുപ്പിച്ചവരാണ് ടാറ്റ മോട്ടോർസ്. ഇവി വിപണിയുടെ ഭാവി കൃത്യമായി മനസിലാക്കി പ്രവർത്തിച്ച കമ്പനി ഇന്ന് ഇന്ത്യയിലെ നമ്പർ 1 ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ്. എംജിയും മഹീന്ദ്രയും ആഞ്ഞുപിടിച്ചിട്ടും തളയ്ക്കാനാവാതെ ടാറ്റ കുതിച്ചുപായുകയാണ്. നെക്സോൺ, പഞ്ച്, ടിയാഗോ എന്നിങ്ങനെ ജനകീയ മോഡലുകളെയെല്ലാം വൈദ്യുതി കരുത്തിൽ പുറത്തിറക്കിയ ബ്രാൻഡ് ജനങ്ങളുടെ പൾസറിഞ്ഞാണ് മുമ്പോട്ട് പോവുന്നത്. ഇതോടൊപ്പം കൃത്യമായ ഇടവേളകളിൽ കാറുകളെ നവീകരിക്കാൻ കാണിക്കുന്ന ധൈര്യവും ചെറുതല്ല. ഇക്കഴിഞ്ഞ ദിവസം ടിയാഗോ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായാണ് ടാറ്റ വിപണിയിലെത്തിയത്.

അഡാറ് ലുക്കും അത്യാധുനിക ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ പുത്തൻ ടിയാഗോ ഇവിക്ക് 6.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 4.69 ലക്ഷം രൂപയുണ്ടേൽ ഇലക്‌ട്രിക് ഹാച്ച്ബാക്ക് ബാറ്ററി ആസ്-എ-സർവീസ് പ്രോഗ്രാം വഴിയും സ്വന്തമാക്കാനാവുമെന്നതാണ് രസകരമായ മറ്റൊരു കാര്യം. ഇങ്ങനെ വാങ്ങുമ്പോൾ കിലോമീറ്ററിന് 2.60 രൂപ വാടകയായി നൽകേണ്ടി വരുമെന്ന് മാത്രം. എന്തായാലും പുത്തൻ മോഡൽ വിപണിയിൽ വലിയ തരംഗമാവുമെന്നതിൽ സംശയമൊന്നും വേണ്ട. ടിയാഗോ ഇവിയുടെ റിവ്യൂ വിശേഷങ്ങൾ വായിച്ചാലോ?

2026 Tata Tiago EV Review

എക്സ്റ്റീരിയറും ഇന്റീരിയറും

2026 ടാറ്റ ടിയാഗോ ഇവിയിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ മുൻവശത്താണ് നൽകിയിരിക്കുന്നത്. സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഐബ്രോ-സ്റ്റൈൽ എൽഇഡി ഡിആർഎൽ, ക്ലോസ്-ഓഫ് ബോഡി-കളർ ഗ്രിൽ എന്നിവ ഉൾക്കൊള്ളുന്ന റീഡിസൈൻ ചെയ്ത മുൻവശം കിടിലമായിട്ടുണ്ട്. താഴത്തെ അരികുകളിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ ഫോക്സ് എയർ വെന്റുകൾ ഉപയോഗിച്ച് ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതുതായി സ്റ്റൈൽ ചെയ്ത 14 ഇഞ്ച് വീലുകളും കോൺട്രാസ്റ്റിംഗ് വീൽ-ആർച്ച് ക്ലാഡിംഗും ഇലക്ട്രിക് ഹാച്ച്ബാക്കിന് കൂടുതൽ മോഡേൺ ടച്ച് നൽകുന്നുണ്ട്. പിൻവശത്ത് കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പുതുക്കിയ റിയർ ബമ്പർ, ഡ്യുവൽ-ടോൺ ബ്ലാക്ക് റൂഫ്, ഷാർക്ക്-ഫിൻ ആന്റിന, ക്രോം-ഫിനിഷ്ഡ് ഡോർ ഹാൻഡിലുകൾ എന്നിവ കാറിന്റെ പുതുരൂപത്തിന് കൂടുതൽ സംഭവാന നൽകുന്നുണ്ട്.

2026 Tata Tiago EV Review

ഡെറാഡൂൺ ഡ്യൂ, സോബോ സർജ്, പാംഗോംഗ് പൾസ്, മതേരൻ മൺസൂൺ, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ ആറ് നിറങ്ങളിലാണ് ടാറ്റ 2026 ടാറ്റ ടിയാഗോ ഇവി വാഗ്ദാനം ചെയ്യുന്നത്. എക്സ്റ്റീരിയറിലേത് പോലെ ഇന്റീരിയറും വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഡ്യുവൽ-ടോൺ തീം ഉപയോഗിച്ച് ഡാഷ്‌ബോർഡ് പൂർണമായും പുനർരൂപകൽപ്പന ചെയ്‌തിരിക്കുകയാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം കിടുവായിട്ടുണ്ട്.

2026 ടാറ്റ ടിയാഗോ ഇവിയിൽ ഇപ്പോൾ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 40-ലധികം ഫംഗ്ഷനുകളുള്ള കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ, കൂൾഡ് ഗ്ലൗബോക്‌സ്, ഓട്ടോ-ഫോൾഡിംഗ് ഒആർവിഎമ്മുകൾ പോലുള്ള ഫീച്ചറുകളും ടാറ്റ മോട്ടോർസ് സമ്മാനിച്ചിട്ടുണ്ട്. ഇവിയുടെ അധിക അപ്‌ഗ്രേഡുകളിൽ ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, പുനർരൂപകൽപ്പന ചെയ്ത ഡോർ പാഡുകൾ, പുതിയ ഗ്രേ അപ്ഹോൾസ്റ്ററി, ഗ്ലോസ്-ബ്ലാക്ക് സെന്റർ കൺസോൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

2026 Tata Tiago EV Review

സേഫ്റ്റി

സേഫ്റ്റിയുടെ കാര്യത്തിൽ പണ്ടേ വിട്ടുവീഴ്ച്ചയില്ലാത്തവരാണ് ടാറ്റ മോട്ടോർസ്. മുമ്പത്തെ ഡ്യുവൽ-എയർബാഗ് സജ്ജീകരണത്തിന് പകരമായി ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റിൽ ഇപ്പോൾ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. ഒന്നിലധികം വ്യൂവിംഗ് മോഡുകളും ബ്ലൈൻഡ്-വ്യൂ മോണിറ്ററും ഉള്ള 360-ഡിഗ്രി ക്യാമറയും ഹാച്ച്ബാക്കിൽ കൊണ്ടുവന്നു. ട്രാക്ഷൻ കൺട്രോളോടുകൂടിയ ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, TPMS, ടോർക്ക് വെക്റ്ററിംഗ്, ഇബിഡിയുള്ള എബിഎസ് എന്നീ സുരക്ഷാ സന്നാഹങ്ങളെല്ലാം കാറിൽ ലഭിക്കുന്നതാണ്.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ എന്നീ അധിക ഫീച്ചറുകളും ടാറ്റയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിൽ ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ക്രാഷ് പ്രൊട്ടക്ഷനായി വാഹനത്തിന്റെ ഘടന ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. ചാർജിംഗ് പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. അപ്‌ഡേറ്റ് ചെയ്ത ടിയാഗോ ഇവിക്ക് ഇപ്പോൾ വെറും 18 മിനിറ്റിനുള്ളിൽ 100 ​​കിലോമീറ്റർ ദൂരം വർദ്ധിപ്പിക്കാൻ കഴിയുമെന്നും ഇത് മുമ്പത്തേക്കാൾ 40 ശതമാനം വേഗത്തിലാക്കുമെന്നും ടാറ്റ അവകാശപ്പെടുന്നു.

2026 Tata Tiago EV Review

ടിയാഗോ ഇവിയുടെ രണ്ട് ബാറ്ററി വകഭേദങ്ങളും ഡിസി ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയാണ് വരുന്നത്. കൂടാതെ 30kW DC ചാർജർ ഉപയോഗിച്ച് ഏകദേശം 35 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 3.3kW, 7.2kW AC ചാർജിംഗ് ഓപ്ഷനുകളുമായി ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. അങ്ങനെ എല്ലാക്കാര്യത്തിലും മിടുക്കനായി എന്നല്ല കേട്ടോ, ചില പോരായ്മകളും ഈ കുഞ്ഞൻ ഇവിയിലുണ്ട്.

ബാറ്ററി പായ്ക്കും റേഞ്ചും

2026 ടാറ്റ ടിയാഗോ ഇവിയിൽ 19.2 kWh, 24kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ലഭിക്കുക. ചെറിയ ശേഷിയുള്ള പതിപ്പിന്റെ ഇലക്ട്രിക് മോട്ടോർ 61 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ലോംഗ് റേഞ്ച് വേരിയന്റ് 75 bhp കരുത്തിൽ 114 Nm നൽകുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

2026 Tata Tiago EV Review

റേഞ്ചിലേക്ക് വന്നാൽ 19.2kWh പതിപ്പ് ഫുൾ ചാർജിൽ 226 കിലോമീറ്ററും 24 kWh വേരിയന്റിന് 285 കിലോമീറ്റർ റേഞ്ചുമാണ് അവകാശപ്പെടുന്നത്. പുതിയ ടിയാഗോ ഇവിയിൽ നാല് ലെവലുകളുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം നിലനിർത്തിയിട്ടുണ്ട്. കൂടാതെ സിറ്റി, സ്പോർട്ട് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. വലിയ ബാറ്ററി പതിപ്പിന് 5.7 സെക്കൻഡിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനാവും.

ആദ്യമായി രജിസ്റ്റർ ചെയ്ത ഉടമയ്ക്ക് 24kWh പതിപ്പിന്റെ ഹൈ-വോൾട്ടേജ് ബാറ്ററി പാക്കിൽ ലൈഫ് ടൈം അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ചെറിയ ബാറ്ററി മോഡലുകൾക്ക് 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് കമ്പനി നൽകുന്നത്. അതിനാൽ വിശ്വസിച്ച് ഈ ഇലക്‌ട്രിക് ഹാച്ച്ബാക്ക് വാങ്ങിക്കാനാവുന്നതാണ് കേട്ടോ.

2026 Tata Tiago EV Review

ഓടിക്കാൻ എങ്ങനെയുണ്ട്

ഡ്രൈവിംഗ് എക്‌സ്പീരിയൻസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്നറിയാൻ ടാറ്റ ടിയാഗോ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പാണ് ഓടിച്ചുനോക്കാൻ അവസരം ലഭിച്ചത്. സിംഗിൾ-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 75 bhp പവറിൽ 114 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന അതേ ഇലക്ട്രിക് മോട്ടോർ മുമ്പത്തെപ്പോലെ നല്ല പെർഫോമൻസ് തന്നെയാണ് നൽകുന്നത്. ഒപ്പം സിറ്റി, സ്പോർട്ട് ഡ്രൈവിംഗ് മോഡുകളുള്ളതിനാൽ ആവശ്യാനുസരണം ക്രമീകരിക്കുകയും ചെയ്യാം.

ഇതിൽ സിറ്റി മോഡ് അൽപം മടിയനാണ്. കൂടുതൽ റേഞ്ച് നൽകുവാനായി ടോർക്ക് ഡെലിവറി പരിമിതപ്പെടുത്തിയിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്. എങ്കിലും ദൈനംദിന സിറ്റി ഡ്രൈവിന് പര്യാപ്തമാണ്. ത്രോട്ടിൽ റെസ്പോൺസ് വളരെ സ്മൂത്തായതിനാൽ മടുപ്പൊന്നും തോന്നുകയുമില്ല. സ്പോർട്ട് മോഡിലേക്ക് മാറിയാൽ കൂടുതൽ രസകരമായ ഡ്രൈവിംഗ് ആസ്വദിക്കാനാവും. യഥാർത്ഥ സാഹചര്യങ്ങളിൽ ലോംഗ് റേഞ്ച് പതിപ്പ് ഏകദേശം 200 കിലോമീറ്റർ ട്രൂ റേഞ്ച് നൽകും.

2026 Tata Tiago EV Review

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 2026 ടാറ്റ ടിയാഗോ ഇവിയുടെ ഏറ്റവും ശക്തമായ വശങ്ങളിലൊന്ന് അതിന്റെ സസ്പെൻഷൻ സജ്ജീകരണമാണ്. കുണ്ടും കുഴിയും ബമ്പുകളുമെല്ലാം മികച്ച രീതിയിൽ ആഗീരണം ചെയ്യുന്നുണ്ട്. ആയതിനാൽ നല്ല യാത്രാസുഖമാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് സമ്മാനിക്കുന്നത്. ഹാൻഡ്‌ലിംഗും മികച്ചതായതിനാൽ ഡ്രൈവ് രസകരമാണ്. ബ്രേക്കിംഗും അടിപൊളിയായതിനാൽ ആത്മവിശ്വാസം നൽകുന്നുണ്ട്. മൊത്തത്തിൽ ചെറിയ ഫാമിലിക്ക് പറ്റിയ ഇവിയാണ് പുതിയ ടിയാഗോ.

Article Published On: Monday, June 8, 2026, 11:19 [IST]
English summary
2026 tata tiago ev review design features battery driving impressions in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X