ഇനി ഹോണ്ടയുടെ കാലം, ക്രെറ്റയെ തൂക്കുമോ എലിവേറ്റ്? റിവ്യൂ വിശേഷങ്ങൾ വായിക്കാം

സെഡാനുകളിലൂടെ ഇതുവരെ ആടിത്തിമിർത്ത ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട എസ്‌‌യുവി അങ്കത്തിനായി കച്ചകെട്ടിയിറങ്ങുകയാണ്. എലിവേറ്റിന്റെ അവതരണം പ്രഖ്യാപിച്ചതു മുതൽ ആളുകൾ പതിയെ ഹോണ്ട ഷോറൂമുകളിലേക്ക് തള്ളിക്കയറുകയാണ്. ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളാണ് ഹോണ്ടയ്ക്ക് ഇന്ത്യയിൽ അഡ്രസുണ്ടാക്കി കൊടുത്തതെങ്കിലും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കാനാവുമെന്ന് CR-V എന്ന പ്രീമിയം മോഡലിലൂടെ തെളിയിച്ചവരാണ് ബ്രാൻഡ്. ഇന്ത്യയിൽ വലിയ ഹിറ്റായില്ലെങ്കിലും നാലാളറിയും വിധം CR-V ജനപ്രീതി നേടിയിരുന്നു.

പിന്നീട് BR-V ഒക്കെ വന്നെങ്കിലും ശരിയായ ബോക്‌സ് അപ്പീൽ ഇല്ലാതിരുന്നതിനാൽ അവിടെയും ഹോണ്ടയ്ക്ക് പാളി. പിന്നീട് സിറ്റി, അമേസ് എന്നിങ്ങനെ രണ്ട് സെഡാനുകളിലൂടെ ജീവിതം തള്ളിനീക്കിയ കമ്പനി അടിക്കടി ഇതേ മോഡലുകളെ പുതുക്കി മുന്നോട്ടു നീങ്ങുകയായിരുന്നു. 2017-ന് ശേഷം ഇന്ത്യയിൽ പുതിയൊരു കാറിനെ പുറത്തിറക്കാനാവാത്ത ഹോണ്ട രാജ്യം വിടുമെന്ന പ്രതീതി വരെ ഇടയ്ക്കുണ്ടായി. എന്നാൽ പുതിയ സിറ്റി ഹൈബ്രിഡും അമേസുമെല്ലാം വിപണിയിലെത്തിച്ച് പിടിച്ചുനിൽക്കാനാണ് ഹോണ്ട ശ്രമിച്ചത്.

Honda Elevate SUV Review

ഈ കാറുകളുടെ വിൽപ്പനയിലൂടെ അധികകാലം മുന്നോട്ടുപോവാനാവില്ലെന്ന് മനസിലാക്കിയ ബ്രാൻഡ് ഒടുവിൽ ഒരു എസ്‌യുവി മോഡലിന് ജൻമം കൊടുത്തു. അതാണ് എലിവേറ്റ് എന്ന രാജകുമാരൻ. അടുത്തിടെ ഔദ്യോഗികമായി അവതരിപ്പിച്ചതോടെ സെഗ്മെന്റിലെ മറ്റ് കരുത്തൻമാർക്കെല്ലാം നെഞ്ചിടിപ്പേറി. കാരണം വരുന്നത് രാജ്യത്ത് പ്രത്യേക ഇമേജുള്ള ഹോണ്ടയുടെ വാഹനമായതിനാലാണ്. എന്തായാവും സെപ്റ്റംബറിൽ വില പ്രഖ്യാപനവും ഡെലിവറിയും നടക്കാനിരിക്കുന്ന ഹോണ്ട എലിവേറ്റ് എങ്ങനെയുണ്ടാവും എന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാവില്ലേ. അതറിയാൻ ഇതാ എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ.

ഡിസൈനും ഫീച്ചറുകളും: ഡിസൈനിൽ വലിയ കോലഹങ്ങളൊന്നുമില്ലെങ്കിലും ഏതു കോണിൽ നിന്നും നോക്കിയാലും ശരിക്കുമൊരു ബോക്‌സി സ്റ്റൈലാണ് ഹോണ്ട എലിവേറ്റിനുള്ളത്. മസ്കുലർ ബോണറ്റും നേരായ മുൻഭാഗവും വലിയ ഗ്രില്ലുമാണ് മുൻവശത്തെ ആകർഷണം. ഫ്രണ്ട് ഗ്രില്ലിന് ഇരുവശത്തും സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്നത് സിറ്റി സെഡാനിലേതിന് സമാനമായ കട്ടിയുള്ള ക്രോം ബാറാണ്.

Honda Elevate SUV Review

എലിവേറ്റിന്റെ ഫോഗ് ലാമ്പുകൾ ഫ്രണ്ട് ബമ്പറിന് താഴെയുള്ള ചുറ്റുപാടിലാണ് വരുന്നത്. താഴെയായി ഒരു സ്ലീക്കർ എയർ ഡാമും കാണാം. അതിനടിയിൽ ഫോക്സ് ബാഷ് പ്ലേറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും ഉപയോഗിച്ച് എലിവേറ്റിനെ കൂടുതൽ പരുക്കനാക്കാനുള്ള ശ്രമവും ഹോണ്ടയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എസ്‌യുവിയുടെ ഫ്‌ളേർഡ് വീലാർച്ചുകളെ ബന്ധിപ്പിക്കുന്ന സ്‌പോർട് പ്ലാസ്റ്റിക് ക്ലാഡിംഗാണ് വശക്കാഴ്ച്ചയിലെ ആകർഷണം. 17 ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഫ്ളേർഡ് വീൽ ആർച്ചുകൾക്കുള്ളിൽ ഇടംപിടിച്ചിരിക്കുന്നത്.

ഡോർ ഹാൻഡിലുകളും മുകളിലേക്ക് കിങ്ക് ചെയ്ത വിൻഡോ ലൈനുകളും ക്രോമിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നതിനാൽ ഒരു പ്രീമിയം ഫീലെല്ലാം എലിവേറ്റ് നൽകുന്നുണ്ട്. അതേസമയം റൂഫ് റെയിലുകൾക്ക് സിൽവർ ഫിനിഷാണുള്ളത്. പിന്നിലേക്ക് വന്നാലും ക്ലാസിക് ടച്ച് നിലനിർത്താനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടിയിട്ടുണ്ട്. റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറും റേക്ക് ചെയ്‌ത പിൻ വിൻഡ്‌സ്‌ക്രീനും ഡിസൈനിനോട് ഇഴുകിച്ചേരുന്നുണ്ട്.

Honda Elevate

എന്നാൽ എടുത്തു നിൽക്കുന്നത് റാപ്പ്എറൗണ്ട് എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ്. എലിവേറ്റിന്റെ പിൻ ബമ്പറിന്റെ താഴത്തെ ഭാഗങ്ങൾ ബ്ലാക്ക്-സിൽവർ നിറത്തിലുള്ള സ്‌പോർട്‌സ് പ്ലാസ്റ്റിക് ക്ലാഡിംഗിലാണ് നിർമിച്ചിരിക്കുന്നത്. ഇനി ഇന്റീരിയറിലേക്ക് കടന്നാൽ പ്രോഗ്രസീവ് ക്യാബിൻ എന്ന് ഹോണ്ട വിളിക്കുന്ന അകത്തളം പ്രീമിയം ഫീലാണ് നൽകുന്നത്. 10.25 ഇഞ്ച് HD ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ആധിപത്യം പുലർത്തുന്ന ഒരു മൾട്ടി-ലേയേർഡ് യൂണിറ്റാണ് ഡാഷ്ബോർഡിലെ ശ്രദ്ധാകേന്ദ്രം.

സ്റ്റിയറിംഗ് വീലിന് പിന്നിലെ ഇൻസ്ട്രുമെന്റേഷൻ സെറ്റപ്പിൽ അനലോഗ് സ്പീഡോമീറ്ററും 7 ഇഞ്ച് ഡിസ്പ്ലേയും ഉണ്ട്. വലിയ ഡിസ്‌പ്ലേയ്‌ക്ക് താഴെയുള്ള ഇൻഫോടെയ്ൻമെന്റ് സജ്ജീകരണത്തിന് താഴെയായാണ് ഇതിനുള്ള കൺട്രോളുകൾ ഇടംപിടിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. യാത്രയ്ക്കിടയിൽ സംഗീതം ആസ്വദിക്കാനായി 8-സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റമാണ് ഹോണ്ട എലിവേറ്റിൽ ഒരുക്കിയിട്ടുള്ളത്.

Honda Elevate Interior

പ്ലഷ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, കണക്റ്റഡ് കാർ ഫീച്ചറുകളുടെ ഹോണ്ട കണക്റ്റ് സ്യൂട്ട് എന്നിവ ഹോണ്ട എലിവേറ്റിനെ സമൃദ്ധമാക്കുന്നുണ്ട്. ഫോണിലൂടെയോ സ്മാർട്ട് വാച്ചിലൂടെയോ എസ്‌യുവിയുടെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാനും നിയന്ത്രിക്കാനും ഇത് ഉടമകളെ അനുവദിക്കും. പുതിയ മോഡൽ വാങ്ങായിൽ അഞ്ച് വർഷത്തെ ഹോണ്ട കണക്ട് സബ്‌സ്‌ക്രിപ്‌ഷനും നിങ്ങൾക്ക് ലഭിക്കും.

കൂടാതെ സേഫ്റ്റി ഫീച്ചറുകളുടെ വലിയൊരു നിരയും വാഹനത്തിലുണ്ട്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, എജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മാർഗ നിർദ്ദേശങ്ങളോടു കൂടിയ റിയർ പാർക്കിംഗ് ക്യാമറ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം എലിവേറ്റിന്റെ സേഫ്റ്റിക്കായി ഒരുക്കിയിട്ടുണ്ട്. പോരാത്തതിന് ADAS സേഫ്റ്റി ഫീച്ചറിന്റെ അകമ്പടിയും ഹോണ്ട മിഡ്-സൈസ് എസ്‌യുവിക്കുണ്ട്.

Honda Elevate SUV Review

കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ-ബീം, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ സിസ്റ്റം എന്നീ ഫീച്ചറുകളെല്ലാമാണ് ഹോണ്ട സെൻസിംഗ് സ്യൂട്ട് എന്നുവിളിക്കുന്ന എലിവേറ്റിന്റെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ (ADAS) ഉൾപ്പെടുന്നത്.

അഞ്ചാം തലമുറ സിറ്റി സെഡാനുമായി പ്ലാറ്റ്ഫോം പങ്കിടുന്ന എലിവേറ്റ് ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. എലിവേറ്റിന് 4,392 മില്ലീമീറ്റർ നീളവും 1,790 മില്ലീമീറ്റർ വീതിയും 1,650 ഉയരവും 2,650 മില്ലീമീറ്റർ നീളമുള്ള വീൽബേസും 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 1,206 കിലോഗ്രാം ഭാരവും, സിവിടി പതിപ്പിന് 1,258 കിലോഗ്രാം ഭാരവുമാണുള്ളത്.

Honda Elevate SUV

ഹോണ്ടയിൽ നിന്നുള്ള എലിവേറ്റ് 458 ലിറ്റർ ബൂട്ട് സ്പേസും 40 ലിറ്റർ ഫ്യുവൽ ടാങ്കും വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സിറ്റിയിൽ നിന്നുള്ള അതേ നാച്ചുറലി ആസ്പിറേറ്റഡ്, DOHC, 1.5 ലിറ്റർ, ഫോർ സിലിണ്ടർ, i-VTEC പെട്രോൾ എഞ്ചിൻ തന്നെയാണ് എസ്‌യുവിക്കും തുടിപ്പേകുന്നത്. ഇത് 6,600 rpm-ൽ പരമാവധി 119.35 bhp കരുത്തും 4,300 rpm-ൽ 145 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഇതിനാവും.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ എത്തുന്ന എലിവേറ്റ് മൈലേജിന്റെ കാര്യത്തിലും പുലിയാണ്. മാനുവൽ പതിപ്പിൽ എലിവേറ്റ് 15.31 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ സിവിടി ഓട്ടോമാറ്റിക്കിൽ 16.92 കിലോമീറ്റർ ഇന്ധനക്ഷമതയും ഹോണ്ട എസ്‌യുവിക്ക് നൽകാനാവും. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 16 ഇഞ്ച് സ്റ്റീൽ വീലുകളിലോ 17 ഇഞ്ച് അലോയ് വീലുകളിലോ വാഹനം ലഭ്യമാവും.

Honda Elevate SUV Review

ഡ്രൈവിംഗ് എങ്ങനെ: ഏവരും കാത്തിരിക്കുന്ന ചോദ്യവും ഉത്തരവും ഇതാണെങ്കിലും സിറ്റിയുടെ എഞ്ചിൻ ഓപ്ഷനിലെത്തുന്നതിനാൽ പലർക്കും ഇക്കാര്യം ഊഹിക്കാനാവുമല്ലോ. DOHC എഞ്ചിന്റെ പവർ ഡെലിവറി ലീനിയർ ആണ്. അതായത് കാല് കൊടുത്താൽ കുതിച്ചു ചാട്ടമില്ലെങ്കിലും ഒരു സ്റ്റെഡി പിക്കപ്പാണ് എസ്‌യുവിക്കുള്ളത്. ഹോണ്ട എലിവേറ്റിന്റെ ലൈറ്റ് ക്ലച്ച്, ഷോർട്ട് ത്രോ ഗിയർബോക്‌സുമായി സംയോജിപ്പിച്ച് ഗിയർഷിഫ്റ്റിംഗും സുഗമമാണ്.

എഞ്ചിൻ ഏകദേശം 3,500 ആർപിഎമ്മിൽ എത്തുമ്പോൾ ക്യാബിനുള്ളിലേക്ക് ശബ്‌ദം എത്തിയേക്കാം. അതായത് എലിവേറ്റിന്റെ NVH ലെവലുകളിൽ കൂടുതൽ മികവ് ഹോണ്ടയ്ക്ക് പുലർത്താനാവുമായിരുന്നുവെന്ന് സാരം. ഇനി അകത്തളത്തിലെ സ്പേസ് എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ മാന്യമായ സ്ഥലം എല്ലാ സീറ്റിലെ യാത്രക്കാർക്കും നൽകാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ആറടിയുള്ളവർക്ക് മുന്നിലും പിന്നിലും ഉള്ള സീറ്റുകളിൽ സുഖമായി യാത്ര ചെയ്യാം. തല്ലെ തൈസപ്പോർട്ടും സീറ്റുകൾ നൽകുന്നുണ്ട്.

Honda Elevate SUV Review

സസ്‌പെൻഷൻ സോഫ്റ്റാക്കാൻ ഹോണ്ട ശ്രമിച്ചിരിക്കുന്നതിനാൽ എലിവേറ്റിലെ യാത്രക്കാർക്ക് കുലുക്കങ്ങളും ചാട്ടങ്ങളു അനുഭവപ്പെടില്ല. പക്ഷേ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ ബോഡി റോൾ ഉണ്ടാവുമെന്നതിൽ തർക്കമൊന്നും വേണ്ട. സ്റ്റിയറിംഗ് വളരെ ലൈറ്റായതിനാൽ സിറ്റി ഡ്രൈവിംഗ് അടിപൊളിയായിരിക്കും. വേഗത കൂടാൻ തുടങ്ങിയാൽ എലിവേറ്റിന്റെ സ്റ്റിയറിംഗ് ഭാരം കൂടുന്നതായി തോന്നാം. അങ്ങനെ വാഹനത്തിനുമേലുള്ള കോൺഫിഡൻസും ഡൈവറിന് വർധിക്കും.

എന്തായാവും വിപണി പിടിക്കാനും തന്റേതായ സ്ഥാനം കണ്ടെത്താനും ഹോണ്ടയുടെ പുതിയ എസ്‌യുവിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ബോക്‌സി ഷേപ്പ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സുഖപ്രദമായ ക്യാബിൻ, റിഫൈൻഡായ എഞ്ചിൻ എന്നിവ ഉപയോഗിച്ച് ഹ്യുണ്ടായി, കിയ, മാരുതി, ടൊയോട്ട എന്നീ എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ മോഡലിനായേക്കും. കൂടാതെ ഹോണ്ട ഫാൻസിനെ തൃപ്ത്തിപ്പെടുത്താനുള്ള എല്ലാ ഫീച്ചറുകളും ഗിമ്മിക്കുകളും എലിവേറ്റിനുള്ളതും സഹായകരമാവും.

More from DriveSpark

Article Published On: Tuesday, August 1, 2023, 11:02 [IST]
English summary
Honda elevate suv review design specs engine performance and driving impressions
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X