ഇന്നോവയോട് വരെ മല്ലടിക്കും, ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഫാമിലി എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ ഇതാ
ഫാമിലി എസ്‌യുവികളുടെ ഡിമാന്റ് ഏറുന്ന സാഹചര്യത്തിൽ പണംവാരാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ഹ്യുണ്ടായി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നായ ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച അൽകസാർ മുഖംമിനുക്കി എത്തിയത് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. സെഗ്മെന്റിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഫീച്ചറുകളും കാര്യങ്ങളും കുത്തിനിറച്ചാണ് 7 സീറ്റർ എസ്‌യുവിയെ കമ്പനി ഇത്തവണ മിനുക്കിയെടുത്തിരിക്കുന്നത്. ഫാമിലിയൊന്നിച്ചും ഫ്രണ്ട്‌സിനൊപ്പവും എല്ലാം ട്രിപ്പ് പോവാനും കല്യാണത്തിന് പോവാനുമെല്ലാം വലിയ വണ്ടി അന്വേഷിക്കുന്നവർ ഇനി തങ്ങളുടെ ലിസ്റ്റിൽ ഈ സുന്ദരക്കുട്ടപ്പനേയും ഉൾപ്പെടുത്തും എന്നതിൽ സംശയമൊന്നുമില്ല.
മുൻഗാമിയിൽ നിന്നും വലിയ മാറ്റങ്ങളോടെ വിപണിയിലേക്ക് എത്തുന്ന ഏറ്റവും പുതിയ ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് പുത്തൻ ഡിസൈനും സുഖവും സൗകര്യവും വർധിപ്പിക്കുന്ന നിരവധി ആഡംബര ഫീച്ചറുകളും ഉൾപ്പെടുത്തിയ ഇന്റീരിയറുമായാണ് എത്തിയിരിക്കുന്നത്. വർധിച്ച ഇൻ്റീരിയർ സ്പേസ്, നൂതനമായ സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട ഡ്രൈവിംഗ് ഡൈനാമിക്സ്, മത്സരാധിഷ്ഠിതമായ വില എന്നിവയാൽ വേറിട്ടു നിൽക്കുന്നുമുണ്ട്.

വലിയ കുടുംബങ്ങൾക്കും ദീർഘദൂര യാത്രകൾക്കായി വിശാലമായ വാഹനം തേടുന്നവർക്കും നിസംശയം വാങ്ങാം ഈ മിടുക്കനെ. പുതിയ വണ്ടികണ്ട് ഇഷ്‌ടപ്പെട്ടവരെല്ലാം ഷോറൂമിലേക്ക് വിളി തുടങ്ങിയിട്ടുണ്ട്. എന്നാൽ വണ്ടി മൊത്തത്തിൽ എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവും. അവർക്കായി പുതിയ ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങളിലേക്ക് നമുക്ക് കടന്നാലോ?
എക്സ്റ്റീരിയറും ഇന്റീരിയറും: 2024 ഹ്യുണ്ടായി അൽകസാറിന്റെ ഡിസൈൻ പൂർണമായും ഉടച്ചുവാർത്തിട്ടുണ്ട്. ആധുനിക ഹെഡ്‌ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉൾക്കൊള്ളുന്ന മുൻവശമാണ് പലരേയും ആകർഷിക്കുക. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ ക്രെറ്റയുടെ രൂപകൽപ്പനയിൽ നിന്ന് അൽകാസറിൻ്റെ മൊത്തത്തിലുള്ള ഡിസൈൻ ഭാഷ്യം കടമെടുത്തതാണെന്ന് മിക്കവർക്കും മനസിലാവുകയും ചെയ്യും.

H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൂടുതൽ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ എന്നിവയെല്ലാം ഉപയോഗിച്ച് മുൻവശം പൂർണമായും ഉടച്ചുവാർത്തിട്ടുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് ഏറ്റവും പുതിയ അൽകസാർ ഒരുങ്ങിയിരിക്കുന്നത്. വശക്കാഴ്ച്ചയിലെ പ്രധാന നവീകരണവും ഇതുതന്നെയാണ്. പിന്നിലേക്ക് വന്നാൽ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും പുതിയ ടെയിൽഗേറ്റ് ഡിസൈനും പുതിയ സ്‌പോയിലറും 7 സീറ്റർ എസ്‌യുവിൽ ഇടംപിടിച്ചിരിക്കുന്നു.
അങ്ങനെ മൊത്തത്തിൽ ആക്രമണാത്മകവും ഉയർന്ന നിലവാരമുള്ളതുമായ രൂപമാണ് പുത്തൻ അൽകസാറിന് ലഭിക്കുന്നത്. മുൻ മോഡലിന് സമാനമായ വലിപ്പം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കളർ ഓപ്ഷനുകളും പുതുക്കിയ അലോയ് വീലുകളും ഹ്യുണ്ടായി അവതരിപ്പിച്ചതും സ്വാഗതാർഹമാണ്. വിശാലമായ പനോരമിക് സൺറൂഫാണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ. ഇത് ക്യാബിൻ്റെ ആഡംബര ഭാവം ഉയർത്തുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചിരിക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ അൽകസാർ ഇന്നോവ ക്രിസ്റ്റയെ വരെ വെല്ലുന്ന രീതിയിലാണ് വരുന്നത്. പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, നവീകരിച്ച അപ്‌ഹോൾസ്റ്ററി, മോഡൺ ഫീച്ചറുകൾ പോലെയുള്ള ഗംഭീര മാറ്റങ്ങളോടെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ആറ് അല്ലെങ്കിൽ ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ പുതിയ ഹ്യുണ്ടായി അൽകസാർ വാങ്ങാം. 6-സീറ്ററിൽ മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഉൾപ്പെടുത്തിയപ്പോൾ എസ്‌യുവിയുടെ 7-സീറ്ററിൽ ഒരു ബെഞ്ച് ടൈപ്പ് സീറ്റാണ് കമ്പനി ഒരുക്കിയിട്ടുള്ളത്.
എല്ലാ യാത്രക്കാർക്കും ഒരേപോലത്തെ സൗകര്യം ഉറപ്പാക്കിക്കൊണ്ട് വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, രണ്ട് വയർലെസ് ചാർജറുകൾ, മൂന്നാം നിരയിൽ വ്യക്തിഗതമാക്കിയ എയർ കണ്ടീഷനിംഗ് നിയന്ത്രണങ്ങൾ എന്നിവ പോലുള്ള കിടിലൻ സൗകര്യങ്ങളുമായാണ് എസ്‌യുവി വിപണനത്തിന് എത്തിയിരിക്കുന്നത്. സ്റ്റൈൽ, സുഖസൗകര്യങ്ങൾ, ആധുനിക ഫീച്ചറുകൾ എന്നിവ സമന്വയിപ്പിച്ചാണ് 2024 അൽകസാർ എസ്‌യുവി മെനഞ്ഞെടുത്തിരിക്കുന്നതെന്ന് സാരം.

എഞ്ചിൻ: 1.5 ലിറ്റർ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് 2024 ഹ്യുണ്ടായി അൽകസാറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ യൂണിറ്റിന് 158 bhp കരുത്തിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
മറുവശത്ത് 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറുമായോ ഘടിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ U2 CRDi ഡീസലിന് 114 bhp പവറിൽ 250 Nm torque ആണ് നൽകാനാവുക. വേരിയൻ്റിനെ ആശ്രയിച്ച് 17.5 മുതൽ 20 കിലോമീറ്റർ വരെ മൈലേജും ഈ വലിയ വാഹനത്തിന് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സുഖസൗകര്യമായ യാത്രകൾക്ക് മുൻഗണന നൽകുന്ന സസ്പെൻഷൻ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത് എങ്കിലും അൽപം ബോഡി റോളുകൾക്ക് ഉണ്ടാവുന്നുണ്ടെന്ന് പറയാതെ വയ്യ.
ഡ്രൈവിംഗ് എങ്ങനെ: മൊത്തത്തിൽ 2024 അൽകസാർ നല്ല വലിപ്പവും എഞ്ചിൻ പെർഫോമൻസും സുഖസൗകര്യങ്ങളും സംയോജിപ്പിച്ച് മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവം തന്നെയാണ് വാഗ്‌ദാനം ചെയ്യുന്നത്. മോശം റോഡുകളിൽ പോലും കംഫർട്ടബിളായ സസ്പെഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുമുണ്ട്. മൊത്തത്തിൽ നോക്കുമ്പോൾ എല്ലാത്തരം ആളുകളേയും ആകർഷിക്കാൻ ഹ്യുണ്ടായിയുടെ 7-സീറ്റർ വാഹനത്തിനാവുമെന്നതിൽ സംശയമൊന്നുമില്ല.


Click it and Unblock the Notifications








