എസ്‌യുവികളിലെ സൂപ്പർസ്റ്റാർ... പുത്തൻ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വിശേഷങ്ങൾ വായിക്കാം
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ സൂപ്പർസ്റ്റാറാണ് ഹ്യുണ്ടായി ക്രെറ്റ. മാരുതി സുസുക്കിയും ഹോണ്ടയും ടൊയോട്ടയും പോലുള്ള ജാപ്പനീസ് ബ്രാൻഡുകൾ കിണഞ്ഞു ശ്രമിച്ചിട്ടും ദക്ഷിണ കൊറിയൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ രോമത്തിൽ പോലും തൊടാനായില്ലെന്നു വേണം പറയാൻ. ഒരുപരിധി വരെ സഹോദര ബ്രാൻഡായ കിയ സെൽറ്റോസ് ക്രെറ്റയുടെ വിപണി പിടിച്ചുവെങ്കിലും ഹ്യുണ്ടായിക്ക് തിരികെ പിടിക്കാൻ അധികകാലം വേണ്ടിവന്നില്ല.
അങ്ങനെ സെഗ്മെന്റിലെ ഒന്നാംസ്ഥാനം ഇന്നും കൊറിയക്കാരുടെ കൈയിൽ ഭദ്രമായി തന്നെ ഇരിക്കുകയാണ്. പക്ഷേ വർധിച്ചുവരുന്ന മത്സരം കൊഴുപ്പിക്കുന്നതിനായി പുതിയ പരിഷ്ക്കാരങ്ങളുമായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. നാല് വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന മുഖംമിനുക്കലായതിനാൽ തന്നെ ഗംഭീര പരിഷ്ക്കാരങ്ങളാണ് വണ്ടിയിലേക്ക് വന്നെത്തിയിരിക്കുന്നത്.

പരിഷ്ക്കാരിയായി എത്തുമ്പോൾ മുഖ്യശത്രുക്കളായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് പോലുള്ള വമ്പൻമാർക്ക് പുത്തൻ ക്രെറ്റയുടെ വരവ് ക്ഷീണമുണ്ടാക്കുമെന്ന് ഉറപ്പാണ്. അത്യാധുനിക സാങ്കേതികവിദ്യയോടുകൂടി പരിഷ്ക്കരിച്ച ഹ്യുണ്ടായി ക്രെറ്റ എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. അവർക്കായിതാ എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ വായിക്കാം...
ഡിസൈനും ഫീച്ചറുകളും: 2020-ൽ ഹ്യുണ്ടായി ക്രെറ്റയിൽ കണ്ട കർവി ഡിസൈനിന് ഇത്തവണ വരാമം കുറിച്ചുകൊണ്ടാണ് ഹ്യുണ്ടായി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഒരുക്കിയിരിക്കുന്നത്. കർവുകൾക്കും സ്ലാഷുകൾക്കും പകരം എസ്‌യുവിയുടെ 2024 പതിപ്പ് ഏത് കോണിൽ നിന്ന് നോക്കിയാലും മികച്ചതായി കാണപ്പെടുന്ന വാഹനമാണ്. ഒരു മിഡ്-ലൈഫ് നവീകരണത്തിൽ മോഡലിനെ ഇങ്ങനെ മാറ്റിമറിക്കാനായത് ഏറെ കൈയടി അർഹിക്കുന്നുണ്ട്.

യുഎസ്‌എയിൽ വിറ്റഴിക്കപ്പെടുന്ന കൂറ്റൻ പാലിസേഡ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ 2024 ക്രെറ്റ നേരായതും ചതുരാകൃതിയിലുള്ളതുമായ മുൻഭാഗമാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. അതിൽ പാരാമെട്രിക് ഡീറ്റെയിലിംഗുള്ള വലിയ ഗ്രിൽ തന്നെയാണ് മുന്നിലെ ഹൈലൈറ്റ്. ഒപ്പം സ്പ്ലിറ്റ് സെറ്റപ്പിൽ എൽഇഡി ഡിആർഎൽ, സ്വൈപ്പിംഗ് ഇൻഡിക്കേറ്ററുകൾ, ഗ്രില്ലിന് മുകളിലുള്ള ലൈറ്റ് ബാർ എന്നിവയും കൂടെ ഇടംപിടിച്ചിരിക്കുന്നതിനാൽ ക്രെറ്റക്ക് പുതിയ രൂപം ആവാഹിക്കാനായെന്നു വേണം പറയാൻ.
ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗത്ത് അൽപ്പം ക്ലാഡിംഗും ഒരു ഫോക്‌സ് ഗ്രേ ബാഷ് പ്ലേറ്റും ലോവർ എയർ ഇൻടേക്കിന് ചുറ്റുമായി മുകളിലേക്ക് നീണ്ടുകിടക്കുന്ന കാഴ്ച്ചയും രസകരമാണ്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ അലോയ് വീലുകൾ റീഡിസൈൻ ചെയ്‌തത് മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം മുൻഗാമിക്ക് സമാനമാണെന്ന് വേണം പറയാൻ. പിൻഭാഗത്തേക്ക് വന്നാൽ മാറ്റങ്ങൾ പലരേയും ഞെട്ടിച്ചേക്കാം നിലവിലുണ്ടായിരുന്ന മോഡലിന്റെ അലോസരപ്പെടുത്തുന്ന റോട്ടണ്ട് റിയർ എൻഡ് ഇത്തവണ കമ്പനി പൊളിച്ചെഴുതിയിട്ടുണ്ട്.

വിചിത്രമായ ടെയിൽ ലൈറ്റുകൾ പിന്നിൽ മുഴുവനായും ഒഴുകുന്ന എൽഇഡി ടെയിൽ ലാമ്പുകളായി മാറിയിരിക്കുന്നു. കണക്റ്റഡ് ടെയിൽ ലൈറ്റുകൾ മുൻവശത്തുള്ള എൽഇഡി ഡിആർഎൽ സജ്ജീകരണത്തെ അനുകരിക്കുന്നതും അടിപൊളിയാണ്. ഇനി അകത്തളത്തിലേക്ക് കയറിലായാലും ആരേയും മോഹിപ്പിക്കും വിധമാണ് എസ്‌യുവിയടെ ഇന്റീരിയർ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡ് പൂർണമായും റീഡിസൈൻ ചെയ്‌തിട്ടുണ്ട്.
ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി ഡ്യുവൽ 10.25 ഡിസ്‌പ്ലേ സെറ്റപ്പാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. ഇൻഫോടെയ്ൻമെന്റിനായുള്ള ടച്ച്‌സ്‌ക്രീൻ സജ്ജീകരണം എല്ലാ സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളും സമന്വയിപ്പിക്കുകയും ചെയ്യുന്നു. ബോസിൽ നിന്നുള്ള ഒരു പ്രീമിയം ഓഡിയോ സിസ്റ്റത്തിന്റെ സാന്നിധ്യവും യാത്രകൾക്ക് അകമ്പടിയേകാനെത്തിയിട്ടുണ്ട്. ഇന്ത്യൻ ഭാഷകളിലെ കണക്റ്റഡ് കാർ കമാൻഡുകളും വാഹനത്തിലുണ്ട്.

സെഗ്മെന്റിലെ എതിരാളികളിൽ നിന്നും വ്യത്യസ്‌തമായി ഫിസിക്കൽ ഡയലുകളും ബട്ടണുകളുമാണ് ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ-ടോൺ തീമും വലിയ പനോരമിക് സൺറൂഫും കൂടി ചേരുന്നതോടെ ക്യാബിനിൽ അൽപം വായുസഞ്ചാരം നൽകുന്നുമുണ്ട്. പുതിയ 2024 ഹ്യുണ്ടായി ക്രെറ്റ കുറച്ച് സ്ഥലങ്ങളിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ ഉപയോഗിക്കുന്നുണ്ട്. ഇത് എസ്‌യുവിക്ക് കൂടുതൽ പ്രീമിയം അനുഭവമാണ് സമ്മാനിക്കുന്നത്.
ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ് എന്നിവയുൾപ്പെടെ പുതിയ 2024 ക്രെറ്റയിൽ നിലനിർത്തിയിരിക്കുന്ന ഫീച്ചറുകൾ പ്രീമിയം ഫീലിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് മൗണ്ടുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നീ സവിശേഷതകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ ക്രെറ്റയുടെ SX ടെക്, SX(O) വകഭേദങ്ങളിലാണ് ലെവൽ 2 ADAS ടെക് സേഫ്റ്റി ഫീച്ചർ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. ഇത് എസ്‌യുവിയിലേക്ക് 19 ഡ്രൈവർ സേഫ്റ്റി എയ്‌ഡുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ വാണിംഗ് പോലുള്ളവ സംവിധാനങ്ങളെല്ലാം ലഭിക്കുന്നുണ്ട്.
കഴിഞ്ഞില്ല, ഇതോടൊപ്പം ലെയ്‌ൻ കീപ്പിംഗ് അസിസ്റ്റ് (LKA), ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് (LDW), ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് (LVDA), സ്റ്റോപ്പ് ആൻഡ് ഗോ ഉള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ എന്നിവയും ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ ADAS സ്യൂട്ടിൽ കമ്പനി ഒരുക്കിയിട്ടുണ്ടെന്നതും പ്രത്യേകം പറയേണ്ടതുണ്ട്. സെഗ്മെന്റിൽ ട്രെൻഡിംഗാവുന്ന ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ആളുകളെ ആകർഷിക്കാൻ സഹായിക്കും.

എഞ്ചിൻ: 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. അതിൽ ആദ്യത്തേത് 113 bhp പവറിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേഡ് പെട്രോൾ എഞ്ചിനാണ്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. രണ്ടാമത്തേത് എസ്‌യുവിയിൽ ഏവർക്കും പ്രിയപ്പെട്ട 1.5 ലിറ്റർ ഡീസൽ എഞ്ചിനാവും.
ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളോടെ ലഭ്യമാകുന്ന ഇതിന് 114 bhp കരുത്തിൽ ഏകദേശം 250 Nm torque വരെ നൽകാനാവും. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ മൂന്നാമത്തെ എഞ്ചിൻ ഏറ്റവും പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും. ഇത് ഏഴ് സ്പീഡ് ഡിസിടി യൂണിറ്റിനൊപ്പം മാത്രമാണ് ഹ്യുണ്ടായി ജോടിയാക്കിയിരിക്കുന്നത്.

ഡ്രൈവിംഗ് എങ്ങനെയെന്നറിയാം: റിവ്യൂവിന് ലഭിച്ചത് ക്രെറ്റയുടെ 1.5 ടർബോ ഡീസൽ മോഡലായിരുന്നു. സ്മൂത്തായ എഞ്ചിൻ 100 കിലോമീറ്റർ വേഗതയെല്ലാം അനായാസം മറികടക്കാൻ ശേഷിയുള്ളതാണ്. ശബ്‌ദവും വൈബ്രേഷനും കൺട്രോൾ ചെയ്‌തിരിക്കുന്നതിനാൽ റിഫൈൻമെന്റും അടിപൊളിയാണ്. ഹ്യുണ്ടായി പുതിയ ക്രെറ്റയിൽ സസ്‌പെൻഷൻ സജ്ജീകരണം ചെറുതായി മാറ്റിയിട്ടുണ്ട്.
ഉയർന്ന വേഗതയിൽ കോൺഫിഡൻസ് നൽകുന്നതിന് സ്റ്റിയറിംഗും നല്ല ഭാരമുള്ളതാണ്. നാല് വീലുകളിലും ഡിസ്ക്ക് ഉപയോഗിച്ചിരിക്കുന്നതിനാൽ ബ്രേക്കിംഗും ആത്മവിശ്വാസം നൽകുന്നവയാണ്. 2024 ലെ ഹ്യുണ്ടായ് ക്രെറ്റയിലെ ലെവൽ 2 ADAS സജ്ജീകരണം വളരെ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് റിവ്യൂവിൽ നിന്നും മനസിലാക്കി. അങ്ങനെ മൊത്തത്തിൽ പുതിയ എഞ്ചിൻ, പുതിയ ഡിസൈൻ, കിടുക്കൻ എഞ്ചിൻ എന്നിവയ്‌ക്കൊപ്പം ക്രെറ്റ വേറെ ലെവലായെന്നു വേണം പറയാൻ.


Click it and Unblock the Notifications








