കാല് കൊടുത്താൽ പറക്കുന്ന എസ്‌യുവി, ക്രെറ്റ N ലൈൻ പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ

സ്പോർട്ടിയർ കാറുകൾക്ക് അത്ര സാധ്യതയില്ലാത്ത വിപണികളിൽ ഒന്നായിരുന്നു ഇന്ത്യ. ആരാധിക്കാൻ എല്ലാവർക്കും ഇഷ്‌ടമായിരുന്നുവെങ്കിലും പ്രായോഗികമായി കൊണ്ടുനടക്കുന്നതിൽ മൈലേജില്ലാത്തതും മറ്റ് കാര്യങ്ങളാലും എന്തുകൊണ്ടോ പെർഫോമൻസ് മോഡലുകളെല്ലാം വിൽപ്പനയുടെ കാര്യത്തിൽ തകർന്നടിയുകയായിരുന്നു. ബലേനോ RS കൊണ്ടുവന്ന് മാരുതി സുസുക്കി വരെ പരാജയപ്പെട്ട് പിൻവാങ്ങിയതാണ് ഇന്ത്യയുടെ ചരിത്രം.

എന്നാൽ കാലംമാറിയതോടെ ഇതിനൊക്കെ ചെറിയ മാറ്റം വന്നുവെന്ന് വേണം കരുതാൻ. അല്ലെങ്കിൽ ഹ്യുണ്ടായി എല്ലാത്തിനെയും മാറ്റിയെടുത്തെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. N ലൈൻ മോഡലുകൾ ഇന്ത്യയിൽ എത്തിച്ച് പെർഫോമൻസ് കാർ വിഭാഗത്തിൽ നേട്ടംകൊയ്യുന്ന കമ്പനിയെയാണ് ഇപ്പോൾ കാണാനാവുന്നത്. വെന്യു, i20 പോലുള്ള മോഡലുകളുടെ N ലൈൻ പതിപ്പുകൾക്ക് ഇവിടെ ലഭിച്ച സ്വീകാര്യത ഇതിനെല്ലാം ഉദാഹരണമാണ്.

Hyundai Creta N Line Review

ഇപ്പോഴിതാ ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ N ലൈൻ മോഡലിനെ പുറത്തിറക്കി കൂടുതൽ ആളുകളെ പിടിക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. ഏവരും വാർത്തകളിലൂടെ കേട്ടറിഞ്ഞ ക്രെറ്റ N ലൈൻ പതിപ്പിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായ ക്രെറ്റയുടെ പെർഫോമൻസ് പതിപ്പ് വന്നതോടെ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാമെന്ന പ്രതീക്ഷയിലായിരിക്കും ഹ്യുണ്ടായി.

ഈ വർഷം തുടക്കത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുന്നത്. അതിനു ശേഷം രണ്ട് മാസത്തിനുള്ളിൽ കമ്പനി ക്രെറ്റ N ലൈൻ പതിപ്പിനെയും കൊണ്ടുവന്നത് എന്തായാലും വിപണിയിൽ കോളിളക്കം സൃഷ്‌ടിച്ചേക്കും. കാഴ്ച്ചയിലും അനേകം പ്രത്യേകതകൾ നിറഞ്ഞ എസ്‌യുവി എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ. അത്തരക്കാർക്കായി ഇതാ ക്രെറ്റ N ലൈനിന്റെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.

Hyundai Creta N Line Review

ഡിസൈൻ: പുതിയ ക്രെറ്റ N ലൈനിലെ പ്രധാന മാറ്റങ്ങൾ വിഷ്വൽ, ഫീച്ചർ അപ്‌ഗ്രേഡുകളുടെ രൂപത്തിലാണ് വരുന്നതെന്ന് വളരെ ലളിതമായി തന്നെ പറയാം. എക്സ്റ്റീരിയറിൽ പുതിയ ബമ്പറുകൾ, കൂടുതൽ ശ്രദ്ധേയമായ സൈഡ് സ്കർട്ടുകൾ, ലോ പ്രൊഫൈൽ 215/55 R18 ടയറുകളിൽ വരുന്ന 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാം വണ്ടിയുടെ രൂപത്തിനെ സ്പോർട്ടിയറാക്കാൻ സഹായിച്ചിട്ടുണ്ട്. പിന്നിൽ പ്രമുഖ സ്‌പോയിലറും ട്വിൻ-ടിപ്പ് എക്‌സ്‌ഹോസ്റ്റുമാണ് സ്റ്റാൻഡേർഡ് മോഡലിൽ നിന്നും എസ്‌യുവിയെ വേറിട്ടു നിർത്തുന്നത്.

കളർ ഓപ്ഷനുകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ട്. അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റൻ ഗ്രേ മാറ്റ്, തണ്ടർ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മോണോടോൺ, ഡ്യുവൽ-ടോൺ നിറങ്ങളിൽ ഹ്യുണ്ടായി ക്രെറ്റ N ലൈൻ വാങ്ങാനാവുക. നിറങ്ങൾ പരിഗണിക്കാതെ തന്നെ ബമ്പറുകളിലും സൈഡ് സ്കർട്ടുകളിലും റെഡ് കോൺട്രാസ്റ്റ് വിഭാഗങ്ങളും കമ്പനി നൽകിയിട്ടുണ്ട്.

Hyundai Creta N Line Review

ഇന്റീരിയർ: ഇനി അകത്തളത്തിലേക്ക് കയറിയാലും മാറ്റങ്ങൾ ഒരുപാടുണ്ടെന്ന് വേണം പറയാൻ. സ്പോർട്ടിയർ ഭാവം കൈവരിക്കാൻ N ലൈൻ ലോഗോയും ചുറ്റിനും ചുവന്ന ആക്‌സൻ്റുകളുമുള്ള ക്യാബിൻ പൂർണമായും കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്. ചുവന്ന ആംബിയൻ്റ് ലൈറ്റിംഗ് കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നുമുണ്ട്. അതോടൊപ്പം തന്നെ പുതിയ N ബാഡ്ജ്ഡ് സ്റ്റിയറിംഗ് വീലും ഗിയർ ലിവറും മെറ്റൽ പെഡലുകളും ഉൾപ്പെടുത്താനും ഹ്യുണ്ടായി മറന്നിട്ടില്ല.

സീറ്റുകളിലെ കറുത്ത ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയിൽ ചുവന്ന ആക്‌സൻ്റുകളും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും സഹിതം N ലോഗോയും ഇടംപിടിച്ചിരിക്കുന്നത് ഒരു സ്പോർട്‌സ് കാർ പ്രതീതി ജനിപ്പിക്കുന്നുണ്ടെന്ന് വേണം പറയാൻ. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ SX(O) വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പണിതിറക്കിയിരിക്കുന്നത് എന്നതിനാൽ ഈ മോഡലിലെ എല്ലാത്തരം ഫീച്ചറുകളും N ലൈനിലുമുണ്ട്.

Hyundai Creta N Line Review

വലിയ പനോരമിക് റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇൻസ്ട്രുമെൻ്റേഷനും ഇൻഫോടെയ്ൻമെൻ്റിനുമായി ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, ഡ്യുവൽ ഡാഷ് ക്യാം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസിൽ നിന്നുള്ള 8-സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയവയെല്ലാം പെർഫോമൻസ് എസ്‌യുവിയെ ആഡംബരത്തമുള്ളതാക്കുന്നുമുണ്ട്. 6 എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറകൾ, ടിപിഎംഎസ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ 2 ADAS എന്നിവയെല്ലാമാണ് സേഫ്റ്റിക്കായി ഒരുക്കിയിരിക്കുന്നത്.

എഞ്ചിൻ: 158 bhp കരുത്തിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ക്രെറ്റ N ലൈൻ എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. ക്രെറ്റ N ലൈൻ ഇക്കോ, നോർമൽ, സ്‌പോർട് എന്നീ ട്രാക്ഷൻ മോഡുകളും സ്നോ, സാന്റ്, മഡ് എന്നീ ട്രാക്ഷൻ മോഡുകളും അവതരിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Hyundai Creta N Line Review

ഡ്രൈവിംഗ് എങ്ങനെയുണ്ടെന്ന് ഇനി അറിയേണ്ടേ? 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നത്തേയും പോലെ പഞ്ചിയറായാണ് ഇതിനകത്തും ട്യൂൺ ചെയ്‌ത് വെച്ചിരിക്കുന്നത്. റിവ്യൂവിന് 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് മോഡലാണ് ലഭിച്ചത്. ഗിയർ ഷിഫ്റ്റിംഗൊക്കെ പക്കായാണെന്ന് വേണം പറയാൻ. കുറച്ചുകൂടി നിയന്ത്രണം ആഗ്രഹിക്കുന്നവർക്ക് ഗിയർ ലിവർ സ്‌പോർട്ട് മോഡിലേക്ക് മാറ്റുന്നതാവും ഉചിതം.

എന്നാൽ ഇതെല്ലാം സ്റ്റാൻഡേർഡ് ക്രെറ്റയുടെ ടർബോ പെട്രോൾ എഞ്ചിൻ മോഡലുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ടല്ലോ എന്ന് ആലോചിക്കുന്നവർക്കുള്ള ഉത്തരവും നൽകാം. എങ്ങനെയാണ് N ലൈൻ സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാകുന്നതെന്ന് എന്ന ചോദ്യത്തിന് രണ്ട് വാക്കിൽ ഉത്തരം നൽകാം. മറ്റൊന്നുമല്ല സസ്പെൻഷനും സ്റ്റിയറിംഗ് വീലുമാണ് ഇവിടെ വ്യത്യാസമുണ്ടാക്കുന്നത്. ക്രെറ്റ N ലൈനിലെ സസ്പെൻഷൻ സെറ്റപ്പ് സാധാരണ അൽപ്പം സ്റ്റിഫറാണ്.

Hyundai Creta N Line Review

കൂടാതെ പുതിയ 18 ഇഞ്ച് വീലുകളും ലോവർ പ്രൊഫൈൽ ടയറുകളും സംയോജിപ്പിച്ച് സ്‌പോർട്ടിയർ N ലൈൻ ഉയർന്ന വേഗതയിൽ പോലും കുണ്ടും കുഴിയുമെല്ലാം അനായാസം മറികടക്കുന്നുവെന്ന് വേണം പറയാൻ. കൂടാതെ കോർണറിംഗിലായാലും സ്റ്റിയറിംഗ് വീൽ നൽകുന്ന ഫീലും കിടിലമാണ്. സീറ്റുകൾ ദീർഘദൂര യാത്രകളിൽ പോലും ഒരു മടുപ്പും ഉണ്ടാക്കില്ലാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വെൻ്റിലേഷൻ ഫീച്ചർ മികച്ച രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

സ്റ്റാൻഡേർഡ് ക്രെറ്റയെ അപേക്ഷിച്ച് പുതിയ ഹ്യുണ്ടായി ക്രെറ്റ N ലൈനിലെ മെക്കാനിക്കൽ മാറ്റങ്ങളിൽ അൽപ്പം ട്വീക്ക് ചെയ്ത സസ്‌പെൻഷനും സ്റ്റിയറിംഗ് സജ്ജീകരണവും പുതിയ എക്‌സ്‌ഹോസ്റ്റും മാത്രമാണ് ഉൾപ്പെടുന്നതെങ്കിലും ഇത് മൊത്തത്തിലുള്ള പാക്കേജുമായി നോക്കുമ്പോൾ അധികമായി മുടക്കുന്ന പണത്തിന് മൂല്യം നൽകുന്നുണ്ട്. ആയതിനാൽ ഒരു പെർഫോമൻസ് എസ്‌യുവിയാണ് നോക്കുന്നതെങ്കിൽ കണ്ണുംപൂട്ടി ഇവനെ വാങ്ങാം.

More from DriveSpark

Article Published On: Friday, March 15, 2024, 11:00 [IST]
English summary
Hyundai creta n line review design specs driving impression and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X