ഹാച്ച്ബാക്കിന്റെ വിലയ്ക്ക് ഒരു കിടിലൻ എസ്‌യുവി; ഹ്യുണ്ടായി എക്സ്റ്റർ റിവ്യൂ

ഇന്ത്യൻ വാഹന വിപണിയിൽ ഏവരും ഇന്ന് എസ്‌യുവി മോഡലുകളുടെ പിന്നാലെ പായുകയാണ്. ഒരു കാലത്ത് ഫാമിലി കാറുകളായി അറിയപ്പെട്ടിരുന്ന ഹാച്ച്ബാക്കുകളെയെല്ലാം (Hatchback) പിന്തള്ളി ട്രെൻഡ് സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ (SUV) പിന്നാലെയായി. ഇന്ന് ഹാച്ച്ബാക്കിന്റെ വിലയ്ക്ക് വരെ എസ്‌യുവികൾ സുലഭമായി തുടങ്ങിയിരിക്കുകയാണ്.

മൈക്രോ എസ്‌യുവി സെഗ്മെന്റ് മുതൽ ആരംഭിച്ച് അങ്ങ് ലക്ഷ്വറി വിഭാഗത്തിൽ വരെ നൂറു കണക്കിന് മോഡലുകളാണ് അണിനിരക്കുന്നത്. ഇതിൽ സാധാരണക്കാരെ കൈയിലെടുക്കാനായി കമ്പനികൾ കണ്ടുപിടിച്ച ശ്രേണിയാണ് മൈക്രോ എസ്‌യുവികളുടേത്. ആദ്യം KUV100 എന്ന വാഹനവുമായി മഹീന്ദ്രയാണ് സെഗ്മെന്റിന് തുടക്കം കുറിച്ചതെങ്കിലും അത്ര ആകർഷണീയമല്ലാത്ത ഈ മോഡൽ അത്ര ഹിറ്റായില്ല. എന്നാൽ ടാറ്റ പഞ്ചിന്റെ വരവോടെ കഥയാകെ മാറി. വെറും 10 മാസത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പനയും പിന്നിട്ട് പഞ്ച് നിരത്തുകളിൽ നിറഞ്ഞു.

Hyundai Exter Review

എന്നാൽ ഇതിനൊരു ഉത്തരം കണ്ടെത്താനാവാതെ മറ്റ് ബ്രാൻഡുകൾ ബുദ്ധിമുട്ടിയപ്പോൾ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ആവനാഴിയിൽ നിന്നും ഒരു അസ്ത്രം പണിതെടുത്തു. പഞ്ചിന് വെല്ലുവിളിയുമായി കഴിഞ്ഞ ദിവസം എക്സ്റ്റർ എന്ന മോഡൽ അവതാരപ്പിറവിയെടുക്കുകയും ചെയ്‌തു. ടാറ്റ മോട്ടോർസിനെ വെല്ലാനുള്ള എല്ലാത്തരം ജാലവിദ്യകളും നിറച്ചാണ് ഈ മൈക്രോ എസ്‌യുവിയെ ഹ്യുണ്ടായി രൂപംകൊടുത്തിരിക്കുന്നത്.

വിൽപ്പന ഉയരങ്ങളിലെത്തിക്കാൻ എക്സ്റ്ററിന് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ദക്ഷിണ കൊറിയൻ ബ്രാൻഡ് നൽകിയിട്ടുണ്ട്. 10,000 കടന്ന് ബുക്കിംഗ് കുതിക്കുമ്പോൾ ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലെ ഏറ്റവും കുഞ്ഞന്‍ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളും വണ്ടിയെങ്ങനെയുണ്ടെന്നും അറിയാൻ ആളുകൾക്ക് താത്പര്യമുണ്ടാവും അല്ലേ.... അവർക്കായിതാ എക്സ്റ്റർ മൈക്രോ എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ.

Hyundai Exter Review

ഡിസൈനും ഫീച്ചറുകളും: ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലുകളായ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കും ഓറ സെഡാനും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മൈക്രോ എസ്‌യുവി മോഡലിനെയും കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. എങ്കിലും ഇതുവരെ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങിയിരിക്കുന്ന ഒരു വാഹനവുമായും ഡിസൈനിൽ എക്സ്റ്ററിന് സാമ്യമില്ലെന്നു വേണം പറയാൻ. പതിവുപോലെ തന്നെ എക്‌സ്‌റ്റർ കമ്പനിയുടെ പാരാമെട്രിക് ഡിസൈൻ ഭാഷ്യം തന്നെയാണ് പിന്തുടരുന്നത്.

ഇത് തീർച്ചയായും വാഹനത്തിന് വേറിട്ട രൂപമാണ് സമ്മാനിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണവും പാരാമെട്രിക് ഗ്രില്ലും ലാൻഡ്‌സ്‌കേപ്പിൽ ആധിപത്യം പുലർത്തുന്ന പുതിയ മൈക്രോ എസ്‌യുവിയുടെ മുൻവശവും ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കാൻ പ്രാപ്‌തമാണ്. ഗ്രില്ലിന്റെ ഇരുവശങ്ങളിലുമായി ബൈ-ഫങ്ഷണൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് കാണാനാവുക. ഇൻ-ബിൽറ്റായുള്ള H ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള പൊസിഷൻ ലാമ്പുകൾ എക്സ്റ്ററിന്റെ മുൻവശത്തിന് പ്രത്യേക അഴകും സമ്മാനിക്കുന്നുണ്ട്.

Hyundai Exter Front View

ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗത്തായി ഒരു ചെറിയ എയർ ഡാമിന് താഴെയായി സിൽവർ സ്‌കിഡ് പ്ലേറ്റും കാണാം. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഫ്ലേർഡ് വീലാർച്ചുകളുമാണ് എക്‌സ്‌റ്റർ എസ്‌യുവിയുടെ ആധിപത്യം പുലർത്തിയിരിക്കുന്നത്. ഇതോടൊപ്പം ബ്ലാക്ക് റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ബോഡി ക്ലാഡിംഗ്, സി-പില്ലറിലെ പാരാമെട്രിക് ഡിസൈൻ ഹൈലൈറ്റുകൾ എന്നിവയും മൈക്രോ എസ്‌യുവിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്.

എക്‌സ്‌റ്ററിന്റെ പിൻഭാഗം H ആകൃതിയിലുള്ള സിഗ്‌നേച്ചർ എലമെന്റ് എൽഇഡി ടെയിൽ ലൈറ്റുകളാണ് സമ്പന്നമാണ്. ഹ്യുണ്ടായിയുടെ പാരാമെട്രിക് സിഗ്നേച്ചർ ഡിസൈനിലുള്ള ഒരു പ്ലാസ്റ്റിക് വിഭാഗത്തിന്റെ സഹായത്തോടെ ടെയിൽലൈറ്റുകൾ ഹ്യുണ്ടായി ബാഡ്ജുമായി ബന്ധിപ്പിക്കുന്നു. ആർക്കെങ്കിലും ഡിസൈനിൽ കല്ലുകടി തോന്നിയിട്ടുണ്ടെങ്കിൽ അത് പിൻവശത്ത് മാത്രമായിരിക്കും. അത്ര ആകർഷകമല്ലാത്ത പിൻവശത്ത് സിൽവർ നിറത്തിലുള്ള റിയർ സ്‌കിഡ് പ്ലേറ്റും കറുപ്പ് നിറത്തിലുള്ള റൂഫ് മൗണ്ടഡ് സ്‌പോയിലറും കമ്പനി ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.

Hyundai Exter Rear View

ഇന്റീരിയർ: അകത്തളത്തിലേക്ക് കയറുമ്പോൾ മറ്റ് ഹ്യുണ്ടായി കാറുകൾക്ക് സമാനമായ ഡിസൈൻ തന്നെയാണ് എക്സ്റ്ററിനും സമ്മാനിച്ചിരിക്കുന്നത്. ഇന്റീരിയർ i10, ഔറ എന്നിവയോട് സാമ്യമുള്ളതാണെന്ന് ഏവർക്കും മനസിലാക്കാം. ഡാഷ്‌ബോർഡ്, ഡോർ പാനലുകൾ എന്നിവയ്ക്കായി ബ്ലാക്ക്ഡ്-ഔട്ട് തീമാണ് കമ്പനി അവതരിപ്പിക്കുന്നത്. കേന്ദ്രീകൃതമായി ഘടിപ്പിച്ച 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് ഡാഷ്‌ബോർഡിലെ മറ്റൊരു ആകർഷണീയത.

ഈ സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ സെറ്റപ്പിലേക്കും ബിൽറ്റ്-ഇൻ നാവിഗേഷനും ഇവ പ്രാപ്‌തമാക്കുന്നുണ്ട്. 4.2 ഇഞ്ച് മൾട്ടി ഇൻഫോർമേഷൻ ഡിസ്പ്ലേയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വോയ്‌സ് ആക്ടിവേറ്റഡ് കമാൻഡുകൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ടു-വേ ഡാഷ്‌ക്യാം, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ എന്നിവയാണ് ഹ്യുണ്ടായി എക്സ്റ്ററിലെ മറ്റ് സവിശേഷതകൾ.

Hyundai Exter Dashboard

പുതിയ മൈക്രോ എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിലെ സീറ്റുകൾ ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയിൽ പൂർത്തിയാക്കിയിരിക്കുന്നത്
സൗകര്യപ്രദമായ കാര്യമാണ്. നമ്മുടെ ഇടയിലെ ഉയരം കൂടിയവർക്ക് പോലും പിൻഭാഗത്ത് മതിയായ സ്ഥലമുണ്ടെന്ന് ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ പുതിയ പടക്കുതിര മിടുക്കനാണെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

ഇതിനായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ തുടങ്ങിയ നിരവധി സുരക്ഷാ സാങ്കേതികവിദ്യകളാണ് ഹ്യുണ്ടായി എക്‌സ്‌റ്ററിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Hyundai Exter Rear Seat

എഞ്ചിനും വലിപ്പവും: എക്‌സ്‌റ്ററിന് 3,815 മില്ലീമീറ്റർ നീളവും 1,710 മില്ലീമീറ്റർ വീതിയും 1,631 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. അതേസമയം 391 ലിറ്ററാണ് പെട്രോൾ വേരിയന്റുകൾക്ക് വരുന്ന ബൂട്ട്സ്പേസ്. എഞ്ചിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഓറയിലും ഗ്രാൻഡ് i10 നിയോസിലും കണ്ടുപരിചിതമായ അതേ 1.2 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിന് പെട്രോൾ, സിഎൻജി ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്.

പെട്രോൾ മോഡിൽ കപ്പ സീരീസ് എഞ്ചിൻ 81.8 bhp കരുത്തിൽ പരമാവധി 113.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ സിഎൻജിയിലേക്ക് മാറുമ്പോൾ പവർഔട്ട്പുട്ട് 67.7 bhp, 95.2 Nm torque എന്നിങ്ങനെയായി മാറുന്നുണ്ട്. എക്‌സ്‌റ്റർ പെട്രോൾ മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നത്. അതേസമയം സിഎൻജി മാനുവൽ ഓപ്ഷനിൽ സ്വന്തമാക്കാം.

Hyundai Exter Review

ഇന്ധനക്ഷമതയുടെ കാര്യത്തലും ഹ്യുണ്ടായി എക്‌സ്‌റ്റർ മോശക്കാരനല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൈക്രോ എസ്‌യുവിയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 19.4 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ വാഹനത്തിന്റെ എഎംടി പതിപ്പുകൾ ലിറ്ററിന് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. എന്നാൽ ഇനിയും കൂടുതൽ മൈലേജ് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് കിലോഗ്രാമിന് 27.1 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന എക്‌സ്റ്ററിന്റെ സിഎൻജി മോഡലുകൾ സ്വന്തമാക്കാം.

ഡ്രൈവിംഗ് എങ്ങനെയുണ്ട്: റിവ്യൂ വിശേഷങ്ങൾക്കായി എക്‌സ്‌റ്ററിന്റെ പെട്രോൾ എഎംടി പതിപ്പ് ഓടിക്കാൻ ലഭിച്ചത്. മൈക്രോ എസ്‌യുവിക്ക് നൽകിയിരിക്കുന്ന 1.2 ലിറ്റർ എഞ്ചിൻ വളരെ സ്‌മൂത്തും റിഫൈൻഡുമാണെന്ന് സ്റ്റാർട്ടിംഗിലെ മനസിലാവും. ഹൈവേയിലെ ഉയർന്ന വേഗതയിൽ പോലും വളരെ ശാന്തമായ അനുഭവമാണ് വാഹനം നൽകുന്നത്. എഞ്ചിൻ പവർ ഔട്ട്പുട്ട് റിവ്യൂ സമയത്ത് ലീനിയർ ആയിരുന്നു. എഎംടി ഗിയർബോക്‌സ് അനായാസം ഗിയർ ഷിഫ്റ്റിംഗ് നടത്തുന്നുമുണ്ട്.

Hyundai Exter AMT

എങ്കിലും ഒരു മാനുവൽ വാഹന പ്രേമിയെ തൃപ്ത്തിപ്പെടുത്തുന്ന തരത്തിലുള്ള പെർഫോമൻസ് ഒന്നും എക്സ്റ്റർ എഎംടി നൽകുന്നില്ല. അത്തരക്കാർ തീർച്ചയായും മാനുവൽ വേരിയന്റുകളിലേക്കാണ് ചേക്കേറേണ്ടത്. കുറഞ്ഞ വേഗതയിൽ സ്റ്റിയറിംഗ് വളരെ ലൈറ്റായി ഫീൽ ചെയ്യുമ്പോൾ. ഹൈസ്പീഡിൽ എക്‌സ്‌റ്ററിന്റെ സ്റ്റിയറിംഗ് വീലിന് ഭാരം വർധിക്കുന്നതായി തോന്നി. ഇത് ഹൈവേയിൽ ഓടിക്കാൻ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

എക്‌സ്‌റ്ററിനായുള്ള ഹ്യുണ്ടായിയുടെ സസ്‌പെൻഷൻ സജ്ജീകരണം അൽപ്പം സ്റ്റിഫാണ്. എന്നാൽ മൈക്രോ എസ്‌യുവി മോശം റോഡുകളിൽ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ബോഡി റോൾ ഒരു ചെറിയ പ്രശ്നമാണെങ്കിലും കോർണറിംഗിൽ എക്‌സ്‌റ്ററിന്റെ സ്റ്റിഫർ സസ്പെൻഷൻ സജ്ജീകരണം അത്ഭുതപ്പെടുത്തിയേക്കാം. ബ്രേക്കിംഗിന്റെ കാര്യത്തിലും വാഹനം മോശക്കാരനെല്ലെന്നു വേണം പറയാൻ.

Hyundai Exter Review

എന്തായാലും ടാറ്റ പഞ്ചിനുള്ള മികച്ച ഉത്തരമാണ് ഹ്യുണ്ടായി എക്‌സ്‌റ്റർ എന്നുപറയാതെ വയ്യ. എക്‌സ്‌റ്ററിന്റെ ബോക്‌സി രൂപവും ആക്രമണാത്മക വിലനിർണയവും ആകർഷകമായ ഫീച്ചറുകളും ആളുകളെ കൈയിലെടുക്കുമെന്ന് ഉറപ്പാണ്. EX, S, SX, SX(O), SX(O) കണക്ട് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ എത്തുന്ന എക്സ്റ്റർ എസ്‌യുവിക്ക് ഇന്ത്യയിൽ 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Monday, July 17, 2023, 11:01 [IST]
English summary
Hyundai exter micro suv review performance driving impressions mileage and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X