അങ്കത്തിനൊരുങ്ങി പുത്തൻ Hyundai Tucson പ്രീമിയം എസ്‌യുവി എത്തി, റിവ്യൂ വിശേഷങ്ങളറിയാം
ഇന്ത്യന്‍ വാഹന വിപണിയിലെ രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ട്യൂസോണിന്റെ പുതുതലമുറ പതിപ്പിനെ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. ക്രെറ്റയെയും വെന്യുവിനെയും പോലെ തന്നെ ഹിറ്റാവാനുള്ള എല്ലാ ചേരുവകളും ചേർത്താണ് പുത്തൻ ട്യൂസോൺ എത്തിയിരിക്കുന്നത്.

2017 മുതൽ വിപണിയിലുണ്ടെങ്കിലും പ്രീമിയം എസ്‌യുവി വിപണിയിൽ കാര്യമായി ശോഭിക്കാനാവാതെ നിൽക്കുകയായിരുന്നു ഹ്യുണ്ടായി ട്യൂസോൺ. മുടക്കുന്ന വിലയ്ക്കൊത്ത വണ്ടിയില്ലെന്ന തോന്നലായിരുന്നു പലരേയും ട്യൂസോണിൽ നിന്നും അകറ്റി നിർത്തിയിരുന്നത്.

എന്നാൽ രണ്ടാം വരവിലെ ലുക്കിൽ ആരും വീണുപോവും വിധമാണ് ഹ്യുണ്ടായി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിനെ ഒരുക്കിയെടുത്തിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ സിട്രൺ C5 എയര്‍ക്രോസ്, ജീപ്പ് കോമ്പസ് എന്നീ പ്രീമിയം എസ്‌യുവികളുമായാണ് ഹ്യുണ്ടായി ട്യൂസോണുമായി മത്സരത്തിനെത്തുന്നത്.

അതിഗംഭീരമായ ഡിസൈൻ, അതിന്റേതായ ചില വിചിത്രതകളുള്ള ഒരു മിനിമലിസ്റ്റ് ഇന്റീരിയർ, മുമ്പെങ്ങുമില്ലാത്തവിധം സാങ്കേതികവിദ്യകളാൽ സമ്പന്നം ഇക്കാര്യങ്ങളൊക്കെ പോരെ പുതിയ നാലാം തലമുറ ട്യൂസോണിനെ പ്രണയിക്കാൻ. ഡി-സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തിൽ വീണ്ടും തലയെടുപ്പോടെ എത്തുമ്പോൾ വാഹനം എങ്ങനെയുണ്ടെന്ന ചോദ്യമായിരിക്കും ഇപ്പോൾ പലരുടേയും മനസിൽ ഉയരുന്നത്.

ഇതിനെല്ലാം മറുപടി നൽകുന്ന പുതുതലമുറ ഹ്യുണ്ടായി ട്യൂസോണിന്റെ റിവ്യൂ വിശേഷങ്ങളുമായാണ് ഇന്ന് ഞങ്ങൾ എത്തിയിരിക്കുന്നത്. അതിനാൽ പുതിയ 'ലുക്ക് ടു മി' ഡിസൈനും ഡ്രൈവർ അധിഷ്‌ഠിത സുരക്ഷാ സവിശേഷതകളും ഓൾ-വീൽ ഡ്രൈവിന്റെ കൂട്ടിച്ചേർക്കലും പുതിയ ട്യൂസോണിനെ അതിന്റെ സെഗ്‌മെന്റിൽ എത്രത്തോളം മികവുറ്റതാക്കുവെന്നെല്ലാം നമുക്ക് ഒന്നു പരിശോധിക്കാം.

ആദ്യം ഡിസൈനിലേക്ക്
മുൻ തലമുറയിലെ ട്യൂസോൺ കാണാൻ പൂർണമായും ബോറടിപ്പിക്കുന്ന ഒരു എസ്‌യുവി ആയിരുന്നില്ലെന്നതാണ് വസ്‌തുത. പക്ഷേ എതിരാളികളുമായി തട്ടിനോക്കുമ്പോൾ മാറ്റ് ഇമ്മിണി കുറവായിരുന്നുവെന്നത് സത്യമായ കാര്യമാണ്. ഈ കുറവുകളെല്ലാം പുതുതലമുറയിലേക്ക് ചേക്കേറിയപ്പോൾ എസ്‌യുവി പരിഹരിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷയെ അടിസ്ഥാനമാക്കി ട്യൂസോണിനെ ഒരുക്കിയിരിക്കുന്നതു തന്നെയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്ലസ് പോയിന്റായി കാണാവുന്നത്. പുതിയ എസ്‌യുവി മുന്നിൽ നിന്ന് നോക്കുമ്പോൾ ആരെയും ആകർഷിച്ചേക്കും. മുമ്പുണ്ടായിരുന്ന ക്രോമിയം ലൈന്‍ ഗ്രില്ലിന് പകരം ഡാര്‍ക്ക് ക്രോമിയം ഫിനിഷിങ്ങിലുള്ള പാരാമെട്രിക് ഗ്രില്ലാണ് ട്യൂസോണില്‍ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.

ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഗ്രില്ലുമായി സംയോജിപ്പിച്ച് അലങ്കരിച്ചിരിക്കുന്നതും ഏറെ ആകർഷണീയത ഉണർത്തിയേക്കും. ഇത് വാഹനം ഓൺചെയ്യുമ്പോഴാണ് പ്രകാശിക്കുന്നത് എന്ന കാര്യവും എടുത്തുപറഞ്ഞേക്കാം. ഗ്രില്ലിന്റെ അരികിലുള്ള ഭാഗങ്ങൾ ടേൺ ഇൻഡിക്കേറ്ററുകളായാണ് സംയോജിപ്പിച്ചിരിക്കുന്നത്.

എസ്‌യുവിക്ക് കൂടുതൽ സ്‌പോർട്ടി ലുക്ക് നൽകുന്ന കുറച്ച് ബൾജുകളും ഷാർപ്പ് ലൈനുകളും ബോണറ്റിന്റെ സവിശേഷതയാണ്. നിലവിൽ രാജ്യത്ത് വിൽക്കുന്ന ചെറിയ ഹ്യുണ്ടായി എസ്‌യുവികളിലെന്നപോലെ ഹെഡ്‌ലൈറ്റുകളും മുൻ ബമ്പറിന്റെ താഴത്തെ ഭാഗത്താണ് കാണാനാവുന്നത്. ഫ്രണ്ട് ബമ്പറിന്റെ ഏറ്റവും താഴ്ന്ന ഭാഗത്ത് വശങ്ങളിലേക്കും പിന്നിലേക്കും വ്യാപിക്കുന്ന പ്ലാസ്റ്റിക് ക്ലാഡിംഗും ഉണ്ട്.

സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പറും ചേരുന്നതോടെ മുന്‍ഭാഗത്തെ പുതുമ പൂര്‍ണമാകുന്നുവെന്ന് പറയാം. വശക്കാഴ്ച്ചയിലേക്ക് കണ്ണോടിക്കുമ്പോൾ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾക്ക് ആതിഥേയത്വം വഹിക്കുന്ന ബൾബസ് വീൽ ആർച്ചുകളാണ് കാണാനാവുന്നത്. എല്ലായ്‌പ്പോഴും എന്നപോലെ വിൻഡോയ്ക്ക് ചുറ്റും ക്രോം ഘടകങ്ങളും കാണാം.

കണക്റ്റഡ് എൽഇഡി ബ്രേക്ക് ലൈറ്റാണ് ട്യൂസോണിന്റെ പിൻഭാഗത്ത് ആധിപത്യം പുലർത്തുന്നത്. പിൻവശത്തെ വിൻഡ്‌സ്‌ക്രീനിലും സ്‌പോയിലർ എലമെന്റിലും അധിക ബ്രേക്ക് ലൈറ്റും ഉണ്ട്. പുതിയ ട്യൂസോണിന്റെ മുൻവശത്തുള്ളതിന് സമാനമായി സിൽവറിൽ ഒരുക്കിയിരിക്കുന്ന ബാഷ് പ്ലേറ്റും കാണാം.

ഇനി ഇന്റീരിയർ വിശേഷങ്ങൾ
ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകളിലൂടെ ഡോർ തുറക്കുമ്പോൾ ഒരു മിനിമലിസ്റ്റ് ഇന്റീരിയറാണ് സ്വാഗതം ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ സ്വിച്ചുകള്‍ നല്‍കി സ്‌ക്രീനുകള്‍ക്ക് പ്രാധാന്യം നല്‍കി ഒരുങ്ങിയിട്ടുള്ള അകത്തളാണ് ട്യൂസോണിന്റെ സവിശേഷത. വലിയ പനോരമിക് സൺറൂഫിലൂടെ എസ്‌യുവിയുടെ ഉൾവശം വായുസഞ്ചാരമുള്ളതായി അനുഭവപ്പെടാൻ സഹായിക്കുന്നുണ്ട്.

കൂടാതെ ഇത് ട്യൂസോണിനുള്ളിലെ വിശാലതയുടെ പ്രതീതി വർധിപ്പിക്കുന്നുമുണ്ട്. ക്യാബിനിലുടനീളം സോഫ്റ്റ് ടച്ച് മെറ്റീരിയലുകളുടെ ഉപയോഗമാണ് ഇന്റീരിയറിന്റെ പ്രീമിയം ഫീൽ കൂട്ടുന്നത്. ഇവയുടെ നിർമാണ നിലവാരവും എടുത്തു പറയേണ്ട കാര്യമാണ്. ലെതറെറ്റ് സീറ്റുകൾ വലുതും യാത്ര ചെയ്യാൻ ഏറെ സുഖകരവുമാണ്. മുൻവശത്തുള്ളവർക്ക് വെന്റിലേഷനും ഹീറ്റിംഗും ലഭിക്കും.

ഡ്രൈവറുടെ സീറ്റ് പൊസിഷൻ ഉറപ്പാക്കാൻ 10 തരത്തിൽ ക്രമീകരിക്കാനാവുന്ന പവർ സീറ്റിന് ഒരു മെമ്മറി ഫംഗ്‌ഷൻ പോലുമുണ്ടെന്നും ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്. അതിലെ ലംബർ സപ്പോർട്ടും മികച്ചതാണ്. പിൻവശത്ത് ഇരിക്കുന്നവർ സുഖസൗകര്യങ്ങളെക്കുറിച്ച് കൂടുതൽ വിഷമിക്കേണ്ടതില്ല, കാരണം പിൻസീറ്റുകൾക്ക് റിക്ലെയിനിംഗ് സംവിധാനമുള്ളതിനാൽ ചാരിക്കിടക്കാനാവും.

ഏതാനും ബട്ടണുകൾ അമർത്തിയാൽ മുൻവശത്തെ യാത്രക്കാരുടെ സീറ്റ് മുന്നോട്ട് നീക്കാനുമാവും. 539 ലിറ്റർ ബൂട്ടി സ്പേസാണ് എസ്‌യുവിയിൽ ഒരുക്കിയെടുത്തിരിക്കുന്നത്. ട്യൂസോണിന്റെ മൾട്ടി-ലേയേർഡ് ഡാഷ്‌ബോർഡ് ക്രമീകരണവും അഭിനന്ദനാർഹമാണ്. HVAC സജ്ജീകരണം ഓണായിരിക്കുമ്പോൾ മാത്രമേ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനായുള്ള എയർ വെന്റുകൾ തുറക്കൂ.

ഡാഷ്ബോർഡ് രണ്ട് വലിയ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾക്ക് ആതിഥേയത്വം വഹിക്കുന്നത്. അതിൽ ഒന്ന് സ്റ്റിയറിംഗ് വീലിന് പിന്നിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായും മറ്റൊന്ന് ഡാഷിന്റെ സെൻട്രൽ സെക്ഷനിൽ ഇൻഫൊടെയ്ൻമെന്റിനായുമാണ് ഉപയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ഡ്രൈവിംഗ് മോഡിനെ ആശ്രയിച്ച് ഡ്രൈവർ ഡിസ്‌പ്ലേയുടെ ഗ്രാഫിക്‌സ് മാറും.

ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ വലുതും ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ്. കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം ഹ്യൂണ്ടായിയുടെ ബ്ലൂലിങ്ക് സ്യൂട്ട് കണക്റ്റഡ് കാർ ആപ്ലിക്കേഷനുകൾക്കുള്ള പിന്തുണയും ഫീച്ചർ ചെയ്യുന്നു. പ്രീമിയം 8-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം മികച്ച നിലവാരമുള്ളതാണ്.

സുരക്ഷ എങ്ങനെയാ?
ആറ് എയർബാഗുകൾ, എല്ലാ വീലിലും ഡിസ്‌ക് ബ്രേക്കുകൾ, പാർക്കിംഗ് അസിസ്റ്റ്, മാർഗനിർദ്ദേശങ്ങളോടുകൂടിയ റിവേഴ്സ് പാർക്കിംഗ് ക്യാമറ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഡൌൺഹിൽ ബ്രേക്ക് കൺട്രോൾ, ഇഎസ്‌സി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്ന നിരവധി സുരക്ഷാ ഫീച്ചറുകളാൽ സമ്പന്നമാണ് പുതി ട്യൂസോൺ.

ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റൻസ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിസൺ വാണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, സറൗണ്ട് വ്യൂ മോണിറ്റർ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന ഹ്യൂണ്ടായിയുടെ സ്മാർട്ട്സെൻസ് ലെവൽ 2 ADAS സിസ്റ്റമാണ് ട്യൂസോണിന്റെ മറ്റൊരു പ്രത്യേകത.

എഞ്ചിനും ഗിയർബോക്‌സും
ഹ്യുണ്ടായി ട്യൂസോണിൽ 2.0 ലിറ്റർ ഡിസ്‌പ്ലേസ് ചെയ്യുന്ന പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. പെട്രോൾ എഞ്ചിൻ 6,200 rpm-ൽ 154 bhp പവറും 4,500 rpm-ൽ 192 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെട്രോൾ വേരിയന്റ് ഫ്രണ്ട് വീൽ ഡ്രൈവ് ഓഫറായി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ട്യൂസോണിന്റെ ഡീസൽ പതിപ്പ് ഒരു ടർബോചാർജ്ഡ് യൂണിറ്റാണ്. ഇത് 4,00 rpm-ൽ 184 bhp കരുത്തും 2,000- 2,700 rpm-ന് ഇടയിൽ 416 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. എഞ്ചിൻ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വിപണിയിൽ എത്തുന്നത്. കൂടാതെ ഡീസൽ ട്യൂസോൺ ഫ്രണ്ട്-വീൽ ഡ്രൈവിലും ഓൾ-വീൽ ഡ്രൈവ് ഓപ്ഷനിലും തെരഞ്ഞെടുക്കാനും സാധിക്കും.

ഡ്രൈവിംഗ് എങ്ങനെ?
പ്രീമിയം എസ്‌യുവിയുടെ 2.0 ലിറ്റർ ടർബോ ഡീസൽ മോഡലാണ് റിവ്യൂ ചെയ്യാൻ കിട്ടിയത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ പ്രതികരണവും ഗംഭീരമാണ്. ഉയർന്ന വേഗതയിൽ ക്യാബിന്റെ മികച്ച NVH ലെവലുകൾ ഉണ്ടായിരുന്നിട്ടും ഡീലൽ എഞ്ചിനാണെന്ന കാര്യം വാഹനം ഇടയ്ക്കിടയ്ക്ക് സ്വയമേ ഓർമിപ്പിക്കുന്നുണ്ട്.

ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സ് അതിന്റെ പശ്ചാത്തലത്തിൽ നിശബ്ദമായി തന്നെയാണ് പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ വാഹനമോടിക്കുമ്പോൾ ഗിയർ ഷിഫ്റ്റിംഗ് ശ്രദ്ധിക്കുന്നില്ല. എന്നാൽ ആക്‌സിലറേറ്റർ അമർത്തുമ്പോൾ എഞ്ചിൻ അതിന്റെ ടോർക്ക് സ്വഭാവം പൂർണമായി ആക്സസ് ചെയ്യാൻ അനുവദിക്കുന്നതിന് ഒന്നോ രണ്ടോ ഗിയർ ഡൌൺ ഷിഫ്റ്റ് ചെയ്യുന്നത് അലോസരമായി തോന്നിയേക്കാം.

ട്യൂസോണിന്റെ എല്ലാ പതിപ്പുകൾക്കും ഇക്കോ, നോർമൽ, സ്‌പോർട്ട്, സ്മാർട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇക്കോ മോഡിൽ ത്രോട്ടിൽ റെസ്പോൺസ് വളരെ മടിയുള്ളതായാണ് തോന്നിയത്. ഇവിടെ സ്റ്റിയറിംഗ് ഭാരവും അനുഭവപ്പെടുന്നില്ല.

അതേസമയം നോർമൽ മോഡിൽ കാര്യങ്ങൾ ചെറുതായി മെച്ചപ്പെടുന്നു. സ്‌പോർട്‌സ് മോഡിൽ പെഡലിൽ റെസ്പോൺസ് ഉടനടി ലഭിക്കുന്നുണ്ടായിരുന്നു. കോർണറിംഗിൽ പോലും മികച്ച സ്റ്റെബിലിറ്റിയാണ് ഈ മോഡിൽ ലഭിക്കുന്നത്.

വാഹനത്തിന്റെ കോർണറിംഗ് ശേഷിയെ കുറിച്ച് പറഞ്ഞാൽ എസ്‌യുവിയുടെ സസ്പെൻഷൻ സജ്ജീകരണം കുറഞ്ഞ ബോഡി റോളാണ് നൽകുന്നത്. സസ്പെൻഷൻ സോഫ്റ്റായി വശത്താണ് ക്രമീകരിച്ചിരിക്കുന്നത്. ആയതിനാൽ ഉയർന്ന വേഗതയിൽ ഹമ്പുകളോ കുഴിയോ ചാടിയാൽ ക്യാബിനുള്ളിൽ അറിയാൻ കഴിയുന്നുണ്ട്.

നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് ട്യൂസോണിന്റെ സവിശേഷത. ബ്രേക്കുകൾ വളരെ പുരോഗമനപരമായി അനുഭവപ്പെടുകയും നല്ല ബൈറ്റ് നൽകുകയും ചെയ്യുന്നുണ്ട്. പക്ഷേ പെഡൽ ട്രാവൽ പരിചിതമാകാൻ കുറച്ച് സമയമെടുത്തേക്കാം. ട്യൂസോണിന്റെ ടോപ്പ് എൻഡ് ഡീസൽ വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ് ഫീച്ചർ ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

മുൻഗാമികളെ അപേക്ഷിച്ച് ഹ്യുണ്ടായി ട്യൂസോണിന്റെ നാലാം തലമുറ ആവർത്തനം ഇന്ത്യൻ വിപണിയിലെ പ്രീമിയം എസ്‌യുവി വിഭാഗത്തെ കീഴടക്കാൻ പര്യാപ്‌തമാണെന്ന് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇത്തവണ ഉറപ്പുവരുത്തിയിട്ടുണ്ട്. സിട്രണ്‍ C5 എയര്‍ക്രോസ്, ജീപ്പ് കോമ്പസ് എന്നീ വമ്പൻ എതിരാളികളോട് എങ്ങനെ മുട്ടിനിൽക്കുമെന്ന് വരും ദിവസങ്ങളിൽ കാണാം.


Click it and Unblock the Notifications








