പെർഫക്‌ട് ഫാമിലി കാർ! കിയയുടെ പുത്തൻ 7-സീറ്റർ ഇലക്‌ട്രിക് എംപിവി എങ്ങനെയുണ്ടെന്ന് അറിയേണ്ടേ? റിവ്യൂ വായിക്കാം
ഇലക്‌ട്രിക് കാർ വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഇവികളെ ഇന്ത്യക്കാർക്കിടയിൽ ജനകീയരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ടാറ്റയാണെങ്കിലും പിന്നീട് ബിവൈഡിയും എംജി പോലുള്ള ബ്രാൻഡുകൾ കൂടി സജീവമായതോടെ ആളുകൾക്കെല്ലാം വൈദ്യുത കാറുകളോട് വല്ലാത്തൊരു ഇഷ്‌ടവും തുടങ്ങി. ഇപ്പോഴിതാ ഈയൊരു അവസരം മുതലെടുക്കാനായി സാക്ഷാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയും സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. അതും കാരെൻസ് ക്ലാവിസ് ഇവിയുമായാണ് കമ്പനിയുടെ വരവ്. പുതിയ 7-സീറ്റർ ഇലക്ട്രിക് എംപിവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കിയ ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്. പുതിയ ഇവി എങ്ങനെയുണ്ടെന്ന് അറിയാൻ ഏവർക്കും താത്പര്യമുണ്ടാവുമല്ലോ അല്ലേ. അത്തരക്കാർക്കായി ക്ലാവിസ് ഇവിയുടെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.
എക്സ്റ്റീരിയർ: ആദ്യ കാഴ്ച്ചയിൽ രൂപം ഇഷ്‌ടപ്പെട്ടില്ലെങ്കിൽ ആ മോഡലിന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനമാവുമെന്ന് കേട്ടിട്ടുണ്ട്. അതിനാൽ അധികം റിസ്‌കെടുക്കാതെ തന്നെ ക്ലാവിസ് ICE പതിപ്പിന്റെ അതേ സ്റ്റൈലിലാണ് ഇവിയെയും ഒരുക്കിയെടുത്തിരിക്കുന്നത് കേട്ടോ. കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും, എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് മുൻവശത്തെ ഹൈലൈറ്റുകൾ. മുൻവശത്തുള്ള ആക്ടീവ് ഫ്ലാപ്പുകൾ എംപിവിയുടെ എയറോഡൈനാമിക്സ് കഴിവിനേയും വർധിപ്പിക്കുന്നുണ്ട്.

215/55 R17 ടയർ സൈസുള്ള എയറോ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വശക്കാഴ്ച്ചയെ മനോഹരമാക്കുന്നത്. പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളും, യുണീക്കായ ഇവി ബാഡ്‌ജും കാണാം. പുതിയ ഐവറി സിൽവർ മാറ്റ് ഫിനിഷ് ഉൾപ്പെടെ ഗ്ലേസിയർ വൈറ്റ് പേൾ, പ്യൂറ്റർ ഒലിവ്, അറോറ ബ്ലാക്ക് പേൾ, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നിങ്ങനെ 6 കളർ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്.
ഇന്റീരിയർ: ഉള്ളിൽ വിശാലമായ ക്യാബിനും, പനോരമിക് സൺറൂഫും, സ്മാർട്ട് എയർ പ്യൂരിഫയറും അടങ്ങിയതാണ് ക്ലാവിസ് ഇവി. രണ്ട് 13.3 ഇഞ്ച് സ്ക്രീനുകളും, ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റവും, വെന്റിലേറ്റഡ് സീറ്റുകളും കൂടിയാവുമ്പോൾ യാത്രകൾ ഗംഭീരമാവും. സേഫ്റ്റിയുടെ കാര്യത്തിലും കിയയുടെ ഇലക്ട്രിക് എംപിവി കിടുവാണ്. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, 20-ൽ അധികം ഫീച്ചറുകളുള്ള ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയെല്ലാമാണ് സുരക്ഷയേകുന്നത്.

വാഹനത്തിൽ 25 ലിറ്റർ ഫ്രണ്ട് ട്രങ്കും, വെഹിക്കിൾ-ടു-ലോഡ് (V2L) സൗകര്യവും ഉള്ളതിനാൽ പ്രായോഗികതയും കൂടുതലാണ്. യാത്രക്കാർക്ക് ആവശ്യമായത്ര ലെഗ്‌റൂമും, സുഖകരമായ സീറ്റിംഗും കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ പ്രത്യേകതയാണ്. ഡാഷ്‌ബോർഡ് ലേഔട്ട് ആധുനികമായതിനാൽ പുതുമയുമുണ്ട്. ആംബിയന്റ് ലൈറ്റിംഗ് ക്യാബിൻ്റെ ഭംഗി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് രാത്രി യാത്രകളിൽ ഇത് പ്രകടമാവുകയും ചെയ്യും. കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ ഉൾവശത്ത് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ ഉയർന്ന നിലവാരമുള്ളവയാണെന്നതും ഒന്ന് കയറിയിരുന്നാൽ മനസിലാവുകയും ചെയ്യും. ഇത് യാത്രകളിൽ പ്രീമിയം അനുഭവം നൽകാൻ സഹായിക്കുന്ന കാര്യങ്ങളാണ്. കൂടാതെ നിരവധി സ്റ്റോറേജ് കമ്പാർട്ടുമെന്റുകളും കാറിൽ ഒരുക്കിയിരിക്കുന്നതിനാൽ ദൈനംദിന ആവശ്യങ്ങൾക്ക് ഇവി പ്രായോഗികമാവുന്നു.

വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള യൂസർ ഫ്രണ്ട്ലി ഇൻഫോടൈൻമെൻ്റ് സിസ്റ്റവും എടുത്തുപറയേണ്ട സംഗതിയാണ്. വയർലെസ് ചാർജിംഗ് പാഡുകളും, ഒന്നിലധികം USB പോർട്ടുകളും ഗാഡ്‌ജെറ്റുകൾ എപ്പോഴും ചാർജ് ചെയ്യാൻ സഹായിക്കുന്നു. എയർ കണ്ടീഷനിംഗ് സംവിധാനം വളരെ മികച്ചതാണെന്നതിനാൽ ചൂടുള്ള കാലാവസ്ഥയിലും യാത്രകൾ അനായാസമാക്കും. ഡ്രൈവർമാർക്ക് അവരുടെ മികച്ച ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്താൻ കഴിയുന്ന രീതിയിൽ സ്റ്റിയറിംഗ് വീൽ ക്രമീകരിക്കാവുന്നതാണ്.
ബാറ്ററിയും ചാർജിംഗും: കിയയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എംപിവി 42 kWh, 51.4 kWh എന്നീ ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. 42 kWh പായ്ക്ക് 132 bhp പവറോളം ഉത്പാദിപ്പിക്കുമ്പോൾ 51.4 kWh പായ്ക്ക് 168 bhp കരുത്തോളമാണ് നൽകുന്നത്. രണ്ട് ബാറ്ററി വേരിയന്റുകളും 255 Nm ടോർക്കാണ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിൽ ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും സിംഗിൾ-പെഡൽ ഡ്രൈവിംഗിനായുള്ള I-പെഡൽ മോഡും ഉണ്ട്.

ഡ്രൈവിംഗ് എങ്ങനെയുണ്ട്: ഈ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം കൊള്ളാമെന്ന്. സുഗമമായ ആക്സിലറേഷനും, മികച്ച ഹാൻഡിലിംഗ് ശേഷിയും 7 സീറ്റർ ഇലക്ട്രിക് എംപിവിയെ അടിപൊളിയാക്കുന്ന കാര്യങ്ങളാണ്. നോർമൽ മോഡ് ഒരു ബാലൻസ്ഡ് റൈഡ് നൽകുമ്പോൾ സ്പോർട്ട് മോഡ് ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. എനജർജി സേവിംഗിനായി ഇക്കോ മോഡ് മികച്ചതാണ്. I-പെഡൽ മോഡ് സിറ്റി യാത്രകളിൽ വളരെ ഉപകാരപ്രദവുമാണ്.
ആയതിനാൽ മൊത്തത്തിൽ ഈ വിലയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ലൊരു ഇലക്ട്രിക് വാഹനമായിരിക്കും കിയ കാരെൻസ് ക്ലാവിസ് ഇവിയെന്നതിൽ സംശയമൊന്നും വേണ്ട. നല്ല പെർഫോമൻസും പ്രായോഗികതയുമെല്ലാം ഒത്തുചേർന്ന 7 സീറ്റർ ഫാമിലി എംപിവി തേടുന്നവർക്കെല്ലാം ഈ മോഡൽ തികച്ചും അനുയോജ്യമായിരിക്കും. ഇവിയുടെ രൂപകൽപ്പനയും, ഫീച്ചറുകളും റേഞ്ചും, കാര്യക്ഷമമായ ചാർജിംഗ് ഓപ്ഷനുകളും ഇതിനെ കൂടുതൽ ആകർഷകമാക്കുന്നുവെന്നും പറയാം.


Click it and Unblock the Notifications








