എന്തൊരു വണ്ടിയാ... ആഡംബര കാറുകളെ നാണിപ്പിക്കുന്ന കിയ EV9 ഇവി; റിവ്യൂ വിശേഷങ്ങൾ വായിക്കാം
സെൽറ്റോസ്, സോനെറ്റ്, കാരെൻസ്, കാർണിവൽ തുടങ്ങിയ വ്യത്യസ്‌തമായ വാഹനങ്ങളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സാധാരണക്കാർക്കുള്ള മോഡലുകൾക്ക് പുറമെ നല്ല ഒന്നാന്തരം പ്രീമിയം ആഡംബര കാറുകളും നിർമിക്കുന്നതിൽ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് കമ്പനി. ടൊയോട്ട വെൽഫയറിനോളം പോന്ന കാർണിവൽ എംപിവിയാണ് ഇതിന് വലിയൊരു ഉദാഹരണം. നമ്മുടെ സ്വന്തം മുഖ്യമന്ത്രി വരെ തന്റെ ഔദ്യോഗിക യാത്രകൾ കിയയുടെ ഈ കാറിലാക്കിയത് വരെ ചരിത്രമാണ്. ICE എഞ്ചിൻ മോഡലുകൾക്ക് പുറമെ രാജ്യത്തെ ഇലക്ട്രിക് വാഹന രംഗത്തും കരുത്ത് തെളിയിച്ചിട്ടുണ്ട് ബ്രാൻഡ്.
EV6 ഇവിയിലൂടെ പണക്കാരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന കിയ അടുത്തിടെ EV9 എന്ന വലിയ ഇലക്‌ട്രിക് എസ്‌യുവിയും ഇന്ത്യക്കായി പുറത്തിറക്കിയിരുന്നു. 1.30 കോടി രൂപ എക്സ്ഷോറൂം വിലയുള്ള അജഗജാന്തര വണ്ടി പലരുടേയും കണ്ണിലുടക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. വാങ്ങാൻ പറ്റില്ലെങ്കിലും വാഹനം എങ്ങനെയുണ്ടെന്നറിയാൻ വണ്ടിഭ്രാന്തൻമാർക്കെല്ലാം വലിയ ആകാംക്ഷയുമുണ്ടാവും അല്ലേ. അങ്ങനെ കാത്തിരിക്കുന്നവർക്കായി കിയ EV9 ഇവിയുടെ റിവ്യൂ വിശേഷങ്ങൾ ഞങ്ങൾ പങ്കുവെക്കാം.

ഡിസൈനും ഫീച്ചറുകളും: ആഡംബര കാറുകൾ വരെ നാണിച്ചുപോവുന്ന തരത്തിലാണ് ഈ ഫാമിലി ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നതെന്ന് വേണം പറയാൻ. ബ്ലാങ്ക്-ഓഫ്, ലൈറ്റ്-ഇൻഫ്യൂസ്ഡ് ഡിജിറ്റൽ ടൈഗർ ഫെയ്സ് ഗ്രില്ലാണ് വാഹനത്തിന്റെ മുൻവശത്തെ അഴക്. ഇതിന്റെ ഇരുവശത്തുമായി ലംബമായി അടുക്കിയിരിക്കുന്ന ഹെഡ്‌ലൈറ്റുകളും നടുവിലൂടെ ഒഴുകുന്ന ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും ആരേയും അതിശയിപ്പിക്കുന്നതാണ്.
മുൻ ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഒരു വലിയ എയർ ഇൻടേക്കും അതിനടിയിൽ ഒരു ഫോക്‌സ് സ്കിഡ് പ്ലേറ്റും കാണാം. വശക്കാഴ്ച്ചിയിലേക്ക് വന്നാലും സംഗതി അടിപൊളിയാക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ഫെൻഡറുകളുടെയും വീൽ ആർച്ചുകളുടെയും ഷാർപ്പ് ലൈനുകൾ, ഫ്ലോട്ടിംഗ് റൂഫ് സെക്ഷൻ എന്നിവയെല്ലാം വൃത്തിയായി ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വലിയ 20 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളും കൂടിച്ചേരുന്നതോടെ സംഗതി കളറാവും.

ഇലക്ട്രിക് എസ്‌യുവിയുടെ പിൻഭാഗവും അതിമനോഹരമാണ്. എൽഇഡി ടെയിൽ ലൈറ്റുകൾ, വലിയൊരു സ്‌പോയിലർ എന്നിവയാണ് ഇവിടം സുന്ദരമാര്രുന്നത്. ഇന്റീരിയറിന്റെ കാര്യത്തിലേക്ക് വന്നാൽ ലോകോത്തര നിലവാരത്തിലുള്ള അകത്തളമാണ് ഇവിയിലുണ്ടാവുകയെന്ന് രൂപം കണ്ടാൽ തന്നെ മനസിലാക്കാം. സിറോസിൽ നമ്മൾ ആദ്യമായി കണ്ടതുപോലെയുള്ള ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണമാണ് ഡാഷ്‌ബോർഡിൽ ആധിപത്യം പുലർത്തുന്നത്.
12.3 ഇഞ്ച് ഡ്രൈവറും ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേകൾ ഇതിന്റെ അരികിലായി HVAC ക്രമീകരണങ്ങളെ നിയന്ത്രിക്കുന്ന 5 ഇഞ്ച് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 14-സ്പീക്കർ മ്യൂസിക് സിസ്റ്റം, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ കീ, യുഎസ്ബി-സി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, OTA അപ്‌ഡേറ്റുകൾ, ഹീറ്റഡ് ആൻഡ് വെൻ്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളാണ് കിയ EV9 ഇവിയിൽ ഒരുക്കിയിട്ടുള്ളത്.

ഇതോടൊപ്പം ഓട്ടോമാറ്റിക് ഡിഫോഗ് സിസ്റ്റം, ഫുൾ ഡിസ്പ്ലേയുള്ള ഇലക്ട്രോണിക് റിയർ വ്യൂ മിറർ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, റീജനറേറ്റീവ് ബ്രേക്കിംഗ് പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും ആഡംബര ഇലക്ട്രിക് എസ്‌യുവിയുടെ ഭാഗമായിട്ടുണ്ട്. സീറ്റുകൾ വലുതും സുഖകരവുമാണെന്നതിനാൽ ഏത് ദീർഘദൂര യാത്രകളും അടിപൊളിയാവും. ഡ്രൈവർ സീറ്റിൽ 18-വേ അഡ്ജസ്റ്റ്‌മെന്റും മെമ്മറി ഫംഗ്‌ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഫ്രണ്ട് പാസഞ്ചർ സീറ്റിൽ 12-വേ ക്രമീകരണവും ഉണ്ട്.
കിയ EV9 ഇവിയുടെ രണ്ടാമത്തെ നിരയിൽ വെന്റിലേഷൻ, മസാജ് ഫംഗ്‌ഷനുകൾ ഉള്ള രണ്ട് ക്യാപ്റ്റൻ സീറ്റുകളാണ് കൊടുത്തിരിക്കുന്നത്. ആവശ്യത്തിലധികം സ്പേസുള്ളതിനാൽ അക്കാര്യത്തിലും പേടിക്കാനൊന്നുമില്ല. മൂന്നാം നിരയിലെ സീറ്റുകൾ ഒരു റിക്ലൈനബിൾ ഫംഗ്‌ഷൻ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ആയതിനാൽ മുതിർന്നവർക്ക് പോലും ആവശ്യത്തിലധികം സ്ഥലം ഉറപ്പാക്കിയിട്ടുണ്ട്.

10 എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), സ്റ്റെബിലിറ്റി കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗുള്ള 360-ഡിഗ്രി സറൗണ്ട് ക്യാമറ, 27 ഓട്ടോണമസ് ഫംഗ്ഷനുകളുള്ള ലെവൽ 2 ADAS സ്യൂട്ട് എന്നിവയെല്ലാമാണ് ഏറ്റവും പുതിയ കിയ EV9 ഇലക്‌ട്രിക് എസ്‌യുവിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്ന സുരക്ഷാ സന്നാഹങ്ങൾ.
ബാറ്ററി പായ്ക്കും റേഞ്ചും: നമ്മൾ കരുതുന്നതിലും വലിപ്പമുള്ള ഇലക്ട്രിക് എസ്‌യുവിയാണ് കിയ EV9. 5,015 മില്ലീമീറ്റർ നീളവും 1,980 മില്ലീമീറ്റർ വീതിയും 1,780 മില്ലീമീറ്റർ ഉയരവും 3,100 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഉള്ള ഇതിന് മൊത്തത്തിൽ 2,664 കിലോഗ്രാം ഭാരമുള്ളതെന്നും കമ്പനി പറയുന്നു. 99.8kWh ബാറ്ററി പായ്ക്കാണ് ഭീമാകാരമായ ഈ വൈദ്യുത വാഹനത്തിന് കരുത്ത് പകരാനായി എത്തിയിരിക്കുന്നത്.

ഇത് പൂർണ ചാർജിൽ 561 കിലോമീറ്റർ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാറ്ററി പായ്ക്ക് പരമാവധി 350kW ചാർജിംഗ് വേഗതയിൽ ചാർജ് ചെയ്യാൻ കഴിയും. DC ചാർജർ വഴി കിയ EV9 ഇവിയുടെ ബാറ്ററി പായ്ക്ക് വെറും 24 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതായത് ഒരു ചായ കുടിച്ച് വിശ്രമിക്കാൻ സമയമുണ്ടെങ്കിൽ വാഹനം ചാർജാവുമെന്ന് സാരം.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പോലും വലിയ ആഡംബര കാറുകളെ വരെ പിന്നിലാക്കുന്ന പ്രകടനമാണ് കിയയുടെ ഈ വലിയ 7 സീറ്റർ ഇലക്ട്രിക് എസ്‌യുവിക്ക് പുറത്തെടുക്കാനാവുക. ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണവുമായി വരുന്ന ഇവിക്ക് 384 bhp പവറിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ വണ്ടിക്ക് കഴിയും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററാണ്.

ഓടിക്കാൻ എങ്ങനെയുണ്ടെന്ന് അറിയേണ്ടേ: കിയ EV9 ഒരു ഭീമൻ എസ്‌യുവി ആണെന്ന വസ്തുതയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ തന്നെ ഓർത്തോണം. വലിപ്പം അവഗണിക്കാൻ അൽപം ബുദ്ധിമുട്ടാണെന്ന് വാഹനം നീങ്ങുമ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും. പക്ഷേ കാല് കൊടുത്താൽ പായുന്ന പാച്ചിൽ കണ്ടാൽ ബാക്കിയെല്ലാം മറന്ന് നാം ഡ്രൈവിംഗ് ആസ്വദിക്കുമെന്ന് നിസംശയം പറയാം.
കുറഞ്ഞ വേഗതയിൽ അൽപ്പം ഉറച്ചതായി തോന്നുന്ന സസ്‌പെൻഷൻ, ഉയർന്ന വേഗതയിൽ മനോഹരമായി പ്രവർത്തിക്കും. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളെല്ലാം വളരെ മികച്ച രീതിയിൽ തന്നെ ആഗിരണം ചെയ്യുകയും ശാന്തമായ യാത്രാ അനുഭവം നൽകുകയും ചെയ്യുന്നു. വലിയ സീറ്റുകൾ ദീർഘദൂര ഡ്രൈവുകളിൽ പോലും യാത്രക്കാരെ മടുപ്പിക്കില്ലെന്ന് ഗ്യാരണ്ടി പറയാം. ബ്രേക്കുകൾ ഉയർന്ന വേഗതയിൽ പോലും ആത്മവിശ്വാസം നൽകുന്നവയാണ്.

റീജൻ ബ്രേക്കിംഗ് സജ്ജീകരണം നന്നായി പ്രവർത്തിക്കുന്നുവെന്ന് റിവ്യൂ ഡ്രൈവിൽ മനസിലാക്കാൻ സാധിച്ചു കേട്ടോ. കൂടാതെ അതിന്റെ ഏറ്റവും ശക്തമായ ലെവൽ സിംഗിൾ-പെഡൽ ഡ്രൈവിംഗിന് പോലും അനുവദിക്കുന്നു. അങ്ങനെ മൊത്തത്തിൽ കിയയുടെ EV9 ഇവി അടിപൊളിയാണെന്ന് വേണം പറയാൻ. മുടക്കുന്ന കാശ് ഒരിക്കലും പാഴായി പോവില്ലെന്നും ഉറപ്പിച്ച് പറയാനാവും.


Click it and Unblock the Notifications








