ഇതിൽ ഇല്ലാത്തതായി ഒന്നുമില്ല! കിയയുടെ കുഞ്ഞൻ ടോൾബോയ് എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ വായിക്കാം
സെൽറ്റോസ് എന്ന മിഡ്-സൈസ് എസ്‌യുവിയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച വണ്ടിക്കമ്പനിയാണ് കിയ. പിന്നീട് കാർണിവൽ, സോനെറ്റ്, കാരെൻസ്, EV6 ഇവി, EV9 ഇവി അങ്ങനെ ഒരുപിടി കിടിലൻ മോഡലുകൾ പുറത്തിറക്കി ആളുകളെ ചാക്കിലാക്കിയ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ശക്തരിൽ ശക്തനാണ്. ഇടിവെട്ട് ഡിസൈനും ഫീച്ചറുകളുടെ ആറാട്ടുമുള്ള കിയ കാറുകൾ ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ കോംപാക്‌ട് എസ്‌യുവി കൂടി പുറത്തിറക്കാൻ റെഡിയായിരിക്കുകയാണ് കമ്പനി. സിറോസ് എന്ന് പേരിട്ടിരിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം ഇതിനോടകം ഏറെ ചർച്ചയായിട്ടുണ്ട്.
സോനെറ്റിനും സെൽറ്റോസിനും ഇടയിൽ സ്ഥാനം പിടിക്കാൻ പോവുന്ന കാറിന്റെ പേരും രൂപവും ഫീച്ചറുകളുമെല്ലാം ആളുകൾക്ക് ഇഷ്‌ടമായിട്ടുണ്ട്. ഇനി വില കൂടി അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിൽ കിയ സിറോസ് ഓടിച്ച് നോക്കാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിക്കുകയുണ്ടായി. കിയയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവി എങ്ങനെയുണ്ടാവുമെന്ന് അറിയാൻ കാത്തിരിക്കുന്നവർക്കായി സിറോസിന്റെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.

ഡിസൈൻ: ഒരു ബോക്‌സി ടോൾബോയ് ഡിസൈനിലാണ് കിയ സിറോസിനെ പണികഴിപ്പിച്ചിരിക്കുന്നത്. സാധാരണ കാറുകളിൽ ഇതുവരെ കാണാത്ത ഡിസൈനാണെങ്കിലും കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ EV9, EV3 പോലുള്ള ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഡിസൈൻ ആരേയും മോഹിപ്പിക്കുന്നതാണ്. മുൻവശത്ത് ഒരു ബ്ലാങ്ക്ഡ്-ഓഫ് ടോപ്പ്-ഗ്രിൽ സെക്ഷൻ, ബമ്പറിലെ എയർ ഇൻടേക്കുകൾ, കറുത്ത ക്ലാഡിംഗ്, ഫോക്സ് സിൽവർ ബാഷ് പ്ലേറ്റും എന്നിവയെല്ലാം രൂപത്തോട് ഇണങ്ങും വിധമാണ് കൊടുത്തിരിക്കുന്നത്.
ഇതോടൊപ്പം ഗ്രില്ലിന്റെ അരികുകളിൽ ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും ഇൻഡിക്കേറ്ററായി പ്രവർത്തിക്കുന്ന എൽഇഡി ഡിആർഎല്ലും കാണാം. അങ്ങനെ മൊത്തത്തിൽ മുൻവശം വൃത്തിയുള്ളതാക്കാൻ കിയയ്ക്ക് സാധിച്ചിട്ടുണ്ട്. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ സിറോസിന്റെ ടോൾബോയ് ഡിസൈൻ ശരിക്കും എറിച്ച് നിൽക്കുന്നുണ്ട്. ബി-പില്ലറിലെ വിൻഡോ ഡിസൈനിലെ മാറ്റങ്ങളും സാധാരണ കാറുകളിൽ നിന്നും വ്യത്യസ്‌തമാണ്.

ഫ്ലാഷ് ഡോർ ഹാൻഡിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകൾ, വീൽ ആർച്ചുകളിലും ഡോറുകളിലും ക്ലാഡിംഗ്, 17 ഇഞ്ച് ക്രിസ്റ്റൽ-കട്ട് അലോയ് വീലുകൾ എന്നിവയാണ് കിയ സിറോസിലെ മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. പിന്നിലും വിചിത്രമായ ഡിസൈൻ തുടരുകയാണ്. റിയർ വിൻഡ്‌സ്‌ക്രീനിന് ചുറ്റും എൽ-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. തൊട്ടുമുകളിലായി മൂന്നാമത്തെ ബ്രേക്ക് ലൈറ്റ് ഉൾക്കൊള്ളുന്ന ഒരു ചെറിയ സ്‌പോയിലർ സെക്ഷനുമുണ്ട്.
ഇന്റീരിയറും ഫീച്ചറുകളും: അകത്തളത്തിലേക്ക് കയറിയാൽ സംഗതി ആകെ മാറും. കോംപാക്‌ട് എസ്‌യുവിയായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും പ്രീമിയം നിലവാരത്തിലുള്ള ഇന്റീരിയറാണ് കിയ സിറോസിൽ ഒരുക്കിവെച്ചിരിക്കുന്നത്. സീറ്റുകളുടെ അപ്ഹോൾസ്റ്ററി പ്രതിഫലിപ്പിക്കുന്ന ഡ്യുവൽ-ടോൺ ലുക്കാണ് ക്യാബിനിനുള്ളത്. മൾട്ടി-ലേയേർഡ് ഡാഷ്‌ബോർഡിൽ മൂന്ന് ഡിസ്‌പ്ലേകൾക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു വലിയ 30 ഇഞ്ച് സ്‌ക്രീനാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

ഡ്രൈവർ ഇൻസ്ട്രുമെന്റേഷനായി ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകളും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. അവയ്ക്കിടയിൽ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനായി 5 ഇഞ്ച് ടച്ച്‌സ്‌ക്രീനാണുള്ളത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം ഇതിൽ ലഭ്യമാവുകയും ചെയ്യും. പുതിയ ടൂ-സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും കിടിലമാണ്.
ഒന്നിലധികം ഭാഷകളിലുള്ള വോയ്‌സ് കമാൻഡുകൾ സ്വീകരിക്കുന്ന കിയയുടെ കണക്റ്റഡ് കാർ സ്യൂട്ടും OTA അപ്‌ഡേറ്റുകളും ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്നുണ്ടേ. യാതരകളെ ആനന്ദകരമാക്കാൻ 8-സ്പീക്കർ ഹാർമൺ കാർഡൺ സൗണ്ട് സിസ്റ്റം ഒരുക്കിയിട്ടുണ്ടെന്നതിനാൽ സംഗീത പ്രേമികളും സിറോസിൽ ഹാപ്പിയായിരിക്കും. ലോംഗ് ഡ്രൈവുകൾക്ക് അനുയോജ്യമായ സീറ്റുകളാണ് എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്.

ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ നാല് സീറ്റുകൾക്കും വെന്റിലേഷൻ ലഭിക്കും. ഒപ്പം സ്ലൈഡിംഗ് റിക്ലൈനിംഗ് സംവിധാനവും റിയർ സീറ്റിന് ലഭിക്കുമെന്നതാണ് രസകരമായ മറ്റൊരു സംഗതി. ഒപ്പം നല്ല ലെഗ്, ഹെഡ്‌റൂം കൂടിയാവുമ്പോൾ കിയ സിറോസ് സെഗ്മെന്റിൽ പകരക്കാരനില്ലാതെ മാറും. ഫീച്ചറുകളൊന്നും ഇവിടെ അവസാനിക്കുന്നില്ല കേട്ടോ, ഒരു വലിയ ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, റിട്രാക്റ്റബിൾ കപ്പ് ഹോൾഡറുകൾ, വയർലെസ് ഫോൺ ചാർജർ പോലുള്ള സവിശേഷതകളും വണ്ടിയിൽ കിട്ടും.
റിയർ വിൻഡോകൾക്കുള്ള മാനുവൽ ബ്ലൈന്റുകൾ, AQI ഡിസ്പ്ലേയുള്ള സ്മാർട്ട് എയർ പ്യൂരിഫയർ, റിയർ എസി വെന്റുകൾ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, മുന്നിലും പിന്നിലും യുഎസ്ബി സി പോർട്ടുകൾ എന്നീ ഫീച്ചറുകളാലും കിയ സിറോസ് സമ്പന്നമാണ്. സേഫ്റ്റിയുടെ കാര്യത്തെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നവരാണ് ഇന്ത്യക്കാർ എന്നതിനാൽ കിയയുടെ കോംപാക്‌ട് എസ്‌യുവി ഇക്കാര്യത്തിലും മുറ്റാണ്.

ആറ് എയർബാഗുകൾ, ഫ്രണ്ട്, സൈഡ്, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, EBD ഉള്ള ABS, ട്രാക്ഷൻ കൺട്രോൾ, നാല് ഡിസ്ക് ബ്രേക്കുകളും (ടോപ്പ്-സ്പെക്ക് മോഡലുകളിൽ മാത്രം), ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX ആങ്കർ പോയിന്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളുമായിട്ടാണ് കിയ സിറോസ് വരുന്നത്.
ഫ്രണ്ട് കൊളിഷൻ വാർണിംഗ്, ഫ്രണ്ട് കൊളിഷൻ അവോയ്ഡൻസ്, ലെയ്ൻ വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, സ്റ്റോപ്പ്-ആൻഡ്-ഗോ സഹിതമുള്ള ക്രൂയിസ് കൺട്രോൾ, ബ്ലിംഗ് വ്യൂ മോണിറ്റർ തുടങ്ങി 16 ഓട്ടോണമസ് സുരക്ഷാ സവിശേഷതകളുള്ള കിയയുടെ ലെവൽ 2 ADAS സജ്ജീകരണവും സിറോസിന് ലഭിക്കുന്നു. 3,995 mm നീളവും 1,800 mm വീതിയും 1,665 mm ഉയരവും 2,550 mm വീൽബേസും 190 mm ഗ്രൗണ്ട് ക്ലിയറൻസും 465 ലിറ്റർ ബൂട്ട് സ്പേസുമാണ് എസ്‌യുവിക്കുള്ളത്.
എഞ്ചിൻ: 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് കിയ സിറോസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിൻ 118 bhp കരുത്തിൽ 172 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 114 bhp പവറിൽ 250 Nm ടോർക്കാണ് ഡീസൽc മോഡലുകൾ നൽകുക. ഇതിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വരുന്നത്.
ഓടിക്കാൻ എങ്ങനെയുണ്ട്: എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യമായിരിക്കും വണ്ടി ഓടിക്കാൻ എങ്ങനെയുണ്ടെന്നത്. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ടർബോ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച കിയ സിറോസാണ് റിവ്യൂ ചെയ്യാൻ കിട്ടിയത്. നല്ല മിഡ്-എൻഡ്, ടോപ്പ്-എൻഡ് പെർഫോമൻസുള്ളതിനാൽ എസ്‌യുവി ഓടിക്കാൻ മടുപ്പൊന്നുമില്ല കേട്ടോ. കാല് കൊടുത്താൽ സ്പീഡ് കയറാൻ മടിയുമില്ലെന്നത് മിക്കവരേയും കൊതിപ്പിക്കുന്ന കാര്യമാണ്.
കൂടാതെ ഹൈവേയിൽ സഞ്ചരിക്കുമ്പോൾ കാർ നിശബ്ദവും നല്ല റിഫൈൻഡുമാണെന്ന് തോന്നി. ഇക്കോ, നോർമൽ, സ്‌പോർട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും കിയ സിറോസിൽ ലഭ്യമാണ്. സ്റ്റിയറിംഗ് വീലിലെ ബട്ടൺ ഉപയോഗിച്ച് ഏത് മോഡിലേക്കും എളുപ്പത്തിൽ മാറാനും സാധിക്കും. സ്റ്റിയറിങ്ങിനെക്കുറിച്ച് പറയുകയാണെങ്കിൽ കുറഞ്ഞ വേഗതയിൽ ഇത് ലൈറ്റ് വെയ്റ്റായിട്ടാണ് തോന്നിയത്. ആയതിനാൽ തിരക്കേറിയ സ്ഥലങ്ങളിൽ ഡ്രൈവിംഗ് എളുപ്പമാവുന്നുണ്ട്.
സിറോസിന്റെ സസ്‌പെൻഷൻ സജ്ജീകരണം സന്തുലിതമാണ്. ഏത് കുണ്ടും കഴിയും വലിയ പ്രശ്‌നങ്ങളില്ലാതെ കയറിക്കൂടാൻ കിയ സിറോസിന് ആവുന്നുണ്ട്. ടോൾബോയ് ഡിസൈനാണെങ്കിലും സിറോസിന് ബോഡി റോൾ കാര്യമായിട്ടില്ലെന്നത് മികച്ച യാത്രാ അനുഭവം തന്നെയാവും സമ്മാനിക്കുക. നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുള്ളതിനാൽ ബ്രേക്കിംഗിനെ കുറിച്ചോർത്തും ടെൻഷൻ വേണ്ട. അങ്ങനെ മൊത്തത്തിൽ സിറോസ് കൊള്ളാമെന്ന് തന്നെ പറഞ്ഞ് അവസാനിപ്പിക്കാം.


Click it and Unblock the Notifications








