കാണുന്നത് പോലെ ഓടിക്കാനും അടിപൊളി! മാരുതി ഇ വിറ്റാരയുടെ റിവ്യൂ വിശേഷങ്ങൾ വായിച്ചാലോ
ഇന്ത്യൻ വിപണിക്കായുള്ള മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാരയെ കാത്തിരിക്കുകയാണ് ഇവി പ്രേമികൾ. ഏറെ നാളായുള്ള കാത്തിരിപ്പ് ഉടൻ അവസാനിക്കാൻ പോവുകയാണ്. അൽപം വൈകിയുള്ള എൻട്രിയാണെങ്കിലും മാരുതിയുടെ ഇവി എത്താനായി വെയ്റ്റ് ചെയ്‌തവരുടെ എണ്ണം ചെറുതല്ലെന്ന് വേണം പറയാൻ. സുസുക്കിയുടെ വിശ്വാസ്യതയും, അത്യാധുനിക ഫീച്ചറുകളും ചേർന്ന ഇ വിറ്റാര രാജ്യത്ത് തരംഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഇ വിറ്റാരയെ പ്രദർശിപ്പിച്ച കമ്പനി പുതുവർഷത്തിൽ ആളുകളുടെ കൈകളിലേക്ക് എത്തും. മാരുതി ഇ വിറ്റാര മൊത്തത്തിൽ എങ്ങനെയുണ്ടെന്ന് അറിയാൻ റിവ്യൂ വിശേഷങ്ങളിലേക്ക് കടന്നാലോ?
ഡിസൈൻ
ആദ്യ കാഴ്ച്ചയിൽ വലിയൊരു പ്രീമിയം എസ്‌യുവിയെന്ന് തോന്നിക്കുന്ന വിധത്തിലാണ് മാരുതി സുസുക്കി ഇ വിറ്റാര പണികഴിപ്പിച്ചിരിക്കുന്നത്. Y- ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളും (DRL) എൽഇഡി ഹെഡ്‌ലാമ്പുകളും മുൻവശത്തിനു മാറ്റു കൂട്ടുന്നുണ്ട്. ഇതോടൊപ്പം എൽഇഡി ഫോഗ് ലൈറ്റുകളും, എയർ ഫ്ലോ നിയന്ത്രിക്കുന്ന ഗ്രില്ലും എസ്‌യുവിയുടെ മുൻവശത്ത് കാണാം. ഗ്രില്ലിൽ സ്ഥാപിച്ചിട്ടുള്ള വലിയ മാരുതി ലോഗോ ശ്രദ്ധേയമാണ്. ചാർജിംഗ് പോർട്ടും മുന്നിലാണ് കൊടുത്തിരിക്കുന്നത്.

വശങ്ങളിലേക്ക് വരുമ്പോൾ 18 ഇഞ്ചുള്ള എയറോഡൈനാമിക് വീലുകളാണ് ഇ വിറ്റാരയെ അഴകുറ്റതാക്കുന്നത്. ബോഡി ക്ലാഡിംഗും, ഇൻഡിക്കേറ്ററുകളോടു കൂടിയ ORVM-കളും (Outside Rear View Mirrors) 360-ഡിഗ്രി ക്യാമറ സംവിധാനവും സൈഡിലെ പ്രധാന സവിശേഷതകളാണ്. സി-പില്ലറിലാണ് റിയർ ഡോർ ഹാൻഡിലുകൾ നൽകിയിരിക്കുന്നത്. പിൻഭാഗത്ത് EVX കൺസെപ്റ്റിൽ കാണുന്നവയോട് സാമ്യമുള്ള കണക്റ്റഡ് ടെയിൽ ലാമ്പുകളും നൽകിയിട്ടുണ്ട്.
സമകാലികവും ഉയർന്ന നിലവാരമുള്ളതുമായ ഡിസൈൻ ഇ-വിറ്റാരയ്ക്ക് പ്രത്യേക അഴകാണ് സമ്മാനിക്കുന്നത്. 236 ലിറ്റർ മുതൽ 306 ലിറ്റർ വരെ ബൂട്ട് സ്പേസ് ഇ വിറ്റാരയ്ക്ക് ലഭിക്കുമ്പോൾ സീറ്റുകൾ മടക്കിവെച്ചാൽ 562 ലിറ്റർ വരെയായി സ്പേസ് വർധിപ്പിക്കാനാകും. 40:20:40 അനുപാതത്തിൽ മടക്കാവുന്ന പിൻസീറ്റുകളും ഈ വാഹനത്തിനുണ്ട്. അതിനാൽ മോഡേൺ ഡിസൈനിനൊപ്പം പ്രായോഗികതയിലും പ്രത്യേക ശ്രദ്ധകൊടുത്താണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

ഇൻ്റീരിയറും ഫീച്ചറുകളും
മാരുതി സുസുക്കിയുടെ മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്തമായ ഡിസൈൻ സമീപനമാണ് ഇ വിറ്റാരയുടെ അകത്തളത്തിൽ കാണാനാവുക. പിന്നിലെ സീറ്റുകളിൽ മൂന്ന് ഹെഡ്‌റെസ്റ്റുകൾ ഉണ്ട്. എന്നാൽ ആംറെസ്റ്റ് നൽകിയിട്ടില്ല. പിൻവശത്ത് എസി വെൻ്റുകളും, സീറ്റ് പോക്കറ്റുകളും, യുവി-കട്ട് ഗ്ലാസ്സുകളും നൽകിയിട്ടുണ്ട്. ഡോറുകളിൽ പ്ലാസ്റ്റിക്കും, ആംറെസ്റ്റുകളിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലും ഉപയോഗിച്ചിരിക്കുന്നു.
യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുവാനായി പിന്നിലെ സീറ്റുകൾ റിക്ലൈൻ, സ്ലൈഡ് ഫീച്ചറുകളും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. പിന്നിലെ യാത്രക്കാർക്ക് ആവശ്യത്തിന് ലെഗ്‌റൂം കൊടുത്തിട്ടുണ്ടെങ്കിലും ഉയരം കൂടിയവർക്ക് ഹെഡ്‌റൂമിൻ്റെ കുറവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഡ്രൈവർക്കും, മുൻവശത്തിരിക്കുന്ന യാത്രക്കാർക്കും ആവശ്യമായ സ്റ്റോറേജ് സ്പേസ് നൽകുന്ന ഫ്ലോട്ടിംഗ് സെൻട്രൽ കൺസോൾ ഇ വിറ്റാരയുടെ പ്രധാന ആകർഷണമാണ്.

ഇവിടെ ചാർജിംഗ് ഓപ്ഷനുകളും, കപ്പ് ഹോൾഡറുകളും, പ്രീമിയം ഗിയർ ഷിഫ്റ്ററും, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുമാണ് നൽകിയിരിക്കുന്നത്. ഡ്രൈവർ സീറ്റിന് 10-വേ ഇലക്ട്രിക്കൽ അഡ്ജസ്റ്റ്മെൻ്റും, ലംബർ സപ്പോർട്ടും ഉണ്ട്. കോ ഡ്രൈവർ സീറ്റ് മാനുവൽ ആയി ക്രമീകരിക്കുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. ഓട്ടോ-ഡിമ്മിംഗ് IRVM ഉം രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ ആദ്യത്തെ ഇലട്രിക് എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്.
വിവിധ വിവരങ്ങൾ നൽകുന്ന 10.1 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഡിസ്‌പ്ലേയും, 10.25 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇ വിറ്റാരയുടെ അകത്തളത്തിലെ മറ്റൊരു ഹൈലൈറ്റാണ്. യാത്ര കൂടുതൽ മികച്ചതാക്കാൻ വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും, ഇൻഫിനിറ്റി സൗണ്ട് സിസ്റ്റവും ഉണ്ട്. ഡാഷ്‌ബോർഡിന് ഡ്യുവൽ-ടോൺ ഫിനിഷാണ് നൽകിയിരിക്കുന്നത്. ഇതിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലും, ഹൈ ക്വാളിറ്റി പ്ലാസ്റ്റിക്കും ഉപയോഗിച്ചിരിക്കുന്നതും കൈയടി നേടുന്ന കാര്യമാണ്.

പ്രീമിയം കൺട്രോളുകളോടുകൂടിയ ടൂ സ്പോക്ക്, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് മാരുതിയുടെ ഇലക്ട്രിക് എസ്‌യുവിലുള്ളത്. ഇത് ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും സാധിക്കും. ഗ്ലാസ് റൂഫിന് ഷേഡുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഗ്ലാസ് തുറക്കാൻ സാധിക്കുകയില്ല. ഇത് യാത്രക്കാരുടെ സുരക്ഷയും, ചൂടിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. അങ്ങനെ ഇൻ്റീരിയർ വളരെ മികച്ചതാക്കാൻ ബ്രാൻഡിന് സാധിക്കുന്നു.
വലിപ്പവും ബാറ്ററി പായ്ക്കും
പുതിയ HEARTECT-e പ്ലാറ്റ്‌ഫോമിലാണ് മാരുതി സുസുക്കി ഇ വിറ്റാര നിർമിച്ചിരിക്കുന്നത്. വലിപ്പത്തിലേക്ക് വന്നാൽ 4,275 മില്ലീമീറ്റർ നീളവും, 1,800 മില്ലീമീറ്റർ വീതിയും, 1,640 മില്ലീമീറ്റർ ഉയരവും, 2,700 മില്ലീമീറ്റർ വീൽബേസുമാണ് ഈ വാഹനത്തിനുള്ളത്. 180 മില്ലീമീറ്റർ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് എസ്‌യുവി തെരഞ്ഞെടുക്കാനാവുക. ബിവൈഡിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററികളാണ് ഇതിൽ ഉപയോഗിക്കുന്നത്.

49 kWh ബാറ്ററി പായ്ക്കുള്ള വേരിയൻ്റുകൾ 144 bhp കരുത്തിൽ പരമാവധി 193 Nm ടോർക്കും നൽകുന്ന ഒരു ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നു. ഈ വകഭേദത്തിന് ഫുൾ ചാർജിൽ 344-346 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 61 kWh ബാറ്ററിയിൽ 174 bhp പവറിൽ 193 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്. സിംഗിൾ ചാർജിൽ 543 കിലോമീറ്റർ വരെ റേഞ്ചാണ് ഇവയ്ക്ക് നൽകാനാവുക.
| വിവരങ്ങൾ | 49 kWh വേരിയന്റ് | 61 kWh വേരിയന്റ് (FWD) |
|---|---|---|
| ബാറ്ററി കപ്പാസിറ്റി | 49 kWh | 61 kWh |
| പരമാവധി പവർ | 144 bhp (106 kW) | 174 bhp (128 kW) |
| പരമാവധി ടോർക്ക് | 193 Nm | 193 Nm |
| റേഞ്ച് (WLTP) | 344-346 km | 428 km |
| റേഞ്ച് (ARAI) | - | 543 km |
സുരക്ഷാ ഫീച്ചറുകളിൽ ഒന്നായ ഒന്നിലധികം എയർബാഗുകൾ ഇതിൽ സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു. ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാർണിംഗ് തുടങ്ങിയ ഫീച്ചറുകളുള്ള ലെവൽ 2 ADAS-ഉം e Vitara-യുടെ ഭാഗമാണ്. ഭാരത് NCAP-ൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും ഈ വാഹനം നേടിയിട്ടുണ്ട്. സുസുക്കി കണക്ട് ആപ്പ് വഴി സുരക്ഷാ ഫീച്ചറുകളും, കാറിന്റെ മറ്റ് ഫങ്ഷനുകളും നിയന്ത്രിക്കാനാകും.
സേഫ്റ്റി
സേഫ്റ്റി ഫീച്ചറുകളിൽ 7 എയർബാഗുകൾ ഇ വിറ്റാരയിൽ സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാർണിംഗ് തുടങ്ങിയ ഫീച്ചറുകളുള്ള ലെവൽ 2 ADAS ടെക്കും ഇവിയുടെ ഭാഗമാണ്. ഭാരത് NCAP-ൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും ഈ വാഹനം നേടിയിട്ടുണ്ട്. സുസുക്കി കണക്ട് ആപ്പ് വഴി സുരക്ഷാ ഫീച്ചറുകളും, കാറിൻ്റെ മറ്റ് ഫങ്ഷനുകളും നിയന്ത്രിക്കാനാകും.
ഓടിക്കാൻ എങ്ങനെയുണ്ട്?
ഇ വിറ്റായുടെ സസ്പെൻഷൻ മികച്ച റൈഡിംഗ് അനുഭവം നൽകുന്നു. കുണ്ടും കുഴികളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ വാഹനത്തിനാവുന്നുണ്ട്. കോർണറിംഗിൽ പോലും മികച്ച സ്റ്റെബിലിറ്റിയും കൺട്രോളുമാണ് അനുഭവപ്പെടുന്നത്. മോഡേൺ ഫീച്ചറുകളും, പ്രീമിയം ക്യാബിനും ഉൾക്കൊള്ളുന്ന ഒരു മികച്ച ഇലക്ട്രിക് വാഹനമാണ് മാരുതി സുസുക്കി ഇ വിറ്റാര. 2026 ജനുവരിയിൽ വിപ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡൽ ആധുനികവും, വിശ്വാസയോഗ്യവും, മികച്ചതുമായ ഒരു ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാം.


Click it and Unblock the Notifications








