മാരുതിയുടെ വിസ്‌മയം, ഇതുവരെ കണ്ടിട്ടില്ലാത്ത വല്ലാത്തൊരു എസ്‌യുവി അതാണ് വിക്‌ടോറിസ്! റിവ്യൂ വിശേഷങ്ങൾ
എസ്‌യുവി വിപണി കൈയടക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഹ്യുണ്ടായിയിൽ നിന്നും മഹീന്ദ്രയിൽ നിന്നും ടാറ്റയിൽ നിന്നുമെല്ലാം ഉയരുന്ന മത്സരത്തിന് മറുപടി നൽകാൻ ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്‌സ്, ബ്രെസ തുടങ്ങിയവർ മാത്രം മതിയാവില്ലെന്ന് മനസിലാക്കിയ കമ്പനി സർപ്രൈസായി വിക്ടോറിസ് എന്നൊരു പുത്തനൊരു മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 10.50 ലക്ഷം മുതൽ 17.70 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന മോഡൽ മൊത്തത്തിൽ ഞെട്ടിച്ചിട്ടുണ്ട്. ഒപ്പം ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാനും ആശാന് സാധിച്ചിട്ടുണ്ട്.
അത്യാധുനിക സുരക്ഷയും സാങ്കേതികവിദ്യയും നൽകുന്നതിൽ മാരുതി ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. മാത്രമല്ല, ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളുള്ള എസ്‌യുവികളിൽ ഒന്നാണ് വിക്ടോറിസ്. അരീന ഡീലർഷിപ്പുകളിലൂടെ വിപണനത്തിനെത്തുന്ന വാഹനം ലെവൽ 2 ADAS വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മാരുതി സുസുക്കി കാറാണ്.

സൂപ്പർ ഹിറ്റായ ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മിഡ്-സൈസ് എസ്‌യുവിയായ വിക്ടോറിസ് നിർമിച്ചിരിക്കുന്നത്. എന്നാൽ പുതിയ ബോഡിഷെൽ, വ്യത്യസ്തമായ ഡിസൈൻ, ഫീച്ചറുകളുടെ നീണ്ട നിര എന്നിവ ഇതിനുണ്ട്. മൈൽഡ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി, സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ വിവിധ വേരിയന്റുകളിൽ ഇത് ലഭ്യമാണ്. മാരുതിയുടെ പുത്തൻ എസ്‌യുവി എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവില്ലേ... അവർക്കായിതാ എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം
മുമ്പ് ഫ്ലാഗ്ഷിപ്പ് മോഡലുകൾ ഇല്ലാതിരുന്ന മാരുതിയുടെ അരീന ഡീലർഷിപ്പുകൾ വഴിയാണ് വിക്ടോറിസ് വിപണിയിൽ എത്തുന്നത്. അരീന നെറ്റ്‌വർക്കിനായി പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എസ്‌യുവി പുതിയ മാനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിവയായിരിക്കും മാരുതി സുസുക്കിയുടെ പുത്തൻ എസ്‌യുവിയിലെ ആ വേരിയന്റുകൾ.

ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡൽ എന്ന പ്രത്യേകതയും വിക്ടോറിസിനുണ്ട്. വൈവിധ്യങ്ങൾ നിറഞ്ഞ വേരിയന്റുകളും, ആകർഷകമായ വിലയും, സുരക്ഷിതത്വവും, സൗകര്യപ്രദവുമായ, മികച്ച ഫീച്ചറുകളുമുള്ള ഒരു എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഫാമിലികളെ ലക്ഷ്യമിട്ടുള്ളതാണ് വാഹനം. ഇതിന്റെ ഡിസൈൻ, ഇന്റീരിയർ, ഫീച്ചറുകൾ, ഡ്രൈവിംഗ് അനുഭവം എന്നിവയെക്കുറിച്ച് വിശദമായി പരിശോധിക്കാം.
എക്സ്റ്റീരിയർ വിശേഷങ്ങൾ: ശരിക്കും ആദ്യ നോട്ടത്തിൽ തന്നെ ഏവർക്കും ഇഷ്ടപ്പെടുന്ന ആകർഷകമായ ഡിസൈനാണ് മാരുതി വിക്ടോറിനുള്ളത്. മുൻവശത്ത് ഗ്രില്ലിൽ സ്ഥാപിച്ചിട്ടുള്ള അലുമിനിയം സ്ട്രിപ്പ്, എൽഇഡി ഡിആർഎല്ലുളോടുകൂടിയ ബൈ-ഫംഗ്ഷണൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ലൈറ്റുകൾ എന്നിവയെല്ലാം കാണാം. ഇതുകൂടാതെ ലെവൽ 2 ADAS ടെക്കിനുള്ള റഡാർ ഹാർഡ്‌വെയറും, 360-ഡിഗ്രി ക്യാമറ സംവിധാനവും മുൻവശത്തുണ്ട്.

വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ 17-ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളും, ബോഡി ക്ലാഡിംഗും മസ്ക്കുലർ രൂപം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. നമ്മുടെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെ നേരിടാനായി 210 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. റൂഫ് റെയിലുകളും, വലിയ പനോരമിക് സൺറൂഫും ഇതിന്റെ പ്രധാന ആകർഷണമാണ്.
സൺറൂഫ് 70 ശതമാനം വരെ തുറക്കാൻ സാധിക്കും. ഇത് കാബിനിലേക്ക് കൂടുതൽ വെളിച്ചം നൽകാനും സഹായിക്കും. പിൻഭാഗത്ത് വലിയ എസ്‌യുവികളിൽ കണ്ടുവരുന്ന എൽഇഡി ടെയിൽ ലാമ്പുകളും, പവർഡ് ടെയിൽഗേറ്റുമാണ് മാരുതി സുസുക്കിയുടെ പുത്തൻ എസ്‌യുവിയുടെ മോടികൂട്ടുന്നത്. 273 ലിറ്റർ ബൂട്ട് സ്പേസുള്ളതിനാൽ എത്ര വേണേലും സാധനങ്ങൾ കയറ്റാനുമാവും. ഇത് വിക്ടോറിസിനെ പ്രാക്‌ടിക്കലായ ഫാമിലി എസ്‌യുവിയാക്കി മാറ്റുന്നുമുണ്ട്.

ഇന്റീരിയറും ഫീച്ചറുകളും: ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററിയും, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും, പിയാനോ ബ്ലാക്ക് ആക്സന്റുകളും ഉൾക്കൊള്ളുന്നതാണ് വിക്ടോറിസിന്റെ ഉൾവശം. പിന്നിലെ സീറ്റുകളിൽ മൂന്ന് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകളും, കപ്പ് ഹോൾഡറുകളോടുകൂടിയ ആംറെസ്റ്റും, റിയർ എസി വെന്റുകളും, രണ്ട് ഫാസ്റ്റ് ചാർജിംഗ് ടൈപ്പ്-സി യുഎസ്ബി പോർട്ടുകളും ഉണ്ട്. വലിയ ബോട്ടിൽ ഹോൾഡറുകളും സീറ്റ്ബാക്ക് പോക്കറ്റുകളും ഉൾപ്പെടെ ആവശ്യത്തിന് സ്റ്റോറേജ് സ്പേസും ലഭ്യമാണ്.
പനോരമിക് സൺറൂഫ് ഇരുവശത്തേക്കും തുറക്കാവുന്നതാണ്. ഇത് അകത്തെ സ്ഥലത്തിന് വിശാലമായ അനുഭവം നൽകുന്നു. ഉയരം കൂടിയ യാത്രക്കാർക്ക് സൺറൂഫിന്റെ ഡിസൈൻ കാരണം ഹെഡ്‌റൂമിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. പവർ ടെയിൽഗേറ്റുള്ളതിനാൽ ബൂട്ട് എളുപ്പത്തിൽ തുറക്കാനും അടക്കാനും സാധിക്കും. കൂടാതെ ബൂട്ട് ലൈറ്റ് കൊടുത്തിരിക്കുന്നതും സൗകര്യപ്രദമാണ്.

മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, 8 സ്പീക്കറുകളുള്ള (സബ്‌വൂഫർ ഉൾപ്പെടെ) ഹാർമനിൽ നിന്നുള്ള സൗണ്ട് സിസ്റ്റം, 64 കളർ ഓപ്ഷനുകളുള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിവയുണ്ട്. ഇൻഫോടൈൻമെൻ്റ് സിസ്റ്റം പുതിയതാണ്. വയർലെസ് ചാർജിംഗും സെൻ്റർ കൺസോളിൽ സീറ്റ് വെന്റിലേഷനും, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും, ഓട്ടോ ഹോൾഡും മാരുതി സുസുക്കി വിക്ടോറിസിന് സമ്മാനിച്ചിട്ടുണ്ട്.
ഡ്രൈവർ സഹായ ഫീച്ചറുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ടിൽറ്റും ടെലിസ്‌കോപിക് അഡ്ജസ്റ്റ്‌മെന്റുമുള്ള മൾട്ടി-ഫങ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടുന്നു. ലെയ്ൻ കീപ്പ് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, 360-ഡിഗ്രി ക്യാമറ, പവർ ടെയിൽഗേറ്റ് എന്നിവ നിയന്ത്രിക്കാനുള്ള പ്രത്യേക സംവിധാനവും ഉണ്ട്. ഓട്ടോ-ഡിമ്മിംഗ് IRVM, സൺഗ്ലാസ് ഹോൾഡർ, ഇരുവശത്തുമുള്ള യാത്രക്കാർക്കായി ലൈറ്റുകളോടുകൂടിയ വാനിറ്റി മിററുകൾ, വയർലെസ് ഫോൺ ചാർജർ തുടങ്ങിയവയും ഈ വാഹനത്തിലുണ്ട്.

എഞ്ചിൻ ഓപ്ഷനുകൾ: 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വിക്ടോറിസിന് കരുത്ത് പകരുന്നത്. ഇത് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 101 bhp കരുത്തിൽ പരമാവധി 139 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിൽ 1.5 ലിറ്റർ, ത്രീ-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് ഏകദേശം 99 bhp പവറിൽ 120-130 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്.
ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട തലവേദനകളൊന്നും ആർക്കും വേണ്ട. വിക്ടോറിസിന്റെ ഹൈബ്രിഡ് വേരിയന്റിന് 27 കിലോമീറ്റർ വരെ മൈലേജും, സാധാരണ പെട്രോൾ മോഡലിന് 20 കിലോമീറ്റർ വരെ മൈലേജും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അലുമിനിയത്തിന്റെയും, ഉയർന്ന കരുത്തുള്ള സ്റ്റീലിന്റെയും ഉപയോഗമുള്ളതിനാൽ ഗ്രാൻഡ് വിറ്റാരയെക്കാൾ അൽപ്പം ഭാരം കുറവാണ് വിക്ടോറിസിന്.

ഓടിക്കാൻ എങ്ങനെയുണ്ട്: റോഡിൽ വിക്ടോറിസ് മികച്ച അനുഭവമാണ് നൽകുന്നത്. റോഡിലെ കുണ്ടും കുഴികളുമെല്ലാം മികച്ച രീതിയിൽ തന്നെയാണ് എസ്‌യുവിയിലെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. സ്റ്റിയറിംഗ് വീലിന്റെ റെസ്പോൺസും മികച്ചതാണ്. ലെയ്ൻ കീപ്പ് അസിസ്റ്റ് പോലുള്ള ലെവൽ 2 ADAS ഫീച്ചറുകളുള്ളതിനാൽ ഡ്രൈവിംഗ് കൂടുതൽ ഈസിയാവുകയും ചെയ്യും.
360-ഡിഗ്രി ക്യാമറ പാർക്കിംഗിനും, ചെറിയ സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുന്നതിനും സഹായകമാണ്. മാനുവൽ, ഓട്ടോമാറ്റിക് മോഡുകളിൽ ആക്സിലറേഷൻ സുഗമമാണെന്ന് പറയാതെ വയ്യ കേട്ടോ. ഉയർന്ന വേഗതയിൽ പോലും ക്യാബിനിൽ ശബ്‌ദം കുറവാണ്. പനോരമിക് സൺറൂഫും വലിയ വിൻഡോകളും എല്ലാ യാത്രക്കാർക്കും മികച്ച കാഴ്ച്ചയാണ് ഒരുക്കുന്നത് എന്നതിനാൽ യാത്രകൾ ബോറാവുകയില്ല.
മൊത്തത്തിൽ പറഞ്ഞാ മികച്ച ഫീച്ചറുകളോടും, സുരക്ഷിതത്വത്തോടും, സൗകര്യത്തോടും കൂടിയ ഒരു എസ്‌യുവിയാണ് മാരുതി സുസുക്കിയുടെ പുതിയ വിക്ടോറിസ്. ആറ് എയർബാഗുകൾ, ലെവൽ 2 ADAS, ഫൈവ്-സ്റ്റാർ സുരക്ഷാ റേറ്റിംഗ് തുടങ്ങിയ ഫീച്ചറുകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നു. സ്ട്രോംഗ് ഹൈബ്രിഡ്, സിഎൻജി തുടങ്ങിയ എഞ്ചിൻ ഓപ്ഷനുകൾ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകരമാവും.
വില, ഫീച്ചറുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ വിക്ടോറിസ് ശക്തമായ സാന്നിധ്യമായിരിക്കും. ആധുനികവും, വിശ്വാസയോഗ്യവുമായ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഫാമിലികൾക്ക് ഇത് മികച്ച തെരഞ്ഞെടുപ്പാണ്. ഒപ്പം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാർക്ക് മാരുതിയുടെ പുതിയ വണ്ടി വെല്ലുവിളി ഉയർത്തുകയും ചെയ്യും.


Click it and Unblock the Notifications








