ഫോർച്യൂണറിന്റെ അന്തകനോ? ഒന്നിനും കുറവില്ലാതെ എംജിയുടെ രാവണൻ! മജസ്റ്റർ റിവ്യൂ വായിക്കാം

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയുടെ 2025 പതിപ്പിൽ ഇന്ത്യൻ വിപണിക്കായി നിരവധി പുതിയ കാറുകൾ അവതരിപ്പിച്ച ബ്രാൻഡായിരുന്നു എംജി മോട്ടോർ. രാജ്യത്തെ ഏറ്റവും വലിയ വാഹന മാമാങ്കത്തിൽ സൈബർസ്റ്റർ ഇലക്ട്രിക് കൺവെർട്ടിബിൾ സ്‌പോർട്‌സ് കാർ, M9 ഇലക്ട്രിക് ആഡംബര എംപിവി, മജസ്റ്റർ ഫുൾ-സൈസ് എസ്‌യുവി എന്നിവ പോലെയുള്ള കിടിലൻ മോഡലുകളായിരുന്നു എംജി കൊണ്ടുവന്നത്. ഇതിൽ ആളുകൾ ഏറ്റവും കൌതുകത്തോടെ നോക്കിയത് ടൊയോട്ട ഫോർച്യൂണറുമായി മല്ലിടാനായി എത്തുന്ന മജസ്റ്ററിനെയായിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയിയൂടെ എസ്‌യുവിയുടെ കേപ്പബിലിറ്റി എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന ടീസർ വീഡിയോകൾ പുറത്തിറക്കി കമ്പനി ഹൈപ്പ് ഉയർത്തിയിരുന്നു.

ഇപ്പോഴിതാ വില പ്രഖ്യാപനം മാത്രം ബാക്കി നിൽക്കെ മജസ്റ്ററിനെ വരവേൽക്കാനായി ഒരുങ്ങിയിരിക്കുകയാണ് രാജ്യത്തെ വാഹനപ്രേമികൾ. ഏപ്രിൽ 27-ന് ഔദ്യോഗിക ലോഞ്ച് നടക്കാനിരിക്കെ എസ്‌യുവി ഓടിച്ച് നോക്കാൻ ഡ്രൈവ്‌സ്പാർക്കിന് അവസരം ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് എസ്‌യുവിയായി സ്ഥാനം പിടിക്കാൻ പോവുന്ന മോഡൽ എങ്ങനെയുണ്ടെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവുമല്ലോ. അവരെല്ലാം റിവ്യൂ വിശേങ്ങൾ തുടർന്നു വായിച്ചോളൂ...

MG Majestor Review

ഡിസൈനും ഫീച്ചറുകളും

SAIC മോട്ടോർ മാക്സസ് D90 എന്ന എസ്‌യുവിയുടെ അതേരൂപമാണ് മജസ്റ്റർ അവതരിപ്പിക്കുന്നത്. മുന്നിൽ തിരശ്ചീനവും ലംബവുമായി അടുക്കിവെച്ചിരിക്കുന്ന എൽ‌ഇഡി ഡി‌ആർ‌എല്ലുകളും ഒരു 'മൊസൈക് മാട്രിക്സ്' ഗ്രില്ലുമാണ് എറിച്ചുനിൽക്കുന്നത്. ഒപ്പം ഇരുവശങ്ങളിലുമായി എൽഇഡി ഹെഡ്‌ലൈറ്റുകളും കാണാം. മുന്നിലും പിന്നിലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, പുതിയ 19 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് വിൻഡോ ലൈനുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാമാണ് സ്റ്റൈലിംഗിനെ പൂരകമാക്കുന്നത്.

ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള ഇൻ്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവയും എക്സ്റ്റീരിയറിന് അഴക് നൽകുവാനായി എത്തിയിട്ടുണ്ട്. മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, കോൺക്രീറ്റ് ഗ്രേ, മെറ്റൽ ആഷ് എന്നീ ആകർഷകമായ കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാകും. മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മജസ്റ്ററിന് 5,046 mm നീളവും 2,016 mm വീതിയും 1,876 mm ഉയരവും 2,950 mm വീൽബേസുമാണുള്ളത്.

MG Majestor Review

ഇന്റീരിയറും ഫീച്ചറുകളും

എംജി മജസ്റ്റർ 6 അല്ലെങ്കിൽ 7 സീറ്റർ കോൺഫിഗറേഷനിലാണ് വിപണനത്തിന് എത്തുക. ഡാഷ്‌ബോർഡിൽ എംജിയുടെ ഐ-സ്മാർട്ട് 2.0 കണക്റ്റഡ് കാർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മുഴച്ചുനിൽക്കുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ട്വിൻ-പാന പനോരമിക് സൺറൂഫ്, ഡ്യുവൽ വയർലെസ് ചാർജിംഗ് പാഡുകൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

ഇലക്ട്രിക്കൽ ഓപ്പറേറ്റഡ് ഫ്രണ്ട് സീറ്റുകളിൽ കൂളിംഗ്, ഒന്നിലധികം മസാജ് മോഡുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. സീറ്റുകൾ വലുതാണെന്നതിന് പുറമെ നല്ല പാഡിംഗും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാപ്റ്റൻ സീറ്റുകളുള്ള രണ്ടാം നിര സുഖസൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും മികച്ചതാണ്. കൂടാതെ ഉയരമുള്ള യാത്രക്കാർക്ക് പോലും വിരിഞ്ഞിരിക്കാൻ ആവശ്യത്തിലധികം സ്പേസും ലഭിക്കുന്നതായിരിക്കും.

MG Majestor Review

ഈ വലിപ്പത്തിലുള്ള മിക്ക എസ്‌യുവികളേക്കാളും മൂന്നാം നിര സീറ്റുകൾ കൂടുതൽ സ്പേസ് നൽകുന്നുണ്ടെന്നതാണ് ഹൈലൈറ്റ്. എസ്‌യുവിയുടെ ബൂട്ട് സ്പേസ് 343 ലിറ്ററാണെന്നും എംജി പറയുന്നു. മൂന്നാം നിര ഫ്ലാറ്റായി മടക്കിയാൽ 1,350 ലിറ്ററായി വികസിപ്പിക്കാനുമാവും. മൂന്ന് നിരകളിലും കപ്പ് ഹോൾഡറുകൾ, ബോട്ടിൽ ഹോൾഡറുകൾ, ഡെഡിക്കേറ്റഡ് പോക്കറ്റുകൾ, ചാർജിംഗ് ഔട്ട്‌ലെറ്റുകൾ പോലുള്ള പ്രായോഗിക കാര്യങ്ങളും ലഭിക്കുന്നതാണ്.

മൂന്നാം നിര യാത്രക്കാർക്കായി ഡെഡിക്കേറ്റഡ് വെന്റുകളുള്ള ഒരു ട്രൈ-സോൺ ഓട്ടോമാറ്റിക് സിസ്റ്റം ക്ലൈമറ്റ് കൺട്രോൾ കൈകാര്യം ചെയ്യുന്നുതിനാൽ പിന്നിലിരിക്കുന്നവർക്കും എസിയുടെ ഗുണം കിട്ടുന്നതായിരിക്കും. ഓട്ടോ-ടിൽറ്റിംഗ് ORVM, ജെസ്റ്റർ-ആക്ടിവേറ്റഡ് ടെയിൽഗേറ്റ് എന്നിവയും മജസ്റ്ററിന്റെ പ്രത്യേകതകളാണ്. എംജിയുടെ ഫുൾസൈസ് എസ്‌യുവിയിൽ ലെവൽ 2 ADAS സ്യൂട്ടിന്റെ സേഫ്റ്റിയും ലഭിക്കുന്നതാണ്.

MG Majestor Review

ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, കൊളീഷൻ ഡിറ്റക്ഷൻ, ലെയ്ൻ-ഡിപ്പാർച്ചർ പ്രിവൻഷനോടുകൂടിയ ലെയ്ൻ-ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് ഉൾപ്പെടുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഹിൽ-ഡിസെന്റ് കൺട്രോൾ, ആ6റ് എയർബാഗുകൾ, ISOFIX ആങ്കറേജുകൾ, 360 ഡിഗ്രി കവറേജുള്ള സറൗണ്ട്-വ്യൂ ക്യാമറ സിസ്റ്റം പാഡിൽ ഷിഫ്റ്റ് എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായും വാഹനത്തിലേക്ക് എത്തിയിട്ടുണ്ട്.

215 bhp കരുത്തിൽ പരമാവധി 478 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന സിംഗിൾ 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഫോർ-സിലിണ്ടർ ഡീസൽ എഞ്ചിനാണ് എംജി മജസ്റ്ററിന്റെ ഹൃദയം. 8-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓൺ-ഡിമാൻഡ് 4WD സിസ്റ്റം എംജിയുടെ 'എം-ഹബ്' ടെറൈൻ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

MG Majestor Review

ഇത് 10 വരെ തിരഞ്ഞെടുക്കാവുന്ന ടെറൈൻ, ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോ-സ്പീഡ് ഓഫ്-റോഡ് ഉപയോഗത്തിനായി ഒരു പ്രത്യേക ലോ-സ്പീഡ് ട്രാൻസ്ഫർ കേസും മൂന്ന് ഡിഫറൻഷ്യൽ ലോക്കുകളും 'എം-ക്രാൾ' ഫംഗ്‌ഷനും കൊടുത്തിട്ടുണ്ട്. അതോടൊപ്പം 219 mm ഗ്രൗണ്ട് ക്ലിയറൻസ്, 810 mm വാട്ടർ-വേഡിംഗ് ശേഷി എന്നിവ പോലുള്ള കാര്യങ്ങളുള്ളതിനാൽ ഓഫ്-റോഡിംഗിൽ ടൊയോട്ട ഫോർച്യൂണറിനേക്കാൾ കേമനായിരിക്കും മജസ്റ്റർ.

ഓടിക്കാൻ എങ്ങനെയുണ്ട്?

ഒറ്റവാക്കിൽ ഇതിന് ഉത്തരം പറഞ്ഞാൽ സംഭവം കൊള്ളാമെന്ന് തന്നെ വേണം പറയാൻ. ലോവർ ആർപിഎമ്മുകളിൽ എസ്‌യുവി അൽപം മടിയനാണെന്ന് തോന്നുമെങ്കിലും 3,900 ആർ‌പി‌എം കടക്കുന്നതോടെ മജസ്റ്റർ പുലിയാവാൻ തുടങ്ങും. എസ്‌യുവി ഏറ്റവും എളുപ്പത്തിൽ സഞ്ചരിക്കുന്നത് ഹൈവേ ക്രൂയിസിംഗിലാണ്. ഒരു വലിയ, ഉയരമുള്ള എസ്‌യുവിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ വളവുകളിൽ അൽപം ബോഡി റോളൊക്കെ അനുഭവപ്പെടുന്നുണ്ട്.

എംജി മജസ്റ്റർ ഒരു ബിൽറ്റ്-ഫോർ-പർപ്പസ് എസ്‌യുവിയായിട്ടാണ് വരുന്നത്. വിശാലമായ മൂന്ന്-വരി വാഹനമായതിനാൽ തന്നെ ഹൈവേ, ഓഫ്-റോഡ് സാഹചര്യങ്ങളിൽ അതിമിടുക്കനായാണ് മജസ്റ്റർ പെരുമാറുന്നത്. വലിയൊരു 7-സീറ്റർ എസ്‌യുവി വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്കെല്ലാം കണ്ണുംപൂട്ടി വാങ്ങിക്കാനാവുമെന്നതിൽ സംശയമൊന്നും വേണ്ട. എങ്കിലും ഫോർച്യൂണറിന്റെ പ്രതാപത്തെ മറികടക്കാനാവുമോയെന്നത് കണ്ടുതന്നെ അറിയേണം.

Article Published On: Saturday, April 25, 2026, 12:00 [IST]
English summary
Mg majestor review design specs driving impression in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X