വിമാനത്തിലേതു പോലെ യാത്ര, ഒടുക്കത്തെ റേഞ്ചും! എംജിയുടെ പുത്തൻ ഇലക്‌ട്രിക് കാറിന്റെ റിവ്യൂ വിശേഷങ്ങൾ ഇതാ
ഇലക്‌ട്രിക് കാർ വിപണിയടച്ച് ടാറ്റ മോട്ടോർസ് ഭരിക്കുമ്പോൾ ഭീഷണിയായി എംജി മോട്ടോർസിന്റെ വളർച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ZS ഇവിയിലൂടെയായിരുന്നു തുടക്കമെങ്കിലും ബ്രാൻഡിന്റെ തലവര മാറ്റിയത് കോമെറ്റ് എന്ന മൈക്രോ ഇലക്‌ട്രിക് കാറായിരുന്നു. രൂപത്തിൽ കുഞ്ഞനായിരുന്നുവെങ്കിലും സിറ്റി ഉപയോഗങ്ങൾക്കും എല്ലാം പറ്റിയ വണ്ടിയായി പലരും ഇതിനെ തിരിച്ചറിഞ്ഞു. അങ്ങനെ മിക്ക വീടുകളിലും രണ്ടാമത്തെ കാറായി കോമെറ്റ് ഇടംപിടിച്ചു. ഇപ്പോഴിതാ തങ്ങളുടെ മൂന്നാമത്തെ ഇവിയെയും ഇന്ത്യക്കാർക്കായി സമർപ്പിച്ച് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് എംജി. അടുത്തിടെ അവതരിപ്പിച്ച വിൻഡ്‌സർ ഇലക്ട്രിക് സിയുവിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്.
9,99 ലക്ഷം രൂപയ്ക്ക് ഇത്രയും സൌകര്യങ്ങളുള്ള പെട്രോൾ കാർ പോലും ലഭിക്കാത്തിടത്താണ് കമ്പനി വിൻഡ്‌സറിനെ പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്‌തമായ 3 വേരിയന്റുകളിലും ഇവി തെരഞ്ഞെടുക്കാനാവും. ടാറ്റ പഞ്ച് ഇവി, നെക്സോൺ ഇവി എന്നിവയുടെ വിപണി ഒരുമിച്ച് ഉന്നംവെച്ചാണ് എംജി മോട്ടോർസ് വിൻഡ്‌സറിനെ കൊണ്ടുവന്നിരിക്കുന്നത്. ഒരുപാട് പ്രത്യേകതകളുള്ള പുതിയ വിൻഡ്‌സർ ഇവി എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. അവർക്കായിതാ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.

ഡിസൈൻ: ആദ്യ കാഴ്ച്ചയിൽ ആരേയും മോഹിപ്പിക്കുന്ന രൂപം തന്നെയാണ് എംജിയുടെ ഇലക്‌ട്രിക് സിയുവി മോഡലിനുള്ളത്. ഒരു എംപിവിയുടെ പ്രായോഗികത പുറത്തുനിന്ന് തന്നെ മനസിലാക്കാൻ പറ്റുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇതൊരു 5-സീറ്റർ ആയതിനാൽ തന്നെ ധാരാളം സ്പേസും പുറംകാഴ്ച്ചയിൽ നിന്നും മനസിലാക്കാം. പുതിയ വിൻഡ്‌സർ ഇവിയുടെ മുൻവശത്ത് ലേയേർഡ് ലുക്കാണ് കമ്പനി അവതരിപ്പിക്കുന്നത്. പുതിയ ഇലക്ട്രിക് കാറിൻ്റെ മുൻവശത്ത് നീളുന്ന എൽഇഡി ലൈറ്റ്ബാർ-സ്റ്റൈൽ ഡിആർഎല്ലുകളും കിടിലമാണ്.
എൽഇഡി ഹെഡ്‌ലൈറ്റുകൾ ഫ്രണ്ട് ബമ്പറിൽ താഴെയായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇലുമിനേറ്റഡ് എംജി ലോഗോയാണ് മറ്റൊരു ഹൈലൈറ്റ്. ഇനി വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ പുതിയ വിൻഡ്‌സർ ഇവിയുടെ എംപിവി സ്റ്റൈൽ ഡിസൈൻ വശത്ത് നിന്ന് നോക്കുമ്പോൾ നന്നായി കാണാനാകും. ഗ്ലാസ് റൂഫിലേക്ക് സാവധാനത്തിൽ ഒഴുകുന്ന ഫ്രണ്ട് വിൻഡ്‌സ്‌ക്രീനും മനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് ഇവിക്ക് സമ്മാനിച്ചിരിക്കുന്നത്.

18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുടെ ഡിസൈനും സ്റ്റൈലായിട്ടുണ്ട്. വിൻഡ്‌സർ ഇവിയുടെ ചാർജിംഗ് പോർട്ട് ഇടത് വീൽ ആർച്ചിന് മുകളിലായാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. മുകളിൽ വലിയൊരു ഗ്ലാസ് ഏരിയയാണ് ടോപ്പ് എൻഡ് വേരിയന്റിലുള്ളത്. കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും മനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. 604 ലിറ്റർ ബൂട്ട് സ്പേസാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. ആയതിനാൽ ലഗേജിന്റെ കാര്യമോർത്ത് ടെൻഷനടിക്കുകയേ വേണ്ട.
ഇന്റീരിയറും ഫീച്ചറുകളും: ഏറ്റവും പുതിയ വിൻഡ്‌സർ ഇവിയുടെ ഉള്ളിലേക്ക് ചുവടുവെച്ചാൽ പിന്നെ ഇറങ്ങാൻ ഒന്ന് മടിക്കും. ഒരേസമയം ആഡംബരവും ഏറ്റവും മിനിമലുമായി ഡിസൈൻ ചെയ്‌തിരിക്കുന്ന അകത്തളം പ്രശംസനീയമാണ്. ക്യാബിനിൽ കുറച്ച് സോഫ്‌റ്റ്-ടച്ച് പ്ലാസ്റ്റിക്കുകളും കുറച്ച് ഗോൾഡ് ഹൈലൈറ്റുകളും പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ക്ലാസ്-ലീഡിംഗ് വലിയ 15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 8.8 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ എന്നിവയും സൂപ്പറാണ്.

ഇൻഫിനിറ്റിയിൽ നിന്നുള്ള 9-സ്പീക്കർ ഓഡിയോ സിസ്റ്റവും ഇൻഫോടെയ്ൻമെൻ്റ് സജ്ജീകരണത്തിൽ ഉൾപ്പെടുന്നതിനാൽ സംഗീത ആസ്വാദനവും മികച്ചതായിരിക്കും. കസ്റ്റമൈസ് ചെയ്യാവുന്ന തീമുകളുള്ള ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിലൂടെ എംജിയുടെ ഐ-സ്മാർട്ട് സ്യൂട്ട് വഴി 80-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളും ആക്‌സസ് ചെയ്യാം. കൂടാതെ ഗെയിമുകൾ, മ്യൂസിക് സ്ട്രീമിംഗ്, OTT സിനിമകൾ, ഷോകൾ എന്നിവയുൾപ്പെടെ വിവിധ ആപ്പുകളും ഇതിലൂടെ ലഭ്യമാവും.
അതുപോലെ ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം ബഹുഭാഷാ വോയ്‌സ് റെക്കഗ്നിഷനഷും വാഹനത്തിലുണ്ട്. വെന്റിലേറ്റഡ് ഡ്രൈവർ സീറ്റുകൾ, 6-തരത്തിൽ ക്രമീകരിക്കാനാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവയും എംജി വിൻഡ്‌സർ ഇവിയുടെ ഹൈലൈറ്റാണ്. വിമാനത്തിലെ ബിസിനസ് ക്ലാസിലേതിന് സമാനമായ യാത്രയാണ് പിൻസീറ്റുകളിൽ ലഭിക്കുക. പരമാവധി 135 ഡിഗ്രി വരെ ചാരിയിരിക്കാൻ വരെ കഴിയുമെന്നതിനാൽ ഏത് ദീർഘദൂര യാത്രകളും സുഖപ്രദമാവും.

ഡ്രൈവറുടെ ആംറെസ്റ്റിന് താഴെയും ഡാഷിൻ്റെ താഴത്തെ ഭാഗത്തും ആവശ്യത്തിന് സ്റ്റോറേജ് സ്പേസുകളും കൊടുത്തിട്ടുണ്ട്. മുന്നിലും പിന്നിലും ആംറെസ്റ്റുകളിൽ കപ്പ് ഹോൾഡറുകളും കാണാം. അകത്തളത്തിന്റെ വിശാലമായ അനുഭവം കൂട്ടുന്നത് വലിയ ഗ്ലാസ് റൂഫാണ്. ലെതറെറ്റ് അപ്ഹോൾസ്റ്ററി, വയർലെസ് ഫോൺ ചാർജർ, ഒന്നിലധികം ചാർജിംഗ് പോർട്ടുകൾ, എൽഇഡി റീഡിംഗ്, ലഗേജ് ലാമ്പുകൾ, റിയർ എസി വെൻ്റുകൾ, എയർ ഫിൽട്ടറേഷൻ സിസ്റ്റം, ആംബിയൻ്റ് എന്നിവയാണ് എംജി വിൻഡ്‌സറിൻ്റെ ഇന്റീരിയറിലെ മറ്റ് ഹൈലൈറ്റുകൾ.
സുരക്ഷയുടെ കാര്യത്തിൽ എംജി വിൻഡ്‌സർ ഇലക്ട്രിക് ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനം 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, എൽഇഡി കോർണറിംഗ്, റിയർ ഫോഗ് ലൈറ്റുകൾ, ടിപിഎംഎസ്, നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ, ലെവൽ 2 ADAS എന്നിവയും അതിലേറെയും പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്.

വലിപ്പവും ബാറ്ററിയും: വിൻഡ്‌സറിന് മൊത്തത്തിൽ 4,295 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,677 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഉണ്ട്. എംജി വിൻഡ്‌സർ ഇവി 186 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് വാഗ്ദാനം ചെയ്യുന്നത്. 38kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കാറിന്റെ ഹൃദയം. സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ സിംഗിൾ പിഎംഎസ്എം മോട്ടോറിന് 134 bhp കരുത്തിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
സിംഗിൾ ചാർജിൽ എംജി വിൻഡ്‌സറിന് 331 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. യഥാർഥ സാഹചര്യങ്ങളിൽ ഏകദേശം 250 കിലോമീറ്റർ റേഞ്ച് എങ്കിലും ലഭിച്ചേക്കും. ഇവിയുടെ ബാറ്ററി 45kW ഫാസ്റ്റ് DC ചാർജിംഗിനെ വരെ പിന്തുണയ്ക്കുന്നതാണ്. ഇതിലൂടെ 55 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. 3.3kW, 7.4kW എസി ചാർജറുകൾ ഉപയോഗിച്ചാൽ ചാർജിംഗ് സമയം യഥാക്രമം 13.8, 6.5 മണിക്കൂറായി ഉയരും.

ഇന്ത്യയിലെ മറ്റ് ഇലക്ട്രിക് കാറുകളിൽ നിന്നും വ്യത്യസ്‌തമായി വിൻഡ്‌സർ ഇവിയിലെ ബാറ്ററി പായ്ക്ക് ആജീവനാന്ത വാറണ്ടിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ബാറ്ററിയുടെ വില പ്രാരംഭ ചെലവിൽ ഉൾപ്പെടുത്തിയാൽ വിൻഡ്‌സർ ഇവി ബാറ്ററി ഒരു സേവനമായി വാഗ്ദാനം ചെയ്യുന്നു. ലളിതമായി പറഞ്ഞാൽ ഈ പുതിയ ഇവിയിൽ നിങ്ങൾ സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 3.5 രൂപ വാടകയ്ക്ക് നൽകണം.
ഡ്രൈവിംഗ് എങ്ങനെയുണ്ട്: എംജി വിൻഡ്‌സർ ഇവി ഓടിക്കാനും യാത്ര ചെയ്യാനും വളരെ സുഖപ്രദമായ വാഹനമാണെന്ന് ഒറ്റയടിക്ക് പറയാം. ലെതറെറ്റ്-അപ്ഹോൾസ്റ്ററിയിൽ തീർത്ത സീറ്റുകൾ തീർത്തും സുഖകരമാണ്. പുറകിലുള്ളവർക്ക് ധാരാളം സ്പേസ് വാഗ്ദാനം ചെയ്യുന്നതിനാൽ പിൻ സീറ്റുകളും മികച്ചതാണ്. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളുള്ളതിനാൽ ആവശ്യാനുസരണം പെർഫോമൻസ് ക്രമീകരിക്കാനുമാവും.
സിംഗിൾ-മോട്ടോർ ഫ്രണ്ട്-വീൽ-ഡ്രൈവ് സജ്ജീകരണം വേഗത്തിലും സുഗമമായും ആക്‌സിലറേഷനാണ് വാഗ്‌ദാനം ചെയ്യുന്നത്. സിറ്റിയിൽ യൊതൊരു കുഴപ്പമില്ലാത്ത അനുഭവമാണ് കാർ ഓടിക്കുന്നയാൾക്ക് ലഭിക്കുക. ഇക്കോ മോഡിൽ നിന്നും നോർമലിലേക്കും പിന്നീട് സ്‌പോർട്ടിലേക്കും പോകുമ്പോൾ സ്റ്റിയറിംഗ് വീലിന് ഭാരം കൂടുന്നതായും തോന്നിയേക്കാം. സിറ്റി ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇക്കോയാണ് അനുയോജ്യം. കുറഞ്ഞ ഭാരവും പെട്ടെന്നുള്ള പ്രതികരണവും ട്രാഫിക്കിലൂടെ എളുപ്പത്തിൽ വാഹനമോടിക്കാനാവും.
കാർ ഭാരമേറിയതാണെങ്കിലും വിൻഡ്‌സർ ഇവിയുടെ സസ്‌പെൻഷൻ സജ്ജീകരണം മികച്ച യാത്രാ സൗകര്യത്തിനായി ട്യൂൺ ചെയ്‌തിരിക്കുന്നു. ഇത് വിൻഡ്‌സർ ഇവിയെ ഏത് കുണ്ടും കുഴിയും അനായാസം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. എന്നിരുന്നാലും മികച്ച റേഞ്ചിനായി റോളിംഗ് റെസിസ്റ്റൻസ് ലെവലുകൾ കുറയ്ക്കുന്ന ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സ്റ്റോക്ക് ടയറുകൾ അപ്‌ഗ്രേഡ് ചെയ്താൽ ബ്രേക്കിംഗ് കൂടുതൽ മികച്ചതാവുകയും ചെയ്യും.


Click it and Unblock the Notifications








