കാഴ്ച്ചയിലേത് പോലെ ഓടിക്കാനും അടിപൊളി, ന്യൂജെൻ വെന്യുവിന്റെ ഫസ്റ്റ് ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ
കോംപാക്‌ട് എസ്‌യുവി നിരയിലെ മത്സരം കടുപ്പിക്കാനും മുഖ്യ എതിരാളികളായ ടാറ്റ നെക്സോണിനെയും മാരുതി സുസുക്കി ബ്രെസയെയും വിൽപ്പനയുടെ കാര്യത്തിൽ ഓവടേക്ക് ചെയ്യാനുമായി വെന്യുവിന്റെ പുതുതലമുറ മോഡലിനെ ഈയടുത്ത് ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. കിടിലൻ ഡിസൈനും ഫീച്ചറുകളും വിട്ടുവീഴ്ച്ചയില്ലാത്ത സേഫ്റ്റിയും എല്ലാമായെത്തിയ വാഹനത്തിന്റെ വിലയും കിടിലമാക്കിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. HX 2, HX 4, HX 5, HX 6, HX 6T, HX 7, HX 8, HX 10 എന്നീ വേരിയന്റുകളിലെത്തുന്ന ന്യൂജെൻ വെന്യുവിന് 7.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്.
അതേസമയം ടോപ്പ് എൻഡിന് 15.50 ലക്ഷം രൂപ വരെയും പഴയ മോഡലിനെക്കാൾ 60-ൽ അധികം മാറ്റങ്ങൾ പുതിയ വാഹനത്തിലുണ്ടെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. പുതിയ സ്റ്റൈലിംഗ്, അത്യാധുനിക ഫീച്ചറുകൾ, വിപുലമായ എഞ്ചിൻ ലൈനപ്പ് എന്നിവ ഇതിൽ പ്രധാനമാണ്. ന്യൂജെൻ വെന്യു എങ്ങനെയുണ്ടെന്നറിയാൻ ഇപ്പോൾ ഏവരും കാത്തിരിക്കുകയായിരിക്കും അല്ലേ. അവർക്കായിതാ മോഡലിന്റെ ഫസ്റ്റ് ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.

ഡിസൈൻ: ഒരു ബേബി ക്രെറ്റ ലുക്കിലാണ് പുത്തൻ വെന്യു പണിതിറക്കിയിരിക്കുന്നത്. മുൻഗാമിയേക്കാൾ സ്‌പോർട്ടിയും പ്രീമിയം ലുക്കും ആവാഹിച്ചിരിക്കുന്നത് ഏതൊരാളേയും ആകർഷിക്കുമെന്നതിൽ തർക്കമൊന്നുമില്ല. ഡാർക്ക് ക്രോം ഗ്രിൽ, വലിയ സിൽവർ സ്കിഡ് പ്ലേറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRLs) എന്നിവയെല്ലാം കൂടുമ്പോൾ എസ്‌യുവിക്ക് പുതുരൂപം തന്നെ ആവാഹിക്കാനായിട്ടുണ്ട്.
വശങ്ങളിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് സ്റ്റാൻഡേർഡായി വരുന്നത്. സ്പോർട്ടിയർ N ലൈൻ വേരിയന്റിൽ 17 ഇഞ്ച് വീലുകൾ ഉണ്ടാകും. ബോഡി ക്ലാഡിംഗ്, സൈഡ്-മൗണ്ടഡ് സെൻസറുകൾ, ഡോർ ഹാൻഡിലുകളിലെ ഡാർക്ക് ക്രോം ഫിനിഷ് എന്നിയാണ് എക്സ്റ്റീരിയറിലെ മറ്റ് ഹൈലൈറ്റുകൾ. മൊത്തത്തിൽ 195 mm ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനത്തിന് വരുന്നത്. അതേസമയം പഴയ പതിപ്പിനെ അപേക്ഷിച്ച് വീൽബേസ് 20 mm വർധിപ്പിച്ചുവെന്നും ഹ്യുണ്ടായി പറയുന്നു.

സൺറൂഫും റൂഫ് റെയിലുകളും വാഹനത്തിന്റെ രൂപത്തിന് മാറ്റുകൂട്ടുന്നു. ഹെഡ്‌ലൈറ്റുകളിൽ നിന്ന് ടെയിൽലാമ്പുകളിലേക്ക് സ്പോർട്ടി ലുക്ക് നൽകുന്ന തരത്തിൽ ലൈനുകൾ നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. പിന്നിൽ പുതിയ ഫുൾ എൽഇഡി ടെയിൽലാമ്പുകളും, വെന്യു ബാഡ്ജിംഗും, സിൽവർ ഫിനിഷ്ഡ് സ്കിഡ് പ്ലേറ്റും ഉണ്ട്. 375 ലിറ്റർ ബൂട്ട് സ്പേസ് കൂടിയാവുമ്പോൾ ആശാൻ പ്രാക്ടിക്കൽ ഫാമിലി കാറാവുന്നുണ്ട്.
ഇന്റീരിയർ: എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഡാര്‍ക്ക് നേവി കളറിലാണ് ന്യൂജെൻ ഹ്യുണ്ടായി വെന്യുവിന്റെ അകത്തളും പൂർത്തിയാക്കിയിരിക്കുന്നത്. പിന്നിലെ യാത്രക്കാർക്കായി ആംറെസ്റ്റ്, കപ്പ് ഹോൾഡറുകൾ, എസി വെന്റുകൾ, രണ്ട് ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ എന്നിവയുണ്ട്. പിന്നിലെ യാത്രക്കാർക്കായി സൺഷെയ്ഡുകളും നൽകിയിട്ടുണ്ട്.

മുൻ സീറ്റുകൾക്ക് ഇപ്പോൾ വെന്റിലേഷൻ സൗകര്യമുള്ളതിനാൽ ദീർഘദൂര യാത്രകൾ അടിപൊളിയാവും. ഡാഷ്‌ബോർഡിൽ 12.3-ഇഞ്ച് കർവ്ഡ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇടംപിടിച്ചിരിക്കുന്നത്. ക്ലൈമറ്റ് കൺട്രോളിനായുള്ള ചെറിയ സ്ക്രീനും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്. ഡോർ പോക്കറ്റുകൾ, സെൻട്രൽ കൺസോൾ എന്നിവയിൽ സ്റ്റോറേജ് സ്പേസുകളും നൽകിയിട്ടുണ്ട്. ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റവും, 8 സ്പീക്കറുകളും, ഒരു സബ്‌വൂഫറും ഉൾപ്പെടുന്നതാണ് മ്യൂസിക് സിസ്റ്റം.
ഡാഷ്‌ബോർഡിന് പുതിയ വെർട്ടിക്കൽ എസി വെന്റുകളും ബീജ്, കറുപ്പ് നിറങ്ങളിലുള്ള ട്രിമ്മുകളും ഉണ്ട്. സ്റ്റിയറിംഗ് വീൽ ലെതർ കൊണ്ട് പൊതിഞ്ഞതാണ്. ഹ്യുണ്ടായിയെ സൂചിപ്പിക്കുന്ന 'H' ലോഗോയ്ക്ക് പകരം മോഴ്സ് കോഡിൽ നാല് ഡോട്ടുകൾ നൽകിയിരിക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്. ഡ്രൈവർ സീറ്റ് നാല് രീതിയിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാം. എന്നാൽ കോ ഡ്രൈവർ സീറ്റ് മാനുവൽ അഡ്ജസ്റ്റ്മെന്റുള്ളതാണ്. സ്റ്റിയറിംഗ് വീലിന് ടിൽറ്റ് അഡ്ജസ്റ്റ്മെന്റ് മാത്രമേയുള്ളൂ.

ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് റിയർവ്യൂ മിറർ (IRVM), SOS, റോഡ് സൈഡ് അസിസ്റ്റൻസ് ബട്ടണുകൾ, സൺറൂഫ്, ഹാലൊജൻ ഇന്റീരിയർ ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, ത്രീ ലെവൽ വെന്റിലേറ്റഡ് സീറ്റ് കൺട്രോൾ എന്നിവയാണ് ന്യൂജെൻ വെന്യുവിലെ മറ്റ് ഫീച്ചറുകൾ. ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകൾ, ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും എസ്‌യുവിയുടെ ഭാഗമാണ്. നൽകിയിട്ടുണ്ട്.
എഞ്ചിൻ: പുതിയ വെന്യുവിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ട്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ് ഇതിൽ ആദ്യത്തേത്. രണ്ടാമത്തേത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന 1.5 ലിറ്റർ ടർബോ ഡീസലാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് (DCT) ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോളാണ് മൂന്നാമത്തെ എഞ്ചിൻ.
ഡ്രൈവിംഗ് എങ്ങനെയുണ്ട്: 7-സ്പീഡ് ഡിസിടി ട്രാൻസ്മിഷനുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മോഡലാണ് റിവ്യൂവിനായി കിട്ടയത്. വേഗമേറിയതും സുഗമവുമായ ഗിയർ ഷിഫ്റ്റുകൾ നൽകുന്ന റെസ്പോൺസീവായ ഗിയർബോക്‌സാണിത്. സസ്പെൻഷൻ അൽപ്പം സ്റ്റിഫർ സൈഡിലാണുള്ളത്. ഇത് റൈഡ് കംഫർട്ടിന് കോട്ടം തട്ടാതെ തന്നെ മികച്ച നിയന്ത്രണം നൽകുന്നു. ഉയർന്ന വേഗതയിൽ പോലും കിടിലൻ സ്റ്റെബിലിറ്റിയാണ് പുതിയ ഹ്യുണ്ടായി വെന്യു നൽകുന്നത്.
സ്റ്റിയറിംഗ് വീലിന്റെ അനുഭവവും മികച്ചതാണ്. സിറ്റിയിലും ഹൈവേയിലും ഒരുപോലെ മികച്ച പ്രകടനമാണ് ഇത് നൽകുന്നത് എന്നതിനാൽ മടുപ്പൊന്നും ഉണ്ടാവില്ല. എന്നാൽ ടെലിസ്കോപിക് അഡ്ജസ്റ്റ്മെൻ്റിൻ്റെ കുറവ് ഒരു പോരായ്മയാണ്. പുതുതലമുറ വെന്യുവിലെ സൌണ്ട് ഇൻസുലേഷനും നന്നായി ചെയ്യാൻ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്. അങ്ങനെ ഒന്ന് വാങ്ങിയാലോ എന്ന് ആലോചിക്കുന്നവർക്ക് കണ്ണുംപൂട്ടി വെന്യു സ്വന്തമാക്കാം കേട്ടോ. കൊടുക്കുന്ന പൈസയ്ക്ക് ആള് വസൂലാണ്.


Click it and Unblock the Notifications








