ശരിക്കും ക്രെറ്റയുടെ കില്ലർ! ഓടിച്ച് നോക്കിയാൽ വാങ്ങിപ്പോവുന്ന ന്യൂജെൻ ഡസ്റ്റർ; റിവ്യൂ വിശേഷങ്ങൾ
ഇന്ത്യൻ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റെനോ ഡസ്റ്റർ. ഇത്രയും വലിയ മത്സരാധിഷ്ഠിതമായ സെഗ്മെമ്റിലേക്ക് വെറുതേ വന്നാൽ കളികൾ നടക്കില്ലെന്ന് കൃത്യമായി മനസിലാക്കിയ ഫ്രഞ്ച് വാഹന നിർമാതാക്കൾ നല്ല കിടിലമാക്കിയാണ് ന്യൂജെൻ ഡസ്റ്ററിന് പണിതിറക്കിയിരിക്കുന്നത്. നല്ല വില നിർണയവും സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യവും ഒന്നാന്തരം ഡിസൈനും കൂടിയായപ്പോൾ എതിരാളികളെല്ലാം ഭയന്നിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. 10.49 ലക്ഷം രൂപ മുതൽ 18.50 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പേപ്പറിൽ അടിപൊളിയാണെങ്കിലും വാങ്ങി ഉപയോഗിക്കാൻ സംഭവം എങ്ങനെയുണ്ടെന്ന കാര്യമറിയാൻ ഏവർക്കും ആകാംക്ഷയുണ്ടാവുമല്ലോ.
2012-ൽ പുറത്തിറങ്ങിയ ആദ്യത്തെ ഡസ്റ്റർ ഇന്ത്യയിൽ കോംപാക്ട് എസ്‌യുവികൾക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു. ആ പഴയ പ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ ആധുനികമായ രൂപവും സാങ്കേതികവിദ്യയുമായി പുതിയ മോഡൽ എത്തുന്നത്. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ കംഫർട്ട്, സേഫ്റ്റി, മൈലേജ് എന്നിവയ്ക്ക് ഈ വാഹനം വലിയ മുൻഗണന നൽകുന്നുണ്ട്. ബാക്കി വിശേഷങ്ങളറിയാൻ റിവ്യൂ തുടർന്ന് വായിച്ചോളൂ.

എക്സ്റ്റീരിയർ ഡിസൈൻ
പുതിയ റെനോ ഡസ്റ്ററിന് ബോൾഡും ആധുനികവുമായ എക്സ്റ്റീരിയർ ഡിസൈനാണുള്ളത്. മുൻവശത്ത് ഡസ്റ്റർ ബാഡ്ജിംഗും പിയാനോ ബ്ലാക്ക് ട്രിമ്മും ചേർന്ന വലിയ ഗ്രില്ലാണ് നൽകിയിരിക്കുന്നത്. സിൽവർ ആക്സന്റുകൾ കൂടുതൽ മിഴിവ് നൽകുന്നുമുണ്ട്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ സംയോജിപ്പിച്ച സ്ലിം ഹെഡ്‌ലൈറ്റുകൾ വാഹനത്തിന് ഷാർപ്പ് ലുക്ക് നൽകാനും ഏറെ സഹായിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകൾ കോർണറിംഗ് ലൈറ്റുകളായും പ്രവർത്തിക്കും.
വശങ്ങളിൽ നിന്ന് നോക്കുമ്പോൾ ന്യൂജെൻ ഡസ്റ്ററിന്റെ 212 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് പ്രകടമാവുന്നുണ്ട്. ഇത് മോശം റോഡുകളിലൂടെയുള്ള യാത്രകൾ വരെ സുഗമമാക്കുന്ന സവിശേഷതയാണ്. ബോഡി കളർ ഡോർ ഹാൻഡിലുകളും ഇൻഡിക്കേറ്ററുകൾ ഘടിപ്പിച്ച ഒആർവിഎമ്മുകളും വശക്കാഴ്ച്ചയിലെ മറ്റ് ഹൈലൈറ്റുകളാണ്. ചങ്കി റൂഫ് റെയിലുകൾ എസ്‌യുവി ലുക്ക് പൂർത്തിയാക്കുന്നു. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് ഡസ്റ്റർ നിരത്തിലേക്കിറങ്ങുന്നത്.

മാനുവൽ വേരിയന്റുകളിൽ 225/55 R18 ടയർ സൈസിലുള്ള ഓൾ-ബ്ലാക്ക് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. വശങ്ങളിലൂടെ നീളുന്ന ബ്ലാക്ക് ബോഡി ക്ലാഡിംഗ് ന്യൂജെൻ പതിപ്പിന് കരുത്തുറ്റ രൂപം നൽകാനും സഹായകരമായിട്ടുണ്ട്. ക്യാബിന് മുകളിലായി നൽകിയിരിക്കുന്ന വലിയ പനോരമിക് സൺറൂഫ് ഉള്ളിലേക്ക് ധാരാളം വെളിച്ചം എത്തിക്കാൻ സഹായിക്കുന്നുണ്ട്. പിൻഭാഗത്ത് റെനോ ബാഡ്ജിന് മുകളിലായി ഡസ്റ്റർ ലോഗോ വ്യക്തമായി കാണാം.
360 ഡിഗ്രി ക്യാമറ സിസ്റ്റത്തിന്റെ ഭാഗമായുള്ള റിയർ ക്യാമറയും പാർക്കിംഗ് സെൻസറുകളും എസ്‌യുവിക്ക് നല്ല ഭംഗി നൽകുന്നുണ്ട്. കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ വാഹനത്തിന് മനോഹരമായ ഒരു ലൈറ്റ് സിഗ്നേച്ചർ നൽകുന്നു. വാഷറോടു കൂടിയ റിയർ വൈപ്പർ, ഡിഫോഗർ, ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് എന്നിവയും ഡസ്റ്ററിൻ്റെ ഭാഗമാണ്. ഇലക്ട്രിക്കലായി തുറക്കാനും അടയ്ക്കാനും കഴിയുന്ന ബൂട്ട് ഡോർ പ്രായോഗികത വർധിപ്പിക്കും. 458 ലിറ്റർ ലഗേജ് സ്പേസ് ആണ് എസ്‌യുവിയിലുള്ളത്. സ്പെയർ വീലിന് പകരം ടയർ പങ്ചർ റിപ്പയർ കിറ്റാണ് റെനോ നൽകുന്നത്.

ഇന്റീരിയർ വിശേഷങ്ങൾ
2026 ഡസ്റ്ററിന്റെ ഉൾവശം സൗകര്യങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും മുൻഗണന നൽകിയാണ് ഒരുക്കിയിരിക്കുന്നത്. പിൻസീറ്റുകളിൽ യാത്രക്കാർക്ക് മികച്ച അണ്ടർ-തൈ സപ്പോർട്ട് ലഭിക്കുന്നുണ്ട്. മൂന്ന് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ പിന്നിൽ നൽകിയിട്ടുണ്ടെന്നതിനാൽ അഞ്ച് പേർക്ക് സുഖമായി യാത്ര ചെയ്യാനാവും. പ്രീമിയം ലുക്ക് കൈവരിക്കാൻ സീറ്റ് കവറുകളിലെ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് കപ്പ് ഹോൾഡറുകളുള്ള ഫോൾഡ്-ഡൗൺ ആംറെസ്റ്റും പിന്നിലുണ്ട്.
പിൻസീറ്റിലെ യാത്രക്കാർക്കായി എസി വെന്റുകളും രണ്ട് ടൈപ്പ്-സി ചാർജിംഗ് പോർട്ടുകളും റെനോ ഒരുക്കിയിട്ടുണ്ട്. പനോരമിക് സൺറൂഫ് പിൻസീറ്റുകൾക്ക് മുകളിലേക്ക് വരെ നീളുന്നതിനാൽ പുറത്തെ കാഴ്ചകൾ വ്യക്തമായി കാണാം. ടച്ച് സെൻസിറ്റീവ് റൂഫ് ലാമ്പുകൾ ഇന്റീരിയറിന് ആഡംബര ഭാവം നൽകുന്നു. ഉയരമുള്ളവർക്ക് പോലും ആവശ്യത്തിന് ലെഗ്‌റൂം ഉറപ്പാക്കുന്ന തരത്തിലാണ് അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്.

പുതിയ ഡാഷ്‌ബോർഡ് ലേഔട്ടിൽ വലിയൊരു ടച്ച്‌സ്‌ക്രീൻ ഇടംപിടിച്ചിട്ടുണ്ട്. മാപ്പുകൾക്കും വോയ്‌സ് അസിസ്റ്റിനുമായി ഗൂഗിൾ സേവനങ്ങൾ ഇതിൽ ഇൻബിൽറ്റായി ലഭിക്കും. അടിസ്ഥാന കാര്യങ്ങൾക്കായി എപ്പോഴും ഫോൺ കണക്ട് ചെയ്യേണ്ടതില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഡ്രൈവർക്ക് സ്പോർട്ടി അനുഭവം നൽകുന്ന ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോളിനായി ഫിസിക്കൽ നോബുകളും ബട്ടണുകളും നൽകിയിട്ടുണ്ട്.
ഡാഷ്‌ബോർഡിന്റെ മുകൾഭാഗത്ത് സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാർബൺ ഫൈബർ സ്റ്റൈലിലുള്ള ഇൻസെർട്ടുകളും ഡോർ പാഡുകളിലെ സിൽവർ ടച്ചുകളും ഇന്റീരിയറിനെ മനോഹരമാക്കുന്നു. റീച്ചും ഹൈറ്റും അഡ്ജസ്റ്റ് ചെയ്യാവുന്ന ഡബിൾ ഡി-കട്ട് സ്റ്റിയറിംഗ് വീലിൽ ഓഡിയോ, ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ നിയന്ത്രിക്കാനുള്ള ബട്ടണുകളുണ്ട്. മുൻസീറ്റുകൾ രണ്ടും പവർ അഡ്ജസ്റ്റബിൾ ആണ്. കൂടാതെ മൂന്ന് ലെവലുകളുള്ള വെന്റിലേഷൻ സൗകര്യവുമുണ്ട്.

ബക്കറ്റ് സ്റ്റൈൽ സീറ്റുകളിൽ നിയോൺ സ്റ്റിച്ചിംഗ് നൽകിയിട്ടുണ്ട്. ഫ്രെയിംലെസ് ഇൻസൈഡ് റിയർ വ്യൂ മിററും രണ്ട് സൺ വൈസറുകളിലും ലൈറ്റോടു കൂടിയ വാനിറ്റി മിററുകളും പുതുതലമുറ ഡസ്റ്ററിന്റെ മോടികൂട്ടുന്നുണ്ട്. ഓട്ടോ-ഹോൾഡ് ഫംഗ്‌ഷനുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കിന് ചുറ്റുമുള്ള സ്റ്റോറേജ് ഏരിയകൾ മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ വാഹനത്തിന്റെ ഉപയോഗം എളുപ്പമാവും.
ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) പുതിയ റെനോ ഡസ്റ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ സ്റ്റിയറിംഗിലും വേഗതയിലും ഡ്രൈവറെ സഹായിക്കാൻ ഇതിന് കഴിയും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ലെയ്ൻ സെന്ററിംഗും ഹൈവേ യാത്രകളിൽ ഡ്രൈവറുടെ ആയാസം കുറയ്ക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 360 ഡിഗ്രി ക്യാമറ സെറ്റപ്പിന്റെ ഭാഗമായി ഫ്രണ്ട് പാർക്കിംഗ് ക്യാമറകളും സെൻസറുകളും ADAS പാക്കേജിലുണ്ട്. ആവശ്യമെങ്കിൽ ADAS ഫീച്ചറുകൾ ഓഫ് ചെയ്യാൻ പ്രത്യേക ഫിസിക്കൽ ബട്ടൺ നൽകിയിട്ടുണ്ട്.

എഞ്ചിനും പെർഫോമൻസും
2026 റെനോ ഡസ്റ്ററിൽ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കൂട്ടത്തിൽ പ്രധാനി. ഇത് ഏകദേശം 160 bhp കരുത്തിൽ പരമാവധി 280 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് ഈ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഇത് സുഗമവും വേഗത്തിലുള്ളതുമായ ഗിയർ ഷിഫ്റ്റുകളാണ് നൽകുന്നത് എന്നതിനാൽ ലാഗ് അനുഭവപ്പെടുകയേയില്ല.
ഇതുകൂടാതെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ലഭ്യമാണ്. ദീപാവലിയോട് അനുബന്ധിച്ച് ഈ വർഷം അവസാനം ഒരു സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് കൂടി അവതരിപ്പിക്കാൻ റെനോയ്ക്ക് പദ്ധതിയുണ്ട്. ഹൈബ്രിഡ് മോഡലിന് ഉയർന്ന ഇന്ധനക്ഷമത പ്രതീക്ഷിക്കുന്നു. പെട്രോൾ പതിപ്പുകൾ ലിറ്ററിന് 14 മുതൽ 18 കിലോമീറ്റർ വരെ മൈലേജ് നൽകുമ്പോൾ ഹൈബ്രിഡ് മോഡലുകൾ 20 കിലോമീറ്ററിൽ കൂടുതൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓടിക്കാൻ എങ്ങനെയുണ്ട്
റോഡിലിറങ്ങുമ്പോൾ 1.3 ലിറ്റർ ടർബോ പെട്രോൾ ഡസ്റ്റർ മികച്ച കരുത്ത് പ്രകടിപ്പിക്കുന്നുണ്ടെന്നത് തുടക്കത്തിലെ തന്നെ മനസിലാകും. ടർബോ പ്രവർത്തനക്ഷമമാകുന്നതോടെ മിഡ്-റേഞ്ച് കരുത്തുറ്റതാകുന്നുണ്ടെന്നത് സന്തോഷം നൽകും. ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സും ഇതിനൊപ്പം വരുന്നതിനാൽ ഡ്രൈവിംഗ് നല്ല ഹരമാവുന്നുണ്ട്. കൂടുതൽ ഡ്രൈവിംഗ് ആവേശം ആഗ്രഹിക്കുന്നവർക്കായി പാഡിൽ ഷിഫ്റ്ററുകളും നൽകിയിട്ടുണ്ട്.
ഇക്കോ, കംഫർട്ട് എന്നിങ്ങനെ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ ഡസ്റ്ററിലുണ്ട്. കൂടാതെ കോൺഫിഗർ ചെയ്യാവുന്ന മൾട്ടി-സെൻസ് മോഡും ലഭ്യമാണ്. കംഫർട്ടും കൺട്രോളും ഒരുപോലെ നൽകുന്ന രീതിയിലാണ് സസ്പെൻഷൻ ട്യൂൺ ചെയ്തിരിക്കുന്നത്. സാധാരണ ഉപയോഗത്തിൽ യാതൊരു വിധ മടുപ്പും അനുഭവപ്പെടില്ല എന്നതാണ് സത്യം. സ്റ്റിയറിംഗ് കൃത്യതയുള്ളതും ഉയർന്ന വേഗതയിൽ പോലും ആത്മവിശ്വാസം നൽകുന്നതുമാണ്.

ദീർഘദൂര യാത്രകളിൽ മുൻസീറ്റുകൾ മികച്ച സപ്പോർട്ടാണ് നൽകുന്നത്. ചൂടുള്ള കാലാവസ്ഥയിൽ വെന്റിലേറ്റഡ് സീറ്റുകൾ വലിയ ആശ്വാസമാണ്. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും ലെവൽ 2 ADAS ഫീച്ചറുകളും ഇതിലുണ്ട്. മൊത്തത്തിൽ കംഫർട്ടിനും ഡ്രൈവിംഗ് ആസ്വാദനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന അനുഭവമാണ് ഡസ്റ്റർ സമ്മാനിക്കുന്നത്. പഴയ മോഡലിനേക്കാൾ വലിയൊരു കുതിച്ചുചാട്ടമാണ് 2026 റെനോ ഡസ്റ്റർ നടത്തിയിരിക്കുന്നത്.
വാങ്ങണോ?
ആധുനിക ഡിസൈൻ, മികച്ച ഫീച്ചറുകളുള്ള ക്യാബിൻ, സുഖകരമായ യാത്ര എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഡ്യുവൽ ക്ലച്ച് ഗിയർബോക്സും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സുരക്ഷാ ഫീച്ചറുകൾ ഈ സെഗ്‌മെന്റിൽ ഇതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. സ്റ്റൈലിംഗ്, ഫീച്ചറുകൾ, പ്രകടനം, സുരക്ഷ എന്നിവയുടെ സമന്വയം നോക്കുമ്പോൾ പുതിയ ഡസ്റ്റർ ഒരു മികച്ച പാക്കേജാണ്. അതിനാൽ കണ്ണുംപൂട്ടി ഡസ്റ്റർ വാങ്ങിയാലും നിരാശപ്പെടേണ്ടി വരില്ല.


Click it and Unblock the Notifications








