Tata Altroz ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എത്രമാത്രം മികച്ചത്? അറിയാം പുതിയ റിവ്യൂ വിശേഷങ്ങളിലൂടെ
ഇന്ത്യൻ വിപണിയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാറുകളിലൊന്നായി പേരെടുത്ത മോഡലാണ് ടാറ്റ ആൾട്രോസ്. ലവിൽ രാജ്യത്ത് വിൽപനയിലുള്ള ഏറ്റവും സ്റ്റൈലിഷ് ഹാച്ച്ബാക്കുകളിൽ ഒന്നാണിതെന്നു പറഞ്ഞാലും തെറ്റൊന്നുമില്ലതാനും.

സുരക്ഷയും ഗംഭീര സവിശേഷതകളെല്ലാം ഒത്തുചേർത്തിരുന്നെങ്കിലും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനില്ലാതിരുന്നത് പലരേയും വാഹനത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നു. പ്രത്യേകിച്ച് ഗിയർലെസ് മോഡലുകൾക്ക് പ്രശസ്തിയാർജിച്ചു വരുന്ന സാഹചര്യത്തിൽ ഇത് ആൾട്രോസിന്റെ വലിയൊരു പോരായ്മ തന്നെയായിരുന്നു.

2020 ജനുവരിയിലാണ് ടാറ്റ ആൾട്രോസ് ആദ്യമായി വിപണിയിലെത്തിയത്. ഡിസൈനും സ്റ്റൈലിംഗും ഒരേ പോലെ കിടിലംകൊള്ളിച്ചപ്പോൾ ഈ ഒരു പോരായ്മ പലരും എടുത്തു പറഞ്ഞു. ഇക്കാലയളവിനുള്ളിൽ എതിരാളികളായ ഹ്യുണ്ടായി i20, മാരുതി സുസുക്കി ബലേനോ എന്നിവർ പല പരിഷ്ക്കാരങ്ങളുമായി കളംനിറയുകയും ചെയ്തു.

പ്രായോഗികവും ഉപയോഗപ്രദവുമായ സവിശേഷതകളോടെ ടാറ്റയടെ വാഹനം ജനപ്രീതി നേടിയതോടെ 2021 ജനുവരിയിൽ, ടാറ്റ മോട്ടോർസ് ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഹാച്ച്‌ബാക്കിന്റെ ഐടർബോ വകഭേദം പുറത്തിറക്കി. അത് കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവരെ ആകർഷിക്കാൻ പ്രാപ്തമായ ഒന്നായിരുന്നു.

എന്നാൽ ഓട്ടോമാറ്റിക് വേരിയന്റിന്റെ അഭാവം മോഡലിന്റെ മേൽ നിഴലിച്ചു. ഇതിനെല്ലാം പരിഹാരമായി ആൾട്രോസിന് ഒരു ഓട്ടോമാറ്റിക് പതിപ്പിനെ കൂടി ടാറ്റ അടുത്തിടെ അവതരിപ്പിച്ചു. അതും ഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ടാറ്റ കൊണ്ടുവന്നത്. എഎംടി വേണ്ടെന്നുവെച്ച് ഡിസിഎ എന്നുവിളിക്കുന്ന ഈ സംവിധാനം കൊണ്ടുവന്നത് പലരേയും ഞെട്ടിച്ചിട്ടുണ്ട്.

ഗിയർഷിഫ്റ്റിംഗിലെ ലാഗ് ഒന്നുമില്ലാതെ ചീറിപായാം എന്നതാണ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. 8.09 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് പുതിയ ഓട്ടോമാറ്റിക് മോഡലിനെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതായത് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഡ്യുവൽ ക്ലച്ച് ഗിയർബോക്സുള്ള കാറായി ആൾട്രാസ് മാറിയെന്നുസാരം.

എന്നാൽ പുതുതായി എത്തിയ ടാറ്റ ആൾട്രോസ് ഡിസിഎ ഓട്ടോമാറ്റിക്കിനെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാമെന്ന് അറിയാൻ പ്രീമിയം ഹാച്ച്ബാക്കിന്റെ പുത്തൻ റിവ്യൂ വിശേഷങ്ങളിലേക്ക് കടന്നാലോ??

ഡിസൈനും സ്റ്റൈലിംഗും
ഒറ്റനോട്ടത്തിൽ മാനുവൽ ഗിയർബോക്‌സുള്ള സ്റ്റാൻഡേർഡ് ഹാച്ച്‌ബാക്കിൽ നിന്ന് വേറിട്ടു നിർത്തുന്ന ഒരു ഘടകവും ആൾട്രോസ് ഡിസിഎ വേരിയന്റിൽ കാണായാനേക്കില്ല. ടെയിൽ ഗേറ്റിൽ ചെറിയ ഡിസിഎ ബാഡ്ജ് ഒഴിച്ചാൽ പുറത്ത് വ്യത്യാസങ്ങളൊന്നുമില്ലെന്നു തന്നെ പറയാം.

ആൾട്രോസിന്റെ യൂറോപ്യൻ ഡിസൈൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ലോഞ്ച് ചെയ്തിട്ട് രണ്ട് വർഷത്തിലേറെയായിട്ടുണ്ടെങ്കിലും പ്രീമിയം ഹാച്ച്ബാക്ക് ഇന്നും തികച്ചും ആധുനികമായാണ് നിലനിൽക്കുന്നത്. പ്രൊജക്ടറുകളുള്ള സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ് യൂണിറ്റുകളാണ് മുൻവശത്തെ ആകർഷകമാക്കുന്ന ഒരു കാര്യം. അതുപോലെ തന്നെ ബമ്പറിൽ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും തീർത്തും മനോഹരമാണ്.

ബമ്പർ ചങ്കിയും സ്‌പോർട്ടിയുമായാണ് പൂർത്തിയാക്കിയിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകൾ ഫോഗ് ലാമ്പുകൾക്ക് അടുത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. ആൾട്രോസ് ഡിസിഎയിൽ ടാറ്റ അവതരിപ്പിച്ച ഏറ്റവും പുതിയ ഓപ്പറ ബ്ലൂ കളർ ഓപ്ഷനാണ് റിവ്യൂ വിശേഷങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത്. നിലവിൽ കാറിനൊപ്പം ലഭ്യമായ ഏറ്റവും മികച്ച നിറങ്ങളിൽ ഒന്നാണിത്.

വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ 16 ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളിലേക്കാണ് ആദ്യം ശ്രദ്ധയാകർഷിക്കുക. കൂടാതെ എ-പില്ലർ മുതൽ സി-പില്ലർ വരെയുള്ള വിൻഡോകൾക്ക് താഴെയുള്ള കട്ടിയുള്ള കറുത്ത സ്ട്രിപ്പ് കാറിന്റെ രൂപത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ആൾട്രോസ് സ്വന്തമാക്കാനാവും. ഡ്യൂവൽ ടോണിൽ റിയർ വ്യൂ മിറർ കറുപ്പ് നിറത്തിലാണ് അലങ്കരിച്ചിരിക്കുന്നത്. അതുപോലെ തന്നെ റൂഫും കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്. പിന്നിൽ സ്‌പോയിലറും ടെയിൽ ഗേറ്റിന്റെ പകുതിയും എല്ലാം കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയത് ഒരു സ്പോർട്ടി ഫീലാണ് നൽകുന്നത്.

കാറിലെ ഏറ്റവും സ്പോർട്ടിയറായ ഭാഗം പിൻവശമാണെന്നതിൽ ആർക്കും ഒരു തർക്കവും ഉണ്ടായേക്കില്ല. സ്പ്ലിറ്റ് റാപ് എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ സൂപ്പർ സ്റ്റൈലിഷാണ്. ടെയിൽ ഗേറ്റിൽ ആൾട്രോസ് ഡിസിഎ ബാഡ്ജിംഗും കാണാം.

ഇന്റീരിയർ
ടാറ്റയുടെ ഉൽപ്പന്നങ്ങൾ അവയുടെ പ്രായോഗികവും വിശാലവുമായ ഇന്റീരിയറിന് പേരുകേട്ടതാണ്. വീതിയിൽ തുറക്കുന്ന പ്രശസ്തമായ 90-ഡിഗ്രി ഡോറുകളാണ് ആൾട്രോസിന്റെ മറ്റൊരു പ്രത്യേകത. ഇത് വാഹനത്തിനകത്തോട്ടും പുറത്തോട്ടുമുള്ള പ്രവേശനം എളുപ്പമാക്കുകയാണ് ചെയ്യുന്നത്.

മികച്ച ഡ്യുവൽ ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ അകത്തെ ഫീൽ മികച്ചതാക്കുന്നുണ്ട്. കറുപ്പ് നിറമുള്ള ഒരു ട്രൈ-ടോണിലാണ് ഡാഷ്‌ബോർഡിന്റെ മുകൾഭാഗം പൂർത്തിയാക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിന്റെ അടിഭാഗത്ത് ബീജ് നിറത്തിലുള്ള പ്ലാസ്റ്റിക്കാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് ഹർമനിൽ നിന്നുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്നുമുണ്ട്. ഈ ടച്ച് സ്ക്രീൻ കുറച്ച് സവിശേഷതകളോടെയാണ് വരുന്നത്. കൂടാതെ എയർ കണ്ടീഷനിംഗ് പോലുള്ള വാഹന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സ്‌ക്രീൻ ഉപയോഗിക്കാനും സാധിക്കും.

8 സ്പീക്കർ ഹർമൻ സിസ്റ്റമാണ് അകത്തളത്തിലെ മറ്റൊരു പ്രത്യേകത. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെ എയർ കണ്ടീഷനിംഗിനും ക്ലൈമറ്റ് കൺട്രോളിനുമുള്ള സജ്ജീകരണങ്ങളാണ് കാണാനാവുക. ആൾട്രോസ് ഡിസിഎ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സഹിതമാണ് വരുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

ടാറ്റ ആൾട്രോസ് ഡിസിടിയുടെ ഗിയർ ലിവർ ട്രൈ-ആരോ പാറ്റേണിലാണ് നൽകിയിരിക്കുന്നത്. സീറ്റ് ഫാബ്രിക്കിലാണ് നൽകിയിരിക്കുന്നത്. ചങ്കിയും സ്പോർട്ടിയുമായ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് കമ്പനി പുതിയ മോഡലിലും കൊണ്ടുവന്നിരിക്കുന്നത്. ഓഡിയോയ്‌ക്കും ക്രൂയിസ് കൺട്രോളിനുമായി മൗണ്ടഡ് സജ്ജീകരണങ്ങളും കാണാനാവും.

അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ വളരെ വിപുലവും ധാരാളം വിവരങ്ങൾ പ്രദർശിപ്പിക്കുന്നതുമാണ്. ഇടതുവശത്ത് 7.0 ഇഞ്ച് TFT ഫുൾ കളർ ഡിസ്‌പ്ലേയും വലതുവശത്ത് അനലോഗ് സ്പീഡോമീറ്ററുമാണ് കാണാനാവുക. സ്‌ക്രീൻ ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, ഡിസ്റ്റൻസ്-ടു-എംപ്റ്റി, ഫ്യുവൽ നില മുതലായവ പ്രദർശിപ്പിക്കുന്നു.

പ്രായോഗികതയും ബൂട്ട് സ്പേസും
ടാറ്റ എപ്പോഴും പ്രായോഗികവും സൗകര്യപ്രദവുമായ കാറുകളാണ് നിർമിച്ചിരിക്കുന്നത്. അതിൽ കമ്പനിയുടെ എഞ്ചിനീയർ നൽകുന്ന ഏറ്റവും വലിയ മുൻഗണനകളിലൊന്നാണ് ക്യാബിൻ സ്‌പേസ്. ഗിയർ ലിവറിന് പിന്നിൽ രണ്ട് കപ്പ് ഹോൾഡറുകളും തുടർന്ന് സെന്റർ കൺസോളിന്റെ അവസാനം ഒരു സ്ലൈഡിംഗ് ആംറെസ്റ്റും നൽകിയിരിക്കുന്നു. ഈ ആംറെസ്റ്റ് ഉയർത്തുമ്പോൾ അവിടെയും കുറച്ചു സ്പേസ് നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ ധാരാളം പ്രായോഗികതയാണ് ഇന്റീരിയറിൽ ഒരുക്കിയിരിക്കുന്നത്. ലെഗ് റൂം, ഹെഡ് റൂം എന്നിവയെല്ലാം പ്രീമിയം ഹാച്ച്ബാക്കിൽ മികച്ചതാണ്. പിൻവശത്തുള്ള യാത്രക്കാർക്ക് സെന്റർ എസി വെന്റുകൾ ലഭിക്കും. ഇതിനു താഴെയായി ഒരു 12V പവർ ഔട്ട്‌ലെറ്റും ഇംടപിടിച്ചിട്ടുണ്ട്. ടാറ്റ ആൾട്രോസ് ഡിസിഎയ്ക്ക് 345 ലിറ്റർ ബൂട്ട് സ്പേസാണുള്ളത്. ഇത് സെഗ്മെന്റിലെ ഏറ്റവും ഉയർന്നതാണ്.

എഞ്ചിൻ പെർഫോമൻസും ഡ്രൈവിംഗും
ടാറ്റ ആൾട്രോസ് ഡിസിഎ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും സവിശേഷമായ കാറുകളിലൊന്നാണ്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഫീച്ചർ ചെയ്യുന്ന ഒരേയൊരു കാർ ഇതാണ്. വിപണിയിലുള്ള മറ്റെല്ലാ ഡിസിടികളും ടർബോചാർജ്ഡ് എഞ്ചിനുമായാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ടാറ്റയുടെ 1.2 ലിറ്റർ റെവോട്രോൺ നാച്ചുറലി ആസ്പിറേറ്റഡ്, 3 സിലിണ്ടർ പെട്രോൾ എഞ്ചിന് 6,000 rpm-ൽ പരമാവധി 84.8 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആൾട്രോസിന് ഓട്ടോ പാർക്ക് ലോക്ക് ഫീച്ചർ ടാറ്റ പരിചയപ്പെടുത്തിയിട്ടുണ്ട്. അത് അബദ്ധത്തിൽ കാർ ഉരുളുന്നത് തടയുന്നതിനായാണ് പ്രവർത്തിക്കുന്നത്.

സാധാരണയായി ഡിസിടി ഗിയർബോക്സുകൾക്ക് 7 സ്പീഡ് ഉണ്ടെങ്കിൽ ആൾട്രോസിൽ ഇത് ആറായി ചുരുങ്ങി. കുറഞ്ഞ വേഗതയിൽ ടാറ്റ ഗിയർബോക്‌സ് മികച്ച ഇന്ധനക്ഷമതയാണ് നൽകുന്നത്. പുതിയ ഗിയർബോക്‌സ് മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. എല്ലാ ഡിസിടി ഗിയർബോക്സുകളിലും ഉള്ള രണ്ട് ലേ ഷാഫ്റ്റുകൾക്ക് പകരം ഒരൊറ്റ ലേഷാഫ്റ്റാണ് ഇതിന് ലഭിക്കുന്നത്.

തൽഫലമായി ഗിയർബോക്‌സിനുള്ളിൽ ചലിക്കുന്ന ഭാഗങ്ങൾ കുറവാണ്. ടർബോ പെട്രോളിൽ കാണുന്ന ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ടാറ്റ ആൾട്രോസിലെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ്. അതിനാൽ അത്ര സ്പോർട്ടിയറല്ല ഈ ടാറ്റ കാർ എന്നു പറയാം. ഈ ഗിയർബോക്‌സിന് പരമാവധി പ്രകടനം പുറത്തെടുക്കാൻ ടർബോ-പെട്രോൾ എഞ്ചിൻ ആവശ്യമാണെന്നു പറയാം.

പുതിയ ഗിയർബോക്‌സ് കൊണ്ടുവന്ന പെർഫോമൻസിലെ വ്യത്യാസം കൂടാതെ ആൾട്രോസ് ഡിസിഎയിലെ മറ്റെല്ലാം സ്റ്റാൻഡേർഡ് ആൾട്രോസ് പെട്രോളിന് സമാനമാണ്. ബോഡി-റോൾ നിയന്ത്രിക്കപ്പെടുന്നതിനായി നന്നായി സന്തുലിതമായ സസ്പെൻഷനാണ് സജ്ജീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ ബ്രേക്കിംഗും മികച്ചതാക്കാൻ ടാറ്റയ്ക്ക് സാധിച്ചത് ശ്രദ്ധേയമാണ്.

സുരക്ഷയും പ്രധാന സവിശേഷതകളും
സുരക്ഷാ സവിശേഷതകൾ:
- ആൽഫ ആർക്കിടെക്ചറും ഊർജ്ജം ആഗിരണം ചെയ്യുന്ന ശരീര ഘടനയും
- ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം
- ബ്രേക്ക് സ്വേ കൺട്രോൾ
- ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ
- കോർണർ സ്റ്റെബിലിറ്റി കൺട്രോൾ
- ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ
- ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് പോയിന്റുകൾ
- വോയ്സ് അലേർട്ടുകൾ
- iTPMS
- പാർക്കിംഗ് അസിസ്റ്റ്
- ഓട്ടോ പാർക്ക് ലോക്ക്

പ്രധാന സവിശേഷതകൾ
- iRA കണക്റ്റിവിറ്റി സ്യൂട്ട്
- 7.0-ഇഞ്ച് ഹർമൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്
- ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ
- വോയ്സ് കമാൻഡുകൾ
- എക്സ്പ്രസ് കൂളിംഗ്
- ഓട്ടോ ഹെഡ്‌ലാമ്പുകൾ
- റെയിൻ സെൻസിംഗ് വൈപ്പറുകൾ
- ക്രൂയിസ് കൺട്രോൾ
- 7-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

വകഭേദങ്ങൾ, വില, നിറങ്ങൾ
ആൾട്രോസ് ഡിസിഎ ഏഴ് വേരിയന്റുകളിലും ആറ് കളർ ഓപ്ഷനുകളിലും ലഭ്യമാണ്.

ടാറ്റ ആൾട്രോസ് ഡിസിഎ വേരിയന്റുകൾ:
DCA XMA+: 8,09,900 രൂപ
DCA XTA: 8,59,900 രൂപ
DCA XTA ഡാർക്ക്: 9,05,900 രൂപ
DCA XZA: 9,09,900 രൂപ
DCA XZA (O): 9,21,900 രൂപ
DCA XZA+: 9,59,900 രൂപ
DCA XZA+ ഡാർക്ക്: 9,89,900 രൂപ

കളർ ഓപ്ഷനുകൾ
- കോസ്മോ ഡാർക്ക്
- ഓപ്പറ ബ്ലൂ
- ഡൗൺടൗൺ റെഡ്
- ആർക്കേഡ് ഗ്രേ
- അവന്യൂ വൈറ്റ്
- ഹാർബർ ബ്ലൂ


Click it and Unblock the Notifications








