നല്ല സേഫ്റ്റിയും പെർഫോമൻസുമുള്ള എസ്‌യുവി, സ്കോഡ കുഷാഖ് മോണ്ടി കാർലോയുടെ റിവ്യൂ വിശേഷങ്ങൾ വായിക്കാം

മുഖംമിനുക്കി മിഡ്-സൈസ് എസ്‌യുവിയിലേക്ക് സ്കോഡയുടെ ചക്രവർത്തിയായ കുഷാഖ് എത്തിയിരിക്കുകയാണ്. വില പ്രഖ്യാപനവും നാളെ നടക്കാനിരിക്കെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് വാഹനത്തെ കാത്തിരിക്കുന്നത്. രൂപത്തിൽ നല്ല മാറ്റമുണ്ടെങ്കിലും മുൻഗാമിയെ പോലെ തന്നെ അഡാറ് സേഫ്റ്റി, നല്ല രണ്ട് പെട്രോൾ എഞ്ചിനുകൾ, ഫോറിൻ ഡിസൈൻ എന്നിവ കൂട്ടിയോജിപ്പിച്ചാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വിപണിയിലേക്ക് എത്തുന്നത്. സെഗ്മെന്റിലെ എതിരാളികളോട് മുട്ടാൻ കുറഞ്ഞ വില കൂടി കൊടുത്താൽ സംഭവം കളറാവും. എന്നാൽ അതിന് മുന്നോടിയായി പുതിയ കുഷാഖ് എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവുമല്ലോ. അവർക്കായി പുതുമോഡലിന്റെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.

സ്കോഡ കുഷാക്കിന്റെ സ്പോർട്ടി പതിപ്പായ കുഷാഖ് മോണ്ടി കാർലോ പതിപ്പാണ് റിവ്യൂവിനായി ലഭിച്ചത്. ആയതിനാൽ ഈ ടോപ്പ് എൻഡ് വേരിയന്റിന്റെ വിശേഷങ്ങളാണ് ലേഖനത്തിൽ ഉണ്ടാവുക. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി വിക്ടോറിസ്, ടാറ്റ സിയറ പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ പെടുന്ന ഈ വാഹനം അതിന്റെ അടിസ്ഥാന രൂപം നിലനിർത്തിക്കൊണ്ട് തന്നെ കൂടുതൽ സ്പോർട്ടിയായ മാറ്റങ്ങളുമായാണ് എത്തുന്നത്.

Skoda Kushaq Mote Carlo Review

രണ്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായ ഈ മോഡലിൽ 1.0 ലിറ്റർ എഞ്ചിനൊപ്പം പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും കമ്പനി അവതരിപ്പിക്കുന്നുണ്ട്. സ്റ്റാൻഡേർഡ് വേരിയൻ്റുകളിൽ നിന്നും വേറിട്ടുനിൽക്കാനായി പുറത്തും അകത്തും ബ്ലാക്കും റെഡും നിറങ്ങളിലുള്ള ഹൈലൈറ്റുകളാണ് മോണ്ടി കാർലോയിൽ ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ നിരവധി മാറ്റങ്ങൾ കാഴ്ച്ചയിൽ പ്രകടമാവുന്നുണ്ട്. എല്ലാത്തിനെ കുറച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിച്ചോളൂ...

എക്സ്റ്റീരിയർ ഡിസൈൻ

സ്റ്റാൻഡേർഡ് കുഷാഖ് വേരിയന്റുകളിൽ നിന്നും വ്യത്യസ്തമായ മുൻഭാഗമാണ് മോണ്ടി കാർലോയ്ക്ക് നൽകിയിരിക്കുന്നത്. ഗ്രില്ലും ലോവർ സ്പ്ലിറ്ററും പിയാനോ ബ്ലാക്ക് ഫിനിഷിലാണ് വരുന്നത് എന്നത് ശ്രദ്ധേയമാണ്. റെഡ് ലൈനുകളും ചെറിയ ചെക്കേർഡ് ഫ്ലാഗ് ഡിസൈനും ഇതിന്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുവാനായും ഒരുക്കിയിട്ടുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും രാത്രികാലങ്ങളിൽ മികച്ച കാഴ്ച്ചയാണ് നൽകുന്നത്.

Skoda Kushaq Mote Carlo Review

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ വാഹനത്തിന് ആധുനികമായ ഒരു ഭാവം നൽകുന്നുണ്ട്. ബേസ് മോഡൽ മുതൽ എല്ലാ വേരിയന്റുകളിലും 17 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നതായിരിക്കും എന്നതും സെഗ്മെന്റിൽ വേറിട്ടുനിൽക്കാൻ സഹായിക്കുന്ന കാര്യമാണ്. ടേൺ ഇൻഡിക്കേറ്ററുകൾ സംയോജിപ്പിച്ച ബ്ലാക്ക് ഫിനിഷ്ഡ് മിററുകളും സ്പെഷ്യൽ എഡിഷനെ സൂചിപ്പിക്കുന്ന മോണ്ടി കാർലോ ബാഡ്ജും വശക്കാഴ്ച്ചയിലെ പ്രത്യേകതകളാണ്.

ഡോർ ഹാൻഡിലുകളിൽ ബ്രഷ്ഡ് ക്രോം ആക്സന്റുകളും കീലെസ് എൻട്രി സെൻസറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊഴിച്ചാൽ വശങ്ങളിൽ ക്രോം ഒഴിവാക്കി കൂടുതൽ ക്ലീൻ ആയ സ്പോർട്ടി ലുക്കാണ് നൽകിയിരിക്കുന്നത്. മുകളിൽ ഫങ്ഷണൽ റൂഫ് റെയിലുകളും വലിയ പനോരമിക് സൺറൂഫും കാണാം. പിൻഭാഗത്ത് ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പോടു കൂടിയ റൂഫ് സ്പോയിലർ നൽകിയിട്ടുണ്ട്. ബോഡിയിലേക്ക് പടർന്നുനിൽക്കുന്ന എൽഇഡി ടെയിൽ ലാമ്പുകളാണ് ടെയിൽഗേറ്റിലുള്ളത്.

Skoda Kushaq Mote Carlo Review

രാത്രിയിൽ തിളങ്ങുന്ന സ്കോഡ ലെറ്ററിംഗ് വാഹനത്തിന് പ്രീമിയം ലുക്കാണ് സമ്മാനിക്കുന്നത്. റിയർ ബമ്പറിന്റെ താഴത്തെ ഭാഗത്തും ഗ്ലോസ് ബ്ലാക്ക് ഘടകങ്ങൾ കാണാം. 491 ലിറ്റർ ബൂട്ട് സ്പേസ് ഉള്ള വാഹനത്തിൽ പാർസൽ ട്രേയും ലഭ്യമാണ്. ആവശ്യാനുസരണം സ്ഥലം വർധിപ്പിക്കാൻ പിൻസീറ്റുകൾ 60:40 അനുപാതത്തിൽ മടക്കാം. ഹൈഡ്രോളിക് സ്ട്രട്ടുകൾ ടെയിൽഗേറ്റ് സുഗമമായി തുറക്കാനും അടയ്ക്കാനും സഹായിക്കുന്നു.

വേരിയന്റുകൾക്കനുസരിച്ച് 188 മുതൽ 189 മില്ലിമീറ്റർ വരെയാണ് പുതിയ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് നൽകിയിരിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസ്. 1.0 ലിറ്റർ എഞ്ചിൻ മോഡലിൽ മുന്നിൽ ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് നൽകിയിരിക്കുന്നത്. എന്നാൽ 1.5 ലിറ്റർ പതിപ്പിൽ നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ ലഭിക്കുമെന്ന് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ പറയുന്നുണ്ട്.

Skoda Kushaq Mote Carlo Review

ഇന്റീരിയർ വിശേഷങ്ങൾ

ഒരു മിഡ്-സൈസ് എസ്‌യുവി എന്ന നിലയിൽ നല്ല സ്പേസും സൌകര്യങ്ങളുമായാണ് മുഖംമിനുക്കിയ മോഡൽ എത്തുന്നത് എന്നതിനാൽ അക്കാര്യത്തിൽ ആശങ്കകളൊന്നും വേണ്ട. പിൻസീറ്റുകളിൽ മികച്ച സ്ഥലസൗകര്യമുണ്ട്. ഉയരമുള്ള യാത്രക്കാർക്ക് പോലും ആവശ്യത്തിന് ക്നീ റൂമും ലെഗ് റൂമും ലഭിക്കുന്നുണ്ടെന്ന് സ്കോഡ ഉറപ്പുവരുത്തിയിട്ടുണ്ട്. അണ്ടർ-തൈ സപ്പോർട്ടും ആവശ്യത്തിന് കൊടുത്തിട്ടുണ്ട്. മൂന്ന് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നുമുണ്ട്.

കപ്പ് ഹോൾഡറുകളോട് കൂടിയ ഫോൾഡ്-ഡൗൺ ആംറെസ്റ്റ്, റിയർ എസി വെന്റുകൾ, സീറ്റിന് പിന്നിലെ സ്റ്റോറേജ് പോക്കറ്റുകൾ എന്നിവ പിൻഭാഗത്തെ യാത്ര സുഖകരമാക്കുന്നു. പനോരമിക് സൺറൂഫ് പിൻസീറ്റ് വരെ നീളുന്നതിനാൽ ക്യാബിനുള്ളിൽ നല്ല വായുസഞ്ചാരവും വെളിച്ചവും അനുഭവപ്പെടും. പിൻസീറ്റുകളിൽ തോളുകൾക്കും നടുവിനും ആശ്വാസം നൽകുന്ന മസാജ് ഫങ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ടൈപ്പ്-സി ചാർജിംഗ് പോർട്ടുകളും പിന്നിലുണ്ട്.

Skoda Kushaq Mote Carlo Review

അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ ടിന്റഡ് ഗ്ലാസുകളും ചൂട് തടയാൻ സൺറൂഫിന് കട്ടിയുള്ള ഷേഡുമാണ് കമ്പനി നൽകിയിരിക്കുന്നത് എന്നത് കൈയടി അർഹിക്കുന്ന കാര്യങ്ങളാണ്. പുഷ്-ബട്ടൺ സ്റ്റാർട്ട് സൗകര്യമുള്ള വാഹനത്തിന്റെ കീ ഫോബിൽ സ്കോഡ ലോഗോ പതിപ്പിച്ചിട്ടുണ്ട്. ഡാഷ്‌ബോർഡിലെ ചുവന്ന സ്റ്റിച്ചിംഗും കാർബൺ ഫൈബർ സ്റ്റൈലിലുള്ള സീറ്റ് മെറ്റീരിയലും സ്പോർട്ടി തീമിന് അനുയോജ്യമാണ്.

ടൂ ലെവൽ കൂളിംഗ് സൗകര്യമുള്ള വെന്റിലേറ്റഡ് സീറ്റുകളാണ് മുന്നിലുള്ളത്. ഹെഡ്‌റെസ്റ്റുകളിൽ മോണ്ടെ കാർലോ ബാഡ്ജിംഗ് കാണാം. ഡാഷ്‌ബോർഡിൽ മാറ്റ് ബ്ലാക്ക്, റെഡ് പാനലുകൾക്കൊപ്പം ക്രോം, പിയാനോ ബ്ലാക്ക് ഹൈലൈറ്റുകളും ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. ആംറെസ്റ്റുകളിൽ സോഫ്റ്റ് മെറ്റീരിയലുകളും മറ്റ് ഭാഗങ്ങളിൽ ഉറപ്പുള്ള പ്ലാസ്റ്റിക്കുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഡോർ പോക്കറ്റുകളിൽ അര ലിറ്ററിന്റെ നാല് കുപ്പികൾ വരെ സൂക്ഷിക്കാം.

Skoda Kushaq Mote Carlo Review

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീൻ എന്നിവയും സ്കോഡ കുഷാഖിലെ യാത്രകൾ കൂടുതൽ സുഖകരമാക്കും. ഡ്രൈവിംഗ് വിവരങ്ങൾ കാണിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ചുവപ്പ് തീമിലാണ് ഒരുക്കിയിരിക്കുന്നത്. ഫ്രെയിംലെസ് ആയ റിയർ വ്യൂ മിറർ ക്യാബിന് ഭംഗി കൂട്ടുന്നു. പാസഞ്ചർ സൈഡ് സൺ വൈസറിൽ മിറർ ഉണ്ടെങ്കിലും ഡ്രൈവർ സൈഡിൽ അത് നൽകിയിട്ടില്ല.

എൽഇഡി ഇന്റീരിയർ ലൈറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ്, രണ്ട് ടൈപ്പ്-സി പോർട്ടുകൾ, 12V സോക്കറ്റ് എന്നിവ മുന്നിലുണ്ട്. ക്യാബിനിലുടനീളം ആകെ 6 ചാർജിംഗ് പോയിന്റുകൾ ലഭ്യമാണ്. സ്കോഡയുടെ പുതിയ ശൈലിയിലുള്ള ടു-സ്പോക്ക് ലെതർ സ്റ്റിയറിംഗ് വീൽ പിടിക്കാൻ നല്ല സുഖമാണ്. അത് ഡ്രൈവിംഗിലും നല്ല കംഫർട്ടാണ് നൽകുന്നത് കേട്ടോ. ഓട്ടോമാറ്റിക് ഗിയർബോക്സിനായി പാഡിൽ ഷിഫ്റ്ററുകളും ഒരുക്കിയിട്ടുണ്ട്.

സ്റ്റിയറിംഗ് കോളം ടിൽറ്റ്, റീച്ച് എന്നിവയ്ക്കായി അഡ്ജസ്റ്റ് ചെയ്യാമെന്നത് പ്രായോഗികത ഉയർത്തുന്ന കാര്യമാണ്. സ്പോർട്ടി മെറ്റൽ പെഡലുകളും ആംബിയന്റ് ലൈറ്റിംഗും രാത്രികാലങ്ങളിൽ ക്യാബിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നു. സ്വിച്ചുകൾ ഗുണനിലവാരമുള്ളതും സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്. 6 സ്പീക്കറുകളും ഒരു സബ് വൂഫറും അടങ്ങുന്ന സ്കോഡയുടെ ഓഡിയോ സിസ്റ്റം മികച്ച ശബ്ദാനുഭവം നൽകുന്നുണ്ട്.

എഞ്ചിനും പെർഫോമൻസും

രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളിലാണ് സ്കോഡ കുഷാഖ് മോണ്ടി കാർലോ വരുന്നത്. 1.0 ലിറ്റർ ടിഎസ്ഐ യൂണിറ്റിന് 118 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ എഞ്ചിൻ 148 bhp പവറിൽ 250 Nm ടോർക്കും നൽകുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. വലിയ എഞ്ചിനിൽ സിലിണ്ടർ ഡീആക്ടിവേഷൻ സാങ്കേതികവിദ്യയുണ്ട്. ഇത് കുറഞ്ഞ വേഗതയിൽ രണ്ട് സിലിണ്ടറുകൾ ഓഫ് ചെയ്ത് മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്നു.

6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. 1.0 ലിറ്റർ എഞ്ചിനൊപ്പം പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്. ഇന്ത്യയിൽ ഈ വിഭാഗത്തിൽ ഇത്തരമൊരു ഗിയർബോക്സ് ആദ്യമാണെന്ന് സ്കോഡ അവകാശപ്പെടുന്നു. ടോപ്പ് വേരിയന്റിൽ നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ ലഭിക്കുമ്പോൾ 1.0 ലിറ്റർ മോഡലുകൾക്ക് മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് നൽകിയിരിക്കുന്നത്.

ഓടിക്കാൻ എങ്ങനെയുണ്ട്

പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഞങ്ങൾ ഓടിച്ചു നോക്കിയത്. വളരെ വേഗത്തിലുള്ള ഷിഫ്റ്റുകളാണ് ഈ ഗിയർബോക്സ് നൽകുന്നത്. സാധാരണ ഡ്രൈവിംഗിൽ 45 കിലോമീറ്റർ വേഗതയിൽ തന്നെ അഞ്ചാം ഗിയറിലേക്ക് മാറാൻ വാഹനത്തിന് സാധിക്കുന്നു. ഹൈവേകളിൽ എട്ടാം ഗിയർ എഞ്ചിൻ വേഗത കുറച്ചുനിർത്താൻ സഹായിക്കുന്നത് ഇന്ധനക്ഷമത വർധിപ്പിക്കും.

നഗരയാത്രകളിൽ മികച്ച പിക്കപ്പ് നൽകാൻ ലോവർ ഗിയറുകൾ സഹായിക്കുന്നു. 3,000 ആർപിഎമ്മിന് മുകളിൽ എഞ്ചിൻ ശബ്ദം ക്യാബിനുള്ളിൽ കേൾക്കാമെന്നത് ചെറിയ നിരാശ നൽകിയേക്കാം. ത്രീ-സിലിണ്ടർ എഞ്ചിനായതിനാൽ ഉയർന്ന വേഗതയിൽ ഇതിന്റെ ശബ്ദം വേറിട്ടുനിൽക്കുന്നു. സ്പോർട്ട് മോഡിൽ എഞ്ചിൻ കൂടുതൽ കരുത്ത് നൽകുന്നുണ്ട്. സാധാരണ ഡ്രൈവ് മോഡിൽ ഗിയർ ഷിഫ്റ്റ് വളരെ സുഗമമാണ്. നഗരത്തിലെ തിരക്കുകളിൽ ടോർക്ക് കൺവെർട്ടറിന്റെ ലാഗ് അനുഭവപ്പെടുന്നില്ല.

മൊത്തത്തിൽ, ദൈനംദിന ഉപയോഗത്തിന് വളരെ സുഖകരമായ ഡ്രൈവിംഗ് അനുഭവമാണ് പുതിയ സ്കോഡ കുഷാഖ് നൽകുന്നത്. ആറ് രീതിയിൽ ക്രമീകരിക്കാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകളും ഡ്രൈവർ സീറ്റിന് മാനുവൽ ഹൈറ്റ് അഡ്ജസ്റ്റ്മെന്റും ഉണ്ട്. സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ് കൂടി ചേരുമ്പോൾ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്താൻ എളുപ്പമാണ്. കംഫർട്ടും കൺട്രോളും ഒരുപോലെ നൽകുന്ന സസ്പെൻഷൻ സെറ്റപ്പാണ് വാഹനത്തിന്റേത്.

കോർണറുകളിൽ ഫോലും മികച്ച ആത്മവിശ്വാസം നൽകുന്ന കുഷാക് മോണ്ടി കാർലോയ്ക്ക് ബോഡി റോൾ വളരെ കുറവാണ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. ആറ് എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഇബിഡി എന്നിവ സ്റ്റാൻഡേർഡാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗ് കുഷാക്ഖ് സ്വന്തമാക്കിയിട്ടുള്ളതിനാൽ യാതൊരുവിധ ടെൻഷനുമില്ലാതെ വാഹനം വാങ്ങാം.

സ്കോഡ കുഷാഖ് മോണ്ടി കാർലോ അതിന്റെ സ്പോർട്ടി ലുക്കും കരുത്തുറ്റ എഞ്ചിൻ ഓപ്ഷനുകളും കൊണ്ട് ശ്രദ്ധേയമാണ്. 1.0 ലിറ്റർ എഞ്ചിനൊപ്പമുള്ള പുതിയ 8-സ്പീഡ് ഗിയർബോക്സ് സുഗമമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു. വെന്റിലേറ്റഡ് സീറ്റുകളും മസാജ് ഫങ്ഷനും പോലുള്ള ഫീച്ചറുകൾ എസ്‌യുവിക്ക് മുടക്കുന്ന വിലയ്ക്ക് മൂല്യം നൽകുന്ന കാര്യങ്ങളാണ്. 10.5 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. മികച്ച സേഫ്റ്റിയും പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി ഈ എസ്‌യുവി വാങ്ങിക്കാം.

More from DriveSpark

Article Published On: Friday, March 20, 2026, 12:00 [IST]
English summary
Skoda kushaq mote carlo review design specs driving impression in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X