സാധാരണക്കാരന് വേണ്ടി നിർമിച്ച ഇലക്‌ട്രിക് എസ്‌യുവി, പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിൻ്റെ റിവ്യൂ വിശേഷങ്ങൾ
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്ത് തരംഗം തീർത്ത് മുന്നേറുകയാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. ടിയാഗോ ഇവി മുതൽ നെക്സോൺ ഇവി വരെ നീളുന്ന വൈദ്യുത വാഹന നിര നല്ലതുപോലെ പണംവാരുമ്പോൾ കാലത്തിനൊത്ത മാറ്റങ്ങളും നൽകി ജനകീയരാക്കി നിർത്താനും കമ്പനി ശ്രമിക്കാറുണ്ട്. ഇതിൻ്റെ ഭാഗമായി അടുത്തിടെ പഞ്ചി ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ടാറ്റ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. വിലയിലും ഡിസൈനിലും ഫീച്ചേഴ്‌സിലുമെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ആശാൻ്റെ മിനുങ്ങിയുള്ള വരവ്. 9.69 ലക്ഷം രൂപ മുതല്‍ 12.59 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നതെങ്കിലും പുതുമോഡൽ ബാറ്ററി-ആസ്-എ-സർവീസ് പ്ലാൻ വഴി സ്വന്തമാക്കാനും അവസരമുണ്ട്.
ബാറ്ററി ആസ് എ സർവീസ് വഴി വാങ്ങിക്കുകയാണെങ്കിൽ 6.49 ലക്ഷത്തിന് ബേസ് മോഡൽ വീട്ടിലെത്തിക്കാനാവും. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും ഏകദേശം 2.60 രൂപ ബാറ്ററി വാടകയായി കമ്പനിക്ക് നൽകേണ്ടി വരുമെന്ന് മാത്രം. ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇലക്ട്രിക് എസ്‌യുവി എങ്ങനെയുണ്ടെന്ന് അറിയാൻ ഏവർക്കും താത്പര്യം ഉണ്ടാവും അല്ലേ. അവർക്കായി പുത്തൻ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിൻ്റെ റിവ്യൂ വിശേഷങ്ങളിലേക്ക് കടക്കാം.

ഡിസൈൻ
പുതുക്കിയ പഞ്ച ഇവി പെട്രോൾ മോഡലിൻ്റെ കരുത്തുറ്റ രൂപഭംഗി നിലനിർത്തിക്കൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ ഫ്രണ്ട് ബമ്പറും എയറോ ഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിനായുള്ള ക്ലോസ്‌ഡ്-ഓഫ് ഗ്രില്ലും മോഡലിൻ്റെ മാറ്റുകൂട്ടുന്നു. മുന്നിലും വശങ്ങളിലും പിന്നിലും നൽകിയിട്ടുള്ള ഗ്രേ ക്ലാഡിംഗ്, സ്കിഡ് പ്ലേറ്റ് എന്നിവ കൂടിയാവുമ്പോൾ ഡ്യുവൽ-ടോൺ ലുക്ക് കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. എസ്‌യുവിക്ക് വേണ്ട ഭംഗിയും ഇലക്ട്രിക് വാഹനത്തിന് വേണ്ട സ്ലീക്ക് ലുക്കും ഇവി അങ്ങനെ കൈവരിക്കുന്നു.
ഏഴ് നിറങ്ങളിൽ പഞ്ച ഇവി ലഭ്യമാണ്. ഇതിൽ അഞ്ച് ഡ്യുവൽ-ടോൺ ഷേഡുകളും രണ്ട് സിംഗിൾ-ടോൺ ഷേഡുകളും ഉൾപ്പെടുന്നു. എല്ലാ വേരിയന്റുകളിലും ഗ്രേ ക്ലാഡിംഗ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. മുന്നിലെ വലിയ ടാറ്റ ലോഗോയ്ക്ക് പിന്നിലായാണ് ചാർജിംഗ് പോർട്ട് കൊടുത്തിരിക്കുന്നത്. ഇതിന് ഇപ്പോൾ കൂടുതൽ സൗകര്യപ്രദമായ പുഷ്-ഓപ്പൺ ഫ്ലാപ്പ് ഫീച്ചറും കൊടുത്തിരിക്കുന്നതിനാൽ കഴിഞ്ഞ തവണത്തേക്കാൾ പ്രായോഗികമായിട്ടുമുണ്ട്.

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഇൻഡിക്കേറ്ററുകളോടെയാണ് വരുന്നത്. ഇവ മുന്നിലെ ഗ്രില്ലിൻ്റെ ഇരുവശങ്ങളിലുമായി കാണാം. 360-ഡിഗ്രി വ്യൂ സിസ്റ്റത്തിനായി മുന്നിൽ ഒരു ക്യാമറയും നൽകിയിട്ടുണ്ട്. ബമ്പറിൻ്റെ താഴെയായി ടയറുകളെ ചുറ്റി എയർ ഫ്ലോ നൽകുന്ന വെർട്ടിക്കൽ വെന്റുകളും കാണാം. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഐസ്-ക്യൂബ് സ്റ്റൈൽ ഫോഗ് ലാമ്പുകളും പ്രത്യേക ഹൗസിംഗുകളിൽ നൽകിയിരിക്കുന്നതും മനോഹരമായിട്ടുണ്ട്.
വശക്കാഴ്ച്ചയിലേക്ക് വന്നാൽ അവിടെയും പെട്രോൾ പതിപ്പിനോട് വളരെ സാമ്യമുള്ളതായി കാണാം. 16 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ട്യൂബ്‌ലെസ് അപ്പോളോ ടയറുകളിലാണ് ഇവി നിരത്തിലേക്കിറങ്ങുന്നത്. വീലുകൾക്ക് സിൽവർ, ഗ്രേ, ഡാർക്ക് മാറ്റ് ബ്ലാക്ക് നിറങ്ങളുടെ മിശ്രിതം കൊടുത്തിരിക്കുന്നത് പ്രത്യേക അഴകാണ്. വശത്ത് കാണുന്ന 'ടാറ്റ ഇവി' ബാഡ്ജ് ഇത് ഇലക്ട്രിക് പതിപ്പാണെന്ന് എടുത്തു കാണിക്കുന്നു.

ഇൻ്റീരിയർ
ഇൻ്റീരിയർ ഡിസൈനിലും പുറത്തെ ഡ്യുവൽ-ടോൺ തീം നിലനിർത്തിയിരിക്കുകയാണ്. വെള്ള നിറത്തിലുള്ള റൂഫ് ലൈനറും ലൈറ്റ്- ആൻഡ്-ഡാർക്ക് ഗ്രേ സീറ്റുകളും ക്യാബിൻ കൂടുതൽ വിശാലമായി തോന്നാൻ സഹായിക്കുന്നു. പിൻ സീറ്റുകൾക്ക് ലെതറെറ്റ് കവറുകളോടെയുള്ള എൽ-ഷേപ്പ് ഡിസൈൻ ലഭിച്ചിട്ടുണ്ട്. കർവ്ഡ് റൂഫ് കാരണം കാൽമുട്ടിനും തലയ്ക്കും മതിയായ സ്ഥലസൗകര്യമാണ് ലഭിക്കുന്നത്. ഇത് രണ്ട് മുതിർന്ന ആളുകൾക്ക് സുഖമായി യാത്ര ചെയ്യാൻ സഹായിക്കുന്ന കാര്യമാണ്.
എന്നാൽ പിന്നിൽ മൂന്ന് പേർക്ക് യാത്ര ചെയ്യുന്നത് അല്പം ഇടുങ്ങിയ അനുഭവമായിരിക്കും. ചെറിയ യാത്രകൾക്ക് മൂന്ന് പേർക്ക് പിൻ ബെഞ്ച് അനുയോജ്യമാണെങ്കിലും ദീർഘദൂര യാത്രകൾക്ക് അത്ര സൗകര്യപ്രദമായിരിക്കില്ല. ഉയരം കൂടിയ യാത്രക്കാർക്ക് സീറ്റിൻ്റെ താഴത്തെ ഭാഗത്ത് സപ്പോർട്ട് അല്പം കുറവായി തോന്നിയേക്കാം. പിൻ യാത്രക്കാർക്കായി ഫോൺ ഹോൾഡറും 15W ടൈപ്പ്-സി പോർട്ടും നൽകിയിരിക്കുന്നു. പ്രത്യേകം റിയർ എസി വെൻ്റുകൾ ലഭ്യമല്ലെന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

ഇതിനെ മറികടക്കാൻ, ടാറ്റ 'എക്സ്പ്രസ് കൂളിംഗ്' ഫംഗ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. ഇത് ഫ്രണ്ട് എസി വെൻ്റുകൾ ഉപയോഗിച്ച് അകത്തളം വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കുന്ന ഫീച്ചറാണ്. ബാറ്ററി അമിതമായി ചൂടാകുന്നത് ഒഴിവാക്കാനും റേഞ്ച് വർധിപ്പിക്കാനും സഹായിക്കുന്ന തെർമൽ കൂളിംഗ് സിസ്റ്റവും പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. ഫ്രണ്ട് സീറ്റിന് വെന്റിലേറ്റഡ് സവിശേഷതയും ലഭിക്കുന്നതാണ്.
അവ മാനുവലായി ക്രമീകരിക്കാം. ഉയർന്ന ഡ്രൈവിംഗ് പൊസിഷനുള്ളതിനാൽ മികച്ച കാഴ്ച നൽകുകയും എസ്‌യുവി സ്റ്റൈൽ ഡ്രൈവിംഗ് അനുഭവം നൽകുകയും ചെയ്യുന്നു. എല്ലാം പവർ വിൻഡോ സ്വിച്ചുകളും മിറർ കൺട്രോളുകളും ഡ്രൈവർ ഡോറിലാണ് നൽകിയിരിക്കുന്നത്. സ്റ്റിയറിംഗ് വീൽ ലെതർ കൊണ്ട് പൊതിഞ്ഞതും നീല സ്റ്റിച്ചിംഗോടുകൂടിയതുമാണ്. ഇതിൽ ടാറ്റയുടെ ലൈറ്റ് ലോഗോയും ഉൾപ്പെടുന്നതിനാൽ പ്രീമിയം ഫീലാണ് ലഭിക്കുക.

ഓഡിയോ, കോൾ, ക്രൂയിസ് കൺട്രോൾ ബട്ടണുകളും സ്റ്റിയറിംഗ് വീലിൽ ഘടിപ്പിച്ചിട്ടുണ്ട്. ത്രീ ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗിനായി പാഡിൽ ഷിഫ്റ്ററുകളും ഇവിടെ കാണാം. ഡാഷ്ബോർഡിൻ്റെ മധ്യത്തിലായി 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഡ്രൈവർക്ക് മുന്നിലായി 10 ഇഞ്ച് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുത്ത ഡ്രൈവ് മോഡ് അനുസരിച്ച് ഡിസ്‌പ്ലേയുടെ ലേഔട്ട് മാറും.
പ്രധാന സ്ക്രീൻ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നതാണ്. അതേസമയം ജിയോ, ഹോട്ട്‌സ്റ്റാർ, ആമസോൺ പ്രൈം പോലുള്ള ആപ്പുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടാറ്റ മോട്ടോർസ് പറയുന്നു. നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയും പ്രവർത്തിക്കുമെന്നതിനാൽ വീഡിയോ പ്ലേ ചെയ്യാനാവുന്നതാണ്. വോയിസ് അസിസ്റ്റൻ്റ് ആറ് ഭാഷകളിലായി ഏകദേശം 200 കമാൻഡുകൾ മനസിലാക്കാൻ യോഗ്യമാണ്.

സൺറൂഫ് ബ്ലൈൻഡ് ഇപ്പോഴും മാനുവലായി പ്രവർത്തിപ്പിക്കേണ്ടതുണ്ട്. താഴെയായി വയർലെസ് ഫോൺ ചാർജർ, യുഎസ്ബി ചാർജിംഗ്, 65W ടൈപ്പ്-സി പോർട്ട്, 12V സോക്കറ്റ് എന്നിവ നൽകിയിരിക്കുന്നു. ഡാഷ്ബോർഡിന് ചെറിയ സാധനങ്ങൾക്കായി കൂൾഡ് കമ്പാർട്ട്മെൻ്റ് ആയി പ്രവർത്തിക്കാൻ കഴിയും. അങ്ങനെ ഇൻ്റീരിയറും നല്ല രീതിയിൽ നിർമിച്ചെടുക്കാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്നത് വലിയ കാര്യമാണ്.
ബാറ്ററി പായ്ക്കും റേഞ്ചും
പഞ്ച ഇവി ഒരു പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഉപയോഗിക്കുന്നത്. സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 30 kWh അല്ലെങ്കിൽ 40 kWh ശേഷിയുള്ള രണ്ട് ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 365 കിലോമീറ്റര്‍ (ARAI) റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി സിംഗിൾ ചാർജിൽ 468 കിലോമീറ്റർ റേഞ്ചും നൽകുന്നതാണ്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കുകയാണെങ്കിൽ പുതിയ ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ 30 kWh ബാറ്ററി വേരിയൻ്റുകൾ 87 bhp കരുത്തിൽ 154 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ വലിയ 40 kWh വേരിയൻ്റുകൾ 127 bhp പവറിൽ 154 Nm ടോർക്ക് നിർമിക്കാൻ യോഗ്യമാണ്. 65 kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗും ഒരു തലവേദനയാവില്ല. ഇത് വെറും 26 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാനും 15 മിനിറ്റിനുള്ളില്‍ 135 കിലോമീറ്റര്‍ റേഞ്ച് ടോപ്പ്-അപ്പ് നേടാനും കഴിയും.
ഡ്രൈവിംഗ് എങ്ങനെയുണ്ട്
ഡ്രൈവ് ചെയ്യുമ്പോൾ പഞ്ച് ഇവിക്ക് അതിൻ്റെ അടിസ്ഥാന സ്വഭാവത്തിൽ പെട്രോൾ പഞ്ചയുമായി സാമ്യമുള്ളതായി പലർക്കും തോന്നിയേക്കാം. സ്പോർട്ട് മോഡിൽ ക്വിക്ക് റെസ്പോൺസും മികച്ച പിക്കപ്പും നൽകുന്നുണ്ട്. സിറ്റി മോഡ് സുഗമമായ പവറിനും മികച്ച കാര്യക്ഷമതയ്ക്കും വേണ്ടിയാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഇക്കോ മോഡ് റേഞ്ച് വർധിപ്പിക്കാൻ വേണ്ടിയുള്ളതായതിനാൽ കാര്യമായ പെർഫോമൻസ് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ.
ആക്സിലറേറ്റർ അമർത്തുമ്പോൾ മാത്രം വാഹനം മുന്നോട്ട് പോകാൻ അനുവദിക്കുന്ന ഒരു സുരക്ഷാ ക്രമീകരണം ഇതിലുണ്ട്. അതായത് ബ്രേക്ക് റിലീസ് ചെയ്യുമ്പോൾ വാഹനം വെറുതെ മുന്നോട്ട് പോകില്ല. സസ്പെൻഷനും അടിപൊളിയായാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഉയർന്ന വേഗതയിൽ പോലും പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് നൽകുന്ന സ്റ്റെബിലിറ്റിയും കിടിലമാണ്. ബ്രേക്കിംഗ് സംവിധാനത്തിൽ മുന്നിൽ ഡിസ്കുകളും പിന്നിൽ ഡ്രമ്മുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റ് സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറായിട്ടാണ് കൊടുത്തിരിക്കുന്നത്. എബിഎസ്, ഇബിഡി, ഓട്ടോ ഹിൽ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ് സപ്പോർട്ട്, 360-ഡിഗ്രി ക്യാമറ എന്നിവയും ഇലക്ട്രിക് എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈ-ബീം മുന്നറിയിപ്പ് ഒരു ഉപയോഗപ്രദമായ സവിശേഷതയാണ്. ഹൈ-ബീം 10 മിനിറ്റിൽ കൂടുതൽ ഓൺ ആയി ഇരുന്നാൽ ഡ്രൈവർക്ക് വാർണിംഗ് നൽകും. മൊത്തത്തിൽ നോക്കുമ്പോൾ ഒരു സാധാരണ കുടുംബത്തിന് ഉപയോഗിക്കാൻ പറ്റിയ ഇവി തന്നെയാണ് ഇതെന്ന് പറയാം.


Click it and Unblock the Notifications








